
കേരളത്തിലുള്ള അനേകം ഗള്‍ഫ് ഭാര്യമാരുടെ ചിരകാലാഭിലാഷമായിരിക്കും ഒരിക്കലെങ്കിലും ഈ പറുദീസയില്‍ വന്ന് കുറച്ചുകാലം താമസിക്കുക എന്നത്. ഭര്‍ത്താവ് എത്രയൊക്കെ സ്നേഹസമ്മാനങ്ങള്‍ കൊണ്ടുവന്നുതന്നാലും, എത്രയൊക്കെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി തന്നാലും ഈ ഒരാഗ്രഹം എന്നും ചെറിയൊരു അസ്വസ്ഥതയായി നീറിക്കൊണ്ടിരിക്കും എന്നതാണ് സത്യം. പലപ്പോഴും ഇതിന് ആക്കം കൂട്ടുന്നത് ഗള്‍ഫില്‍ കുടുംബത്തോടെ കഴിയാന്‍ സാധിച്ചിട്ടുള്ള ചില ബന്ധുക്കളും മറ്റും ലീവില്‍ വരുമ്പോള്‍ കാണിക്കുന്ന പൊങ്ങച്ചപ്രകടനങ്ങളും വാചകക്കസര്‍ത്തുക്കളുമാണ്.
കഴിഞ്ഞ പത്തു കൊല്ലത്തോളമായി ഈ “ദുര്‍വിധി” അനുഭവിച്ചു കഴിയുന്ന എനിക്ക് ശാപമോക്ഷം കിട്ടിയത് 9 മാസം മുന്‍പ്, തോരാമഴയുള്ള ഒരു മിഥുനരാവില്‍...രാവിലെ ഏഴരയോടെ “എത്തിഹാദ്‍” എന്നെ അബുദാബി എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നിറക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേയ്ക്കും ഞാന്‍ മറ്റൊരു ലോകത്ത്!!! പുറത്ത് പ്രസാദ് കാത്തുനില്‍പ്പുണ്ടായിരുന്നു. കാറിനടുത്തേക്കുള്ള ചെറിയ ദൂരം തന്നെ ധാരാളമായിരുന്നു മണലാരണ്യത്തിലെ കരുണയറ്റ സൂര്യതാപത്തിന്റെ തീക്ഷ്ണത മനസ്സിലാവാന്‍!!. മുഖം കരിഞ്ഞുപോകുമോ എന്നു തോന്നിപ്പോയി..
നേരെ പോയത് ഷെയറിംഗില്‍ എടുത്തിട്ടുള്ള വീട്ടിലേക്ക്. തല്‍ക്കാലം ഷെയറിംഗ് വീടാണ് നോക്കുന്നത് എന്ന്‍ മുന്‍പ് പ്രസാദ് പറഞ്ഞപ്പോഴേ എനിക്കതത്ര സമ്മതമായിരുന്നില്ല. എങ്കിലും തല്‍ക്കാലത്തേക്ക് മാത്രമാണ്, ഒറ്റക്ക് താമസിക്കുന്ന ഒരാളുടേതാണ്, നല്ല ആളായിട്ടാണ് തോന്നുന്നത് , പിന്നീട് രണ്ടുപേരുടേയും ഇഷ്ടത്തിന് നല്ല വീടെടുക്കാം എന്നൊക്കെ കേട്ടപ്പോള്‍ എനിക്കും ഉത്സാഹം തോന്നി. അങ്ങനെ അച്ചായന്‍ എന്ന വിളിപ്പേരുള്ള ആ സിംഹത്തിന്റെ ഗുഹയുടെ, ഞങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഭാഗത്ത് ഞങ്ങള്‍ താമസം തുടങ്ങി. തുടക്കത്തില്‍ വലിയ സ്നേഹവാനായിരുന്ന അച്ചായന്‍ താമസിയാതെ ഭരണവും ശാസനകളും തുടങ്ങി. കുക്കറിന്റെയും ,മിക്സിയുടെയും മുതല്‍ കോളിങ്ങ് ബെല്ലിന്റെ ശബ്ദത്തിനു വരെ നിരോധനം! എന്തിനും ഏതിനും കുറ്റപ്പെടുത്തലുകള്‍. ആകെ മനസ്സമാധാനം നഷ്ടപ്പെട്ടു.
കൂടാതെ, ഷോപ്പിങ്ങിനോ മറ്റോ പുറത്തു കുറച്ചു ദൂരെയെങ്ങാനും പോകേണ്ടിവന്നാല്‍, അന്നത്തെ ദിവസം അലച്ചില്‍ തന്നെ. സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന യാത്രാക്ലേശം അതിരൂക്ഷം!! ഗള്‍ഫിനെ കുറിച്ചുള്ള എന്റെ സങ്കല്പങ്ങള്‍ക്ക് മങ്ങലേറ്റു തുടങ്ങുകയായിരുന്നു. നാട്ടില്‍, സര്‍വ്വസ്വതന്ത്രയായി, കൂളായി കഴിഞ്ഞിരുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ എന്നെ നൊമ്പരപ്പെടുത്തി. ആയിടെ ഇറങ്ങിയ “അറബിക്കഥ” എന്ന സിനിമ സന്ദര്‍ഭത്തിന് അനുയോജ്യമായിരുന്നു..!!
താമസിയാതെ ഞങ്ങള്‍ ഷെയറിംഗ് അല്ലാതെ ഒരു വീടിനു വേണ്ടി അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് മറ്റു പല കാര്യങ്ങളും മനസ്സിലാവുന്നത്. അറിഞ്ഞതെത്രയോ തുച്ഛം, അറിയാത്തതെത്രയോ മെച്ചം!!
വീടന്വേഷണത്തിന് ഗവന്ണ്മെന്റുമായുള്ള ഒരേ ഒരു ഇടപാട്, രെജിസ്റ്റര്‍ ചെയ്ത് ദിവസവും എസ്.എം.എസ് അയക്കുക എന്നത് മാത്രമാണ് !! 3-4 ലക്ഷം പേര്‍ വീതം ഒരു വീടിനു വേണ്ടി എസ്.എം.എസ് അയക്കുന്നു. ദിവസവും നറുക്കെടുപ്പു നടത്തി ഭാഗ്യവാനായ ഒരാള്‍ക്ക് വീടു കിട്ടുന്നു. വീട് ലഭിക്കനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് ഇതില്‍ നിന്ന് ഊഹിക്കാമല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും വളഞ്ഞ വഴികള്‍ നോക്കുന്നു. വളഞ്ഞ വഴികള്‍ ചിലവേറിയതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതായത്, വീടിന് ഒരു വര്‍ഷത്തേക്കു കൊടുക്കുന്ന തുകയുണ്ടെങ്കില്‍ നാട്ടില്‍ ഒരു വീട് വാങ്ങിക്കാം!.
ഞങ്ങള്‍ കണക്കു കൂട്ടി നോക്കി. ശമ്പളത്തിന്റെ പകുതി മുക്കാലും വാടകയായി പോകും. എങ്കിലും, ഏതായാലും വന്നു, കുറച്ചു നാള്‍ സ്വസ്ഥമായി താമസിക്കുക തന്നെ എന്നു തീരുമാനിച്ച് രണ്ടും കല്പിച്ച് ഇറങ്ങി. അലച്ചിലിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. മീന്‍ കടകള്‍, ഗ്രോസറി കടകള്‍, വെജിറ്റബിള്‍ കടകള്‍ തുടങ്ങിയവയാണ് ഈ മേഖലയിലെ സിരാകേന്ദ്രങ്ങള്‍. പലരും മുഖേന നമ്മള്‍ അവിടെ എത്തിപ്പെടുന്നു. പിന്നെ അവരാണ് നമ്മെ നയിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, മൊബൈല്‍ ഫോണുകള്‍ ഏറ്റവും കുടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു മേഖലയാണിത്!! ഒരാളുടെ കയ്യില്‍ രണ്ടും മൂന്നും മൊബൈല്‍ വീതമാണുള്ളത്. ഇവ മാറി മാറി ഉപയോഗിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ കച്ചവടം നടത്തുന്നു. പിന്നെ അവര്‍ പറയുന്ന കൈക്കൂലിയാണ്. കീ മണി എന്ന ഓമനപ്പേരില്‍ അതറിയപ്പെടുന്നു. ഈ തുക 5000 മുതല്‍ 10000 ദിര്‍ഹം വരെയാകാം!. നമ്മള്‍ സമീപിക്കുന്ന ആളായിരിക്കില്ല വീട് കാണിക്കാന്‍ കൊണ്ടുപോകുന്നത്. അവിടെയെത്തുമ്പോള്‍ നമ്മെ മറ്റൊരാള്‍ക്ക് കൈമാറുന്നു. ഇങ്ങനെ വലിയൊരു ശൃംഖല തന്നെയാണ് സജീവമായിട്ടുള്ളത്.
വീട് നോക്കാന്‍ പോയതിന്റെ ചില രസകരമായ അനുഭവങ്ങള്‍ പറയാം:-
ഒരിക്കല്‍ ഒരാള്‍ നല്ല്ല ഒരു വീടുണ്ട്, അറബിയുടെ വില്ലയുടെ ഒരു ഭാഗമാണെന്നൊക്കെ പറഞ്ഞ് ഒരുപാട് പ്രലോഭിപ്പിച്ചു ഞങ്ങളെ കൊണ്ടുപോയി. അറബികളുടെ പടുകൂറ്റന്‍ വില്ലകള്‍ അകലെ നിന്നു കണ്ടിട്ടുണ്ട്. അതിന്റെ ഒരു ഭാഗമാവാന്‍ കഴിയുന്നതില്‍ പരം ഭാഗ്യം എന്തുണ്ട്? അഹ്ലാദഭരിതരായി ഞങ്ങള്‍ അയാളുടെ കൂടെ ഒരു പടുകൂറ്റന്‍ ഗേറ്റിനു മുമ്പില്‍ ചെന്നിറങ്ങി. അയാള്‍ സൈഡിലുള്ള മറ്റൊരു ചെറിയ ഗേറ്റിലൂടെ, പുല്ലും മറ്റും നിറഞ്ഞ വഴിയിലൂടെ ഞങ്ങളെ ആനയിച്ചത് വില്ലയുടെ പുറത്തായി ഷീറ്റുമേഞ്ഞുണ്ടാക്കിയ ഇടുങ്ങിയ ഏച്ചുകെട്ടലുകളിലേക്കാണ്!. തല ചായ്ക്കാനൊരിടം.. അത്ര മാത്രം. വാഷിംഗ് മെഷീനും മറ്റും ഇട്ടിരിക്കുന്നത് പുറത്ത് നടുക്കുള്ള പൊതുവായ ഒരു സ്ഥലത്ത്. കുറ്റം പറയരുതല്ലൊ, എല്ലാത്തിലും ഏസിയുണ്ട്!!. ഇത്തരം വീടുകള്‍ക്കും വന്‍ ഡിമാന്റാണ്. താമസിക്കുന്നത് അധികവും മലയാളികള്‍ തന്നെ. മുടക്കുന്ന തുകയോ 40000 മുതല്‍ 50000 ദിര്‍ഹം വരെയും. ഗള്‍ഫിന്റെ മറ്റൊരു മുഖം!!.
സമാനമായ മറ്റു ചില “വില്ലകള്‍” കൂടി കണ്ടശേഷം ഇതിലും വളരെ വിശേഷപ്പെട്ട ഒരു സ്ഥലത്തേക്കാണ് പിന്നെ പോയത്. പഴയ ഒരു സ്കൂള്‍ കെട്ടിടം!.സ്കൂള്‍ പുതിയ സ്ഥലത്തേക്ക് മാറ്റിയത്രേ. ഓരോ ക്ലാസ്സ് മുറിയും ഓരോ വീട്! അടിപൊളി!!! അയാളോട് കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ഞങ്ങള്‍ മടങ്ങി. പിന്നെയും എത്ര അലച്ചിലുകള്‍.. അവസാനം ഒത്തുകിട്ടിയ തരക്കേടില്ലാത്ത ഈ ഫ്ലാറ്റില്‍, ശമ്പളത്തിന്റെ പകുതിയിലധികവും വാടക കൊടുത്ത്, ഞങ്ങള്‍ കഴിഞ്ഞുവരുന്നു. അധികകാലം ഇങ്ങനെ തുടരാന്‍ പറ്റില്ലെന്നറിയാം.
എങ്കിലും..കഴിയുന്നിടത്തോളം...
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. അനുഭവങ്ങള്‍ ജീവിതത്തിനൊരു മുതല്‍ക്കൂട്ടാണ്. സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം എത്ര വിചിത്രമാണ്..!!. ഇന്ന് ഞാന്‍ ജീവിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളിലാണ്. ഞങ്ങളനുഭവിച്ചതൊന്നും ഒന്നുമല്ലെന്നും, ഇതിനേക്കാള്‍ ദയനീയവും വിചിത്രവുമായ ഒട്ടേറെ ജീവിതസാഹചര്യങ്ങലൂടെയാണ് ഇവിടെ ഭൂരിപക്ഷം(ഇതിനിട വന്നിട്ടില്ലാത്ത ന്യൂനപക്ഷക്കാര്‍ മഹാഭാഗ്യവാന്മാര്‍) പേരും കടന്നു പോവുന്നതെന്നും ഇന്നെനിക്കറിയാം. അതിജീവനത്തിന്റെ കഠിനമായ പാതകള്‍....!!!!!
26 പ്രതികരണങ്ങള്‍:
This comment has been removed by the author.
താങ്കളുടെ ബ്ലോഗിലൂടെ സഞ്ചരിച്ചു അല്‍പദൂരം....
നന്നായിരിക്കുന്നു.
ആശംസകള്‍...
This comment has been removed by the author.
അതിജീവനത്തിന്റെ കഠിനമായ പാതകള്‍....!!!!!
പേടിപ്പിക്കല്ലേ ചേച്ചി, ഞാനും അടുത്ത മാസം ദുബായീലോട്ടു വരികയാ. ദുബായി അബുദാബിയെക്കാളും ബെറ്ററാവുമല്ലെ, ഒരു പ്രതീക്ഷ.
bindu കെ പ്രസാദ്: പൊങ്ങച്ചത്തിന്റെ ഒരു കുറവുണ്ടല്ലെ. സാരമില്ല, കാര്യങ്ങളൊക്കെ അലപം ഭേദമാവുമ്പോള്‍ ശെരിയായിക്കൊള്ളും.
ഇനിയും ഇതുപോലെ എഴുതണം, ചാനലുകാരു ഡി.എസ്.ഏഫിന്റെ പൊലിമ കാണിച്ചു, നാട്ടില്‍ ഇനിയും കുറേ ആള്‍ക്കാരുണ്ട് ഇവിടെ വന്നു ജീവിതം അലഞ്ഞുതീര്‍ക്കാന്‍,
ബിന്ദുവിന് എഴുത്ത് നല്ല വശമുണ്ടല്ലോ..ഹൃദ്യമായ, സത്യസന്ധമായ വിവരണം. ഇനിയും എഴുതൂ..
ചാത്തനേറ്: കൊള്ളാം ഗള്‍ഫിന്റെ മറ്റൊരു മുഖം...
അല്ഫോന്‍സക്കുട്ടി :, അന്നാമ്മയുടെ അനിയത്തിക്കുട്ടീ, പേടിപ്പിക്കാന്‍ പറഞ്ഞതല്ല കേട്ടോ.യാഥാര്‍ത്ഥ്യം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലെ. ദുബായി അബുദാബിയേക്കാള്‍ ബെറ്റര്‍ ആണോ? അറിയില്ല. ആവാന്‍ വഴിയില്ല. ഏതായാലും ധൈര്യമായി പോര്.സ്വാഗതം..
ബയാന്‍ : ശരിയാണ്. പൊങ്ങച്ചത്തിന്റെ നല്ല കുറവുണ്ട്. അതുകൊണ്ടുതന്നെ പലയിടത്തും പുറകിലേക്കു മാറ്റപ്പെട്ട വ്യക്തിയാണ് ഞാന്‍..
പൊറാടത്ത്: പ്രചോദനത്തിന് നന്ദി..
കുട്ടിച്ചാത്തന്‍:)ചാത്തനേറ് കുറിക്കു കൊണ്ടു..
കൊള്ളാം,ഒരാളെങ്കിലും നിജ സ്ഥിതി മനസ്സിലാക്കി എന്നതില്‍ സന്തോഷം ഏറെ ഉണ്ട്.
പൊള്ളുന്ന സത്യങ്ങളെ ധൈര്യത്തോടെ പുറത്തെറിഞ്ഞോളൂ..
നാട്ടില്‍ ഭാര്യയും കുട്ട്യോളും,ഭര്‍ത്താവും കുട്ട്യോളും ഉള്ള ചേട്ടന്മാരും ചേച്ചിമാരും ഒരുമിച്ച് ഒരു കുടുമ്പം പോലെ ഒരു മുറിയില്‍ ഒരുമിച്ച് ജീവിധം പങ്കിടുന്നതും ഇവിടുത്തെ കൌതുകങ്ങളില്‍ ഒന്നു മാത്രം.
നന്നായിട്ടുണ്ട്.. ദൈവം നന്മ വരുത്തട്ടെ.
Good one!
It is really unfortunate that 'pongacham' dilutes the value of the sweat that people have shed in the process of reaching there
Been there, gone through that, makes us better people in appreciating the small nice things that we have...
All the best & keep writing!
കൊള്ളാം നനായിരിക്കുന്നു. ഗള്‍ഫിന്ട യഥാര്ത്ഥ മുഖം. ദുബായിലേക്ക് വരുവനിരിക്കുനവര്‍ക്ക് ഇതിലും നന്നായി എഴുതുവാന്‍ സാധിക്കും. തീര്‍ച്ച....
എല്ലാം വായിച്ചു
എഴുത്തിലെ സത്യസന്ധത അപാരം.
സ്വന്തം വ്യക്തിത്വത്തിന് തൊങ്ങലുകള്‍ ചാര്‍ത്താനുള്ള മനപൂര്‍വ്വമായ ശ്രമങ്ങളില്ല എന്നുള്ളത് അപൂര്‍വ്വമായി ബ്ലോഗില്‍ കാണുന്നതാണ്.
മനസ്സു തുറന്നാല്‍ പിന്നെ....പിടീച്ചാല്‍ കിട്ടില്ല....തുറക്കൂ....കുത്തിയൊഴുകൂ......
ബിന്ദൂ..
ഇത് വായിക്കാന്‍ വൈകി!
ഞാന്‍ മുന്‍പ് വസിച്ചിരുന്ന അബുദാബിയും ഇപ്പോള്‍ കുടികിടപ്പായ ദുബായിയും ഇക്കാര്യങ്ങളില്‍ ഒപ്പത്തിനൊപ്പമെന്ന് അനുഭവം!
സ്വസമാനമായ അനുഭവങ്ങളെ കാല്പനികതക്കടിയറവക്കാതെ വിവരിച്ചതിന് നന്ദി സുഹൃത്തേ...
കുട്ടിച്ചാത്തന്‍, ഗള്‍ഫിന്റെ മറ്റൊരു മുഖമല്ല, യഥാര്‍ത്ഥമുഖം.
ബിന്ദു, ഇത്തരം സത്യങ്ങള്‍ ഇനിയുമെഴുതു.
അതിജീവനത്തിന്റെ അതി കഠിനമായ വഴികൾ. മനോഹരമായ ആവിഷ്കരണം.
യഥാര്ത്ഥ ഗള്‍ഫ് ജീവിതം ഇങ്ങനെയൊക്കെ ഉള്ള സ്ഥലങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് ആണെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ...
യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയും ഒരുപാട് അകലെയാണെങ്കിലും
നന്നായിരിക്കുന്നു....... തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
നന്ദന
നല്ല വീട് കിട്ടിയോ? :)
ഇത് 2008 ലെ പോസ്റ്റാണല്ലോ ഇപ്പോഴെങ്ങിനെ പൊങ്ങി വന്നു.. ഇതിനിടയ്ക്ക് എല്ലാം സെറ്റായി വീണ്ടും നാട്ടില്‍ പോയി തിരികെയെത്തിയില്ലേ. ഇപ്പോള്‍ നല്ല താമസ സ്ഥലമൊക്കെ ശരിയായിട്ടുണ്ടാവുമല്ലോ..
അറിഞ്ഞതെത്രയോ തുച്ഛം, അറിയാത്തതെത്രയോ മെച്ചം!!
നിങ്ങളുടെ വാക്കുകള്‍ തന്നെ കടമെടുക്കുന്നു "സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം എത്ര വിചിത്രമാണ്..!!."
നിങ്ങളുടെ വാക്കുകള്‍ തന്നെ കടമെടുക്കുന്നു "സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം എത്ര വിചിത്രമാണ്..!!."
നിങ്ങളുടെ പ്രതികരണം ഇവിടെ കുറിയ്ക്കൂ...