Thursday, April 17, 2008

ഒരു സംശയം ബാക്കി..

ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ അത്താഴത്തിന് ക്ഷണം. വിചാരിച്ചതിലും വിപുലമായ ഒരുക്കങ്ങള്‍. എട്ട് പത്ത് കുടുംബങ്ങളെ ക്ഷണിച്ചിരുന്നു. പെണ്ണുങ്ങളെല്ലാം ഒരു മുറിയില്‍ ഒത്തുകൂടി. കുട്ടികളുടെ ഫീസ് വര്‍ദ്ധന, സ്കൂള്‍ ബസ്സിന്റെ സമയമാറ്റം,ഹോംവര്‍ക്ക് ചെയ്യിക്കാന്‍ പെടുന്ന പാട്,എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ തുടങ്ങി എല്ലാവരും. അവര്‍ക്കിടയില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലാതെ ഞാനും. അവസാനം വന്നത് ഒരു കന്നഡ കുടുംബം. അമ്മയും മകളും ഞങ്ങള്‍ക്കിടയിലേക്ക് വന്നു. ഏകദേശം 15 വയസ്സ് തോന്നിക്കുന്ന മകള്‍. മൊബൈല്‍ ഫോണിലെ പാട്ടിന്റെ താളത്തില്‍ ശരീരം ചലിപ്പിച്ച് വന്ന അത്യന്താധുനിക വേഷധാരി. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും അത്ര രസിച്ചില്ലെന്നു സാരം. പക്ഷെ വന്നയുടനെ ഹെഡ് ഫോണ്‍ എടുത്ത് മാറ്റിക്കൊണ്ട് എല്ലാവര്‍ക്കും “വൈകിപ്പോയ വിഷു ആശംസകള്‍” നേര്‍ന്നു. പിന്നെ എല്ലാവരോടും കുശലാന്വേഷങ്ങളും. പിന്നീട് ഊണുമുറിയിലേക്ക് എല്ലാവരും നീങ്ങവേ, ഞാന്‍ നോക്കുമ്പോള്‍ ഈ പെണ്‍കുട്ടി അഴിഞ്ഞുകിടന്നിരുന്ന മുടിയൊന്ന് ഒതുക്കിക്കെട്ടി നേരെ അടുക്കളയിലേക്ക് പോകുന്നു,ചോറും കറികളും മറ്റു സാധനങ്ങളും ചുറുചുറുക്കോടെ ഊണ് മുറിയില്‍ എത്തിക്കുന്നു, ഇരിപ്പിടമൊരുക്കാന്‍ സഹായിക്കുന്നു,പിന്നെ ഇലയിട്ട് സദ്യവട്ടങ്ങളോരോന്നായി വിളമ്പാന്‍ സഹായിക്കുന്നു. ഇല ഇടേണ്ടതെങ്ങിനെ, വിഭവങ്ങള്‍ ഏതൊക്കെ ഭാഗങ്ങളിലാണ് വിളമ്പേണ്ടത് എന്നിങ്ങനെയുള്ള സംശയങ്ങള്‍ മറ്റുള്ളവരോട് ചോദിക്കുന്നുമുണ്ടായിരുന്നു. ചുരുക്കത്തില്‍ അവളായിരുന്നു താരം! ഊണു കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ എന്റെ മനസ്സില്‍ കൂടെ പോന്നത് അവളുടെ ഔചിത്യബോധം തന്നെയായിരുന്നു. അഭിനന്ദിക്കേണ്ടത് അവളേയോ അതോ അവളുടെ അമ്മയേയോ?

കുറച്ചുനാള്‍ മുന്‍പ് നാട്ടിലായിരുന്നപ്പോള്‍ സക്ഷ്യം വഹിച്ച ഒരു ദൃശ്യം ഓര്‍മ്മ വരുന്നു. വിദേശത്തുനിന്ന് വെക്കേഷന് എത്തിയ ടീനേജുകാരി പെണ്‍കുട്ടി. ബോറടിച്ചിട്ടു വയ്യെന്ന് പരാതി പറയുന്നു.ഇതു കേട്ട മുത്തച്ഛന്‍ പറഞ്ഞു “അടുക്കളയില്‍ അമ്മമ്മയുടെ കൂടെ ചെന്ന് എന്തെങ്കിലും അല്ലറ ചില്ലറ പണിയൊക്കെ പഠിക്കാന്‍ നോക്ക്. അപ്പോള്‍ ബോറടിയൊക്കെ താനെ മാറും, ഭാവിയില്‍ ഗുണവും ചെയ്യും”. ഇതു കേട്ട ഉടനെ കുട്ടിയുടെ അമ്മ ചാടി വീണ്, “ അച്ഛന്‍ എന്തു വിഡ്ഡിത്തമാണീ പറയുന്നത്, ഞങ്ങളൊക്കെ വളര്‍ന്നപോലെയാണോ ഇപ്പോഴത്തെ കുട്ടികള്‍? കാലം മാറി, ഇനിയുള്ള ജെനറേഷന് അടുക്കളപ്പണിയൊന്നും പഠിക്കേണ്ട കാര്യമില്ല, ഭാവിയില്‍ എല്ലാവരും കുക്കിംഗിന് മെയ്ഡിനെ ആയിരിക്കും യൂസ് ചെയ്യുക ” എന്നും മറ്റും പറഞ്ഞ് അദ്ദേഹത്തെ മലര്‍ത്തിയടിച്ചു !! അദ്ദേഹം ഒന്നും മിണ്ടാതെ ടിവിയിലേക്ക് നോക്കിയിരുന്നു. ഇതില്‍, മുത്തച്ഛനെന്ന അറുപഴഞ്ചനെ തള്ളിക്കളഞ്ഞ് കുട്ടിയുടെ അമ്മ പറയുന്നതിനെ അംഗീകരിക്കാമെന്ന് വയ്ക്കുക. പക്ഷെ ഒരു സംശയം ബാക്കി നില്‍ക്കുന്നു : മെയ്ഡ് ആവുന്ന ആള്‍ എന്തായാലും പാചകവും മറ്റു പണികളും അറിഞ്ഞിരിക്കണമല്ലോ. അപ്പോള്‍ ആരാണ് മെയ്ഡ് ആയിത്തീരുക എന്ന് നേരത്തേ എങ്ങനെ അറിയും? എന്നിട്ടു വേണമല്ലോ എന്ത് പഠിക്കണമെന്നു തീരുമാനിക്കാന്‍...

28 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ആരാണ് മെയ്ഡ് ആയിത്തീരുക എന്ന് നേരത്തേ എങ്ങനെ അറിയും? എന്നിട്ടു വേണമല്ലോ എന്ത് പഠിക്കണമെന്നു തീരുമാനിക്കാന്‍...

പാമരന്‍ said...

:)

മെയ്ഡുകളെ സൃഷ്ടിക്കാന്‍ പ്രത്യേകം ബ്രീഡിംഗു തുടങ്ങണം

സി. കെ. ബാബു said...

വിദേശ ടീനേജുകാരിയുടെ അമ്മയെ വളര്‍ത്തിയതു് അവളുടെ അമ്മമ്മയല്ലേ? കന്നട ടീനേജുകാരുടെ ഇടയിലും “വിദേശ ടീനേജ്” ടൈപ്പുകള്‍ ധാരാളം!
വിലയിരുത്തലുകളുടെ മാനദണ്ഡവും വളര്‍ത്തലില്‍ അധിഷ്ഠിതം. അത്ര ലളിതമാണു് കാര്യങ്ങള്‍!

We are all prisoners of different systems of values, implemented at a time when we are not able to understand and resist them. And in due course it becomes quite natural for us to consider these values as unimpeachable!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കന്നഡക്കാരിക്കുട്ടിക്ക് മലയാളി അമ്മയായിരുന്നോ!

നിലാവര്‍ നിസ said...

എന്തു പറയാനാണ്...

പാമരന്‍ പറഞ്ഞ പോലെ... ഉറുമ്പുകളുടെ രീതിയില്‍ ജോലിക്കാരികള്‍ക്കായി പ്രത്യേക ബ്രീഡിങ്ങ് തുടങ്ങാം..

കഷ്ടം!!!!!!!!!!

G.manu said...

“മെയിഡ് ഇന്‍ ഇന്‍ഡ്യാ”

ശ്രീ said...

അതു ശരിയാണ്. ഇപ്പഴേ എങ്ങനെ പറയാനൊക്കും?

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

വരും വര്‍ഷങ്ങളില്‍ അങ്ങനെയൊന്നും സംഭവിച്ചില്ലേലെ അത്ഭുതമുള്ളൂ

sivakumar ശിവകുമാര്‍ ஷிவகுமார் said...

Thanks a lot for this great post....

ഹരീഷ് തൊടുപുഴ said...

കാലം എത്ര മാറിയാലും നമ്മുടെ മനസ്സ് മാറാതെ ഇരിക്കട്ടെ..... അങ്ങനെ നമ്മുടെ മക്കളെയും ശുദ്ധമായ മൂല്യങ്ങളോടു കൂടി വളര്‍ത്തിക്കൊണ്ടു വരാം......

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അതിരിക്കട്ടെ, ബിന്ദുവിനു പാചകം വല്ലതും അറിയാമോ..???????????

ബിന്ദു കെ പി said...

പാമരന്‍,നിലാവര്‍നിസ :) അതെയതെ,മെയിഡുകളാവാന്‍ വേണ്ടി മാത്രം ജനിക്കുന്ന ഒരു കൂട്ടം ആളുകള്‍.

സികെ ബാബു:) എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി. താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരി തന്നെ.

കുട്ടിച്ചാത്തന്‍:) കന്നടക്കാരിയാണോ മലയാളിയാണോ എന്നത് പ്രസക്തമല്ലല്ലോ.

ജി.മനു: എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.

ശ്രീ, അനൂപ്,ശിവകുമാര്‍,ഹരീഷ് :) നന്ദി, സന്ദര്‍ശനത്തിനും കമന്റിനും.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം:)അതേ അറിയൂ

ബഷീര്‍ വെള്ളറക്കാട്‌ said...

മക്കളെ ഏത്‌ രീതിയില്‍ ആക്കുന്നതിലും അവരുടെ മാതാവിനു ( രക്ഷിതാക്കള്‍ക്ക്‌ വലിയ പങ്കാണുള്ളത്‌..

ഓ.ടോ.. ബിന്ദുവിനു പാചകം മാത്രമല്ല വാചകം കൂടി നല്ല വശമാണല്ലോ...

kilukkampetty said...

വിത്തു ഗുണം പത്തു ഗുണം....

ആത്മാന്വേഷി... said...

അതെ...ആ അമ്മയ്ക്കാണ് ആ കുട്ടിയുടെ സ്വഭാവത്തിനുള്ള മാര്‍ക്ക്, ഒരു പരിധി വരെ.എന്നാല്‍ അമ്മ മാത്രമല്ല ഒരു കുട്ടിയെ വാര്‍ത്തെടുക്കുന്നത്.അവന്റെ ചുറ്റുപാടുമുള്ള ഒരുപാട് അംശങ്ങളുണ്ടതില്‍...

നാമോരോരുത്തരും അതിനു കാരണക്കാരാണ്.കുഞ്ഞുങ്ങളെ മടിയിലിരുത്തി സാരോപദേശകഥകള്‍ പറഞ്ഞിരുന്ന മുത്തശ്ശിമാരുടെ മടിയില്‍ നിന്നും M-TV-യുടെയും Fashion ചാനലിന്ന്റ്റെയും മുന്നിലേക്ക് മക്കളെ മാറ്റിയേട്ത്തു നിന്നും തുടങ്ങി,the deterioration of a gneration...ഇനിയെങ്കിലും ആ പാരമ്പര്യത്തിന്റെ നന്മയെ തിരിച്ചറിയാം നമുക്ക്...കഴിഞ്ഞ തലമുറ ഓള്‍ഡേജു ഹോമുകള്‍ക്കുള്ളതല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയാം...

പിന്നെ ഇതൊന്നു നോക്കി വിലയിരുത്തൂ...ഇന്നലെ ബ്ലോഗാന്‍ തുടങ്ങിയ ഒരു തുടക്കക്കാരന്റെ ചിന്തകള്‍...
അഭിപ്രായം അറിയിക്കണേ... ( “ പബ്ലിസിറ്റി ചിന്തയിതൊന്നേ മനുജനു ആശ്രയമീ ബൂലകില്‍...”)

യുന്ക്തിവാദികളേ ഇതിലേ ഇതിലേ...-1

നിരക്ഷരന്‍ said...

മിക്കവാറും മെയ്ഡ് ആകുന്നത് ഹതഭാഗ്യനായ ഭര്‍ത്താവായിരിക്കും. ഹ ഹ.
നല്ല പോസ്റ്റ് ബിന്ദൂ...

ബിന്ദു കെ പി said...

ബഷീര്‍വെ‍ള്ളറക്കാട്‌ ,കിലുക്കാമ്പെട്ടി,അത്മാന്വേഷി,
നിരക്ഷരന്‍:)
അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി, എല്ലാവര്‍ക്കും.

മുരളീകൃഷ്ണ മാലോത്ത്‌ said...

ആരാണ് മെയ്ഡ് ആയിത്തീരുക എന്ന് നേരത്തേ എങ്ങനെ അറിയും? എന്നിട്ടു വേണമല്ലോ എന്ത് പഠിക്കണമെന്നു തീരുമാനിക്കാന്‍.....

ഇതു ഞാന്‍ ഒറിജിനല്‍ പോസ്റ്റില്‍ നിന്നും കോപ്പി ചെയ്തതാണ്‌ ട്ടോ...
അല്ലാതെ നിങ്ങളുടെ കമന്റില്‍ നിന്നല്ല....
സംഭവം കേമായി,,,,,

ബിന്ദു കെ പി said...

മുരളീകൃഷ്ണ :) അഭിപ്രായത്തിന് നന്ദി

ബാബുരാജ് ഭഗവതി said...

തത്വത്തില്‍ യോജിക്കുന്നു. പക്ഷേ അവിടെ ഒരു പ്രശ്ന്നമുണട്. “കാരികളെ“ കുറിച്ചാണ് ഈ ഉല്‍ക്കണ്ഠ് എന്ന്തില്‍ സത്യത്തില്‍ ഞാന്‍ എതിരാണ്.
എനിക്കു കുട്ടികളില്ല.....
ഉണ്ടായിരുന്നെങ്കില്‍ മകനായിരുന്നെങ്കിലും ഞാന്‍ പാചകം പഠിപ്പിക്കുമായിരുന്നു.

യാരിദ്‌|~|Yarid said...

കണ്ടതിപ്പോഴാ... രണ്ട് ഡയലോഗ് വിട്ടിട്ടു പോയിക്കളയാം.. ഇന്നിനി വേറെ ജോലിയൊന്നുമില്ല...!!

അപ്പൊ പറഞ്ഞു വന്നത് പെമ്പിള്ളാരെ വളര്‍ത്തേണ്ട വിധം വളര്‍ത്തിയില്ലെങ്കില്‍ അവസാനം അനുഭവിക്കും... കെട്ടുന്നവന്‍... മെയിഡ് ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചു കഴിച്ചു അവന്‍ ഒരു വഴിക്കാകും.....

ഓ ടോ: ഈശ്വ്വരാ ഇങ്ങനത്തെ ഒന്നിനെയാവരുതെ എനിക്കു വേണ്ടി നീ കാത്തു വെച്ചിരിക്കുന്നത്...!!!

രാജു ഇരിങ്ങല്‍ said...

ഒരു വലീയ ചിരിയാണ് ആദ്യം കമന്‍ റാന്‍ തീരുമാനിച്ചത്.
രണ്ട് കാര്യങ്ങള്‍ തോന്നി.
പുതു തലമുറയെ അങ്ങിനെ അങ്ങ് എഴുതള്ളാന്‍ വരട്ടേന്ന് ആ കന്നടക്കാരി കുട്ടി അവിടെ കൂടിയിരിക്കുന്ന അമ്മ കൊച്ചമ്മമാര്‍ക്കൊക്കെ കാട്ടി തന്നു.അതൊരു ഷോക്ക് ആയിക്കാണണം പഴയ തലമുറയിലെ ‘അമ്മ’മാര്‍ക്ക് അല്ലേ...

രണ്ട് മെയ്ഡുകള്‍ വരുന്നു പ്രത്യേകിച്ച് ഈ തിരക്കു പിടിച്ച ജീവിതത്തില്‍.
വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ മടിച്ചിയായ ഒരു കന്നടക്കാരിയെ ഇന്നലെ പരിചയപ്പെടാന്‍ സാധിച്ചു. അടുത്ത കടകളിലൊക്കെയും കടം വാങ്ങിച്ച് മാസത്തില്‍ മിക്കവാറും ഫോണിന്‍റെ സിം കാര്‍ഡ് മാറ്റിക്കൊണ്ടിരിക്കുന്ന (കടക്കാരുടെ തെറികേള്‍ക്കാതിരിക്കാനാണ് സിം മാറ്റുന്നത്) ‘കൊച്ചമ്മയ്ക്ക്’ ഭര്‍ത്താവ് ജോലികഴിഞ്ഞ് വരുമ്പോള്‍ പാര്‍സല്‍ തന്നെ കൊണ്ടുവരണം.

നമുക്ക് നമ്മേ തന്നെ ശപിക്കാം
അല്ലേ..

ഒടേ: ഇവിടെ ആദ്യം ആണ് എന്ന് തോന്നുന്നു. പരിചയപ്പെട്ടതില്‍ സന്തോഷം

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ബിന്ദു കെ പി said...

ബാബുരാജ് ഭഗവതി :ബാബൂരാജിനോട് തീര്‍ച്ചയായും ഞാന്‍ യോജിക്കുന്നു. പിന്നെ ആധികാരികമായി പറയാന്‍ ഞാനാളല്ല.
കാരണം എനിക്കും കുട്ടികളില്ല.

യാരിദ്‌: :) ഹ.ഹ
രാജു ഇരിങ്ങല്‍ :വന്നതില്‍ സന്തോഷം. പരിചയപ്പെട്ടതിലും.

Cartoonist said...

ബിന്ദുവിന്റെ എഴുത്തിലെ അനായാസത ഉള്ളടക്കത്തേക്കാള്‍ നന്നായി.
ആശംസകള്‍ !

ഒട്ടും ബന്ധമില്ലാത്ത മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു.മെയ്ഡിന്റെ പണി ഭര്‍ത്താക്കന്മാര്‍ ചെയ്യേണ്ടിവരുമോ എന്ന ശങ്ക ചിലര്‍ എഴുതിയതു കണ്ട് പറയുകയാണ്...
****************************
പണ്ട്. ഞങ്ങടെ നാട്. ഞാന്‍ കാണ്‍കെ...

70കളിലെ ഗള്‍ഫിയന്‍ വേഷത്തില്‍ 90കളുടെ ഒടുവില്‍ പ്രത്യക്ഷപ്പെട്ട കുവേയ്റ്റ് റിട്ടേണീ , എന്നെന്നേയ്ക്കുമായി പൂട്ടാറായ പലചരക്കു കടയ്ക്കു മുന്‍പില്‍ അരി വാങ്ങാന്‍ അക്ഷമനായി നില്‍ക്കുന്നു. ഷേയ്ക്ക്...ഷേയ്ക്ക്..ഷേയ്ക്ക് എന്ന് കൃത്യമായ ഇടവേളകളില്‍ ഉരുവിടുന്നുണ്ട്.

പരിചയക്കുറവു കാരണം കടക്കാരന്‍ വൈകിക്കൊണ്ടേയിരിക്കുന്നു. ഒടുവില്‍, ഗള്‍ഫന്‍ ദേഷ്യത്തില്‍ അകത്തേയ്ക്ക് ഒരൊറ്റച്ചാട്ടമാണ്. ജസ്റ്റ് വണ്‍ മിനിറ്റുകൊണ്ട്, തന്റെയും മറ്റുള്ളവരുടേയും സകലമാന ആവശ്യങ്ങളും പൊതിഞ്ഞുകെട്ടിത്തീര്‍ത്തുകൊണ്ട് പ്രഖ്യാപിക്കുന്നു : “ എന്റെ സ്പീഡാണ് ഷെയ്ക്കിനെ എന്നിലേയ്ക്കടുപ്പിച്ചത് “
**********************

സി.കെ. ബാബു മൊഴിമാറ്റിപ്പറഞ്ഞത് കമെന്റ്സില്‍ മൊത്തം ഒരു ഗൌരവം വരുത്തി :)

കാലമാടന്‍ said...

വളരെ നല്ല പോസ്റ്റ്, ബിന്ദു.
"മെയ്ഡ് ആവുന്ന ആള്‍ എന്തായാലും പാചകവും മറ്റു പണികളും അറിഞ്ഞിരിക്കണമല്ലോ. അപ്പോള്‍ ആരാണ് മെയ്ഡ് ആയിത്തീരുക എന്ന് നേരത്തേ എങ്ങനെ അറിയും? എന്നിട്ടു വേണമല്ലോ എന്ത് പഠിക്കണമെന്നു തീരുമാനിക്കാന്‍"
അവസാനത്തെ ആ ചോദ്യമാണ്...
പിന്നെ, ആദ്യത്തെ ആളിന്റെ കാര്യം.
അതൊക്കെ ആണ് നമ്മള്‍ സംസ്കാരം, ഇന്ഗ്ലീഷില്‍ culture, എന്ന് പറയുന്നതു.
"ഊണു കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ എന്റെ മനസ്സില്‍ കൂടെ പോന്നത് അവളുടെ ഔചിത്യബോധം തന്നെയായിരുന്നു" എന്ന് പറയിപ്പിക്കുന്ന ഗുണം.
(താരമാകാന്‍ വേറെന്തു വേണം?)
ഭാവുകങ്ങള്‍.
-----------------------------------------
"കണ്ടവരില്ലേ? കേട്ടവരില്ലേ? ഈ തസ്കരവീരനെ പിടികൂടണ്ടേ?"

ഹരിയണ്ണന്‍@Hariyannan said...

നല്ല ചിന്ത!

പൈതൃകം സിനിമയില്‍,തന്റെ മകനെ തന്നെപ്പോലൊരു നിരീശ്വരവാദിയാക്കുമെന്ന് സുരേഷ്‌ഗോപിപറയുമ്പോള്‍ പ്രസാദിന്റെ അപ്പന്‍ നമ്പൂരി പറയുന്ന ചിലവാക്കുകള്‍ ഓര്‍മ്മവന്നു:“എന്റെ മകനെ എന്നെപ്പോലെയാക്കണമെന്ന് ഞാന്‍ വാശിപിടിച്ചില്ലല്ലോ?!”

അതേ..നമ്മള്‍ വാശിപിടിക്കുന്നതുപോലെയല്ല!എങ്കിലും നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകമെങ്കിലും അവര്‍ക്ക് പകര്‍ന്നുകൊടുക്കാനായാല്‍ നന്ന്!!

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

You "made" the point...

Post a Comment

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP