Thursday, April 10, 2008

വിഷുവിചാരം

വീണ്ടും ഇതാ ഒരു വിഷു കൂടി വരുന്നു.പതിവ് മുന്നൊരുക്കങ്ങളും ചടങ്ങുകളുമായി ആഘോഷം പൊടിപൊടിയ്ക്കും. തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും വന്നിറങ്ങിയ അരിയും പച്ചക്കറികളും നിരന്നിരുന്ന് നമ്മെ നോക്കി പരിഹസിച്ച് ചിരിക്കും. പൊള്ളുന്ന വിലയെ ശപിച്ചുകൊണ്ട് അതെല്ലാം വാങ്ങിക്കൂട്ടി രാത്രി ഭംഗിയേറിയ കണി ഒരുക്കിവയ്ക്കും. അതിരാവിലെ കുടുംബാംഗങ്ങള്‍ ഒന്നൊഴിയാതെ വിഷുക്കണി കണ്ട്, സ്വന്തം കുടുംബത്തിന്റെ ഒരു വര്‍ഷത്തെ സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും ഉറപ്പാക്കി സംതൃപ്തരാവും.പടക്കങ്ങളും കമ്പിത്തിരികളും കുറേയേറെ എരിഞ്ഞുതീരും. ക്ഷേത്രങ്ങളില്‍ സ്പെഷ്യല്‍ വഴിപാടുകളുടെ തിക്കും തിരക്കുമായിരിക്കും. വിഷുവിനായി ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും പുതിയ ആല്‍ബത്തിലെ ഗാനങ്ങള്‍ വീട്ടിലാകെ അലയടിയ്ക്കും. പിന്നെ മറ്റൊരു അനുഷ്ഠാനം പോലെ ടി.വി ഓണ്‍ ചെയ്യും. നമ്മുടെ ഈ ദിനം ഏറ്റവും മികവുറ്റതാക്കാന്‍ പരസ്പരം മത്സരിക്കുന്ന ചാനലുകളില്‍ അഭിരമിക്കും.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ കഴിച്ച് വിഷു ഗംഭീരമായെന്ന് ഏമ്പക്കമിടും.പിന്നെ ബാക്കിയുള്ള സമയം ഏതെങ്കിലും സിനിമാതിയേറ്ററില്‍ സൂപ്പര്‍‍സ്റ്റാറുകളുടെ പുതിയ അട്ടഹാസങ്ങളിലേയ്ക്ക്..അതോ, പൂരനഗരിയിലെ സാമ്പിള്‍ വെടിക്കെട്ടിലേയ്ക്കോ?

കര്‍ഷകരുടെ വിളവെടുപ്പുകാലത്തെ അഹ്ലാദത്തിന്റെ പ്രതീകമായ വിഷുവിന് പക്ഷെ, അവര്‍‍ ഇത്തവണയും കണ്ണീരു കൊണ്ട് പത്തായം നിറയ്ക്കും!ഗതികെട്ട് ജീവനൊടുക്കും. ഒന്നും കണ്ടില്ലെന്ന് നടിച്ച് പതിവുപോലെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാധ്യമങ്ങളും കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വിഷു ആശംസകള്‍ നേരും. അല്ലെങ്കിലും ഇക്കാര്യത്തില്‍ നമ്മളെന്തു വേണം? സര്‍ക്കാരെന്തു വേണം? കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായെങ്കില്‍ അത് അവരുടെ കര്‍മ്മഫലം! എത്ര അനുഭവിച്ചാലും പഠിക്കില്ലെന്നു വച്ചാല്‍? നമ്മളാരെങ്കിലും പറഞ്ഞിട്ടാണോ അവര്‍‍ കൃഷിയിറക്കിയത്? കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തുണ്ടാക്കുന്ന അരിയും പച്ചക്കറികളും മാത്രമേ തൊണ്ടയില്‍ നിന്നിറങ്ങൂ എന്ന് നമ്മള്‍ വാശി പിടിച്ചോ? ഇല്ലല്ലോ. പിന്നെന്തിനാണ് ഈ പ്രയത്നം? തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന പാര്‍ട്ടിയോ, ഗാന്ധിജിയുടെ പിന്‍ഗാമികളായി സ്വയം ചമഞ്ഞിരിക്കുന്ന പാര്‍ട്ടിയോ പിന്താങ്ങുമെന്ന് വിചാരിച്ചോ? അവര്‍ക്ക് ഇതിലും എത്രയോ വലിയ വലിയ പ്രശ്നങ്ങള്‍ കൈകാ‍ര്യം ചെയ്യാനുണ്ട്..

സ്മാര്‍ട്ട് സിറ്റിയും ബഹുനില മണിമേടകളുമായി കേരളം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന വിവരം കര്‍ഷകരേ, നിങ്ങള്‍ അറിഞ്ഞില്ലെന്നുണ്ടോ? അതുകൊണ്ട് ഒന്നുകില്‍ നിങ്ങള്‍ കണ്ണീരില്‍ മുങ്ങിച്ചാവുക, അല്ലെങ്കില്‍ ഇനിയെങ്കിലും പിന്തിരിപ്പന്‍ ജീവിത സമ്പ്രദായങ്ങളോട് വിട പറയുക.ഞങ്ങള്‍ക്ക് അരിയും പച്ചക്കറിയും തരാന്‍ തമിഴ്നാടുണ്ട്.അതിന് വേണ്ടി നിങ്ങള്‍ ബുദ്ധിമുട്ടേണ്ടതില്ല. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ വിശാലമനസ്ഥിതി കൊണ്ട് എത്ര പെട്ടെന്നാണ് കേരളത്തിന്റെ കുഗ്രാമങ്ങളില്‍ പോലും സ്ഥലത്തിന്റെ വില പൊന്നിനേക്കാ‍ളും പതിന്മടങ്ങ് ഉയര്‍ന്നത് ! അതുകൊണ്ട് എത്രയും വേഗം നിങ്ങളുടെ കൃഷിയിടങ്ങള്‍ വിറ്റ് ലാഭം കൊയ്യുക.പട്ടണത്തിലെ ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ സ്വന്തമായൊരു ഇടം വാങ്ങി ആ‍ധുനികരാവുക. കേരളത്തിന്റെ പുരോഗതിയുടെ പാതയില്‍ നിങ്ങളും നിങ്ങളുടെ കൃഷിയിടങ്ങളും ഒരു ദുശ്ശകുനമായി നില്‍ക്കാതിരിക്കുക. വേഗമാവട്ടെ, സര്‍ക്കാര്‍ കാത്തിരിക്കുകയാണ്,എല്ലാം തീര്‍ന്നിട്ടു വേണം മന്ത്രിസഭയ്ക്ക് വയല്‍ സംരക്ഷണനിയമം പാസ്സാക്കുവാന്‍!!.

7 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

വീണ്ടും ഇതാ ഒരു വിഷു കൂടി വരുന്നു.പതിവ് മുന്നൊരുക്കങ്ങളും ചടങ്ങുകളുമായി ആഘോഷം പൊടിപൊടിയ്ക്കും.

നിലാവര്‍ നിസ said...

ഉചിതമായ ചിന്ത..
അറിയാതെ കണ്ണുകള്‍ നീളുന്നത് കണിയിലേക്കല്ല
നമ്മുടെ ഗതികേടിലേക്കു തന്നെയാണ്..

Manoj | മനോജ്‌ said...

സ്വയം കൃഷി ചെയ്യാമെന്നു വച്ച് നമ്മുടെ പറമ്പില്‍ ഉപയോഗിക്കാന്‍ യന്ത്രങ്ങള്‍ വാങ്ങി ഉപയോഗിക്കൂ... രായ്ക്കു രാമാനം ചെങ്കൊടി പാറും ... ഇല്ലാ... ശരിയാവില്ലാ...

വിപ്ലവം ജയിക്കട്ടേ! മനുഷ്യന്‍ മരിക്കട്ടേ!

Vishwajith / വിശ്വജിത്ത് said...

ഇതിന് എന്തെങ്ങിലും പോം വഴി തോന്നുന്നുണ്ടോ? ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ എന്തെങ്ങിലും ഒരു വഴി.....അല്ല ഇതും ഒരു കോസ്മിക് ലോ ആണോ?? സംസ്കാരങ്ങള്‍ ചിന്നി ചിതരുന്നത്....ഹാരപ്പനും മായന്‍ സംസ്കാരവുമൊക്കെ ചിതറിയത് പോലെ???

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എല്ലാ വാക്കുകളിലും രോഷവും സങ്കടവും നിറഞ്ഞു നില്‍ക്കുന്നല്ലോ..കൂടെ വിഷമിക്കാം എന്നല്ലാതെ ഒന്നും പറയാന്‍ വയ്യ.കേഴുന്നൂ കേരളമേ നിന്നോടൊപ്പം ഞങ്ങളും......

നിരക്ഷരൻ said...

പുത്തന്‍‌വേലിക്കരക്കാരി അയല്‍‌വാസീ.
വളരെ വൈകിയാണെങ്കിലും വിഷു ആശംസകള്‍.
:) :)

Balettan said...

nannayi ketto

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP