Tuesday, November 27, 2012

ഒരു കൊച്ചുമാളികപ്പുറത്തിന്റെ കന്നിയാത്ര....

ഇത്തവണ അമ്മയ്ക്ക് അച്ഛന്റെ എഴുത്ത് വന്നത് ഒരു സന്തോഷവാർത്തയുമായാണ്. ഇക്കൊല്ലം അച്ഛൻ എന്നേയും ശബരിമലയ്ക്ക് കൊണ്ടുപോവുന്നുണ്ടത്രേ!

അങ്ങനെ, ഞാനും ശബരിമലയ്ക്ക് പോണൂ! എത്ര നാളായി കൊതിക്കണേന്നറിയ്യോ? ശബരിമലയ്ക്ക് മാലയിട്ടാല് പിന്നെ ക്ലാസിലെ ചില കുട്ടികൾടെ മട്ടും ഭാവോം കാണണം! കറുത്ത ഡ്രസും, ഒരുതരം വല്യ മണിമാലയുമൊക്കെയിട്ട്....ചിലരൊക്കെ നീല ഡ്രസാണ് ഇടുക. എന്തൊരു ഗമയാണ്! ടീച്ചർമാർക്ക് പോലും അവരോടെന്തോ ഒരു ഇഷ്ടക്കൂടുതൽ പോലെയാണ്!

കത്തിലെ പുതിയ വിശേഷം വീട്ടിൽ പാട്ടായി. “നന്നായി”, “വൈകിച്ചാൽ നടന്നില്ലാന്നുവരും”, എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ കേട്ടു. പെങ്കുട്ടികൾക്ക് പത്തു വയസ്സു കഴിഞ്ഞാൽ ശബരിമലയ്ക്ക് പോകാൻ പറ്റില്ലാത്രേ! എന്താ കാരണംന്ന് അറീല്ല.....ക്ലാസിലെ പെങ്കുട്ടികളും പറയണത് കേട്ടിട്ടുണ്ട്. പക്ഷേ അവർക്കും കാരണം പിടിയില്ല. ഒരിക്കൽ കൊച്ചമ്മമ്മയോടും ചോദിച്ചു. എന്തു സംശയങ്ങൾക്കും കൊച്ചമ്മമ്മയുടെ പക്കൽ ഉത്തരമുണ്ടവും. പക്ഷേ ഈ ചോദ്യത്തിന് മാത്രം മറുപടി  കവിളത്ത് തലോടിക്കൊണ്ട് “ഹി ഹി ഹി” എന്നൊരു ചിരി മാത്രമായിരുന്നു...കൊച്ചമ്മമ്മ ഒറക്കെ ചിരിച്ചാൽ വായീന്ന് വെറ്റിലേടേം പൊകലേടേം വാസന വരും...

കറുത്ത ജാക്കറ്റ് ഒരെണ്ണം ഉണ്ട്. പാവാടയാണ് തീരെ ഇല്ലാത്തത്. പാവാടയ്ക്ക് തുണിയെടുക്കണം...ജാക്കറ്റും ഒരെണ്ണം കൂടി വേണം...എന്നാണാവോ അമ്മ തുണിക്കടയിൽ പോവുന്നത്...ഇപ്പോത്തന്നെ  എടുത്താലേ അമ്മ നേരത്തിനതൊന്ന് തയ്ക്കലുണ്ടാവൂ. അമ്മയ്ക്ക് അടുക്കളപ്പണിയൊഴിഞ്ഞിട്ട് ഒന്നിനും സമയമില്ല!  അമ്മ അതൊന്ന് തയ്ച്ച് തന്നിട്ടുവേണം സ്കൂളീച്ചെന്ന് കുട്ടികൾടെ മുമ്പിൽ ഞെളിഞ്ഞു നിൽക്കാൻ... (ക്ലാസിലുള്ളവർ ഇട്ടിട്ടുള്ളതിനേക്കാൾ കുറച്ചുകൂടി ഇറക്കത്തിലുള്ള മാല വേണമെന്ന് അമ്മയോട് പറയണം.....)
 
“അമ്മേ, എന്നാ എനിക്ക് പുതിയ തുണി എടുക്കണേ?” സ്കൂൾ വിട്ടു വന്നനേരം തയ്യൽ മെഷീന്റെ മുകളിൽ തുണിപ്പൊതിയൊന്നും  കാണാഞ്ഞപ്പോൾ അമ്മയോട് ചോദിച്ചു.
“പുതിയ തുണിയോ!? എന്തിന്?!” അമ്മ അത്ഭുതം കൂറി.
“കറ്ത്ത പാവാടേം ജാക്കറ്റും തയ്പ്പിക്കാൻ”.
“അതിന്റ്യൊന്നും ഒരാവശ്യോല്ല. ഇപ്പോള്ള ഡ്രസൊക്കെ ഇട്ടാമതി. കറ്ത്ത ജാക്കറ്റ്  ഒരെണ്ണോണ്ടല്ലോ”-അമ്മ.
“ശബരിമലയ്ക്ക് പോണോരൊക്കെ കറ്ത്ത ഡ്രസിട്ടോണ്ടല്ലേ മാലേടണത്...?”
“അതൊക്കെ മീനും എറച്ചീം കൂട്ടി കണ്ണീക്കണ്ടോണം നടക്കണോർക്കാ. നമ്മളൊക്കെ ശുദ്ധോള്ളോരാ.... പോണേന്റെ തലേദൂസെങ്ങാനും  മാലേട്ടാമതി” അമ്മ കട്ടായം പറഞ്ഞു.

ശരിക്കും സങ്കടം വന്നു. എന്തൊക്കെയാ അമ്മ ഈ പറയണത്? ഒന്നും മനസ്സിലാവണില്ല....ബാക്കീള്ളോരൊക്കെ കണ്ണീക്കണ്ടോണം നടക്കണോരാ? ക്ലാസിൽ ചെന്നിനി കുട്ടികളോടൊക്കെ എന്താ പറയാ?


“പാവം, അതിന്റെ ഒരാശയല്ലേ...എന്തെങ്കിലുമാവട്ടെ....ഒരെണ്ണം മേടിച്ചുകൊടുക്ക്...” വല്യമ്മ സപ്പോർട്ടുമായെത്തി.

കറുപ്പിൽ വെളുത്ത പുള്ളിയുള്ള തുണിയാണ് അമ്മ വാങ്ങിയത്. പാവടയ്ക്കും ജാക്കറ്റിനും ഒരേ തുണി തന്നെ. തീരെ ഇഷ്ടായില്ല....മലയ്ക്ക് പോണോര് ഇങ്ങനെ പുള്ളിയുള്ളത് ഇടാറില്ല....

“പുള്ളിയുള്ളതാവുമ്പൊ മലയ്ക്ക് പോയി വന്നാലുമിടാം” അമ്മ ന്യായം പറഞ്ഞു.

“പോവുമ്പോഴൊന്നും ഇടണ്ട, അവിടെച്ചെന്ന് കുളികഴിഞ്ഞ് പടികേറാൻ നേരത്ത് മാത്രം ഇട്ടാൽ മതി”.  ഉപദേശം വേറെയും!

വിചാരിച്ചപോലെ തന്നെ, മാലയിടാത്തേനും കറുത്ത് ഉടുപ്പിടാത്തേനുമൊക്കെ ക്ലാസിലെ കുട്ടികളുടെ കളിയാക്കൽ കണക്കിന് കിട്ടി. അതുമാത്രമല്ല, നേരാംവണ്ണം നൊയമ്പു നോൽക്കാതെയും മാലയിടാതെയുമൊക്കെ പോയാൽ പാപം കിട്ടുമത്രേ! സ്വാമിക്ക് ദേഷ്യം വന്നാൽ പതിനെട്ടാം പടിയിൽ നിന്ന് തള്ളിയിട്ടെന്നും വരും!

“ഹ..ഹ...അതൊന്നും മോള് കാര്യാക്കണ്ട. അവറ്റങ്ങൾക്ക് വല്ല വിവരോംണ്ടെങ്കിലല്ലേ....നമ്മളേയ്, നല്ലൊന്നാന്തരം അമ്പലവാസികളാ.....അമ്പലവാസികള്...!” കൊച്ചമ്മമ്മ പറഞ്ഞു.

ഹും! നന്നായിപ്പോയ്! ഇതൊക്കെ പറഞ്ഞാലുണ്ടോ അയ്യപ്പസ്വാമിക്ക് മനസ്സിലാവണൂ? സ്വാമി ആരാന്നാ ഇവരുടെയൊക്കെ വിചാരം? ഇവടത്തെ കൃഷ്ണനേപ്പോലെ ഒരു പാവാണെന്നാ? പതിനെട്ടാമ്പടീന്ന് വീണ് എന്റെ കയ്യുങ്കാലുമൊടിഞ്ഞാലേ ഇവരൊക്കെ പഠിക്കൂ...

അമ്മാവനാണ് മാല മേടിച്ചത്. പോണേന്റെ തലേദൂസം കാട്ട്വോലത്തെ ശാസ്താവിന്റെ മുമ്പിൽ നിന്നാ മാലേട്ടത്.  “നല്ലോണം പ്രാർത്ഥിച്ചോണ്ട് മാലയിട്ടോളൂ” മാല പൂജിച്ചു തരുമ്പോൾ തിരുമേനി പറഞ്ഞു....

സ്വാമീ, എന്നെ പതിനെട്ടാമ്പടീന്ന് തള്ളിയിടല്ലേ....എന്റെ കയ്യുങ്കാലുമൊടിക്കല്ലേ.......

അന്നുച്ചയ്ക്കാണ് അച്ഛൻ വന്നത്. അച്ഛനെ കാണാൻ എന്താ ഒരു രസന്നറിയ്യോ?! താടീം മീശേമൊക്കെ വളർത്തി....കറ്ത്ത മുണ്ടുടുത്ത്.... തോളത്ത് കറ്ത്ത തോർത്തിട്ട്....നെറ്റീല് മുഴുവൻ ഭസ്മം കൊണ്ട് വരച്ച്....മാലയാണെങ്കിൽ മൂന്നു മടക്കുണ്ട്! ഷർട്ട് മാത്രം വെള്ള....

 “ഹ...ഹ...രാജു തനി തെലുങ്കന്മാരുടെ മട്ടിലാണല്ലോ” അമ്മാവൻ അച്ഛനെ കളിയാക്കി.


കളിയാക്കിക്കോട്ടെ,  അച്ഛന് എന്തായാലും സ്വാമീടെ അനുഗ്രഹം കിട്ടുമെന്ന്  ഉറപ്പാണ്.....!!!

തൃശ്ശൂരെ വല്യച്ഛന്റെ കൂടെയാണ് ഞങ്ങള് പോകുന്നത്. വല്യച്ഛന് എല്ലാ കാര്യങ്ങളും കാണാപാഠമാണ്. ഒരു കാക്കത്തൊള്ളായിരം പ്രാവശ്യോങ്കിലും വല്യച്ഛൻ ശബരിമലയ്ക്ക് പോയിട്ടുണ്ട്!

 തൃശൂരെ ഒരു അമ്പലത്തിൽ വച്ച് രാത്രിയാണ് കെട്ടുനിറ. വൈകീട്ടത്തെ ബസിന് തൃശ്ശൂർക്ക് പോണം. ഇറങ്ങാൻ നേരം എല്ലാർക്കും ദക്ഷിണ വച്ചു. ആദ്യായിട്ട് മലയ്ക്ക് പോവുമ്പോ മൂത്തോർക്കൊക്കെ ദക്ഷിണ കൊടുക്കണോത്രേ. ബിനു മുഖം വീർപ്പിച്ച് ഒരു മൂലയ്ക്കിരുപ്പാണ്. അച്ഛൻ എന്നെ മാത്രം കൊണ്ടുപോണേന്റെ  അസൂയയാണ് ചെക്കന്! അച്ഛന്റെ കത്തു വന്നതുമുതൽ അമ്മേടെ അടുത്ത് വാശിപിടിച്ചു നടപ്പാ‍ണവൻ.  കാര്യം സാധിക്കാൻ എന്തെല്ലാം അടവുകളാണെന്നോ എടുത്തത്! ഒന്നും ആരുമത്ര കാര്യമാക്കിയില്ല. “നിനക്കിനിയും എത്ര വേണമെങ്കിലും പോകാല്ലോ” എന്നൊക്കെ എല്ലാരും സമാധാനിപ്പിച്ചു. അത്രതന്നെ. അവന്റെ മുമ്പീക്കൂടി ഗമയിലങ്ങനെ നടക്കാൻ നല്ല രസം! എപ്പഴും അവൻ തന്ന്യല്ലെ ജയിക്കാറ്. അവൻ തമ്മിൽത്തല്ലുണ്ടാക്ക്യാലും അമ്മ പറയും “ നിന്റെ അനിയനല്ലേ, കൊച്ചല്ലേ, പോട്ടേ..” എന്ന്!  ഹും! കണ്ടു കൊതിക്കട്ടെ ചെക്കൻ!

ഞങ്ങൾ തൃശ്ശൂരെ ക്വാർട്ടേഴ്സിൽ എത്ത്യപ്പോഴേക്കും  അച്ഛമ്മേം എത്തീണ്ടായിരുന്നു അവിടെ. കെട്ടുനിറയ്ക്കുന്ന അമ്പലത്തിന് പാറമേക്കാവ് എന്നാത്രേ പേര്. അവിടെ ചെന്നപ്പോഴേക്കും ഉറക്കം തൂങ്ങീട്ട് വയ്യാണ്ടായി. കെട്ടുനിറയ്ക്ക് വേറെയും ഒരുപാട് ആൾക്കാരുണ്ട്. അവരും ഞങ്ങടെ ബസിലാ പോണത്. കെട്ടുനിറേടെ സ്ഥലത്ത് എന്താ ഒരു ഒച്ചേം ബഹളോം!  തുണീല് അരിയിടലും, തേങ്ങേല് നെയ്യൊഴിക്കലുമൊക്കെ വല്യച്ഛൻ പറഞ്ഞുതന്നതുപോലെ ഞാനും ചെയ്തു. ഇതൊക്കെ അവസാനം കെട്ടാക്കി. എല്ലാർക്കും ഓരോ കെട്ട്. അത് തലേല് വയ്ക്കണ   സമേത്ത് എല്ല്ലാരും ഒറക്കെ “സ്വാമിയേയ് ശരണമയ്യപ്പാ” എന്നു പറഞ്ഞു. എന്നോടും ഒറക്കെ ശരണം വിളിക്കാൻ അച്ഛൻ പറഞ്ഞു. ഞാൻ പതുക്കെയേ വിളിച്ചുള്ളു (ഒറക്കെ ചൊല്ലാൻ നാണാവില്ലേ....?). എല്ലാരുടേം ബഹളത്തിനിടയിൽ അച്ഛനത് ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ ചീത്ത പറഞ്ഞേനേ.....

കെട്ടുനെറച്ച് എല്ലാരും ബസിൽ കയറി. എനിക്ക് സൈഡ് സീറ്റ് തന്നെ തന്നു അച്ഛൻ.  എന്തൊരു സുഖാന്നോ ഈ സീറ്റിലിരിക്കാൻ!  സീറ്റിലേക്ക് ചാഞ്ഞതും ഉറങ്ങിപ്പോയി. അച്ഛൻ അടുത്തിരുന്ന് എന്തൊക്കെയോ ചോദിച്ചൂന്ന് തോന്നി.....

നേരം വെളിച്ചായപ്പോൾ ഒരു സ്ഥലത്ത് ബസ് നിറുത്തി. എല്ലാരും അവിടെ പല്ലുതേപ്പും കുളിയും കഴിച്ചു. ഒരു ചായക്കടേന്ന് ദോശ കഴിച്ചു. പിന്നെ പോണ വഴിക്ക് ഏതൊക്കെയോ അമ്പലങ്ങളിൽ തൊഴാനിറങ്ങി. എന്തൊരു വല്യ അമ്പലങ്ങളാന്നറിയോ?! നടന്നു നടന്ന് കാലു കഴച്ചു. ഇതൊക്കെ ഇത്രേം വല്യതാണെങ്കിൽ ശബരിമലേലെ  അമ്പലം എന്തായിരിക്കും! അതിന്റെ മുമ്പിൽ ഈ അമ്പലങ്ങളൊക്കെ ഉറുമ്പിന്റത്രേണ്ടാവൂ...ഏറ്റുമാനൂര് എന്നൊരു അമ്പലത്തിന്റെ മുമ്പിലുള്ള വല്യ വെളക്കിൽ നിറച്ചും എണ്ണയും കരിമഷിയും. അതീന്നെടുത്ത് കണ്ണെഴുതിക്കോളാൻ വല്യച്ഛൻ പറഞ്ഞു. കണ്ണു തെളിയാൻ നല്ലതാത്രേ! കണ്ണെഴുതിയതും കണ്ണീന്ന് കുടുകുടാ വെള്ളം ചാടാൻ തുടങ്ങി. പാവാടത്തുമ്പ്കൊണ്ട് കണ്ണൊന്നു തൊടച്ചപ്പഴാ ആശ്വാസായത്! എന്തിനാ അത് തൊടച്ച് കളഞ്ഞേന്ന് ചോദിച്ച് അച്ഛൻ ശാസിച്ചു. ശരിയാ...തൊടച്ചു കളഞ്ഞാല്പിന്നെങ്ങനെയാ കണ്ണു തെളിയുക...? ഒന്നുങ്കൂടി എടുത്ത് കണ്ണെഴുതിയാലോന്ന് ആലോചിച്ചപ്പോഴേക്കും അച്ഛനെന്റെ കൈപിടിച്ച്  ബസ്സിന്റെ നേർക്ക് നടന്നു കഴിഞ്ഞു...

എന്തിനാണാവോ ഇവിടെയൊക്കെ ചുറ്റിക്കറങ്ങി സമയം കളയണേ...ഒന്നു വേഗം ശബരിമലേല് എത്തിക്കിട്ട്യാ മതിയായിരുന്നു...

വൈകുന്നേരമായപ്പോൾ ഭയങ്കര തിരക്കുള്ള ഒരു സ്ഥലത്തെത്തി. ആൾക്കാരൊക്കെ അവിടെ റോഡിൽക്കൂടി ഡാൻസ് ചെയ്തോണ്ട് നടക്കുന്നു. ചിലരൊക്കെ മേല് ചായം പൂശീട്ടൂണ്ട്. “അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം” എന്നു പാടിക്കൊണ്ടാണ് ഡാൻസ് ചെയ്യണത്. ഇതിന് പേട്ടതുള്ളൽ എന്നാണ് പറയുന്നതെന്ന് അച്ഛൻ പറഞ്ഞു. സ്ഥലത്തിന്റെ പേര് കേട്ടപ്പോൾ  ചിരിവന്നു. എരുമേലീന്ന്! ഇവിടത്തെ സ്വമീടെ പേര് വാവരെന്നാണ്. അയ്യപ്പസ്വമീടെ കൂട്ടുകാരനാണെന്ന് വല്യച്ഛൻ പറഞ്ഞുതന്നു.

നേരം സന്ധ്യയായപ്പോഴാണ് പമ്പ എന്ന പൊഴേടെ അടുത്ത് എത്തിയിയത്. ബസ് അവിടെ നിറുത്തീട്ടു. ഇനി പോവില്ല. എന്തുമാത്രം ബസ്സുകളാണെന്നോ അവിടെ! എല്ലാരും ഇറങ്ങി. അയ്യപ്പസ്വമീടെ അമ്പലത്തിലേക്ക് ഇനി നടക്കാനുള്ള ദൂരമേയുള്ളുവത്രേ. വല്യൊരു പാലത്തുമ്മേക്കൂടെ നടന്ന് അക്കരെയെത്തി. എല്ലാരും പൊഴേല് കുളിക്കാനെറങ്ങി. എന്തൊരു ഒഴുക്കാണ് പൊഴേല്! ഇത്തിരിയൊന്ന്  ഇറങ്ങിയപ്പോഴേക്കും മറിഞ്ഞുവീഴാമ്പോയി. ഇനി ഇറങ്ങണ്ടാന്നും പറഞ്ഞ് അച്ഛൻ തന്നെ കുളിപ്പിച്ചു തന്നു. അച്ഛനും വല്യച്ഛനും മുങ്ങിക്കുളിക്കുന്നതുനോക്കിക്കൊണ്ട് ഞാൻ കരയിൽ നിന്ന് പുതിയ കറുത്ത പുള്ളിപ്പാവാടയും ജാക്കറ്റും ഇട്ടു.  കുളി കഴിഞ്ഞ്  ഇരുമുടിക്കെട്ടും തലയിൽ വച്ച് എല്ലാരും കൂടി നടക്കാൻ തുടങ്ങി. 

നടക്കാന്നു പറഞ്ഞാൽ ചില്ലറ കാര്യൊന്ന്വല്ലാട്ടോ. മുഴുവൻ കേറ്റമാണ്! അപ്പടി ഒരുതരം ഉരുളൻ കല്ലുകളും! ഞാനിതേവരെ കേറീട്ടുള്ള കേറ്റങ്ങളിൽ ഏറ്റവും വലുത് സ്കൂളിലേക്ക് പോകും വഴിയുള്ള മാനാഞ്ചേരിക്കുന്ന് കേറ്റമാ‍ണ്. അതൊക്കെ എത്ര എളുപ്പായിരുന്നൂന്നാ ഇപ്പോ തോന്നണേ. അതു മാത്രല്ല, ഇപ്പോ എത്തും, ഇപ്പോ എത്തുംന്ന് വിചാരിച്ചിട്ട് എത്തണൂല്യ. “അമ്പലം എത്താറായോ അച്ഛാ” എന്നു ചോദിച്ചപ്പോ അച്ഛൻ പറഞ്ഞത് “ദേ, ആ കാണുന്ന ലൈറ്റില്ലേ, അതാണ് അമ്പലം” ന്ന്. അവിടെയത്തിയപ്പോൾ പിന്നേം അച്ഛൻ പറയ്‌യാ, ഈ ലൈറ്റല്ല, ആ കാണുന്ന ലൈറ്റാണെന്ന്!. അച്ഛൻ പറ്റിക്ക്യാണെന്ന് പിന്നെപ്പിന്നെ മനസ്സിലായി. അതീപ്പിന്നെ ഒന്നും ചോദിക്കാനും പോയില്ല. ഇടയ്ക്കൊരു സ്ഥലത്തുനിന്ന് എല്ലാരും കട്ടൻ‌കാപ്പിയും ഓറഞ്ചും വാങ്ങിച്ചു.  ഹൗ! കാപ്പി കുടിക്കാനായി ഇത്തിരി നേരം  അവിടത്തെ ബഞ്ചിന്മേല് ഇരുന്നപ്പോഴുള്ള ഒരു സുഖേയ്! ഓറഞ്ചല്ലി നുണഞ്ഞോണ്ട് നടന്നപ്പോ ഒരു ഉഷാറ് തോന്നി.....

 അങ്ങനെ അവസാനം ഒരുപാട് വെളിച്ചവും ബഹളവുമൊക്കെയുള്ള ഒരു സ്ഥലത്തെത്തി. ഇതാണത്രേ സന്നിധാനം. “എന്നിട്ടെവിടെ അമ്പലം?” എന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത്, അമ്പലം നാളെയേ ശരിക്ക് കാണാൻ‌പറ്റൂന്നാണ്. ഇപ്പോ എല്ലാരും കിടക്കാൻ പോവാണ്. നാളെ നേരത്തേ എണീറ്റ് ഭസ്മക്കൊളത്തിൽ കുളിച്ച് അമ്പലത്തിൽ പോണം...
തുണികൊണ്ടുള്ള വലിയൊരു കൂടാരത്തിലാണ് എല്ലാരും കിടക്കുന്നത്. കിടക്കാൻ പായയുണ്ട്. കിടക്കുന്നതിനുമുമ്പ് എവിടന്നാന്നറിയില്ല, എല്ലാർക്കുമോരോ ഭക്ഷണപ്പൊതി കിട്ടി. നല്ല വാസന! തുറന്നപ്പോഴോ, കടും മഞ്ഞനിറത്തിലുള്ള ഒരുതരം ചോറ്! ആദ്യായിട്ടാണ് ഇങ്ങനെയൊരു ചോറ് കാണുന്നത്. എന്തൊരു സ്വാദാണ്! കഴിച്ചിട്ട് മതിയായില്ല.....പെട്ടെന്ന് ബിനൂനെ ഓർമ്മ വന്നു. അവനേം കൂടി കൊണ്ടരാരുന്നു.....പാവം....

രാവിലെ 4 മണിക്കെണീറ്റ് പല്ലുതേപ്പും കഴിഞ്ഞ് കുളിക്കാൻ പോയി. ഭസ്മം കലക്കീട്ടുള്ള വല്ല കൊളമായിരിക്കും ഭസ്മക്കൊളംന്നാ വിചാരിച്ചത്.  പക്ഷെ ഇത് നല്ല തെളിഞ്ഞ വെള്ളമുള്ള ഒരു കുഞ്ഞിക്കൊളമാണ്. കരോട്ടെ അമ്പലക്കുളം  ഇതിലും വല്യതാണ്. വെള്ളത്തിനെന്തൊരു തണുപ്പാന്നറിയോ! ഹൗ! ഇറങ്ങിയതും ഞെട്ടിപ്പോയി!

കുളി കഴിഞ്ഞ് നേരെ അമ്പലത്തിലേക്ക് പോയി. എന്തൊരു തിരക്കും ബഹളവുമാണ് പതിനെട്ടമ്പടിയുടെ മുമ്പിൽ. അച്ഛൻ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുള്ളത് നന്നായി. എങ്ങാനും കൂട്ടം തെറ്റിയാൽ കഥ കഴിഞ്ഞതുതന്നെ!

പടി കയറുന്നിടത്തേക്ക് തിരക്കിലൂടെ നടക്കുമ്പോൾ മോളിലേക്ക് ചൂണ്ടി  അച്ഛനോട് ചോദിച്ചു:
“ആ കാണണതാ അമ്പലം?”.
“അതേ”
“ഇദൊരു ചെറിയ അമ്പലാണല്ലൊ....”
“അങ്ങനെയൊന്നും പറയാൻ പാടില്ല. വേണ്ടാത്തതു  പറയാതെ ഉറക്കെ ശരണം വിളിച്ചോളൂ” വല്യച്ഛൻ പറഞ്ഞു.

അച്ഛന്റെ മുഖത്തും ദേഷ്യഭാവം. അങ്ങനെ പറയണ്ടായിരുന്നു...സ്വാമിക്ക് ഇഷ്ടായിട്ടുണ്ടാവില്ല. ആകെ കുഴപ്പായി... എനിക്കെപ്പഴും ഇങ്ങനെയാണ്. ഒട്ടും ആലോചിക്കാതെ ഓരോന്ന് എഴുന്നള്ളിക്കും. വേണ്ടായിരുന്നൂണ് പിന്നെ തോന്നീട്ടെന്താ കാര്യം? അനിച്ചേട്ടൻ “ബോധോല്ലാത്ത സാനം”ന്ന് വിളിക്കണത് വെറുതെയല്ല....

പതിനെട്ടാമ്പടി കേറാൻ തൊടങ്ങുമ്പോൾ പേടിച്ചിട്ട് മേലാകെ വിറയ്ക്കാൻ തുടങ്ങി. കേറണേന് മുമ്പ് പടീല് തേങ്ങ ഒടയ്ക്കണം. എല്ലാരും ഒടച്ചത് കൃത്യായിട്ടും രണ്ടായി ഒടഞ്ഞു. എന്റെ തേങ്ങ മാത്രം ഒട്ടും ഒടയാതെ താഴേക്ക് ഉരുണ്ടുപോയി!  ദേ, പിന്നേം അടുത്ത കൊഴപ്പം! ഒറക്കെ ശരണം വിളിക്ക്യന്നേ രക്ഷേള്ളു. സ്വാമിക്ക് ദയവ് തോന്ന്യാലായി.  പിന്നെ ഒന്നും നോക്കീല്ല. എല്ലാരോടുമൊപ്പം ഉറക്കെ ശരണം വിളിച്ചോണ്ട് പടി കേറാൻ തൊടങ്ങി.. എന്തൊരു വഴുക്കലാണ് പടിയിലൊക്കെ. അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചു. അയ്യപ്പസ്വാമി ഇപ്പോ തള്ളിയിടും, ഇപ്പോ തള്ളിയിടുംന്ന് ഓരോ പടി കേറുമ്പോഴും പേടിച്ചു. ഭാഗ്യംന്നല്ലേ പറയേണ്ടൂ, ഒരു കൊഴപ്പോല്ലാതെ മുകളിലെത്തി. ഹാവൂ, രക്ഷപ്പെട്ടു! സ്വാമിക്കെന്നോട് ദേഷ്യോന്നൂല്ലെന്ന് ഒറപ്പായി!  അനുഗ്രഹം കിട്ട്വോന്ന് കണ്ടറിയണം!

അമ്പലത്തിന്റെ നടയ്ക്കലെത്തിയപ്പോൾ അച്ഛനെന്നെ എടുത്തു പൊക്കി. അതോണ്ടും കാര്യോന്നുണ്ടായില്ല. ഒന്നും കാണാൻ പറ്റീല്ല...ആകെയൊരു പൊക പോലെ...അയ്യപ്പസ്വാമിയെ നേരിൽ കാണാൻ എങ്ങിനെയുണ്ടാവോ..കലണ്ടറിൽ കാണുന്നപോലെ ആയിരുന്നോ ആവോ... 

“ശരിക്ക് തൊഴുത് പ്രാർത്ഥിച്ചില്ലേ?” വല്യച്ഛൻ ചോദിച്ചു.
ഉവ്വെന്നു മറുപടി പറഞ്ഞു. വെറുതെയിനി അതു പ്രശ്നമാക്കണ്ട..

തിരക്കിലൂടെ ഞെരുങ്ങി പുറത്തേക്ക് പോരുമ്പോൾ വല്യച്ഛന്റെ കാലിലെന്തോ തടഞ്ഞു. എടുത്തു നോക്കുമ്പോൾ ഒരു പേഴ്സ്!  ഒരു ഭാഗത്തേക്ക് മാറിനിന്ന് വല്യച്ഛനത് തുറന്നുനോക്കിയപ്പോൾ അതില് നെറച്ചും കാശും കൊറേ കടലാസുകളും! ഇത്രേം കാശ് ഞാൻ ആദ്യായിട്ടാ കാണണേ! (രാമമ്മാവന്റെ പേഴ്സിലു പോലും ഇത്രെം കാശുണ്ടാവില്ല!). അച്ഛനും വല്യച്ഛനും കൂടി എന്തോ കുശുകുത്തു. എന്നിട്ട് മൈക്കൊക്കെയായി കൊറേ ആൾക്കാർ ഇരിക്കുന്ന ഒരു പന്തലിൽ ചെന്ന് എന്തോ പറഞ്ഞു. കുറേ നേരം കഴിഞ്ഞപ്പോൾ പേഴ്സിന്റെ ആള് ദാ മുന്നില്! അയാള് പേഴ്സ് തിരിച്ചുകിട്ടിയ സന്തോഷത്തിൽ വല്യച്ഛന്റേം അച്ഛന്റേം കൈയ്യുമ്മേ പിടിച്ച് എന്തൊക്കെയോ പറയുകയും പിന്നെ കരയുകയുമൊക്കെ ചെയ്തു. പിന്നെ എനിക്ക് കുറച്ച് കാശ് നീട്ടി. അച്ഛനത് മേടിക്കാൻ സമ്മതിച്ചില്ല....

“മനസ്സ് നിറഞ്ഞു. നമുക്കൊന്നുകൂടി പോയി തൊഴുതിട്ടുവരാം” വല്യച്ഛൻ പറഞ്ഞു.

അങ്ങനെ പിന്നേം ഞങ്ങൾ അമ്പലത്തിലേക്ക് പോയി. തിരിച്ചു പോരുന്ന വഴി ഞാൻ ചുറ്റുമൊന്ന് നോക്കി...ഇത്ര ഗംഭീര അമ്പലാന്നൊക്കെ പറഞ്ഞിട്ട് ഒരു പെട്ടിക്കടക്കാരൻ പോലുമില്ല! അച്ഛനോട് പറഞ്ഞ് രണ്ടു സെറ്റ് സ്പ്രിങ് വള മേടിക്കണമെന്ന് വിചാരിച്ചതായിരുന്നു. ശ്ശോ, കഷ്ടായി....സത്യം പറയാലോ, ശബരിമലാന്നൊക്കെ പറഞ്ഞാൽ ഞാനിങ്ങനെയൊന്ന്വല്ല വിചാരിച്ചത്.....ഭാഗ്യത്തിന് ഒരു മോതിരക്കാരനെ കണ്ടു. അയ്യപ്പസ്വമീടെ രൂപമുള്ള ഒരു മോതിരം എനിക്കും ഒരെണ്ണം ബിനൂനും വാങ്ങി.

വേറൊരു രസോള്ളത് ഒരാള് മൈക്കിക്കൂടെ സദാ സമയോം ഇത്ര വല്യ വെടി; ഇത്ര ചെറിയ വെടി എന്നിങ്ങനെ വിളിച്ചുപറയുന്നതാണ്. വായ കഴയ്ക്കില്ലേ ആവോ...രണ്ടു വല്യ വെടീന്ന് പറഞ്ഞാൽ രണ്ടു പ്രാവശ്യം വല്യ വെടി പൊട്ടും. ചെറിയ വെടീന്ന് പറഞ്ഞാലുടനെ ചെറിയ വെടി പൊട്ടും. നല്ല രസം തന്നെ. എന്തിനാ അങ്ങനെ പറയണേന്ന് ചോദിച്ചപ്പോ അച്ഛൻ പറഞ്ഞത് അത് ഓരോരുത്തരുടേയും വെടിവഴിപാടിന്റെ എണ്ണമാണെന്നാണ്.

“അപ്പോ നമ്മള് വെടിവഴിപാട് കഴിക്കണില്ലേ?”
“ഉം.. നമ്മളും ശീട്ടാക്കീട്ട്ണ്ട്” അച്ഛൻ പറഞ്ഞു.

ആ പൊട്ടണതില് ഏതാണാവോ ഞങ്ങടെ....


മാളികപ്പുറംന്ന് പേരുള്ള ഒരു കുഞ്ഞി അമ്പലം വേറേണ്ട്. മഞ്ഞപ്പൊടീടെ അഞ്ചുകളിയാണവിടെ! ആകെ മഞ്ഞനെറം!  അവടത്തെ പ്രദക്ഷിണത്തിനൂണ്ടൊരു രസം. തേങ്ങയുരുട്ടിക്കൊണ്ടാ അവിടെ പ്രദക്ഷിണം വയ്ക്കുക!

അരവണയും അപ്പവുമൊക്കെ വാങ്ങണേന്റെടേല് അച്ഛൻ പുതിയൊരു കീർത്തനപുസ്തകം വാങ്ങിത്തന്നു. അതിലെ ആദ്യത്തെ പേജിലെ വരികൾ വായിച്ചുനോക്കി:

“ഒരേയൊരു ലക്ഷ്യം ശബരിമാമല
ഒരേയൊരു മോഹം ദിവ്യദർശനം
ഒരേയൊരു  മാർഗ്ഗം പതിനെട്ടാം പടി
ഒരേയൊരു മന്ത്രം ശരണമയ്യപ്പാ”

വായിക്കാൻ നല്ല രസോണ്ട്. ഇനി മുതൽ സന്ധ്യയ്ക്ക് നാമം ചൊല്ലുമ്പോൾ ഇതു ചൊല്ലാം. “നരനായിങ്ങനെ”യും, “കരിമുകിൽ വർണ്ണന്റെ”യും “ അഞ്ജനശ്രീധര”യുമൊക്കെ ചൊല്ലി മടുത്തു!

തിരിച്ചെറങ്ങുമ്പോളാ കണ്ടത്, വഴിനീളെ നല്ല ഭംഗീള്ള വെള്ളാരങ്കല്ലുകള്! നല്ലതു നോക്കി കുറച്ചു പെറുക്കിയെടുത്ത് സഞ്ചീലിട്ടു. ആശാത്തീടോടെ പോവുമ്പോ കല്ലുകളിക്കാനെടുക്കാം. ഇത്രേം ഭംഗീള്ള കല്ല് ആശാത്തി പോലും കണ്ടിട്ടുണ്ടാവില്ല...ശബരിമലേന്ന് കൊണ്ടന്നതാന്ന് ഗമ പറയാല്ലോ...!!!!


സമർപ്പണം: നാളെ കന്നിയാത്രയ്ക്കൊരുങ്ങുന്ന മറ്റൊരു കൊച്ചുമാളികപ്പുറത്തിനും അവളുടെ അച്ഛനും....

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP