Wednesday, April 9, 2008

നന്മയുടെ ഇനിയും വറ്റാത്ത ഉറവകള്‍

ഇന്നലെ ക്ഷമയോടെ മിനക്കെട്ടിരുന്ന് ഗൂഗിള്‍ എര്‍ത്തില്‍ ഞാനെന്റെ നാടും വീടും കണ്ടുപിടിച്ചു. ഇരുണ്ട പച്ചപ്പിനിടയിലൂടെ വളഞ്ഞുപുളഞ്ഞ് നൂലു പോലുള്ള റോഡ് പിന്തുടര്‍ന്ന് , തീപ്പെട്ടിക്കൊള്ളി പോലെ തോന്നിക്കുന്ന കണക്കന്‍കടവ് പാലവും കുറച്ചുമാറി പണിപൂര്‍ത്തിയായ കൃഷ്ണന്‍ കോട്ട പാലവും കണ്ട്, അവസാനം പച്ചപ്പിനു നടുവില്‍ ഒരു വെള്ളാരങ്കല്ലുപോലെ എന്റെ വീടും കണ്ടെത്തി.ഒരു കൊല്ലമാവുന്നതേയുള്ളു ഞാന്‍ അവിടെ നിന്ന് പോന്നിട്ട്. എങ്കിലും മനസ്സ് വല്ലാതെ കുതിക്കുകയാണ് തിരികെയെത്താന്‍. പെരിയാറും ചാലക്കുടിപ്പുഴയും കോട്ടപ്പുറം കായലും അതിരിടുന്ന എന്റെ സുന്ദര ഗ്രാമം! ഭൂരിഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതുകൊണ്ട് വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാക്ലേശം പക്ഷെ, പുതിയ പാലങ്ങളുടെ വരവോടെ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അസൌകര്യങ്ങളും പരിമിതികളും ഏറെയുണ്ടെങ്കിലും പണ്ടുമുതലേ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷമാണ്. നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കൊലപാതകത്തിന്റേയും കവര്‍ച്ചയുടേയും പത്രവാര്‍ത്തകള്‍ നിത്യവും വായിക്കുമ്പോഴും, തീര്‍ത്തും ഭയരഹിതരായിത്തന്നെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. എന്തോ, അത്തരമൊരു അനുഭവം കേട്ടുകേള്‍വി പോലും ഇല്ലാത്തതിന്റെ ആത്മവിശ്വാസം കൊണ്ടാകാം..

പക്ഷെ ഇതിനൊരു അപവാദമായി ഒന്നര വര്‍ഷം മുന്‍പ് അവിടെ നടന്ന ഒരു സഭവം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. അതിദാരുണമായ ഒരു കൊലപാതകം നാട്ടില്‍ നടന്നിരിക്കുന്നു എന്ന വാര്‍ത്തയുമായി, വല്ലാത്ത ഒരു ഞെട്ടലിലേക്ക് നാടാകെ ഉണര്‍ന്ന ആ പ്രഭാതം!ഭര്‍ത്താവും ഭാര്യയും മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവിനെ ആക്രമിച്ച് മൃതപ്രായനാക്കിയശേഷം ഭാര്യയെ കൊല്ലുകയായിരുന്നു.നാട്ടില്‍ എല്ലാവര്‍ക്കും സുപരിചിതരായ വ്യക്തികള്‍!ആര്‍ക്കുമത് ദിവസങ്ങളോളം ഉള്‍ക്കൊള്ളാനായില്ല എന്നതാണ് സത്യം. സ്വസ്ഥത നശിച്ച ദിവസങ്ങളായിരുന്നു പിന്നീട്. രാവും പകലും പോലീസ് ജീപ്പുകളുടെ മുരള്‍ച്ചകള്‍..ഉന്നത പോലീസുദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വന്ന് പരിശോധിച്ചിട്ടും ഒരു തെളിവ് പോലും കിട്ടിയില്ല എന്നത് ഏവരേയും ഭീതിയിലാഴ്ത്തി. ചിരപരിചിതമായ ഗ്രാമം അപരിചിതത്വത്തിന്റെ പുതിയൊരു മേലങ്കി അണിയുകയായിരുന്നു.. ഊഹാപോഹങ്ങളുമായി, പരസ്പര വിശ്വാസം പോലും നഷ്ടപ്പെട്ട നാട്ടുകാര്‍..


അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍ തന്നെ, പോലീസിനോടള്ള വെല്ലുവിളിയെന്ന പോലെ, തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീണ്ടും മോഷണവും മോഷണ ശ്രമങ്ങളും നാടെങ്ങും നാടന്നുകൊണ്ടിരുന്നത് പൊതുവേ ഭീതിയുടെ ആഴം കൂട്ടി. അമ്പലത്തിലും പള്ളിയിലും വരെ പോകാന്‍ ഭയപ്പെട്ട് നാട്ടുകാര്‍.. ആളില്ലാതെ പൂട്ടേണ്ടിവന്ന സിനിമാതിയേറ്റര്‍..ഒന്നു കടയില്‍ പോയി വരാന്‍ പോലും വല്ലാതെ ഭയപ്പെട്ടിരുന്ന ആ ദിവസങ്ങള്‍ ഞാനിന്നും ഓര്‍ക്കുന്നു. കള്ളന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് നെഞ്ചിടിപ്പോടെ തള്ളിനീക്കിയിരുന്ന ആ രാത്രികള്‍! മറ്റു വീടുകളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.


സ്ഥിതിഗതികള്‍ നേരിടാനാവാതെ പോലീസും അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായരായി. ഈ അവസ്ഥയിലാണ് നാട്ടുകാരുടെ ശക്തമായ പ്രതികരണശേഷി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. പ്രതിഷേധയോഗങ്ങളും മാര്‍ച്ചുകളും ഒരു വശത്ത് നടക്കുമ്പോള്‍ത്തന്നെ നാട്ടിലെ ചെറുപ്പക്കരെല്ലാവരും പോലീസിന്റെ മേല്‍നോട്ടത്തില്‍ ജനജാഗ്രതാസമിതി രൂപീകരിച്ച് ,സമിതിയെ ചെറുസംഘങ്ങളായി തിരിച്ച് ,ഓരോ സംഘവും അതതു പ്രദേശങ്ങളില്‍ രാത്രി മുഴുവന്‍ ജാഗരൂകരായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. നാടിനൊരു വിഷമഘട്ടം ഉണ്ടായപ്പോള്‍ ജാതിമതഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഭയന്നു വിറച്ച് രാത്രികള്‍ തള്ളി നീക്കിയിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇവരുടെ അത്മാര്‍ത്ഥമായ പ്രവര്‍ത്തനം നല്‍കിയ ആശ്വാസം വിവരണാതീതമാണ്. ആപല്‍ഘട്ടങ്ങളില്‍ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ പ്രിയപ്പെട്ടവര്‍ അരികിലില്ലാത്ത സന്ദര്‍ഭത്തില്‍, നമ്മുടെ ആ‍രുമല്ലാത്തവര്‍ നിങ്ങള്‍ ഉറങ്ങിക്കോളൂ, ഞങ്ങളിവിടെയുണ്ട് എന്നു പറയുമ്പോള്‍ , മനുഷ്യനന്മയുടെ ഹൃദയസ്പര്‍ശിയായ ഒരു ഭാവം തന്നെയല്ലേ അവിടെ കാണാന്‍ കഴിയുന്നത്? എവിടെയെങ്കിലും ചെറിയൊരു അനക്കം കേട്ടാല്‍ പോലും ഓടിയെത്തി അവിടെ പരിശോധിക്കാനുള്ള ശുഷ്കാന്തി അവര്‍ കാണിച്ചിരുന്നു. പലപ്പോഴും പിടിയില്‍ നിന്ന് മോഷ്ടാവ് സമര്‍ത്ഥമായി ര‍ക്ഷപ്പെടുകയാണുണ്ടായതെങ്കിലും അതവരുടെ ആത്മവിശ്വാസത്തെ ഒട്ടും തളര്‍ത്തിയിരുന്നില്ല.


അവസാനം അന്‍പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം കൊലപാതകിയെ വലയിലാക്കുന്നതില്‍ പോലീസ് സ്തുത്യര്‍ഹമായ വിജയം കൈവരിച്ചതോടെയാണ് ഈ അവസ്ഥയ്ക്ക് അറുതി വന്നത് (ഏഴു കൊലപാതകങ്ങളും നിരവധി കവര്‍ച്ചകളും ചെയ്തിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയ ജയാനന്ദന്‍ എന്ന പ്രതിയെക്കുറിച്ച് ഒരു പക്ഷെ നിങ്ങള്‍ പത്രങ്ങളില്‍ വായിച്ചിട്ടുണ്ടാകും). ഇത്രയും നാള്‍ തങ്ങളുടെ സ്വസ്ഥതയും സ്വൈര്യവും കെടുത്തി നാട്ടില്‍ ഭീകരത സൃഷ്ടിച്ച പ്രതി പിടിയിലായെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ നടത്തിയ ആഹ്ലാദപ്രകടനങ്ങളും, തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ അയാള്‍ക്കുനേരെ ഉണ്ടായ രോഷപ്രകടനങ്ങളും എടുത്തുപറയേണ്ടവ തന്നെ.നാട് മെല്ലെ മെല്ലെ ശാന്തതയിലേക്ക് മടങ്ങുകയും ചെയ്തൂ. എങ്കിലും,ആ പഴയ ആത്മവിശ്വാസത്തിന് ഏറ്റ പോറല്‍ ഒരിക്കലും മായില്ല എന്നതൊരു സത്യം തന്നെ.


കുറ്റസമ്മതം നടത്തിയ പ്രതിയുടെ കേസ് ഇപ്പോഴും തീര്‍പ്പായിട്ടില്ല. അയാള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്തേക്കാം. അത് ഈ ലേഖനത്തിന്റെ വിഷയമല്ല. കവര്‍ച്ചയും കൊലപാതകങ്ങളും നിത്യസംഭവങ്ങളാവുകയും പോലീസുകാര്‍ അന്വേഷണം പ്രഹസനമാക്കി മാറ്റുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ഒരു സംഭവം അത്ര പുതുമയൊന്നും ഉള്ളതല്ലെന്നറിയാം. എന്നാല്‍, ഗ്രാമങ്ങളേയും ഗ്രാമീണ ജീവിതത്തേയും പുച്ഛിച്ചുതള്ളി, ഉള്ളത് വിറ്റ് നഗരങ്ങളില്‍ ചേക്കേറാന്‍ ധൃതി കൂട്ടുന്ന ഒരു പ്രവണത വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, ഒരു ഗ്രാമീണജനതയുടെ കൂട്ടായ്മയും സഹകരണമനോഭാവവും ആപല്‍ഘട്ടത്തില്‍ എങ്ങിനെ ഉപകരിക്കുമെന്ന് ഞാന്‍ ഓര്‍ക്കുകയാണ്. പ്രതിയെ ഇത്രവേഗം പിടികൂടുന്നതിന് സഹായിച്ചത് ഈ നാട്ടുകാരുടെ പ്രതികരണശേഷിയും ഐക്യവും ധൈര്യവും ആണെന്ന് അന്നത്തെ എസ്.പി. പത്രസമ്മേളനത്തില്‍ പറഞ്ഞതും ഓര്‍ക്കുന്നു.

എത്രയോ കൊലപാതകങ്ങളും കവര്‍ച്ചകളും ദിനം പ്രതി ഓരോ നഗരങ്ങളിലും നടക്കുന്നതായി മാധ്യമങ്ങളില്‍ നാം കാണുന്നു. എത്ര പെട്ടെന്നാണ് അവയെല്ലാം വിസ്മൃതമാവുന്നത്! ഈ ഒരു പ്രതികരണശേഷിയും സംഘടിതശക്തിയും ഒരു നഗരജീവിതത്തില്‍ പ്രതീക്ഷിക്കാമോ? “ഭാഗ്യം, എനിയ്ക്കല്ലല്ലോ അത് സംഭവിച്ചത് ” എന്നൊരു മനോഭാവത്തോടെ എല്ലാവരും നിസ്സംഗരാവുന്നു. കേസന്വേഷണത്തെ വിടാതെ പിന്തുടര്‍ന്ന് പ്രതിഷേധസ്വരവുമായി പോലീസിനെ നേരിടാന്‍ ആര്‍ക്കും താല്പര്യവുമില്ല, സമയവുമില്ല.


അതെ, സശയമില്ല, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം തന്നെ.! പക്ഷെ, ഈ നന്മയും വൈകാതെ അസ്തമിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. കാരണം, നഗരങ്ങളാവാന്‍ വെമ്പൽ ‍കൊള്ളുന്ന ഗ്രാമങ്ങളുടെ ദയനീയ ചിത്രങ്ങളാണല്ലോ ഇന്ന് കേരളത്തിലുടനീളം!...

17 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം തന്നെ.! പക്ഷെ, ഈ നന്മയും വൈകാതെ അസ്തമിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. നഗരങ്ങളാവാന്‍ വെമ്പല്‍ കൂട്ടുന്ന ഗ്രാമങ്ങളുടെ ദയനീയ ചിത്രങ്ങളാണല്ലോ ഇന്ന് കേരളത്തിലുടനീളം!...

യാരിദ്‌|~|Yarid said...

ഒന്നും പറയാനില്ല ബിന്ദു. എല്ലായിടത്തേയും അവസ്ഥ ഇതു തന്നെ..:)

നജൂസ്‌ said...

നന്നായിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാട്ടിന്‍പുറത്തിന്റെ നന്മകളെ കൊല്ലുന്ന തിന്മ നിറഞ്ഞവര്‍ അഴിഞ്ഞാടുകയാണല്ലോ...

നല്ല ലേഖനം ബിന്ദൂ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നാട്ടിന്‍ പുറങ്ങള്‍ നഗരങ്ങളായി പുരോഗമിക്കുന്നൂ
ഇനി ഒരു പച്ചപ്പിനായ് നമുക്ക് എവിടെ അലയണം..
ആര് ആരെ എങ്ങനെ വിശ്വസിക്കണം അല്ലെങ്കില്‍ അവിശ്വസിക്കണം സ്വന്തം നിഴല്‍പോലും നമുക്ക് നേരെ വരുന്ന ആയുധമാകുന്ന കാലമാണ്...അല്ലാതെന്തു പറയാന്‍..
എല്ലാനാട്ടിലും ഇതൊക്കെ തന്നെയാ ഗതി..
എന്റെ നാട്ടില്‍ ഈ അടുത്തിടയ്ക്ക് ഒരു 2 മാസം ആയിക്കാണും ഇപ്പോള്‍..
ഭാര്യയും ഭര്‍ത്താവും ഒരുകുട്ടിയും മാത്രം വീട്ടില്‍
ഭര്‍ത്താവ് രാവിലെ ഷോപ്പില്‍ പോകും പിന്നെ രാത്രിയെ വരൂ ഒരു രാത്രി പതിവുപോലെ അദ്ധേഹം വന്നപ്പോള്‍ മുറ്റത്തെ വെള്ളം പിടിച്ച് വെച്ചേക്കുന്ന ടാങ്കില്‍ മകള്‍ തലകുത്തനെ മരിച്ചുകിടക്കുന്നു ഭാര്യ റൂമില്‍ മരിച്ചുകിടക്കുന്നു അതൊരു കൊലപാതകമാണൊ അതൊ ആത്മഹത്യയാണൊ എന്നു ഇപ്പോഴും അറിയില്ല.
എന്തു ചെയ്യാം കാലം കലികാലം.
നന്നായിട്ടുണ്ട് ബിന്ദൂ ഈ ലേഖം വായിച്ചപ്പൊള്‍ ഇതൊപോലെ പലതും മനസ്സില്‍ ആഞ്ഞടിക്കുന്നു.!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആസൂയയുടെ പരദൂഷണത്തിന്റെ അഹങ്കാരത്തിന്റെ സ്വരമാണു ഇന്നു ഗ്രാമത്തിനു.
ഗ്രാമത്തെക്കാള്‍ സുന്ദരം നഗരം തന്നെ ഇവിടെ ആരും ആ‍രുടെയും കുറ്റപറയാന്‍ ശ്രമിക്കാറില്ല
കാരണം അതിനുള്ള നേരം ആര്‍ക്കും കിട്ടാറില്ല എന്നതാണു വാസ്തവം

ശ്രീ said...

ലേഖനം നന്നായി, ചേച്ചീ.

എത്രയൊക്കെ ആയാലും നാട്ടിന്‍ പുറങ്ങളിലെ നന്മയും ശാന്തതയും ഐക്യവും എടുത്തു പറയേണ്ടുന്ന ഒന്നു തന്നെ ആണ്. ഇപ്പോള്‍ അളവില്‍ കുറവു വന്നുവെങ്കില്‍ തന്നെയും നഗരജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഗ്രാമങ്ങളും ഗ്രാമീണരും ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്.

kaithamullu : കൈതമുള്ള് said...

“എത്ര പെട്ടെന്നാണ് അവയെല്ലാം വിസ്മൃതമാവുന്നത്!ഈ ഒരു പ്രതികരണശേഷിയും സംഘടിതശക്തിയും ഒരു നഗരജീവിതത്തില്‍ പ്രതീക്ഷിക്കാമോ? “ഭാഗ്യം, എനിയ്ക്കല്ലല്ലോ അത് സംഭവിച്ചത് ” എന്നൊരു മനോഭാവത്തോടെ എല്ലാവരും നിസ്സംഗരാവുന്നു.“

-ബിന്ദു, അത് തന്നെ പ്രശ്നം!

കാസിം തങ്ങള്‍ said...

ഗ്രാമത്തിന്റെ ഭംഗിയും നിഷ്കളങ്കതയും സാഹോദര്യവും നന്‍‌മയുമൊക്കെ ഓര്‍‌മ്മയായി മാറുന്നു. അവ തിരിച്ച് കെണ്ടുവരാനാവട്ടെ നമ്മുടെ പ്രയത്നങ്ങള്‍.

അല്ഫോന്‍സക്കുട്ടി said...

“ആപല്‍ഘട്ടങ്ങളില്‍ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ പ്രിയപ്പെട്ടവര്‍ അരികിലില്ലാത്ത സന്ദര്‍ഭത്തില്‍, നമ്മുടെ ആ‍രുമല്ലാത്തവര്‍ “നിങ്ങള്‍ ഉറങ്ങിക്കോളൂ, ഞങ്ങളിവിടെയുണ്ട് ” എന്നു പറയുമ്പോള്‍ , മനുഷ്യനന്മയുടെ ഹൃദയസ്പര്‍ശിയായ ഒരു ഭാവം തന്നെയല്ലേ അവിടെ കാണാന്‍ കഴിയുന്നത്?“

ഞങ്ങളുടെ നാട്ടിലും ഇതു പോലെയുള്ളവര്‍ ധാരാളം, അതു കൊണ്ടു തന്നെ നാട് ഇപ്പോഴും പ്രിയപ്പെട്ടതാകുന്നു.

നന്നായിരിക്കുന്നു പോസ്റ്റ്.

annamma said...

ഏതു യന്ത്രവല്‌ക്രത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ മണവും, മമതയും
ഒരിത്തിരി കൊന്നപ്പൂവും
ഇത്‌ മനസ്സിലുണ്ടെങ്കില്‍ പട്ടണവും നന്മകളാല്‍ സമൃദ്ധം

ആഷ | Asha said...

ആ നന്മയുടെ ഉറവകള്‍ ഒരിക്കലും വറ്റാതിരിക്കട്ടേ.
ബ്ലോഗ് ഒന്നു മോടി പിടിപ്പിച്ച ലക്ഷണമുണ്ടല്ലോ :)

നിരക്ഷരന്‍ said...

പോസ്റ്റ് നന്നായി. കൈവിട്ട് പോയി ബിന്ദൂ. ഇനി മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുമെന്ന് കരുതേണ്ട.

ഓ.ടോ:- പുഴയരികില്‍ കുറച്ച് സ്ഥലം വാങ്ങാന്‍ നോക്കി നടന്ന് പലപ്രാവശ്യം എത്തിപ്പെട്ടിട്ടുണ്ട് പുത്തന്‍‌വേലിക്കരയില്‍. എനിക്കിഷ്ടമാണവിടം.

ബിന്ദു കെ പി said...

യാരിദ്‌, നജൂസ്‌, പ്രിയ ഉണ്ണികൃഷ്ണന്‍ , മിന്നാമിനുങ്ങുകള്‍ ,ശ്രീ ,കൈതമുള്ള് ,കാസിം തങ്ങള്‍ ,അല്ഫോന്‍സക്കുട്ടി,അല്ഫോന്‍സക്കുട്ടി,ആഷ :) അഭിപ്രായങ്ങള്‍ക്ക് ഒരുപാടൊരുപാട് നന്ദി.

അനൂപ് :)നഗരത്തില്‍ ആര്‍ക്കും ഒന്നിനും നേരമില്ല. അതുതന്നെ പ്രശ്നവും.

നിരക്ഷരന്‍ :) നിരക്ഷരാ, അയല്‍വാസീ, നന്ദി. എന്റെ ബ്ലോഗില്‍ വന്നതിനു മാത്രമല്ല, നാട്ടില്‍ വന്നതിനും.

Mang said...

നാട്ടിന്‍ പുറത്തിന്റെ നന്മകള്‍ ഇനി പുസ്തക താളിലും കൊയ്തു നടത്താന്‍ തയ്യാറായ പാടങ്ങള്‍ ഇനി ചിത്രത്തിലും കാണാം ഒന്ന് വിഷ് ചെയ്യാന്‍ ഒരു ഹെലോ പറയാന്‍ പോലും മടി കാണിക്കുന്ന ഫ്ലാറ്റ് ജീവികള്‍ക്ക് സഹകരണം ഒരു കീറാമുട്ടി ആണു. ഒരു ടാക്സി കാറില്‍ കയറുമ്പോള്‍ പോലും ഹെലോ പറയുന്ന ഫോണ്‍ ചെയ്താല്‍ ആദ്യം അപരിചിതന്‍ ആണെങ്ങില്‍ പോലും സുഖമാനോ ഏന്നു ചോദിക്കുന്ന വിദേശികള്‍ അവരോടെനിക്ക് ബഹുമാനം തോന്നുന്നു . ഏന്ദു കൊണ്ടാണ് നമ്മളിങ്ങനെ കപട സദാചാരവും സാംസ്‌കാരിക മേന്മ ഉം പ്രസ്ന്ഗിച്ചു നടക്കുന്ന നമ്മള്‍ മാന്യതുടെ ഈ മുഖം മൂടി മാടന്‍ സമയമായി ഏന്നു ഓര്‍മിപ്പിക്കുന്നു ഈ കുറിപ്പുകള്‍.

മോനൂസ് said...

നമ്മുടെ ഗ്രാമത്തിന്റെ സൌന്ദര്യവും നിഷ്കളങ്കതയും ആത്മാർത്തതയും തിരിച്ചറിയുന്നത് ഇന്ന് ഈ ദുബായിലിരുന്ന് നാടിനെ കുറിച്ചോറ്ക്കുംബോയാന്ന്. ചേച്ചിയുടെ ബ്ലോഗ് വായിക്കുംബോൽ ഞാൻ എന്റെ നാട്ടിലെത്തിയത് പോലെ തോന്നാറുന്ഡ്. നന്ദി..

nakkwt said...

വളരെ നന്നായിട്ടുണ്ട് കീപ് ഇറ്റ് അപ്

Post a Comment

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP