Friday, August 15, 2008

ഓര്‍മ്മകളിലെ ഓണം

ഓണക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം നിറയുന്നത് ഇരുണ്ട കര്‍ക്കിടകത്തിനു ശേഷം വരുന്ന തെളിമയേറിയ, ചെടികളായ ചെടികളെല്ലാം പുഷ്പിക്കുന്ന ചിങ്ങ മാസവും, മുറ്റത്ത് തീര്‍ക്കുന്ന പൂക്കളത്തെ അലങ്കോലപ്പെടുത്താ‍നായി മാത്രം വരുന്ന കള്ളമഴയുമാണ്. ഉപ്പുമാങ്ങയിലും അരച്ചുകലക്കിയിലും ചെത്തുമാങ്ങയിലും മാത്രം ഒതുങ്ങിപ്പോവുന്ന, തോരാമഴയില്‍ വൈദ്യുതിവെട്ടം അപൂര്‍വ്വതയാവുമ്പോള്‍ , അരിക്കിലാമ്പിന്റെ മങ്ങിയ വെളിച്ചം മാത്രം അശ്രയമുള്ള പഞ്ഞക്കര്‍ക്കിടകത്തിനുശേഷം വരുന്ന,ഭക്ഷണ സമൃദ്ധിയുടെ ഓണക്കാലം മനസ്സിനും ശരീരത്തിനും വല്ലാത്ത ഊര്‍ജ്ജം പകര്‍ന്നിരുന്നു.

ഓണക്കാലത്തിന്റെ വരവറിയിക്കുന്നത് പായ,കുട്ട,മുറം,പൂവട്ടി,മുതലായവ വില്‍ക്കുന്നവരാണ്. ഇവര്‍ക്ക് സാധനങ്ങളുടെ വിലയായി കാശിനു പകരം അരി,ശര്‍ക്കര,നാളികേരം,അവില്‍,പഴം ഒക്കെയായിരുന്നു കൊടുത്തിരുന്നത്.

അത്തം മുതല്‍ പൂക്കളത്തിനാ‍യി മുറ്റം ഒരുങ്ങും.അടിച്ചു വൃത്തിയാക്കിയ മുറ്റത്ത് , തുളസിത്തറയുടെ അടുത്തായി ചാണകം കൊണ്ട് കളം മെഴുകും. വലിയവര്‍ ആരെങ്കിലുമാണ് അത് ചെയ്യുക. ചതുരത്തില്‍ വലിയൊരു കളവും, അതിന്റെ വലതുഭാഗത്തായി വട്ടത്തില്‍ ചെറിയൊരു കളവുമാണ് മെഴുകാറ്. മെഴുകിയ ഉടനെ രണ്ടു കളത്തിലും നടുക്കായി ഓരോ തുളസിപ്പൂവ് വയ്ക്കും. അതിനുശേഷമേ മറ്റു പൂക്കള്‍ വയ്ക്കൂ. “അത്തത്തിന് മത്തപ്പൂ ” എന്നാണ് പറയുക. അതുകൊണ്ട് നിര്‍ബ്ബന്ധമായും മത്തപ്പൂ സംഘടിപ്പിച്ചിരിയ്ക്കും. ഇതെല്ലാം ഞങ്ങള്‍ കുട്ടികള്‍ തലേദിവസം തന്നെ തേടിപ്പിടിക്കും. ഏതൊക്കെ പൂക്കള്‍ ഉണ്ടായാലും തുമ്പപ്പൂവും മുക്കൂറ്റിപ്പൂവും ഇല്ലാതെ അമ്മാവന്‍ സമ്മതിക്കില്ല. തുമ്പപ്പൂ തലേദിവസം പറിച്ചുവയ്ക്കും. തുമ്പപ്പൂ ഇടാന്‍ ചെറിയ പൂവട്ടികൾ ഉണ്ടായിരുന്നു. വലിയ പൂക്കള്‍ ചേമ്പിലയിലായിരുന്നു ഇട്ടിരുന്നത്. എല്ലാം വീട്ടുപറമ്പിലും അമ്പലപ്പറമ്പിലും‍ സമൃദ്ധമായി ഉണ്ടായിരുന്നതുകൊണ്ട് മറ്റെവിടെയും പോകേണ്ടിവന്നിട്ടില്ല.

പൂക്കളത്തില്‍ അത്ര ഗംഭീര ഡിസൈനുകളൊന്നും പരീക്ഷിക്കണമെന്ന് തോന്നിയിട്ടില്ല. തുമ്പ, മുക്കൂറ്റി കോളാമ്പി,ചെത്തി,ചെമ്പരത്തി തുടങ്ങി കിട്ടുന്ന പൂക്കളെല്ലാം ഭംഗിയായി വട്ടത്തില്‍ ക്രമീകരിക്കും. അകെക്കൂടി ഒരാനച്ചന്തം! അത്രേയുള്ളൂ. ചതുരത്തിലുള്ള കളത്തില്‍ അവസാനത്തെ വട്ടം പൂര്‍ത്തിയായാല്‍ മൂലകള്‍ കാവടിപ്പൂ (കൃഷ്ണകിരീടം) ഉതിര്‍ത്തിയതും ബാക്കി വന്ന എല്ലാ‍ പൂക്കളും കൂടി കൂട്ടിക്കലര്‍ത്തി നിറയ്ക്കും!! ഉത്രാടത്തിനാണ് കുറച്ചു വ്യത്യസ്തത പരീക്ഷിക്കുന്നത്. അമ്മ പറഞ്ഞുതരുന്ന താമരയുടെ ഡിസൈന്‍! രണ്ടു കമ്പുകള്‍ തമ്മില്‍ ചരട് കൊണ്ട് കെട്ടി ഒരു കോമ്പസ്സ് കൊണ്ടെന്ന പോലെ അര്‍ദ്ധവൃത്തങ്ങള്‍ വരച്ചാണ് താമര ഉണ്ടാക്കിയിരുന്നത്.

തൃക്കേട്ട നാളില്‍ വലിയ കളത്തിന്റെ നാലു വശങ്ങളിലും ഓരോ ചെറിയ കളങ്ങള്‍ ഉണ്ടാകും. മൂലം നാള്‍ നാലു മൂലകളിലും. പൂരാടവും ഉത്രാടവും ആകുമ്പോഴേയ്ക്കും വലിയ കളത്തിന്റെ ചുറ്റിലും കൂടാതെ പടി വരെ ചെറിയ കളങ്ങള്‍ വരിയായി മെഴുകിയിടും. അതിലെല്ലാം കുറേശ്ശെ പൂക്കളും.മാവേലിക്ക് നടന്നു വരാനുള്ള വഴിയാണെന്നാണ് അമ്മമ്മ പറയാറ്.

ഇതിനോടകം കളിമണ്ണ് കുഴച്ചുണ്ടാക്കുന്ന തൃക്കാക്കരപ്പന്മാര്‍ തയ്യാറായിട്ടുണ്ടാകും. പറമ്പിന്റെ കിഴക്കു ഭാഗത്ത് സര്‍പ്പകാവിന്റെ അപ്പുറത്തായി കളിമണ്ണുണ്ട്. മണ്ണ് പാളയിലാക്കി കൊണ്ടുവരാന്‍ ഞങ്ങളും ഉത്സാഹിക്കും. പിന്നീട് വെള്ളത്തില്‍ കുഴച്ച് നീളന്‍ ഉരുളകളാക്കി വെയിലത്ത് വയ്ക്കും. ഭാവനയനുസരിച്ചുള്ള ഓരോ കലാരൂപങ്ങള്‍ ഞങ്ങള്‍ കുട്ടികളും ഉണ്ടാക്കും. അമ്മി,ആട്ടുക്കല്ല്,ഉരല്‍,മുത്തിയമ്മ മുതലായവ. വെയിലത്ത് വച്ച ഉരുളകള്‍ വെള്ളം ഒന്നു വലിഞ്ഞിട്ടാണ് ഷേപ്പ് ചെയ്യുന്നത്. ഒന്നൊന്നായി എടുത്ത് നടക്കല്ലിലോ മറ്റോ ശക്തിയായി തല്ലിയാണ് തൃക്കാക്കരപ്പന്റെ ഷേപ്പിലേക്ക് മാറ്റുന്നത്. ഷേപ്പ് ചെയ്ത് മുകളില്‍ ഒരു ഈര്‍ക്കിലി കുത്തിവച്ച് (പൂവ് കുത്തിനിറുത്താനുള്ള കുഴിയ്ക്ക് വേണ്ടി) നന്നായി ഉണക്കി എടുക്കും. മണ്ണിലുണ്ടാക്കിയത് കൂടാതെ മരത്തിലുണ്ടാക്കിയ, കുറച്ച് വലുപ്പം കൂടിയ തൃക്കാക്കരപ്പന്മാര്‍ തട്ടിന്‍പുറത്ത് സ്റ്റോക്കുണ്ടാ‍കും. അവയെ പുറത്തെടുക്കുന്നത് ഉത്രാടത്തിന് വൈകുന്നേരമാണ്. കഴുകി വൃത്തിയാക്കി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം തേച്ച് പിടിപ്പിച്ച് ചുവപ്പിക്കും.


ഉത്രാടത്തിന് ഊണ് കഴിഞ്ഞാല്‍ പിന്നെ വിശ്രമമില്ലാത്ത പണികളാണ്. ഓണം കൂടാന്‍ തറവാട്ടിലെത്തിച്ചേരുന്ന സ്വന്തക്കാരും അവരുടെ കുട്ടികളുമൊക്കെയായി നല്ല ജനത്തിരക്കുണ്ടാവും. അമ്മയ്ക്കും മറ്റും അടുക്കളയില്‍ നിന്ന് പുറത്തുകടക്കാന്‍ നേരമുണ്ടാവില്ല. ഞങ്ങള്‍ കുട്ടികളെല്ലാവരും കൂടി തുമ്പച്ചെടി പറയ്ക്കാന്‍ പറമ്പിലേക്കിറങ്ങുകയായി. തുമ്പച്ചെടികള്‍ കടയോടെ പിഴുതുകൊണ്ടുവന്ന് മുറ്റത്ത് കൂമ്പാരമായി കൂട്ടിയിടും. പിന്നെ കടഭാഗം വെട്ടിക്കളഞ്ഞ് ചെറുതായി അരിഞ്ഞിടും. തുമ്പക്കുടം എന്നാ‍ണ് ഇതിന് പറയുന്നത്. അമ്മാവനും സഹായിക്കും. മേലാകെ പൊടിയും മണ്ണും ചൊറിച്ചിലും ഒക്കെ ആവുമെങ്കിലും ഞങ്ങള്‍ വളരെ ഉത്സാഹത്തോടെ ചെയ്യാറുള്ള ജോലിയാണ് ഇത്.

ഉത്രാടരാത്രി കഷ്ണം നുറുക്കലും മറ്റുമായി അകെ ബഹളമയം. അടയുണ്ടാക്കല്‍ വലിയൊരു സംഭവം തന്നെയായിരുന്നു. തലേദിവസം തന്നെ എല്ലാം തയ്യാറാക്കും. അടുക്കളത്തളത്തില്‍ ഒരുപാട് വാട്ടിയ ഇലച്ചീന്തുകള്‍ നിരത്തിയിടും. അതിലോരോന്നിന്റെ നടുക്ക് അരിപ്പൊടി കലക്കിയത് ഒഴിച്ചാല്‍ പിന്നെ പരത്തുന്നത് കുട്ടികളെല്ലാവരും ചേര്‍ന്നാണ്. എല്ല്ലാവരും വട്ടമിട്ടിരുന്ന് തമാശകളും ചിരിയുമായി നന്നായി അസ്വദിച്ചാണ് ചെയ്തിരുന്നത്. അപ്പോഴേയ്ക്കും അടയുടെ കൂട്ട് ഉരുളിയില്‍ റെഡി. കൂട്ട് വച്ച് മടക്കി വലിയ ചെമ്പില്‍ ഇടയ്ക്കിടെ വാഴയിലത്തണ്ട്(വാഴയണ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്) കീ‍റിയതും അടകളും മാറിമാറി അടുക്കി വയ്ക്കും. അവസാനം വലിയ ചേമ്പിലകള്‍ കൊണ്ട് ചെമ്പ് മൂടി, അതിന് മീതെ വലിയൊരു ഉരുളിയും കമഴ്ത്തിവയ്ക്കും. കിടക്കാ‍ന്‍ നേരത്ത് തീ കത്തിച്ച് അടുപ്പത്ത് വയ്ക്കും. ചൂടായാല്‍ ഈ ചേമ്പിലകള്‍ വാടി ചെമ്പില്‍ ഒട്ടിച്ചേര്‍ന്ന് “എയര്‍ ടൈറ്റ് ”ആക്കുന്നു. കനല്‍പ്പുറത്തിരുന്ന് സാവധാനത്തില്‍ വെന്ത് പിറ്റേദിവസം രാവിലെ അട തയ്യാർ!

രാത്രി തന്നെ മാവേലിയെ വരവേല്‍ക്കാന്‍ മുറ്റം അണിഞ്ഞൊരുങ്ങും. മുറ്റം വൃത്തിയാക്കി കളങ്ങള്‍ മെഴുകി ,അരിമാവ് കൊണ്ട് അണിഞ്ഞ്, ആദ്യം തുളസിപ്പൂവ് വയ്ക്കും. വലിയ കളത്തില്‍ ആവണിപ്പലകയില്‍ തൂശനില വച്ച് അരിമാവ് കൊണ്ടണിഞ്ഞ മരത്തിന്റെ തൃക്കാക്കരപ്പന്മാരെ നടുക്കും മണ്ണിന്റേത് ചുറ്റിലും കുട്ടികളുടെ കലാരൂപങ്ങള്‍ ഇടയിലുമായി ക്രമീകരിച്ചതിനുശേഷം തുമ്പക്കുടം കൊണ്ട് മൂടും. മുകള്‍ഭാഗം മാത്രം പുറത്ത് കാണും. മുകളില്‍ ഏതെങ്കിലും ഭംഗിയുള്ള വലിയ പൂങ്കുല കുത്തി നിറുത്തും. ചുറ്റിലുമുള്ള ചെറിയ കളങ്ങളിലും ഇതുപോലെ ഒന്നോ രണ്ടോ തൃക്കാക്കരപ്പന്മാരെ വച്ച് തുമ്പക്കുടം കൊണ്ട് മൂടും. പിന്നെ ബാക്കിയുള്ള തുമ്പക്കുടം കുട്ടയിലാക്കി നീങ്ങുകയായി. പടി വരെ ഒറ്റവരിയില്‍ തുമ്പക്കുടം വിരിയ്ക്കും. പിന്നെ പടിക്കലുള്ള കളത്തിലും തൃക്കാക്കരപ്പന്‍ വച്ച് തുമ്പക്കുടം ഇടും (തിരുവോണത്തിന് പൂവിടുന്ന പതിവില്ലെന്നര്‍ത്ഥം). അമ്മമ്മയോ കൊച്ചമ്മമ്മയോ അണ് ഇതിന് നേതൃത്വം നല്‍കുന്നത്.

തിരുവോണത്തിന് രാവിലെ തന്നെ ഏല്ലാവരുടേയും വക ഓണപ്പട(ഓണക്കോടി) കിട്ടും.(കുറച്ചു വലുതായി തുടങ്ങിയപ്പോള്‍ ആ പരിപാടി കുറേശ്ശെയായി എല്ല്ലാവരും നിറുത്തി. മുതലാവില്ലെന്നു കരുതിയിട്ടാവും).ഓണപ്പടയുടെ കാര്യം പറയുമ്പോൾ, എന്റെ അമ്മയുടെ മൂന്നാമത്തെ ചേട്ടനായ, പാ‍പ്പ എന്ന വിളിപ്പേരുള്ള പാപ്പമ്മാവനെപ്പറ്റി പറയാതിരിക്കുന്നത് കടുത്ത നന്ദികേടാവും. വല്ലപ്പോഴും മാത്രം ലീവില്‍ വരുന്ന അച്ഛന്‍ ഓണത്തിന് കൂടെയില്ലാത്തതിന്റെ കുറവ് നികത്തിയിരുന്നത് പാപ്പമ്മാവനായിരുന്നു. തുണിക്കടയിലേക്ക് സ്വന്തം മക്കളുടെ കൂടെ ഞങ്ങളെ രണ്ടുപേരേയും കൂട്ടുമായിരുന്നു. റെഡിമെയ്ഡൊന്നും അല്ലാത്തതുകൊണ്ട് തയ്പിക്കാനുള്ള സമയം കൂടി കണക്കാക്കി നേരത്തേ തുണിക്കടയില്‍ പോവും. ഇഷ്ടമുള്ളത് എടുക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഹോ, അന്നത്തെയൊരു സന്തോഷം..!!

ഓണത്തിന്റെ അന്ന് രാവിലെ ഏതാണ്ട് അഞ്ചു മണിയോടെയാ‍ണ് “ഓണം കൊള്ളൽ‍”. കളത്തിനടുത്ത് ഒരു ഓലക്കുട വച്ചിരിക്കും(ഓലക്കുട കേടായിപ്പോയതിനുശേഷം സാധാരണ കുട തന്നെയാണ് വയ്ക്കാറ്). ഉമ്മറപ്പടിയിലും നടക്കല്ലുകളിലും ഇറയത്തുമെല്ലാം അരിമാവുകൊണ്ട് അണിഞ്ഞിരിയ്ക്കും. അടച്ചെമ്പില്‍ തയ്യാറായി ഇരിക്കുന്ന അടകളില്‍ ഒന്ന്, നേന്ത്രപ്പഴം,കിണ്ടിയില്‍ വെള്ളം, ഇലച്ചീന്തില്‍ ചന്ദനം,നെയ്യ്(ഉപസ്തരണം), അവില്‍, ശര്‍ക്കര,നാളികേരം നിലവിളക്ക് എന്നിവയൊക്കെ കളത്തിനു മുന്‍പില്‍ വച്ച ശേഷം അമ്മാവന്‍ ആവണിപ്പലകയില്‍ ഇരുന്ന് വിളക്ക് കത്തിച്ച് ഇതെല്ലാം നേദിക്കും. അവസാനം നാളികേരം ഉടച്ച് ആ വെള്ളം തൃക്കാക്കരപ്പന് മുകളില്‍ ഒഴിച്ച് തേങ്ങയും നേദിച്ചുകഴിഞ്ഞാല്‍ ആര്‍പ്പു വിളിയ്കാനുള്ള സമയമായി. ആണ്‍കുട്ടികളെല്ലാം ഉച്ചത്തില്‍ അര്‍പ്പു വിളിയ്ക്കും.

പിന്നെ ഭക്ഷണ സമൃദ്ധിയിലേയ്ക്ക്...... അത്തം നാള്‍ മുതല്‍ നിറയുന്ന സമൃദ്ധി തിരുവോണവും കഴിഞ്ഞ് ചതയം വരെ നീളും... ..മരപ്പെട്ടിയില്‍ നിറയുന്ന പച്ചയും പഴുത്തതുമായ നേന്ത്രക്കുലകൾ....കായ തൊണ്ടുകളയുന്നതിന്റെ,നുറുക്കുന്നതിന്റെ, വറുക്കുന്നതിന്റെ മറ്റൊരു ബഹളം..നാലാക്കി നുറുക്കി വറുക്കുന്ന ഉപ്പേരിയാണ് പതിവ്. വട്ടത്തില്‍ നുറുക്കുന്ന പതിവ് എന്തുകൊണ്ടോ, ഓണത്തിന് കണ്ടിട്ടില്ല. രാവിലെ മുതലേ പഴം നുറുക്കും ഉപ്പേരിയും പപ്പടം കാച്ചിയതും കൂടി മൂക്കുമുട്ടെ കഴിച്ചിരുന്ന നാളുകളായിരുന്നു അത്. പിന്നെ അടുത്ത ഓണം വരെ നേന്ത്രപ്പഴം കണികാണാന്‍ പോലും കിട്ടില്ല!! വിഭവസമൃദ്ധമായ ഓണ സദ്യയില്‍ സാമ്പാറിനേക്കാള്‍ പ്രാധാന്യം കാളന് ആയിരുന്നു. ഒരു പാചകവിദഗ്ദ്ധന്‍ തന്നെയായിരുന്ന അമ്മാവന്റെ കൈപ്പുണ്യത്തിന്റെ നിറവ് കൂടിയായിരുന്നു അന്നത്തെ സദ്യ(ഇന്നും ഞാന്‍ വിഭവങ്ങളുടെ രുചിനിലവാരം നിശ്ചയിക്കുന്നത് ആ പഴയ രു‍ചികളുമായി താരതമ്യം ചെയ്താണ്) . നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് എല്ലാവരും ഊണു കഴിയ്ക്കുക.

ഊണു കഴിഞ്ഞ് ഉറങ്ങാന്‍ പോകുമ്പോള്‍ അമ്മാവന്‍ പറയും “ഓണമുണ്ട വയറേ, ചൂളം പാടിക്കിട” എന്ന്...!!


ഇന്നിപ്പോള്‍ ഒന്നിനും ഒരു കുറവുമില്ല. എല്ലാം കൂടുതലാണെങ്കിലേ ഉള്ളൂ. നേന്ത്രപ്പഴമോ ഉപ്പേരിയോ കഴിയ്ക്കാന്‍ ഓണം വരണമെന്നില്ല. എപ്പോള്‍ തോന്നുന്നോ, അപ്പോള്‍ വാങ്ങിക്കഴിയ്ക്കാം. ഓണത്തിന് വീട്ടമ്മമാര്‍ക്കോ കുട്ടികള്‍ക്കോ വലിയ അധ്വാനമൊന്നും വേണ്ട. പൂക്കളോ, പച്ചക്കറിയോ, സദ്യ തന്നെയുമോ കയ്യെത്തും ദൂരത്ത്. പൈസ കൊടുക്കുക, വങ്ങിക്കുക. അത്രയേയുള്ളൂ! എത്ര അശ്വാസം! എന്നിട്ടും എന്തുകൊണ്ടായിരിക്കും പഴയ ഓര്‍മ്മകള്‍ കൂടുതല്‍ ദീപ്തമായി അവശേഷിക്കുന്നത്? എന്തോ ഒരു കുറവ്, ഒരു നഷ്ടബോധം എവിടെയോ..... ഇനിയുള്ള തലമുറകള്‍ക്ക് “ഓര്‍മ്മകളിലെ ഓണം” എന്ന വിഷയത്തെക്കുറിച്ച് എന്തായിരിക്കും എഴുതാനുണ്ടാവുക?

41 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ഓണക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം നിറയുന്നത് ഇരുണ്ട കര്‍ക്കിടകത്തിനു ശേഷം വരുന്ന തെളിമയേറിയ, ചെടികളായ ചെടികളെല്ലാം പുഷ്പിക്കുന്ന, ചിങ്ങ മാസമാണ്. മുറ്റത്ത് തീര്‍ക്കുന്ന പൂക്കളത്തെ അലങ്കോലപ്പെടുത്താ‍നായി മാത്രം വരുന്ന കള്ളമഴയും

Rare Rose said...

ഓണം സമ്മാനിച്ച ഓര്‍മ്മകളെല്ലാം അടുക്കും ചിട്ടയോടെ പറഞ്ഞിരിക്കുന്നു...എനിക്കത്ര നീളക്കൂടുതല്‍ അതുകൊണ്ട് തോന്നിയതുമില്ല... തുമ്പക്കുടവും അടയും തൃക്കാക്കരപ്പനുമൊക്കെ തറവാട്ടില്‍ മുന്‍പു ഓണത്തിനുണ്ടായിരുന്നു... ഉപ്പേരി വറക്കലും..അതു പോലെ വല്യ ഡിസൈനുകളൊന്നുമില്ലാത്ത പൂക്കളവുമൊക്കെ...എന്തോ അത്രേം ചിട്ടവട്ടങ്ങളൊന്നും ഇപ്പോഴില്ല...പറഞ്ഞു ചെയ്യിച്ചവരെല്ലാം വിട ചൊല്ലിപ്പോയതു കൊണ്ടാവാം..പുതിയ തലമുറക്കീ ശീലങ്ങളൊന്നും ഏറ്റെടുക്കാന്‍ കഴിയുന്നില്ലായിരിക്കും...എല്ലാം പതിയെ പിന്‍ വാങ്ങിതുടങ്ങിയിരിക്കുന്നു....

പിന്നെ പണ്ടത്തെ പോലെയല്ലല്ലോ...എന്നും ഓണം പോലെ എല്ലാം കയ്യെത്തും ദൂരത്തു കിട്ടുന്നതുമായിരിക്കാം ഒരു കാ‍രണം ല്ലേ...

Ranjith chemmad / ചെമ്മാടൻ said...

ഓണക്കാലത്തിന്റെ വരവറിയിക്കുന്നു
ഈ വരികളിലൂടെ.... (പ്രവാസിയുടെ ഓണം ?????)

കാപ്പിലാന്‍ said...

നന്നായിരിക്കുന്നു ബിന്ദു .സര്‍വ്വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഗൂഗിള്‍ ഭഗവാന് ഒരു നേര്‍ച്ച കൂടി ഇടുക .പിന്നെ വരാതിരിക്കില്ല .സര്‍വ്വ മംഗളം ഭവഃ

ബിന്ദു കെ പി said...

റോസ്: ക്ഷമയോടെ വായിച്ചതിന് നന്ദി
രഞ്ജിത്ത്: നന്ദി
കാപ്പിലാന്‍: നന്ദി,ഒന്നു കൂടെ ശ്രമിച്ചുനോക്കട്ടെ.

പ്രയാസി said...

തലപ്പും മൂടും ചെത്തീട്ട് പാകം ചെയ്താല്‍ ഇച്ചിരിക്കൂടെ ഉസാറാകും.

എനിക്കു കിട്ടാറുള്ള ഉപദേശമാ.. ഉപദേശം ആര്‍ക്കും തരാല്ലൊ..;)

അനില്‍@ബ്ലോഗ് // anil said...

ഓണം ഇന്നൊരു അനുഷ്ടാനം മാത്രമല്ലെ ബിന്ദു.

365 ദിവസവും സുഭിക്ഷമായ ഭക്ഷണം കഴിച്ചു പുതു വസ്ത്രങ്ങളും ധരിച്ചു നടക്കുന്ന തലമുറക്കു അതുമാത്രമെ ചെയ്യാനാവൂ.

ജിജ സുബ്രഹ്മണ്യൻ said...

ഓര്‍മ്മകളിലെ ഓണം നന്നായി ബിന്ദൂ.ഞങ്ങളും തുമ്പക്കുടവും തൃക്കാക്കര അപ്പനെയും ഒക്കെ ഉണ്ടാക്കറുണ്ട്..പല പല രൂപങ്ങള്‍ ഉണ്ടാക്കുന്ന പതിവില്ല.തുമ്പിതുള്ളല്‍,പുലികളി ഇത്യാദി കലാപരിപാടികള്‍ ഇവിടെ ഇല്ല..തൃശൂരിന്റെ പെരുമ പുലികളിയാണ് എന്നു കേട്ടിട്ടുണ്ട്.

രസികന്‍ said...

ഇനിയുള്ള തലമുറകൾക്കും ഓണവിശേഷങ്ങൾ ഒരുപാടെഴുതാനുണ്ടാകും ... ഓണത്തിനു കടലാസു പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയതും, പേപ്പർ വാഴയിലയിലെ സദ്യയെകുറിച്ചുമെല്ലാം....

നല്ല ഓർമ്മക്കുറിപ്പ്
ആശംസകൾ

ബിന്ദു കെ പി said...

പ്രയാസി: നല്ല ഉപദേശം. പരിഗണിക്കാം
അനില്‍: അതാണ് സത്യം

കാന്താരി: ഉം, നമ്മുടെ നാടുകള്‍ തമ്മില്‍ വലിയ അകലമില്ലല്ലോ. അതാണ് ഈ സമാനതകള്‍.

രസികന്‍: :) :) എന്തുചെയ്യാം, അവരെ പറഞ്ഞിട്ടും കാര്യമില്ല...

അല്ഫോന്‍സക്കുട്ടി said...

നന്നായിരിക്കുന്നു ബിന്ദു, ഓര്‍മ്മകളിലെ ഓണം. ഓണത്തിന്റെ ഒരുക്കങ്ങളെ നന്നായി തന്നെ വിവരിച്ചിരിക്കുന്നു. ഞങ്ങള്‍ ക്രിസ്ത്യാനികളുടെ ഓണം ഇത്രക്കൊന്നുമുണ്ടായിരുന്നില്ല.

കുഞ്ഞന്‍ said...

ഓണത്തറ..
ഓണത്തിന് കളമുണ്ടാക്കാന്‍ ഏറ്റവും നല്ല മണ്ണ് കുനിയനുറുമ്പിന്റെ കൂട്ടില്‍ നിന്നും കിട്ടുന്നതാണ്. അതു കൊണ്ടുവന്ന് കുഴച്ച് ഒരു പഴയ ടയറില്‍ ഇട്ടു അതില്‍ നിറക്കുന്നു. എന്നിട്ട് വൃത്തം ആകുമ്പോള്‍ പതുക്കെ ടയര്‍ മാറ്റുന്നു. എന്നിട്ട് പ്ലാവില വെള്ളത്തില്‍ മുക്കി കൊണ്ടു തറ മിനുക്കുന്നു. ചിലപ്പോള്‍ നാലു വാലും ഉണ്ടാക്കും( ആവണി പലക പോലിരിക്കും). അതില്‍ ഒരു വാല്‍ പരമശിവനാണ്. അതില്‍ തുമ്പപ്പൂ മാത്രം ഇടുകയൊള്ളൂ. ഈ തറയില്‍ ഓണത്തിന് ഒരു ശിലക്കുടയും വടിയും വയ്ക്കുന്നു.

ഓണ അട..
ഓണ അടയില്‍ തുമ്പപ്പൂവും ഇടും (അത് ഓണത്തപ്പന് വക്കുവാന്‍ മാത്രമുണ്ടാക്കുന്നത്)ഈ അട പടിക്കലും വയ്ക്കും. ഓണം കൊണ്ടുകഴിഞ്ഞാല്‍ ഓടിപ്പോയി ഈ അട എടുത്തു തിന്നും പിന്നെ അയല്‍‌വക്കത്തെ പടിക്കല്‍ വച്ചിട്ടുള്ള അടയും കോച്ചാപ്ലീസ് ചെയ്യും..ഹൊ അതും ഒരു കാലം..!

അണിയല്‍..
അരിമാവ് കലക്കി അതില്‍ കാച്ചിലിന്റെ ഇല മുക്കിയാണ് കളവും ഇറയവും ഉമ്രപ്പടിയും അണിയുന്നത്. പിന്നീട് വാതിലില്‍ കൈപ്പത്തി അരിമാവില്‍ മുക്കി പതിപ്പിക്കുന്നു.

ഓണ ഉഞ്ഞാല്‍..
ഓണത്തിന് ഊഞ്ഞാല്‍ ആട്ടം വിശേഷപ്പെട്ടതാണ്. മിക്ക്യവാറും ഉലക്ക കൊണ്ടായിരിക്കും ഇരിക്കാനുള്ള പലകയായി ഉപയോഗിക്കുന്നത്. ഓണം ഉണ്ടു കഴിഞ്ഞാല്‍ ഊഞ്ഞാല്‍ മത്സരമാണ് കൊമ്പിന്റെ അറ്റത്ത് എവിടെയെങ്കിലും പപ്പടം കെട്ടിയിടും അത് കടിക്കുന്നയാള്‍ കേമന്‍. ഊഞ്ഞാല്‍ ഞൊട്ടയിടുക, കുതിക്കുക എന്നീ വേലകളൈല്‍ ഞാന്‍ അജയ്യന്‍..!

ബിന്ദു എഴുതിയതില്‍ ഇതുകൂടിയുണ്ടെങ്കില്‍ എന്റെയോണമായി. പിന്നെ ഓണത്തിനുമാത്രമെ എനിക്ക് ഓണക്കോടി എന്നപേരില്‍ പുതിയ വസ്ത്രം കിട്ടുകയൊള്ളൂ. (ബിന്ദു ഓണപ്പട എന്നെഴുതിയതുകണ്ടു) പിന്നെ പുതിയ ഉടുപ്പ് കിട്ടണമെങ്കില്‍ അടുത്ത വിഷു വരണം, എന്നാലും വിഷുവിന് പുതിയ ഉടുപ്പ് കിട്ടിയെന്നുവരില്ല. അതുപോലെ കല്യാണത്തിനൊഴികെ നാലഞ്ചു തരം കറികള്‍ കൂട്ടിയും ഊണുകഴിക്കുന്നതും പായസം കുടിക്കുന്നതും ഓണത്തിനു മാത്രമാണ്. ഓണത്തിന്റെ സദ്യക്കു പച്ചക്കറി അരിയുന്നതും മറ്റും ആണുങ്ങളായിരിക്കും (സഹായിക്കാന്‍ കൂടുന്നത് അന്നൊരു ദിവസം മാത്രം അല്ലത്തപ്പോള്‍ അടുക്കളയില്‍ കട്ടുതിന്നാലല്ലാതെ ഒരാണും കയറാറില്ല)

അമ്പലത്തിനേക്കാള്‍ വലിയ പ്രതിഷ്ഠയാകുമൊയെന്ന് പേടിച്ച് ഇവിടെ നിര്‍ത്തുന്നു.

ബിന്ദു കെ പി said...

അല്‍‌ഫോന്‍സക്കുട്ടി: നന്ദി,വന്നതിനും അഭിപ്രായം അറിയിച്ചതിനും. ഓണത്തിന്റെ കുറവുകളൊക്കെ ക്രിസ്മസിന് പരിഹരിക്കുമല്ലെ?

കുഞ്ഞന്‍: വിശദമായ ഈ കുറിപ്പിന് ഒരുപാട് നന്ദി..
ഓണക്കോടിക്ക് ഓണപ്പട എന്നാണ് ഞങ്ങള്‍ പറയുക. പുതിയ ഉടുപ്പ് ഓണത്തിനും അച്ഛന്‍ ലീവില്‍ വരുമ്പോഴും മാത്രമേ കിട്ടാറുള്ളൂ..
പിന്നെ, എന്താ പറഞ്ഞത്? അമ്പലത്തിനേക്കാളും വലിയ പ്രതിഷ്ഠയാകുമെന്നോ? അതാണെനിയ്ക്ക് സന്തോഷം. ഓരോ സ്ഥലങ്ങളിലെ അചാരങ്ങളുടെ വ്യത്യസ്തത വിശദമായി അറിയാനും കൂടിയല്ലേ ഇത്ര ദീര്‍ഘമായി ഞാന്‍ എഴുതിയത്?

yousufpa said...
This comment has been removed by the author.
yousufpa said...

ബിന്ദു..,പുതിയ തലമുറക്ക് ഇത് അന്യം.പണ്ടൊക്കെ തൊടി നിറയെ മുക്കുറ്റിപ്പൂവും തൂവെള്ള നിറമുള്ള തുമ്പപ്പൂവും ഉണ്ടായിരുന്നു.ഇന്നതൊന്നും കാണാന്‍ കിട്ടില്യ.

നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍
ഓണത്തെ കുറിച്ച് ഞാനെഴുതിയത്
ഇവിടെ

Lathika subhash said...

ബിന്ദൂ,
ഓര്‍മ്മകളുണര്‍ത്താന്‍
ഒരോണക്കുറിപ്പ്.
നന്നായി.

Areekkodan | അരീക്കോടന്‍ said...

ബിന്ദൂ....ഈ ഓണക്കുറിപ്പ്‌ വായിച്ചപ്പോള്‍ ചെറുപ്പത്തില്‍ ഞങ്ങള്‍ എല്ലാ വര്‍ഷവും ഓണം ഉണ്ടിരുന്ന വീട്ടുമുറ്റത്തെ കാഴ്ചകള്‍ ഒന്നൊന്നായി മനസ്സിലെത്തി.ഇന്ന് എന്റെ മക്കള്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ ആ അയല്‍വാസികള്‍ ഇല്ല എന്ന സങ്കടം ബാക്കിയാവുന്നു.നല്ല കുറിപ്പ്‌.

ഹരിശ്രീ said...

ബിന്ദു ചേച്ചീ,

വളരെ മികച്ച ഒരു പോസ്റ്റ് തന്നെ.

ആ നല്ല സുവര്‍ണ്ണകാലത്തെ മനോഹരമായി വിവരിച്ചിരിയ്കുന്നു.നല്ല പോസ്റ്റ്


ഓണാശംസകള്‍ ...

എന്റെ പോസ്റ്റ് ഇവിടെ http://sreepadham.blogspot.com/

ഷാനവാസ് കൊനാരത്ത് said...

ഇന്നാണ് ആദ്യമായി താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നത്. തുമ്പ, മുക്കൂറ്റി, കോളാമ്പി, ചെത്തി, ചെമ്പരത്തി... ഇതുപോലെ , കുറ്റിയറ്റുപോയവ ഒരുപാടുണ്ട്. ഇതൊക്കെ ചിത്രകാരന്‍റെ ഭാവനയില്‍ വരച്ചുണ്ടാക്കി മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടി വരും. പുതിയ തലമുറയ്ക്ക് കണ്ടു മനസ്സിലാക്കാന്‍. ഓണം പോലും ഇന്നൊരു ഇന്‍സ്റ്റന്‍റ് വിഭവമായി, മലയാളമനസ്സില്‍. ഇത്തരം ഓര്‍മ്മപ്പെടലുകള്‍ നൊസ്റ്റാല്‍ജിക് തന്നെ; ചേതോഹരവും.
- ഷാനവാസ്‌ കൊനാരത്ത്
www.ilapeyyumbol.blogspot.com

നരിക്കുന്നൻ said...

“ഓണക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം നിറയുന്നത് ഇരുണ്ട കര്‍ക്കിടകത്തിനു ശേഷം വരുന്ന തെളിമയേറിയ, ചെടികളായ ചെടികളെല്ലാം പുഷ്പിക്കുന്ന ചിങ്ങ മാസവും, മുറ്റത്ത് തീര്‍ക്കുന്ന പൂക്കളത്തെ അലങ്കോലപ്പെടുത്താ‍നായി മാത്രം വരുന്ന കള്ളമഴയുമാണ്.“

എന്റെ ഓർമ്മകളിൽ ഒരുപാട് ഓണക്കാഴ്ച്ചകളൊന്നുമില്ല. സ്കൂളിൻ ഒരു അവധി ദിനം. എന്റെ പ്രിയ ചങ്ങാതി കുട്ടിയുടെ വീട്ടിൽ നിന്നാണ് ഞാൻ ആദ്യമായി ഓണസദ്യ ഉണ്ടത്. ഇന്ന് ഒരുപാട് സദ്യകൾ ഉണ്ടങ്കിലും ആ സദ്യ നൽകിയ രുചി ഒരിക്കലും മരിക്കാതെ എന്റെ നാവിൽ ഇന്നും ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ നൽകി കിടക്കുന്നു. കഴിഞ്ഞ പ്രാവശ്യം ലീവിൽ നാട്ടിൽ ചെന്നപ്പോൾ ആ ഓർമ്മകളുമായി ഒരിക്കൽ അവിടെ ചെന്നു. ഒരു സദ്യക്കുള്ള വട്ടമൊന്നുമില്ലായിരുന്നെങ്കിലും അന്നും ഞാൻ ആ രുചിയറിഞ്ഞു.

ഓണത്തെ കുറിച്ചുള്ള ഒരു വലിയ പോസ്റ്റിന് നന്ദി.

Sureshkumar Punjhayil said...

Good Work...Best Wishes...!!!

smitha adharsh said...

ഓണത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍...വരാന്‍ വൈകിപ്പോയി...ഒത്തിരി,ഒത്തിരി ഇഷ്ടപ്പെട്ടു..അതൊന്നും ഇനി നമുക്കു ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന വേദനയുണ്ട്...

Appu Adyakshari said...

ബിന്ദൂ,
ഒട്ടും മടുപ്പുളവക്കാത്ത നല്ല വിവരണം. നന്നേ രസിച്ചുവായിച്ചു. ഒരു കുട്ടിയുടെ കണ്ണിലൂടെയുള്ള പഴയ ഓണക്കാല വിവരണം. നന്നായിട്ടുണ്ട്.
“എന്നിട്ടും എന്തുകൊണ്ടായിരിക്കും പഴയ ഓര്‍മ്മകള്‍ കൂടുതല്‍ തെളിച്ചമുള്ളവയായി അവശേഷിക്കുന്നത്? എന്തോ ഒരു കുറവ്, ഒരു നഷ്ടബോധം എവിടെയോ...”

ശരിയാണ്.ആഘോഷങ്ങള്‍ റെഡിമെയ്ഡ് ആകുമ്പോ‍ള്‍ അതിന്റെ ചന്തം നഷ്ടപ്പെട്ടുപോകുന്നു. അതുകൊണ്ട് ഗള്‍ഫിലായാല്‍ത്തന്നെയും നമ്മള്‍ ഓണത്തിന്റെ അന്ന് ഒന്നോ രണ്ടോ കറിമാത്രം വച്ചാലും, അത് വീട്ടില്‍ വച്ചുണ്ടാക്കി ഉണ്ണുന്നതുതന്നെയാണ് എനിക്കേറ്റവും ഇഷ്ടം. ഇന്നും.

joice samuel said...

:)

Sapna Anu B.George said...

ഞാനിന്നാണിതു വഴിവന്നത്.....നല്ല ഒരു ഓണാശംസകള്‍ ഒമാനില്‍ നിന്ന്, അവിടെ എല്ലാവര്‍ക്കും

ചന്ദ്രകാന്തം said...

ബിന്ദൂ,
പണ്ടെന്നോ ഈ വഴി വന്നിട്ടുണ്ടെങ്കിലും......സമയം വായനയെ പിടിച്ചു നിര്‍ത്തുന്നതുകൊണ്ട്‌....പിന്നെ സാധിച്ചിട്ടില്ല.
ഇപ്പോ.. അപ്പുവിന്റെ ഓണക്കവിതയിലൂടെ നേരെ ഈ ഓണമൊരുക്കലിന്റെ തിരക്കിലേയ്ക്കും, ഉല്‍സാഹത്തിലേയ്ക്കും എത്തിയതാണ്‌.
വളരെ സൂക്ഷ്മമായ വിവരണം, ഭംഗിയായി എഴുതീട്ടുമുണ്ട്‌. ഒതുക്കാഞ്ഞതു നന്നായി.
ഈ മറുനാട്ടിലും നല്ലമനസ്സുകൊണ്ട്‌ പൂക്കളം തീര്‍ത്ത്‌, നമുക്ക്‌ പൊന്നോണമാഘോഷിയ്ക്കാം.

ശ്രീ said...

ചേച്ചീ...
ഞാനിപ്പോഴാണ് ഈ മനോഹരമായ പോസ്റ്റ് വായിച്ചത്. ഞങ്ങളുടെ വീട്ടിലെ, എന്റെ കുട്ടിക്കാലത്തെ ഓണം അപ്പാടെ പകര്‍ത്തി വച്ചിരിയ്ക്കുന്നതു പോലെ തോന്നി...

ഇതു വായിച്ചപ്പോള്‍ എന്തോ ഒരു സന്തോഷം. :)

ഓണാശംസകള്‍...!

നിരക്ഷരൻ said...

ബിന്ദൂ...ഞാനിത് കാണാന്‍ വൈകിയെങ്കിലും ഓണത്തിന് മുന്നേ തന്നെ കണ്ടതില്‍ സന്തോഷമുണ്ട്. അപ്പു മാഷിന്റെ ഒരു കവിത പോസ്റ്റിലൂടെയാണ് ഇത് കണ്ടത്. നാട്ടില്‍ പോയി ഒരു ഓണം കൂടിയ സുഖം കിട്ടി ഈ പോസ്റ്റ് വായിച്ചപ്പോള്‍.

“ഓണമുണ്ട വയറേ, ചൂളം പാടിക്കിട” അമ്മാവന്റെ ആ ശീല് കലക്കി.

ബിന്ദൂനും കുടുംബത്തിനും ഓണാശംസകള്‍

ഹന്‍ല്ലലത്ത് Hanllalath said...

നല്ല വര്‍ണ്ണന ..
വായനാ സുഖം നല്‍കുന്നുണ്ട് ...

എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ബിന്ദുവിന്റെ ഓര്‍മ്മകളിലെ ഓണം അസ്സലായി.പോസ്റ്റ് കാണാന്‍ താമസിച്ചു പോയി.ആശംസകള്‍...
വെള്ളായണി

B Shihab said...

ഓണക്കാലത്തിന്റെ വരവറിയിക്കുന്നു b shihab

മായാവി.. said...

ഓണത്തിന്റന്ന് ഏഷ്യാനെറ്റില്‍ കോഴിക്കോട്ടുള്ള ഒറെയൊരു സൈക്കിള്‍ റിക്ഷാക്കാരന്റെ ണത്തിന്റന്ന് ഏഷ്യാനെറ്റില്‍ കോഴിക്കോട്ടുള്ള ഒറെയൊരു സൈക്കിള്‍ റിക്ഷാക്കാരന്റെ ഓണംകാണിച്ചിരുന്നു(പലരും കണ്ട് കാണും) ആ മനുഷ്യന്‍ സാധാരണതന്നെ ദാരിദ്ര്യം കാരണംഒരു നേരത്തെഭക്ഷണമാണ്‌ കഴിക്കുന്നത്...ഓണത്തിനുമങ്ങനെതന്നെ അത്തരക്കാരെ സഹായിക്കാന്‍ പട്ടിണിയറിയാത്ത നമുക്കെന്തെങ്കിലും ചെയ്യാനാവുമോ, പണ്ട് കറിക്കരിഞ്ഞതും, ഊഞ്ഞാലാടിയതും പറയുന്നതല്ലാതെ....ഓണംകാണിച്ചിരുന്നു(പലരും കണ്ട് കാണും) ആ മനുഷ്യന്‍ സാധാരണതന്നെ ദാരിദ്ര്യം കാരണംഒരു നേരത്തെഭക്ഷണമാണ്‌ കഴിക്കുന്നത്...ഓണത്തിനുമങ്ങനെതന്നെ അത്തരക്കാരെ സഹായിക്കാന്‍ പട്ടിണിയറിയാത്ത നമുക്കെന്തെങ്കിലും ചെയ്യാനാവുമോ, പണ്ട് കറിക്കരിഞ്ഞതും, ഊഞ്ഞാലാടിയതും പറയുന്നതല്ലാതെ....

Satheesh Haripad said...

നന്നായിരിക്കുന്നു ബിന്ദു ചേച്ചി.

ഓണം മറന്നുകൊണ്ടിരിക്കുന്ന മലയാളിക്ക് ഉചിതമായ ഒരു ഓര്‍മ്മപ്പെടുത്തലായി. മുഴുവനും വായിച്ചു തീര്‍‌ന്നപ്പോള്‍ നാമെന്തൊക്കെ അമൂല്യമായവ നഷ്ടപ്പെടുത്തിയിട്ടാണ് ഈ പുറം നാട്ടില്‍ വന്ന് താമസിക്കുന്നതെന്ന് ഒരു നിമിഷം ആലോചിച്ചു പോയി.

വരവൂരാൻ said...

ഒരു വട്ടം കൂടി ആ തിരുവോണം മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, ആശംസകൾ

വിജയലക്ഷ്മി said...

nalla post,nallavivaranam.nanmakal nerunnu.

Sathees Makkoth | Asha Revamma said...

നല്ല സംഭവ ബഹുലമായിരുന്നല്ലോ കുട്ടിക്കാലത്തെ ഓണം. അടയുണ്ടാക്കുന്നത് ഒരു പുതിയ അറിവാണ്.
മുഷിപ്പില്ലാതെ വായിക്കാൻ പറ്റുന്നുണ്ട്.
നഷ്ടപ്പെട്ടെന്നും ഇന്നുള്ള കുട്ടികൾക്ക് കിട്ടാ‍ത്തതുമായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ നാം ഒന്നു മറക്കുന്നു. ഇന്നത്തെ കുട്ടികൾക്ക് കിട്ടുന്നത് പലതും നമ്മുടെ കുട്ടിക്കാലത്ത് സ്വപ്നം കാണാൻ കൂടി പറ്റുന്നതായിരുന്നതല്ലല്ലോ.എല്ലാക്കാലത്തും അതാതിന്റെ നന്മകളുന്ടാവും.
എങ്കിലും ഞാൻ ആ പഴയകാലത്തെ ഇഷ്ടപ്പെടുന്ന ഒരു പഴഞ്ചനാകാൻ ഇഷ്ടപ്പെടുന്നു.

Raman said...

Nannayittundu ezhuthu. Kurchu churukki ezhuthiyaal nannayirunnu ennu thonunnu.

Anonymous said...

ആഹ്..അതെല്ലാം ഓര്‍ത്ത് നിശ്വാസമിടാനേ ഇന്ന് നമുക്ക് സാധിക്കൂ.
നന്നായിട്ടെഴുതി ആ പഴമയുടെ പുതുമ.

കാമറയെല്ലാം ആ കാലത്തുണ്ടായിരുന്നു.നമുക്കതെല്ലാം അന്യമായിരുന്നൂ എന്ന് മാത്രം.

tnbchoolur said...

binduu orOdivasavum orO post enkilum vayikkaan untaavate ennu prarthikkaam. oru neram vayaru nirachu vibhava samruDhamaaya sadhya unnuka, A kalath (Ente kuttykkalam) ONathinnum vishuvinnum puthanari sadyakkum thiruvathira thalennum mathramaayirunnu.ennu vicharichaa ippozhum kothithiirilla ii niranja vayarilum. ethra peraaNu binduvinte blog vayikkunnath. ellaam nallathaaNe9puthuna.

അരുൺ said...

വായിക്കുന്നു :) എത്ര വലിയ ഓണാഘോഷം !

Anonymous said...

innanu ee blog kandathu..orupdau ishtayi..vayichu kazhiyumbol paranjariyikkan pattatha oru sugam..

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP