Saturday, March 29, 2008

ഉറഞ്ഞുപോയ മാതൃവാത്സല്യത്തിന്റെ ഗദ്‍ഗദങ്ങൾ.....
പിറക്കാതെ പോയ എന്റെ പൊന്നോമനയ്ക്ക്:


യൌവ്വനാരംഭം മുതലേ ഈ അമ്മയുടെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് നീയായിരുന്നല്ലോ. മറ്റൊന്നും....മറ്റൊന്നും തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ. ഓര്‍ക്കുന്നു, ആരായിത്തീരാനാണ് ആഗ്രഹമെന്ന് പണ്ട് ക്ലാസ്സില്‍ അദ്ധ്യാപകന്‍ എല്ലാവരോടും ചോദിച്ചതും,“അമ്മയാവാന്‍” എന്ന തികച്ചും പരിഹാസ്യമായേക്കാവുന്ന മറുപടി ഉള്ളിലൊതുക്കി മറ്റെന്തോ പറയേണ്ടിവന്നതും.അതെ, നിന്റെ പിറവി മാത്രമായിരുന്നു എന്റെ സ്വപ്നം. മാതൃത്വമെന്ന മഹനീയ പദവി! എല്ലാമറിഞ്ഞിട്ടും നീ എന്തുകൊണ്ട് പിറക്കാതെ പോയി?

എവിടെയാണ് നീ മറഞ്ഞിരിക്കുന്നത്? കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി നീ വരാത്തതിന്റെ കാരണമന്വേഷിച്ച് ഒരു ഭ്രാന്തിയേപ്പോലെ അലയുകയായിരുന്നില്ലേ ഞാന്‍?ഒരു പിടിവള്ളിക്കായി അന്ധവിശ്വാസത്തില്‍ അഭയം പ്രാപിച്ച് ജ്യോത്സ്യന്മാര്‍ നിശ്ചയിച്ച പാതകളിലൂടെ അന്ധമായി അലഞ്ഞതും നീ കണ്ടതാണല്ലോ.ദോഷങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി അമ്പലങ്ങളിലും പള്ളികളിലും നെട്ടോട്ടം എത്ര ഓടി? എണ്ണമറ്റ വഴിപാടുകൾ‍.... പൂജാകര്‍മ്മങ്ങൾ.... എല്ലാം കണ്ടുകൊണ്ട് കാണാമറയത്തെവിടെയോ നീ നിന്നു.

ജീവിതത്തിലെ എല്ലാവിധ സുഖസൌകര്യങ്ങളും മാറ്റിവച്ച് വിധിക്കെതിരായി പോരാട്ടം ഞാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അനേകമനേകം ഹതഭാഗ്യര്‍ക്ക് ജീവിതസാഫല്യം നേടിക്കൊടുത്ത ദൈവതുല്യരായ ഡോക്ടര്‍മാരുടെ ആസ്പത്രികളിൽ‍, വര്‍ഷങ്ങളോളം പ്രതീക്ഷയോടെ ഞാന്‍ കയറിയിറങ്ങി. അവിടെയൊക്കെ അനുഭവിച്ച എത്രയോ നരകയാതനകൾ, ഉത്കണ്ഠ മൂലമുള്ള മാനസിക പിരിമുറുക്കങ്ങൾ‍, ഭീമമായ പണച്ചിലവിനെ കുറിച്ചുള്ള ആധികള്‍ എന്നിവ സൃഷ്ടിച്ച വേദനയുടെ ആഴം ഏറ്റവും അടുത്തവര്‍ക്കു പോലും ഇന്നുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, എന്റെ പ്രിയപ്പെട്ട കുഞ്ഞേ,നീയെങ്കിലും അറിയേണ്ടതായിരുന്നില്ലേ?ഈ ദുരിതപര്‍വ്വത്തിലൂടെ പലവട്ടം കടന്നു പോകാന്‍ എനിക്ക് എന്നും പ്രചോദനമായിരുന്നത് ഭാവനയില്‍ എന്നും ഞാന്‍ കണ്ടിരുന്ന നിന്റെ പൂമുഖമായിരുന്നല്ലോ. എല്ലാ വേദനകളേയും നിഷ്പ്രഭമാക്കാന്‍ പോന്ന നിന്റെയാ കുഞ്ഞുമുഖം!. ഓരോ വട്ടവും അമ്മ പ്രതീക്ഷിച്ചു, നീ വരുമെന്ന്.വിധിക്കെതിരായുള്ള അന്തിമപോരാട്ടമായാണല്ലോ നിന്റെ കുരുന്നു ജീവന്‍ പരീക്ഷണനാളിയില്‍ സൃഷ്ടിച്ചെടുക്കുന്ന ഘട്ടം വരെ പോകാന്‍ ഞാന്‍ തുനിഞ്ഞത് ! ഓരോ തവണയും ഗര്‍ഭപാത്രമൊരുക്കി ഈ അമ്മ കാത്തിരുന്നു. പലവട്ടം പ്രതീക്ഷയുടെ ലാഞ്ചന പോലും തരാതെയും,മറ്റൊരിക്കല്‍ സാന്നിദ്ധ്യമറിയിച്ച് സന്തോഷത്തിന്റെ കൊടുമുടിയില്‍ എത്തിച്ചശേഷം പെട്ടെന്ന് സങ്കടത്തിന്റെ ആഴക്കടലില്‍ തള്ളിയിട്ടും, പിന്നീട് സ്ഥാനം തെറ്റി വളരാന്‍ ശ്രമിച്ച നിന്നെ വേദനയുടെ പാരമ്യത്തില്‍ എന്നെക്കൊണ്ട് ശാപവാക്കുകള്‍ പറയിച്ചും നീ പരീക്ഷിച്ചു.

എല്ലാ പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഇന്നിതാ,ഈ അമ്മ തളര്‍ന്നിരിക്കുന്നു.എന്തിനാണ് നീ ഈ അമ്മയെ ഇങ്ങനെ പരിഹസിച്ചത്? എല്ലാവരുടേയും മുന്നില്‍ ഒരു വിഡ്ഡിയാക്കിയത്? മറ്റുള്ളവരുടെ സന്തോഷങ്ങള്‍ അറിയാനിട വരുമ്പോൾ, മനസ്സു തുറന്ന് അവരെ അഭിനന്ദിക്കാന്‍ കഴിയാതെ, സ്വയം ശാപവാക്കുകള്‍ ചൊരിയുന്ന ഒരു അസൂയാലുവാക്കിയത്? പലരും തങ്ങളുടെ കുട്ടികളെ അടുപ്പിക്കുവാന്‍ ഇഷ്ടപ്പെടാത്ത ഒരു ദുര്‍നിമിത്തമാക്കിയത്? അതുകൊണ്ടല്ലേ കുട്ടികളെ ഒരുപാട് ഇഷ്ടമായിരുന്ന ഞാന്‍ ഇന്ന് ഔപചാരികമായി മാത്രം വാത്സല്യം പ്രകടിപ്പിക്കുന്ന ഒരു നിര്‍വ്വികാരയായി മാറിയത്? ഇതിനും മാത്രം എന്തു തെറ്റാണ് ഞാന്‍ നിന്നോട് ചെയ്തത്? അതോ, മുജ്ജന്മങ്ങളില്‍ തെറ്റുകളുടെ ഒരു കൂമ്പാരമായിരുന്നോ ഞാന്‍? കൊന്നും കൊല്ലിച്ചും നിരവധി തവണ ദ്രോഹിച്ച് നിന്റെ ശാപങ്ങള്‍ ജന്മജന്മാന്തരം പേറേണ്ടി വന്നിട്ടുണ്ടോ ഞാന്‍? അതിനെല്ലാം ഉള്ള പകരം വീട്ടലാണോ ഈ ജന്മം?

എങ്കില്‍, ഞാനിതാ, ഒരുപാട് അനുഭവിച്ചു തീര്‍ത്തിരിക്കുന്നു.മാനസികമായും ശാരീരികമായും. ഒരു ഓട്ടപ്പന്തയം പോലെയുള്ള ജീവിതത്തില്‍, മുന്നിലേക്ക് കുതിക്കുന്നവരെ അമ്പരപ്പോടെ നോക്കിക്കൊണ്ട് ഈ ഞാന്‍ നില്‍ക്കുന്നു, ഒന്നു തുടങ്ങാന്‍ പോലും കഴിയാതെ.....മുന്നിലുള്ളവരാല്‍ തഴയപ്പെട്ട്...

വീണ്ടും ഈ അമ്മ പ്രതീക്ഷിക്കുന്നു, ഈ ജന്മത്തോടെ എല്ലാ ശാപങ്ങളും അവസാനിക്കുമെന്ന്.... വരും ജന്മം സഫലമാക്കാന്‍ നീ തീര്‍ച്ചയായും വരുമെന്ന്..... ആദ്യമായി കാണുന്ന ദിവസം സന്തോഷാശ്രുക്കളാല്‍ നിന്നെ മൂടുമെന്ന്......നിനക്കുവേണ്ടി മനസ്സില്‍ കരുതിവച്ച ആ മനോഹരമായ പേര് നിന്റെ കാതില്‍ പറയുമെന്ന്.. മൂകമായ നമ്മുടെ വീട് നിന്റെ കരച്ചിലാല്‍ മുഖരിതമാവുമെന്ന്.. കടകളില്‍ കാണുന്ന ഭംഗിയേറിയ ഉടുപ്പുകളിലും കളിപ്പാട്ടങ്ങളിലും മറ്റും എനിയ്ക്ക് നിരാശാബോധത്തോടെ വിരലോടിക്കേണ്ടി വരില്ലെന്ന്....നീ “അമ്മേ” എന്ന് ആദ്യമായി വിളിക്കുന്ന ദിവസം എന്റെ ഡയറിയുടെ താള്‍ ധന്യമാവുമെന്ന്.... സങ്കല്പത്തില്‍ മാത്രം തെളിഞ്ഞിട്ടുള്ള നിന്റെ അനേകമനേകം ചിത്രങ്ങൾ യാഥാര്‍ത്ഥ്യമാവുമെന്ന്..... അങ്ങനെയങ്ങനെ, വര്‍ഷങ്ങളായി നിനക്കുവേണ്ടി കരുതിവച്ച്, ഉറഞ്ഞുപോയ വാത്സല്യം വീണ്ടും ഉരുകിയൊലിക്കുമെന്ന്.....അതൊരു അരുവിയായി, പുഴയായി, കടലായി നിന്നെ പൊതിയുമെന്ന്........

*--------------------------------------------------------------------------------------------*

വിധിക്കും ദൈവത്തിനുമെതിരെയുള്ള പോരാട്ടത്തിൽ, പണച്ചിലവേറിയ വന്ധ്യതാചികിത്സയുടെ അങ്ങേയറ്റം വരെ പോകാന്‍ വേണ്ടി, അന്യനാട്ടില്‍ കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമത്രയും നിർല്ലോഭം ചിലവഴിച്ച, എന്റെ സ്നേഹനിധിയായ ജീവിതപങ്കാ‍ളിക്കും, എല്ലാ വിഷമഘട്ടങ്ങളിലും താങ്ങും തണലുമായി കൂടെ നിന്ന എന്റെ അമ്മയ്ക്കും, എനിയ്ക്ക് അടുത്തറിയാവുന്നതും അല്ലാത്തതുമായ നിരവധി ഹതഭാഗ്യര്‍ക്കും ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു...

71 പ്രതികരണങ്ങള്‍:

കൊച്ചുത്രേസ്യ said...

ബിന്ദൂ എന്തു പറയണമെന്നറിയില്ല.. ഒരു പാടു പ്രാര്‍ത്ഥനകള്‍ മാത്രം..

ബിന്ദു കെ പി said...

വിധിക്കും ദൈവത്തിനുമെതിരെ പോരാടാന്‍ ഉറച്ച്, പണച്ചിലവേറിയ വന്ധ്യതാചികിത്സയുടെ അങ്ങേയറ്റം വരെ പോകാന്‍ വേണ്ടി, അന്യനാട്ടില്‍ കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമത്രയും ലോഭമില്ല്ലാതെ ചിലവഴിച്ച എന്റെ സ്നേഹനിധിയായ ജീവിതപങ്കാ‍ളിക്കും, എല്ലാ വിഷമഘട്ടങ്ങളിലും താങ്ങും തണലുമായി കൂടെ നിന്ന എന്റെ അമ്മയ്ക്കും ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു...

ചിതല്‍ said...

പ്രാര്‍ത്ഥിക്കുന്നു... നല്ലതിന്ന് വേണ്ടി..

അനില്‍ശ്രീ... said...

ബിന്ദു.. എന്താ പറയേണ്ടത് എന്ന് അറിയില്ല..

എങ്കിലും പ്രത്യാശ കൈവിടാതെയിരിക്കാന്‍ മനസ്സിനെ വിശ്വസിപ്പിക്കുക ...

നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

ferosef said...

നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ!! എല്ലാ ദുഖങ്ങള്‍ക്കും പരിഹാരമുണ്ടാകട്ടെ.

ആരൊ ഒരാള്‍ said...

:)

ബഷീര്‍ വെള്ളറക്കാട്‌ said...

സഹോദരീ...

ആ മനസ്സ്‌ കാണുന്നു. ദു:ഖത്തിന്റെ ആഴവും..

നിരാശയരുത്‌.. വൈകിയിട്ടില്ല..

ഈ പോസ്റ്റ്‌ ഞാന്‍ എന്റെ പ്രിയതമയ്ക്ക്‌ അയച്ചു കൊടുക്കുന്നുണ്ട്‌.. ആദ്യത്തെ കണ്മണി സഫമോള്‍ക്ക്‌ 8 വയസ്‌ തികഞ്ഞു.. പിന്നെ ഒരു കണ്മണി വന്നില്ലിതുവരെ എന്ന ദു:ഖം പേറുന്ന ഞങ്ങള്‍ക്ക്‌ ഈ സഹോദരിയുടെ ദു:ഖവുമായി തുലനം ചെയ്താല്‍ ഒന്നുമാവില്ല..

മക്കള്‍ അനേകമുണ്ടായിട്ട്‌ വഴിതെറ്റിയതിന്റെ ദു:ഖം പേറുന്ന എത്രയോ മാതാ പിതാക്കള്‍..

ആശ്വസിക്കുക.. പ്രത്യാശ കൈവിടാതെ ..

എല്ലാ നന്മയും നേരുന്നു. ഈ സഹോദരനും കുടുംബവും

kaithamullu : കൈതമുള്ള് said...

ബിന്ദു,
സങ്കടം വന്നൂ, വാ‍യിച്ചപ്പോള്‍.

ഞങ്ങളുടെ ഡാറ്റാ എന്‍‌ട്രി ഓപറേറ്റര്‍ വിമല (പേരതല്ല)12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരമ്മയായത്.
-ഇന്നലെ ന്യൂസില്‍‍ വായിച്ചില്ലേ ‘പെര്‍ഫെക്റ്റ് 10‘ ഒളിമ്പിയന്‍ ജിംനാസ്റ്റ് നാദിയ കൊമാനേച്ചി 44 വയസ്സ് തികഞ്ഞ ശേഷം ഒരമ്മയായിരിക്കുന്നു.

പ്രാര്‍ത്ഥനകളോടെ

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയ സഹോദരി...

എന്റെ സഹധര്‍മ്മിണിയുടെ മാമന്‌ 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇപ്പോള്‍ കഷ്ടിച്ക്‌ ഒരുമാസം മുന്‍പാണ്‌ ഒരു കുഞ്ഞിക്കാല്‌ കാണാന്‍ ഭാഗ്യമുണ്ടായത്‌. തീര്‍ച്ചയായും പ്രതീക്ഷ കൈവിടാതിരിക്കൂ.. ദൈവത്തിലേക്കുള്ള വിശ്വാസമാകുന്ന പാശം മുറുകെ പിടിക്കുകയും സാധ്യമാകുന്ന ചികില്‍സകള്‍ തുടരുകയും ചെയ്യൂ. തീര്‍ച്ചയായും ഫലമുണ്ടാവും... ദുബായില്‍ ഒരു ഡോക്ടര്‍ വരാറുണ്ട്‌ 15 ദിവസം പോര്‌ ഞാനോര്‍ക്കുന്നില്ല. ദേരയില്‍ നയിഫ്‌ പാര്‍ക്കിനടുത്തുള്ള കെട്ടിടത്തിലാണ്‌. മലയാളിയായ ആ ഡോക്ടറുടെ കണ്‍സള്‍ട്ടിങ്‌ സെന്റര്‍ താങ്കള്‍ അവിടെ പോയിട്ടുണ്ടൊ. ഞാന്‍ ദുബായില്‍ ആയിരുന്ന സമയത്ത്‌ മൂന്നു സുഹൃത്തുക്കള്‍ക്ക്‌ റിസല്‍ട്ട്‌ കിട്ടിയിരുന്നു. താങ്കള്‍ക്ക്‌ എല്ലാവിധ നന്മകളും നേര്‍ന്നു കൊണ്ട്‌ ഒരു സഹോദരന്‍.

നജൂസ്‌ said...

ചേച്ചീ...

പരീക്ഷിക്കപെടാനുള്ളതാണ്‌ മനുഷ്യ ജന്മം. പലരെയും പലതുകൊണ്ടും പരീക്ഷിക്കും. ഉള്ളിലെ വിശ്വാസത്തെ മുറുകെ പിടിക്കുക. ദൈവം കനിയാതിരിക്കില്ല....

പ്രാര്‍ത്ഥനകളോടെ

കണ്ണൂരാന്‍ - KANNURAN said...

എന്റെ ഒരു ബന്ധു, കല്യാണം കഴിഞ്ഞ് 18 വര്‍ഷം കാത്തിരുന്നു, ഒരു കുഞ്ഞിക്കാല്‍ കാണാന്‍. പലതവണ പ്രതീക്ഷകള്‍ ഉയര്‍ന്നു, പക്ഷെ ഒന്നു സംഭവിച്ചില്ല, എല്ലാം പാതിവഴിയില്‍ വച്ചു തീര്‍ന്നുപോയി. അവസാനം ദത്തെടുത്തു ഒരു പെണ്‍‌കുട്ടിയെ. പെണ്‍കുട്ടിക്ക് 3 വയസ്സായപ്പോഴും 41ആം വയസ്സില്‍ അവര്‍ക്കൊരു ആണ്‍കുട്ടി ഉണ്ടായി, പ്രത്യേക ചികിത്സയൊന്നും എടുക്കാതെ തന്നെ. ഇപ്പൊ രണ്ടു കുട്ടികളുമാ‍യി സുഖമായിരിക്കുന്നു. പ്രതീക്ഷ കൈവിടാതിരിക്കുക എന്നു മാത്രം പറയുന്നു.

ഹരീഷ് തൊടുപുഴ said...

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ പോത്താനിക്കാട് ഗ്രാമത്തില്‍ st.thomas ആശുപത്രിയില്‍ സിസ്റ്റെര്‍ കാമിലാമ്മ എന്നൊരു പ്രസിദ്ധമായ ഒരു ടോക്ടര്‍ ഉണ്ട്. രണ്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം എന്ടെ മോള്‍ ഉണ്ടായത് അവിടെ വച്ചാണു... ഒന്നു പോയി നോക്കൂ..

Vanaja said...

ഒരുപാട് പ്രാര്‍ഥനകള്‍.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പ്രാര്‍ത്ഥനകളോടെ............

maramaakri said...
This comment has been removed by a blog administrator.
പൊറാടത്ത് said...

ബിന്ദൂ... വിഷമത്തില്‍ മനസ്സുകൊണ്ട് പങ്ക് ചേരുന്നു.. എന്നാലും, അങ്ങനെ നിരാശപ്പെടാനുള്ളത്രയും പ്രായമൊന്നുമായിട്ടില്ലല്ലോ.. ഒരുപാട് നല്ല ചികിത്സകള്‍ ഇന്ന് ഈ ഫീല്‍ഡില്‍ ഉണ്ടല്ലോ..വിശ്വാസം കൈവിടാതെയിരിയ്ക്കുക..ദൈവത്തോടുള്ള പ്രാര്‍ഥനയില്‍ ഞങ്ങളും ചേരുന്നു..

കാസിം തങ്ങള്‍ said...

സഹോദരീ, നിങ്ങളുടെ കണ്ണുനീരിനാല്‍ കുതിര്‍ന്നിരിക്കുന്നു ഈ സങ്കടക്കുറിപ്പ്.നിരാശയാവാതെ പ്രതീക്ഷയോടെ കാത്തിരിക്കുക.പതിറ്റാണ്ടുകളുടെ പോലും കാത്തിരിപ്പിന് ശേഷം സന്താന സൌഭാഗ്യം ലഭിച്ചവര്‍ നമുക്കു ചുറ്റും ഇല്ലേ, പിന്നെയെന്തിന് നിരാശപ്പെടണം.പ്രത്യാശയോടെ കാത്തിരിക്കുക.പ്രപഞ്ച നാഥന്‍ അനുഗ്രഹിക്കട്ടെ.

നന്ദകുമാര്‍ said...

“നീ “അമ്മേ” എന്ന് ആദ്യമായി വിളിക്കുന്ന ദിവസം എന്റെ ഡയറിയുടെ താള്‍ ധന്യമാവുമെന്ന്..“

ഈ വരികള്‍ ആത്മഗത മോതുന്ന ഒരുപാട് സുഹുത്തുക്കള്‍ എനിക്കുണ്ട്...കഴിഞ്ഞ എട്ടുവര്‍ഷത്തെ ദാമ്പത്യജീവിതവുമായി എന്റെ ഏട്ടനും ഏട്ടത്തിയമ്മയുമുണ്ട്.

ഒരുപാടു പേരുടെ പ്രാര്‍ത്ഥനകള്‍ ബിന്ദുവിനൊപ്പമുണ്ട്. ആ പ്രാര്‍ത്ഥനകളെ ഒരു ദിവസം കണ്ടില്ലെന്ന് വെയ്ക്കാന്‍ ഏതു ദൈവത്തിനാവും??

ആഷ | Asha said...

മനസ്സിലാവുന്നു :)

മുസാഫിര്‍ said...

പ്രതീക്ഷ കൈവിടാതിരിക്കുകയും എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുകയും ചെയ്യുക.

പൈങ്ങോടന്‍ said...

അമ്മേയെന്ന വിളി ഒട്ടും താമസിയാതെ തന്നെ ബിന്ദുവിനെ തേടിയെത്തട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്..

പ്രവീണ്‍ ചമ്പക്കര said...

സഹോദരീ,

പ്രതീക്ഷ കൈവിടാത് മുന്‍പോട്ടു പോകുക.... ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട് പറഞ്ഞതു പോല്‍ ദുബായ് ദൈരയില്‍ ഒരു ഡോക്ടര്‍ ആഴ്ചയില്‍ കുറച്ചു ദിവസം ഉണ്ട്. എന്‍റെ സുഹൃത്തിന് ഒരു റിസള്‍ട്ട് ഉണ്ടായത് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും ആണ് . http://www.craftivf.com/index.html ഒന്നു ശ്രമിച്ചുടെ ....? ഒന്നിച്ചു താമസിക്കാന്‍ തുടങിയിട്ട്‌ അധികനാള്‍ ആയില്ല എന്ന് മറ്റ് പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കുന്നു .... സമയം ആകുന്നതെ ഉള്ളു എന്ന് മാത്രം ചിന്തിക്കുക ... ഒപ്പം ഞങളുടെ പ്രാര്‍ത്ഥനയും ഉണ്ടാകും.......

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വിധിയുടെ ക്രൂരത ഏറ്റുവാങ്ങാന്‍ ഈ മനുഷ്യജന്മം മാത്രം ബാക്കി..മനസ്സില്‍ ആഴത്തിലൊന്ന് സ്പര്‍ശിച്ചൂ ഈ കുറിപ്പ്
പൊന്നോമനയ്ക്ക് വേണ്ടി മാത്രം നിര്‍ഗളിക്കുന്ന നിന്റെ കരസ്പര്‍ശ്ശം അവനു വരാതിരിക്കാനാവില്ല നിനക്ക് ചിന്തകള്‍ തന്നത് അവനാണ്....അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ തന്നതും അവന്‍ തന്നെ..എല്ലാ നന്മകളും ഉണ്ടാകട്ടെ..

പാഞ്ചാലി : Panchali said...

സഹോദരീ, പ്രതീക്ഷ കൈവിടതിരിക്കുക. ഇന്നു ഈ ഫീല്‍ഡിലാണ് ഏററവും കൂടുതല്‍ ചൂഷണം നടക്കുന്നത്. ഞങ്ങള്‍ അനുഭവസ്തരാണ്. അതുകൊണ്ട് വളരെ സെലക്ററീവായി ചെയ്യുക. അബു ദാബിയില്‍ കോര്‍ണിഷ് ഹോസ്പിറ്റലില്‍ ഒരു ഇന്ഫെര്‍ടിലിററി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ഉണ്ടായിരുന്നു, പാകിസ്ഥാനി (ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല), അവിടെയാണെങ്കില്‍ അധികം കാശു പിടുങ്ങുകയില്ല. മംഗളങ്ങള്‍ നേരുന്നു.

മുഹമ്മദ് ശിഹാബ് said...

ബിന്ദു...

എനിക്കൊന്നും പറയാനില്ല...

പകരം ഞാന്‍ ഒരുവര്‍ഷം മുമ്പ് എഴുതിയ ഈ
കവിത സമര്‍പ്പിക്കുന്നു...

http://www.shilalikhitham.blogspot.com/

ആശ്വസിക്കുക.. പ്രത്യാശ കൈവിടാതെ ..

സ്നേഹിതന്‍ said...

ഈ ജീവിതമാം മരുഭൂമിയില്‍ താങ്കള്‍ ഒറ്റക്കല്ല സോദരീ... പ്രാര്‍ഥനകള്‍, ആശംസകള്‍... വീണ്ടും എഴുതുക.

അല്ഫോന്‍സക്കുട്ടി said...

ഇത്ര മാത്രം സ്നേഹിക്കുന്ന അമ്മയെ തേടി ആ കുഞ്ഞ് ഈ ജന്മം തന്നെ വരും, ഉറപ്പ്, പ്രാര്‍ത്ഥനയോടെ ഒരു അമ്മ.

എം.എച്ച്.സഹീര്‍ said...

കണ്ണീരിണ്റ്റെ നനവ്‌ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുമ്പോള്‍ നാം കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു, ദൈവം ഒരു സമയം നിശ്ചയിച്ചുണ്ടാകാം.അന്ന്‌ മനസ്സിണ്റ്റെ നനവിനുമേല്‍ ഒരു കുളിര്‍ക്കാറ്റാകും. ദൈവത്തിന്‌ ഒത്തിരി ഇഷ്ടമുള്ളവരെ അവന്‍ പരീക്ഷിച്ച്‌ ഹൃദയത്തോട്‌ ചേര്‍ത്ത്‌ നിര്‍ത്തും, കാത്തിരിക്കൂ. മനസ്സിണ്റ്റെ ധൈര്യം കൈവിടാതെ... പലരും എഴുതികണ്ട ഡോക്ടര്‍ അഷര്‍ഫ്‌..ആണ്‌. അല്‍-തായിഫ്‌ ക്ളീനിക്ക്‌ എന്നാ പേരെന്നു തോനുന്നു...

തോന്ന്യാസി said...

തളരരുത് ചേച്ചീ.......

ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന എന്നും ചേച്ചിക്കൊപ്പമുണ്ടാകും......

ഫസല്‍ said...

പരിതപിച്ചത് വരാനിരിക്കുന്ന സന്താനത്തോടാണെങ്കിലും വീണലിയുന്ന കണ്ണു നീരൊക്കെയും ദൈവത്തിന്‍റെ പാദങ്ങളില്‍തന്നെയാണ്..............കേള്‍ക്കാതിരിക്കാനാവില്ല ഇന്നല്ലെങ്കില്‍ നാളെ ഈ പ്രാര്‍ത്ഥന, കാരണം സഹോദരിക്കൊപ്പം ഞങ്ങളേറെപെരുണ്ട് കൂട്ടുപ്രാര്‍ത്ഥനയ്ക്ക്.

സിജി said...

നമ്മളേക്കാള്‍ വേദനയനുഭവിക്കുന്ന മറ്റു ചിലര്‍ ഈ ലോകത്തുണ്ടെന്ന് ഇടക്കിടക്ക്‌ ഓര്‍ക്കുക. മനസ്സിനു ധെര്യം കൊടുക്കൂ ബിന്ദു.

എം.അഷ്റഫ്. said...

വിധിക്കും ദൈവത്തിനുമെതിരെ പോരാടാന്‍ പണമൊഴിക്കിയെന്ന വാക്കുകള്‍ കുറിപ്പിലെ മൊത്തം പ്രതീക്ഷക്കു ചേര്‍ന്നതായില്ല. ഒരു പ്രാര്‍ഥനയും കാരുണ്യവാനായ ദൈവം സ്വീകരിക്കാതരിക്കുന്നില്ല. നമ്മുടെ ഏതു പ്രാര്‍ഥനയാണ്‌ നമുക്ക്‌ ഹിതമാകുകയെന്ന്‌ ദൈവത്തിനു മാത്രമേ അറിയൂ.
പ്രാര്‍ഥനക്ക്‌ ഉടന്‍ ഫലമുണ്ടായില്ല എന്നത്‌ ആ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടില്ല എന്ന്‌ അര്‍ഥമാക്കരുത്‌.
വികലാംഗരെ കുറിച്ചും മാനസിക വൈകല്യം ബാധിച്ച കുട്ടികളുടെ നൊമ്പരങ്ങളെ കുറിച്ചും അവര്‍ക്ക്‌ ലഭിക്കുന്ന പരിശീലനങ്ങളെ കുറിച്ചും കുറിപ്പുകളെഴുതിയ ഞാന്‍ ഭാര്യ മൂന്ന്‌ തവണ ഗര്‍ഭിണിയായപ്പോഴും പ്രാര്‍ഥിച്ചത്‌ അത്തരം പരീക്ഷണങ്ങളില്‍നിന്ന്‌ രക്ഷിക്കണേ എന്നായിരുന്നു. കരുണാമയനായ ദൈവം എന്റെ പ്രാര്‍ഥന കേട്ടു.
പ്രാര്‍ഥനയെ കുറിച്ച്‌ ഞങ്ങളുടെ പത്രത്തില്‍ ഈയിടെ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ്‌ ഇവിടെ ചേര്‍ക്കുന്നു. ബിന്ദുവിന്റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കാരുണ്യവാനായ ദൈവത്തിന്റെ കടാക്ഷമുണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ..

ഗുരുതരമായ രോഗങ്ങളും ചികിത്സയും പ്രാര്‍ഥനയും
ചില കാര്യങ്ങളില്‍ ഞാനകപ്പെട്ട ആശയക്കുഴപ്പം നീക്കാനാണ്‌ ഈ ചോദ്യം. ഒരാളുടെ മരണം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സ്ഥിതിക്ക്‌ നാം എന്തുതന്നെ നടപടികള്‍ സ്വീകരിച്ചാലും അതു സംഭവിക്കുമല്ലോ. ഒരാള്‍ക്ക്‌ ഗുതരമായ രോഗമുണ്ടെന്ന്‌ കരുതുക. ഡോക്‌ടര്‍ ശരിയായ ചികിത്സ നിര്‍ദേശിക്കുകയും ചെയ്‌തു. ഈ ചികിത്സ നടത്തിയാലും ഇല്ലെങ്കിലും അയാള്‍ മരിക്കുമോ? നമ്മുടെ തെരഞ്ഞെടുപ്പിന്‌ നമ്മുടെ ജീവിതകാലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമോ? എന്റെ ഭര്‍ത്താവിനു പുകവലി ശീലമുണ്ട്‌. ഞാനോ മക്കളോ എന്തുതന്നെ പറഞ്ഞാലും അദ്ദേഹം ഈ ശീലം ഉപേക്ഷിക്കുന്നില്ല. എന്റെ പ്രാര്‍ഥനയുടെ അടിസ്ഥാനത്തില്‍ ദൈവം അദ്ദേഹത്തെ സുരക്ഷിതാനാക്കുകയും പുകവലിയുടെ പ്രത്യാഘാതങ്ങളില്‍നിന്ന്‌ രക്ഷിക്കുകയും ചെയ്യുമോ? എന്റെ കുടുംബത്തിനുവേണ്ടി അദ്ദേഹത്തെ കാത്തുകൊള്ളണമെന്ന പ്രാര്‍ഥന ഫലിക്കുമോ അതോ എല്ലാം വൃഥാവിലാകുമോ
മിസിസ്‌. എം.അഹ്‌മദ്‌
ഉത്തരം: നമ്മുടെ ആയുസ്സ്‌ ദൈവം നിര്‍ണയിച്ചതാണ്‌. നാം ഓരോരുത്തരും ഏതുനിമിഷത്തില്‍ മരിക്കുമെന്ന്‌ ദൈവത്തിന്‌ അറിയാം. എത്ര കാലം നാം ജീവിക്കുമെന്നതുമായി ബന്ധപ്പെട്ട്‌ നാം എന്തുതന്നെ ചെയ്‌താലും നമ്മെ അത്‌ ഒരു തരത്തിലും ബാധിക്കില്ലെന്നാണോ ഇതിനര്‍ഥം. അല്ല, കാര്യങ്ങള്‍ അങ്ങനെയല്ല.
നമ്മില്‍ എന്തു സംഭവിക്കുന്നു എന്ന കാര്യത്തില്‍ നമ്മുടെ കര്‍മങ്ങള്‍ വഹിക്കുന്ന പങ്ക്‌ പ്രധാനമാണ്‌. നാം ചെയ്യുന്ന കാര്യങ്ങള്‍ നമ്മെ ബാധിക്കുമെന്ന്‌ തന്നെയാണ്‌ ദൈവനിശ്ചയം. അതുകൊണ്ടാണ്‌, പകര്‍ച്ചവ്യാധി പിടിപെട്ട ഒരു പ്രദേശത്തേക്ക്‌ നാം പോകരുതെന്ന്‌ പ്രവാചകന്‍ (സ) നിര്‍ദേശിച്ചത്‌ ഇതു കൊണ്ട്‌ തന്നെയാണ്‌. പകര്‍ച്ച വ്യാധിയുടെ പിടിയിലായ പ്രദേശത്തുനിന്ന്‌ ആരും പുറത്തു കടക്കരുതെന്നും പ്രവാചകന്‍ (സ) നിര്‍ദേശിക്കുകയുണ്ടായി.
രോഗം കൂടുതല്‍ പകരാതിരിക്കാനുള്ള മുന്‍കരുതലാണ്‌ ഇതില്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌.
അതുപോലെ, ചികിത്സ തേടുവാനും അദ്ദേഹം നമ്മോട്‌ നിര്‍ദേശിക്കുകയുണ്ടായി.
ചികിത്സ കുടി ഉണ്ടാക്കാതെ ഒരു രോഗവും ദൈവം ഉണ്ടാക്കിയിട്ടില്ലെന്ന്‌ പ്രവാചകന്‍ (സ) ഇതോട്‌ ചേര്‍ത്തു പറയുകയും ചെയ്‌തു. ഇനി ശരിയായ ചികിത്സ നമ്മുടെ രോഗത്തിനു പരിഹാരമാകുമോ എന്നു കൂടി പരിശോധിക്കുക. നിങ്ങള്‍ ശരിയായ ചികിത്സ തേടിയാല്‍ നിങ്ങളുടെ രോഗം ഭേദമാകുമെന്ന നിര്‍ദേശവും ദൈവഹിതത്തോടൊപ്പം കണക്കിലെടുക്കേണ്ടതുണ്ട്‌. ഉചിതമായതും ശരിയായതുമായ ചികിത്സയല്ലെങ്കില്‍ രോഗം മൂര്‍ഛിക്കുകായിയിരിക്കും ഫലം.
കാര്യകാരണബന്ധമെന്ന നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണിത്‌. ദുആക്ക്‌ അല്ലെങ്കില്‍ പ്രാര്‍ഥനകള്‍ക്ക്‌ ഉടനെയോ പിന്നീടോ ഉത്തരം നല്‍കപ്പെടുകതന്നെ ചെയ്യുമെന്നതു തന്നെയാണ്‌ മറ്റൊരു കാഴ്‌ചപ്പാട്‌. ഏതെങ്കിലും പ്രാര്‍ഥനയുടെ ഉത്തരം ദൈവം നീട്ടിവെക്കുന്നതിന്റെ അര്‍ഥം നമുക്ക്‌ അതേക്കാള്‍ നല്ലത്‌ നല്‍കാന്‍ ദൈവം ഉദ്ദേശിക്കുന്നതിനാലാണെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. അതു കൊണ്ടുതന്നെ ദൈവത്തോട്‌ ചോദിക്കുകയെന്ന സ്വഭാവം നാം ഉപേക്ഷിച്ചു കൂടാത്തതാണ്‌. നാം ആഗ്രഹിക്കുന്ന നല്ല കാര്യങ്ങള്‍ നല്‍കാന്‍ ദൈവത്തോട്‌ ചോദിച്ചുകൊണ്ടേയിരിക്കണം.
നാം വെറുക്കുന്ന ആളുകള്‍ക്ക്‌ മോശം വരുത്തണേ എന്നല്ല നാം പ്രാര്‍ഥിക്കുന്നതെങ്കില്‍ നമ്മുടെ പ്രാര്‍ഥനകള്‍ക്ക്‌ ദൈവം ഉത്തരം നല്‍കുക തന്നെ ചെയ്യും.
നിങ്ങളുടെ ഭര്‍ത്താവ്‌ പുകവലിക്കുമ്പോള്‍ അത്‌ ഉള്‍ക്കൊള്ളുന്ന എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സ്വമേധയാ സമര്‍പ്പിക്കുകയാണ്‌. മരണകാരണമാകുന്ന 25 രോഗങ്ങളുടേയെങ്കിലും പ്രധാന ഹേതുവാണ്‌ പുകവലി. പുകവലി ശിലമുള്ള എല്ലാവരേയും ഇത്‌ ബാധിക്കുമെന്നല്ല ഇതിനര്‍ഥമെന്നും മനസ്സിലാക്കേണ്ടതാണ്‌.
പാരമ്പര്യം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, വ്യായാമമില്ലായ്‌മ, അമിത വണ്ണം, മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ ഘടകങ്ങളൊക്കെ ഇവിടെ പരിഗണിക്കപ്പെടേണ്ടതാണ്‌. ഇങ്ങനെയാകുമ്പോള്‍ ചില പുകവലിക്കാരെ മറ്റു ചിലരേക്കാള്‍ വേഗം തന്നെ രോഗങ്ങള്‍ പിടികൂടിയെന്നും ഗുരതുരമായി ബാധിച്ചുവെന്നും വരാം.
ഒരാളുടെ മരണത്തിനു നിര്‍ണയിക്കപ്പെട്ട സമയത്തെ ഇത്‌ എങ്ങനെയാണ്‌ ബാധിക്കുന്നത്‌? സമയം ദൈവത്തിനു ബാധകമല്ലെന്ന നമുക്ക അറിയാവുന്ന കാര്യം ഇവിടെ ഓര്‍ക്കുക. സൂര്യനുമായി ബന്ധപ്പെട്ടുള്ള ഭൂമിയുടെ കിടപ്പും അതിന്റെ സ്വയം കറക്കവും ഭ്രമണ പഥത്തിലെ കറക്കവുമൊക്കെ ഉള്‍പ്പെടുന്നതാണ്‌ സമയം. എന്തൊക്കെയാണ്‌ നമുക്ക്‌ സംഭവിക്കാനിരിക്കുനനതെന്ന്‌ നാം ജനിക്കുന്നതിനുമുമ്പ്‌ തന്നെ ദൈവത്തിനറിയാം. നമ്മുടെ ജീവിതകാലത്ത്‌ എന്തൊക്കെ രോഗങ്ങള്‍ നമ്മെ ബാധിക്കുമെന്നും നമുക്ക്‌ ശരിയായ ചികിത്സ കിട്ടുമോ ഇല്ലേ, ഭേദമാകുമോ ഇല്ലേ എന്നൊക്കെയുമുള്ള കാര്യങ്ങള്‍ ദൈവത്തിന്‌ അറിയാം. ഏതെങ്കിലും പ്രത്യേക കാര്യത്തിന്‌ നാം ദൈവത്തോട്‌ പ്രാര്‍ഥിക്കുമോ, അതിന്‌ എപ്പോഴാണ്‌ മറുപടി നല്‍കുക തുടങ്ങിയ കാര്യങ്ങളും ദൈവത്തിനറിയാം. അതുകൊണ്ട്‌ തന്നെ നമ്മുടെ ആയുസ്സ്‌ തീരുമാനിക്കപ്പെടുന്നതിനുമുമ്പ്‌ ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്തിട്ടുണ്ട്‌.
ആരോഗ്യകരമായ നയിക്കുന്നതിനും സാധ്യമാകുന്നൊതൊക്കെ ചെയ്യണമെന്നും അതിന്‌ ദൈവത്തിന്റെ അനുഗ്രഹം തേടണമെന്നുമാണ്‌ മൊത്തത്തില്‍ ഇതില്‍നിന്ന്‌ നാം മനസ്സിലാക്കേണ്ടത്‌.

സാദിഖ്‌ മുന്നൂര്‌ said...

ഈ സ്‌നേഹം ഏറ്റുവാങ്ങാന്‍
ഒരു കണ്‍മണി വരാതിരിക്കില്ല.
വൈകി വന്ന വസന്തത്തില്‍ ഉല്ലസിക്കുന്ന
ഒരുപാട്‌ പേരെ എനിക്കറിയാം.
എന്റെ സഹപ്രവര്‍ത്തകരും അടുത്ത കൂട്ടുകാരുമായ രണ്ട്‌ പേര്‍ കല്യാണം കഴിഞ്ഞ്‌ എട്ടും പത്തും വര്‍ഷം കഴിഞ്ഞ്‌ സന്താന സൗഭാഗ്യം ലഭിച്ചവരാണ്‌.
ഇന്നല്ലെങ്കില്‍ നാളെ വിരുന്നുവരുന്ന കുഞ്ഞതിഥിയെ കാത്തിരിക്കുന്ന എന്റെ കൂട്ടുകാരന്‍ ഹമീദും സറീനയുമുണ്ട്‌.
ആശ്വസിപ്പിക്കുകയല്ല, പ്രാര്‍ഥിക്കുകയാണ്‌.

ചുള്ളിക്കാലെ ബാബു said...

പ്രിയപ്പെട്ട സുഹൃത്തേ,
ദൈവം, വിധി എന്നിവയില്‍ പഴിചാരി സമയം കളയരുത്. ശാസ്ത്രം ഇത്രയും പുരോഗമിച്ച ഇക്കാലത്ത് എന്തിനും ഏതിനും ചികിത്സയുണ്ട്. അതിനുമുമ്പായി മാനസികമായി തയ്യാറായിരിക്കണമെന്നു മാത്രം. കാരണം, സ്വന്തം കുഞ്ഞല്ലാ എന്നതിനാല്‍ കുഞ്ഞുങ്ങളെ കാണുന്നതേ ഇഷ്ടമല്ലെന്ന് ബിന്ദു എഴുതിയത് വായിച്ചു. അത് ശരിയല്ല. നിഷ്കളങ്കരായ കുഞ്ഞുങ്ങളെന്തുപിഴച്ചു? അവരെ സ്നേഹിക്കാനായി ആ മനസ്സ് മാറ്റിയെടുക്കണം. സ്നേഹത്തില്‍നിന്ന് എല്ലാം ലഭിക്കും. സ്നേഹമാണ് എല്ലാം. കേട്ടിട്ടില്ലേ ‘സ്നേഹമാണഖിലസാരമൂഴിയില്‍..’ എന്ന്?
ബിന്ദൂ, നിങ്ങളുടെ വിഴമം എന്റെ ഇളയമ്മയിലൂടെ ഞാന്‍ മനസ്സിലാക്കുന്നു. എന്റെ എല്ലാ പ്രാര്‍ത്ഥനയും എന്നും ഉണ്ടായിരിക്കും.

Nousher said...

ആത്മവിശ്വാസത്തോടെ പരിശ്രമങ്ങള്‍ തുടരുക. തീര്‍‌ച്ചയായും ഫലം കാണും. ഒരുപാട് പ്രാര്‍ത്ഥനകള്‍‌ കൂടെയുണ്ട്.

ശ്രീ said...

ചേച്ചീ... മനസ്സില്‍ തട്ടിയ കുറിപ്പ്. ബൂലോകരുടെ മുഴുവന്‍ പ്രാര്‍ത്ഥനയും ചേച്ചിയ്ക്കു വേണ്ടി ഉണ്ടാകും... ഉറപ്പ്.
പ്രതീക്ഷ കൈവെടിയാതിരിയ്ക്കൂ... നല്ലതിനായി പ്രാര്‍ത്ഥിയ്ക്കാം... എല്ലാ ഭാവുകങ്ങളും.

കാപ്പിലാന്‍ said...

ഞാനും പ്രാര്‍ത്ഥിക്കുന്നു.നല്ലത് വരട്ടെ എന്ന് .

ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ ഈശ്വരന്‍ കേള്‍ക്കതിരിക്കില്ല ബിന്ദു

ബിന്ദു കെ പി said...

ഓരോരുത്തരുടേയും പേരെടുത്തു പറയുന്നില്ല, കണാമറയത്തുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ മനസ്സ് കണ്ടറിഞ്ഞ് നിങ്ങളയച്ച ഓരോകുറിപ്പും എനിക്ക് വിലപ്പെട്ടതാണ്.നിങ്ങളുടെ പ്രാര്‍ത്ഥനകളും. എന്റെ മാത്രം മനസ്സ് എന്നു പറയുന്നത് സ്വാര്‍ത്ഥതയാണ്. ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ക്കിടയില്‍ ആസ്പത്രികളില്‍ വച്ച് മറ്റൊരുപാട് പേരുടെ മാനസികവ്യാപാരം അടുത്തറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. സമൂഹം നിസ്സാരമെന്ന് കരുതി അവഗണിച്ചിട്ടുള്ള, സന്താനസൌഭാഗ്യം ലഭിച്ചിട്ടുള്ളവര്‍ക്ക് ഒരുപക്ഷെ ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കാത്തതുമായ ആ പ്രത്യേക മാനസികാവസ്ഥയുടെ പ്രധിനിധീകരണം കൂടിയാണ് ഈ കുറിപ്പ്.

ചില സുഹൃത്തുക്കള്‍ ഡോക്ടര്‍ അഷറഫിന്റെ പേര്‍ നിര്‍ദ്ദേശിച്ചൂ കണ്ടു. നിര്‍ദ്ദേശത്തിനു നന്ദി. ഡോക്ടര്‍ അഷറഫിന്റെ അസ്പത്രിയായ,കൊടുങ്ങല്ല്ലൂരിലുള്ള ക്രാഫ്ടില്‍ ദീര്‍ഘകാലം ചികിത്സ നടത്തിയ വ്യക്തിയാണ് ഞാന്‍.

പിന്നെ, ചുള്ളിക്കാല ബാബുവിനോട്: മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ കാണുന്നതേ ഇഷ്ടമല്ല എന്നു ഞാന്‍ എഴുതിയിട്ടില്ല. അത് താങ്കള്‍ മനസ്സിലാക്കിയതിന്റെ കുഴപ്പമാണ്.

annamma said...

ബിന്ദു അധികം വൈകാതെ ആഗ്രഹം സഫലീകരിക്കും. ഉറപ്പ്‌.

Jith Raj said...

ദൈവം ചിലപ്പോഴൊക്കെ അങ്ങനെയാണ്‍, കൂടുതല്‍ ഇഷ്ടമുള്ളവരെ ചിലപ്പോള്‍ കൂടുതല്‍ പരീക്ഷിക്കും. പ്രതീക്ഷ കൈവിടാതെ പ്രാര്‍ത്ഥനയോടെ മുന്നോട്ട് പോവുക. ഞങ്ങളുടെയെല്ലാം പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാവും. നന്മകള്‍ നേര്‍ന്നുകൊണ്ട്,
ജിത്ത് രാജ്

Science Uncle - സയന്‍സ് അങ്കിള്‍ said...

പ്രാര്‍ത്ഥിക്കുക. ദൈവാനുഗ്രഹത്തില്‍ പ്രതീക്ഷ കൈവിടാതിരിക്കുക. തീര്‍ച്ചയായും സാധിക്കും. ദൈവം സഹായിച്ചില്ലെങ്കില്‍ താങ്കളെ ആര്‍ക്കാണു സഹായിക്കാന്‍ കഴിയുക.

ഞാനും സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
-- സയന്‍സ് അങ്കിള്‍

www.scienceuncle.com

mani said...

samayamunde,athbuthangal sambhavikkaam.

mani said...

hy.saaramilla,samayamunde,

sajith90 said...

പ്രിയ സഹോദരി,

നിങ്ങളുടെ ദു:ഖം മാറ്റാന്‍, ആ കണ്ണുനീര്‍ ഒപ്പ്പ്പാന്‍ തീര്‍ച്ചയായും ദൈവം വരുമെന്നു പ്രതീക്ഷിക്കാം. Modern Science treatments should help you
--------------------------------------
Note:
ഉറഞ്ഞുപോയ മാത്ര് വാല്‍സല്യം പോലയുള്ള ബ്ലോഗുകള്‍ എന്നെ പിറക്കാതെ പോയ ഒരു സാഹിത്യകാരിയെ കൂടി ഒര്‍മിപ്പിക്കുന്നു

365greetings.com

ജനാൻ സജ്ജിദ് said...

വായിച്ചപ്പൊൾ മനസിൽ വല്ലാത്തൊരു അസ്വസ്തദ.സഹോദരീ നിരാഷപെടാതെ പ്രതീക്ഷ കൈവിടതെ മുന്നോട്ട് പോകുവ.പ്രാർത്തിക്കാം....പ്രർത്തന ദൈവം ഒരുനാൾ കേൾക്കും..

wayanadan said...

Bindu....
feel more motherly than a mother
great
really

അനില്‍@ബ്ലോഗ് said...

വാക്കുകളില്ല.

smitha adharsh said...

ഈ പോസ്റ്റ് ഞാന്‍ ഒരിക്കല്‍ വായിച്ചിരുന്നു. അന്ന് എന്ത് കൊണ്ടോ,വെറുതെ ഒരു കമന്‍റ് ഇടാന്‍ തോന്നിയില്ല.പറയാന്‍ വന്നത് മുന്പേ വന്നവര്‍ കമന്‍റ് ആക്കി പോകുകയും ചെയ്തിരുന്നു.... എനിക്ക് ബിന്ദു ചേച്ചിയുടെ അതെ വികാര വായ്പില്‍ തന്നെ ഈ ദു:ഖത്തെ കാണാനാകുന്നുണ്ട്.ദൈവം അത്ഭുതങ്ങള്‍ പ്രവര്തിക്കുന്നവനാണ്....കാത്തിരിപ്പിന് ഫലം കിട്ടും തീര്‍ച്ച...

MANOHAR said...

hii..
I reached your Blog thru Smithas blog.
I wish I dont write in explicit way.
If possible, please read my comment in Smithas blog. I still believe in what I wrote. There is no point one should weep the whole life for the kids who never born.....
Sorry I dont have Malaayalm fonts.
Regds

Honey said...

god bless you...sister

കുറ്റ്യാടിക്കാരന്‍ said...

ഈ കാത്തിരിപ്പിന് ദൈവം പ്രതിഫലം നല്‍കാതിരിക്കില്ല ചേച്ചി...
പ്രാര്‍ത്ഥനകള്‍...

മാംഗ്‌ said...

അമ്മേ................ഇപ്പൊ എന്റെ കയ്യിൽ ഇതെ ഉള്ളു. അധികം താമസിയാതെ ഇങ്ങിനെ വിളിക്കാൻ ഒരാൾ വരൻ ഞാൻ ഞാൻ ചേച്ചിക്കു വേണ്ടി പ്രാർദ്ധിക്കുന്നു.

നിരക്ഷരന്‍ said...

ഒക്കെ ശരിയാകും ബിന്ദൂ...

സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാന്‍ പോകുന്നതെല്ലാം നല്ലതിന് എന്നാണല്ലോ ഗീതയില്‍...

ഒക്കെ ശരിയാകും.

ജെപി. said...

എന്റെ ബിന്ദൂ
നീയെന്നെ ആകെ കുഴപ്പത്തില്‍ കൊണ്ടു ചാടിച്ചല്ലോ?
ഏതായാലും രണ്ടും വായിച്ചെടുത്തു...

എനിക്കിത്രയൊന്നും സഹിക്കാനുള്ള ശേഷിയില്ല...
ഞാന്‍ പ്രാര്‍ത്ധിക്കാം...

എന്റെ മകള്‍ക്ക് വേണ്ടി ഞാന്‍ എന്നും പ്രാത്ധിക്കുന്നുണ്ട്...\
അവള്‍ക്ക് പിന്നെ രണ്ട് കൊല്ലമെ ആയുള്ളൂ....
സമാധാനിക്കാം....

ഇനെ ഈശ്വര ചിന്തയും വഴിപാടുകളുമേ ശരണമുള്ളൂ...
ഞാന്‍ അച്ചന്‍ തേവരോട് പറയാം...
pls read about achan thevar in my blog...
പേരും നാളും എല്ലാം അറിയിക്കുക...
പാറമേക്കാവിലമ്മയോടും പറയാം...

ഈശ്വരന്മാര്‍ ഒരു വഴി കാണിക്കട്ടെ...

സ്നേഹത്തോടെ...
ജെ പി അങ്കിള്‍...

nb: can u please introduce me some bloggers who can be contacted thru fone in kerala....
ഞാന്‍ എന്റെ ബ്ലോഗ് തുറന്നു വെച്ചു അവരോട് ചോദിച്ചു ചെയ്താല്‍ എളുപ്പമാകുമല്ലോ..

ജെസ്സ് said...

ബിന്ദു :- ഞാനിന്നാണ് ഈ ബ്ലോഗ് കണ്ടത് .

ബിന്ദുവിന്റെ വിഷമം എനിക്ക് നന്നായി മനസ്സിലാകും.. കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഈ നീറ്റലും ഉള്ളില്‍ കൊണ്ടു നടക്കുകയാണ് ഞാന്‍.

കല്യാണം കഴിഞ്ഞു ഏഴാം മാസത്തില്‍ തുടങ്ങിയ ട്രീറ്റ് മെന്റ്സ് ഇനിയും അവസാനിക്കാതെ തുടരുന്നു.

ഇടയ്ക്ക് സന്തോഷവും ഉല് കണ്‍ടകളും നിറച്ചു കൊണ്ടു വന്ന എന്റെ പൊന്നു മോള്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ ആറാം മാസത്തില്‍ പെട്ടെന്ന് എന്നെ വിട്ടു പോയ ഷോക്ക് ഇനിയും മാറിയിട്ടില്ല.

വിഷമിക്കരുത്.. ടെന്‍ഷന്‍ വേണ്ട എന്നൊക്കെ എല്ലാര്‍ക്കും പറയാം.. എളുപ്പമാണ്.. പക്ഷെ ഈ അവസ്ഥയില്‍ കൂടി കടന്നു പോകുന്നവര്‍ക്കെ അത് എത്ര മാത്രം ക്രൂരമാണെന്ന് മനസ്സിലാക്കാന്‍ പറ്റൂ .
"മറ്റുള്ളവരുടെ സന്തോഷങ്ങള്‍ അറിയാനിട വരുമ്പോള്‍, മനസ്സു തുറന്ന് അവരെ അഭിനന്ദിക്കാന്‍ കഴിയാതെ, സ്വയം ശാപവാക്കുകള്‍ ചൊരിയുന്ന ഒരു അസൂയാലുവാക്കിയത്? പലരും തങ്ങളുടെ കുട്ടികളെ അടുപ്പിക്കുവാന്‍ ഇഷ്ടപ്പെടാത്ത ഒരു ദുര്‍നിമിത്തമാക്കിയത്? അതുകൊണ്ടല്ലേ കുട്ടികളെ ഒരുപാട് ഇഷ്ടമായിരുന്ന ഞാന്‍ ഇന്ന് ഔപചാരികമായി മാത്രം വാത്സല്യം പ്രകടിപ്പിക്കുന്ന ഒരു നിര്‍വ്വികാരയായി മാറിയത്"

ഇതു ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ച കാര്യമാണ്. ഇന്നും അനുഭവിക്കുന്നു.

പൊട്ടി ചിരിച്ചു എല്ലാരോടും സംസാരിച്ചു നടന്നിരുന്ന ഞാന്‍ ഇന്നു ആരോടും മിണ്ടാറില്ല.. എനിക്ക് മനുഷ്യരോട് സംസാരിക്കാന്‍ അറിയില്ല എന്ന് വരെ അഭിപ്രായം തുടങ്ങിയിരിക്കുന്നു..

വായാടി എന്ന് വിളിച്ചിരുന്നവര്‍ തന്നെയാണ് ഇതു പറയുന്നതു എന്നതാണ് വാസ്തവം..

എന്താ ചെയ്ക.. അനുഭവിക്കുക അല്ലെ..

എന്തെങ്കിലും ഒന്നു ദൈവം തീരുമാനി ച്ച്ചിട്ടുണ്ടാകും എന്നൊരു ധൈര്യം മാത്രമെ എനിക്കിപ്പോള്‍ ഉള്ളൂ . ഞാന്‍ പ്രാര്‍ത്ഥിക്കാം കേട്ടോ .. അത്രയല്ലേ നമുക്കു പരസ്പരം ചെയ്യാന്‍ പറ്റൂ .

( ബുദ്ടിമുട്ടാകി ല്ലെന്കില്‍ മെയില്‍ അയയ്ക്കൂ :- jeseenaciby@gmail.com )

Sandeep said...

All the best for the Malayalam blog
from
http://www.HumbleTom.com

ജുനൈദ് ഇരു‌മ്പുഴി said...

ഇതു വളരെ പഴയ പോസ്റ്റ് ആണെങ്കിലും വയിച്ചപ്പോൽ ഒന്നും പറയാതെ പൊകുന്നത് ശരിയല്ല എന്നു തോന്നി..

എന്തു പറയണം എന്നു എനിക്കും നിശ്ചയമില്ല..
പ്രാർഥിക്കാം

AswathiBabu said...

Bindu
reached yr blog through the post 'panjimaram'. so interesting. my heartfelt prayers...

Ashly A K said...

hey...saw ur post today...നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

Jyothi Sanjeev : said...

bindu, came to your post through shree's. comment ezhutanda ennu vicharichu aadhyam. pakshe parayathirikkaan vayya. vishwasikku. nallathu varum. good luck.

Pyari Singh K said...
This comment has been removed by the author.
Pyari Singh K said...

പ്രാര്‍ത്ഥനകള്‍...

ഈ പ്രാര്‍ത്ഥനകള്‍ പാഴാവില്ല.

എനിക്കുറപ്പാണ്.

Anonymous said...
This comment has been removed by a blog administrator.
ravanan said...

ചേച്ചി ഉറപ്പായിട്ടും കുഞ്ഞുണ്ണി വരും. വൈകുന്നതെല്ലാം നല്ലതിനാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്.

കാഴ്ചകളിലൂടെ said...

ബിന്ദു
അടുക്കലതലം എന്ന ബ്ലോഗ്‌ വായിക്കാറുണ്ട്. ഇന്ന് മാത്രമാണ് ഈ ബ്ലോഗ്‌ വായികുന്നത്.ഒന്നും പറയാതെ പോകാന്‍ തോന്നുന്നില്ല.
. എന്റെ സഹോദരിയും പന്ത്രണ്ടു വര്‍ഷമായി ഈ ദുഃഖം അനുഭവിക്കുന്നു.ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
പ്രാര്‍ഥിക്കുന്നു. നല്ലത് വരട്ടെ

സജീവ്‌

shiyas k s said...

സഹോദരി സൃഷ്ടിയുടെ രഹസ്യവും കൂട്ടും അറിയുന്നവന്‍ സഹോദരിയുടെ പ്രാര്‍ത്ഥന കേള്കുമാരക്ട്ടെ

Khureishi Beevi said...
This comment has been removed by the author.
Shashi Chirayil said...

29 മാര്‍ച്ച് 2008 -ല്‍ മനസ്സിന്റെ യാത്രയില്‍ ബിന്ദു പോസ്റ്റിയ ‘വിലാപകാവ്യ‘ത്തിന് 29 ഡിസംബര്‍ 2013 ല്‍, സബീനയുടെ ‘ഗദ്ഗദ്‘ ആഖ്യാനം! വിശ്വസിക്കാനാവുന്നില്ല.അതിനാല്‍ ബിന്ദുവിന്റെ പോസ്റ്റ് വീണ്ടും വായിച്ചു. കമെന്റുകളും അതിന്റെ ഡേറ്റുകളും.അപ്പോള്‍ ഇതാണ് ബ്ലോഗിന്റെ ശക്തി, അല്ലേ? കാലങ്ങള്‍ക്കതീതം! എന്ത് തോന്നുന്നൂ, ബിന്ദ്സ്?

Khureishi Beevi said...

Bindu,
Pls pls pls ....you made me weep. My heart s broken this morning. Why why ever did you post this. You are mean. You broke this poor ithaatha' s already shattered heart. But still it's okay...just try to understand one thing. U're blessed. A blessed sweetheart of The Lord. Enjoy blogging and ur other activities.
Heartfelt prayers, ithaatha.

അനില്‍ശ്രീ... said...

ഇനി പിറന്ന കണ്‍‌മണിക്ക് വേണ്ടി എഴുതാം, ബിന്ദു.
സന്തോഷിക്കുക.. അഭിനന്ദനങ്ങള്‍! ഒഴുക്കിയ കണ്ണിരിന്‍ പകരം സന്തോഷങ്ങള്‍ മാത്രമാകട്ടെ !

ബിന്ദുവിനും കൃഷ്ണപ്രസാദിനും പിറന്ന പെണ്‍കുഞ്ഞിന്‍ ഈ ലോകത്തിലേക്ക് സ്വാഗതം..
അന്നു തന്ന ആശംസ വെറുതെ ആയില്ലല്ലോ എന്നോര്‍ത്ത് വളരെയധികം സന്തോഷം..

അഗ്രജന്‍ said...

അന്നീ പോസ്റ്റ് വായിച്ച് എന്തു കമന്റിടണം എന്നറിയാതെ പോയതാണ്...

ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു... നിറഞ്ഞ ആശംസകൾ ബിന്ദു & പ്രസാദ് :)

Post a Comment

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP