Saturday, November 15, 2008

ഐ.എൽ.ഡി. എന്ന സമർത്ഥനായ കൊലയാളി

അച്ഛന്റെ മരണത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു പോസ്റ്റിന്റെ ആശയം മനസ്സിൽ രൂപപ്പെട്ടത്. നിനച്ചിരിക്കാതെ അച്ഛനെ കീഴ്പ്പെടുത്താനായി എത്തിയ ശ്വാസകോശരോഗം ഐ.എൽ.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന “ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ്” ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയപ്പോഴാണ് അങ്ങിനെയൊരു പേര് ആദ്യമായിട്ട് കേൾക്കുന്നതു തന്നെ. പിന്നീട് പരിശോധനകളുടേയും ചികിത്സയുടേയും വിവിധ ഘട്ടങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ച കുറച്ചു വിവരങ്ങൾ ഞാൻ ഇവിടെ കുറിയ്ക്കുന്നു. ഇതിനെപ്പറ്റി അറിയാത്തവർക്കും അറിയാനാഗ്രഹമുള്ളവർക്കും പ്രയോജനപ്പെട്ടാലോ..?

എന്താണ് ഐ.എൽ.ഡി?

ശ്വാസകോശത്തിലെ വായുഅറകളിലുള്ള(alveoli) ഇന്റർസ്റ്റീഷ്യൽ കലകൾ(tissus)ആണ് വായുവിൽനിന്ന് ഓക്സിജനെ വേർതിരിച്ച് രക്തത്തിൽ കലർത്തുകയും തിരിച്ച് രക്തത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ പുറന്തള്ളുകയും ചെയ്യുന്ന പ്രധാന ധർമ്മം നിർവ്വഹിക്കുന്നത്. ഇവയിൽ നീർക്കെട്ടും തടിപ്പും ഉണ്ടായി, മാർദ്ദവം നഷ്ടപ്പെടുകയും,ക്രമേണ ഇരുണ്ട പാടുകൾ(scar) രൂപപ്പെട്ട് ഉപയോഗശൂന്യമാവുകയും മൂലം, ശ്വസനം ബുദ്ധിമുട്ടാവുകയും, ആവശ്യത്തിന് ഓക്സിജൻ രക്തത്തിൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഐ.എൽ.ഡി എന്ന അസാധാരണമായ രോഗം. തുടക്കത്തിൽ ശ്വാസകോശത്തിന്റെ ചെറിയൊരു ഭാഗത്തെ മാത്രം ബാധിക്കുന്ന ഈ വൈകല്യം പടിപടിയായി ബാക്കിയുള്ള ഭാഗത്തേയ്ക്കും പടർന്ന് കാലക്രമേണ ശ്വാസകോശത്തെ മുഴുവനായും നശിപ്പിക്കുന്നു. രോഗം ഗുരുതരമാവുന്ന അവസ്ഥയിൽ ശ്വാസകോശത്തിന്റെ വികസിക്കാനും ചുരുങ്ങാനുമുള്ള കഴിവ് നഷ്ടമാകുന്നു. കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞാൽ രോഗത്തിന്റെ വളർച്ചയെ മന്ദഗതിയിലാക്കാനുള്ള ചില മരുന്നുകൾ പ്രയോഗിക്കാമെന്നല്ലാതെ രോഗബാധിതമായ ഭാഗം പിന്നീടൊരിക്കലും പൂർവ്വസ്ഥിതിയിലാക്കാൻ കഴിയില്ല.

ലക്ഷണങ്ങൾ:

ഏറ്റവും പ്രധാനപ്പെട്ട രണ്ടു ലക്ഷണങ്ങൾ ഇവയാണ്:

* ഭാരപ്പെട്ട പണികളോ വ്യായാമമോ ചെയ്യുമ്പോൾ പതിവില്ലാത്തവിധം കിതപ്പും ആയാസവും അനുഭവപ്പെടുക.
* ഇടയ്ക്കിടെയുള്ള വരണ്ട(കഫം തീരെയില്ലാത്ത) ചുമ.

ഇവയോടനുബന്ധിച്ച് ക്ഷീണം, നെഞ്ചിൽ അസ്വസ്ഥത,ശരീരം മെലിയുക എന്നിവയ്ക്കു പുറമേ അകാരണമായ വിഷാദം, ഉത്കണ്ഠ,ഭയം, ദേഷ്യം എന്നീ മാനസിക പ്രശ്നങ്ങളും ഉണ്ടാവാം. രോഗം മൂർച്ഛിയ്ക്കുന്ന മുറയ്ക്ക് ശ്വാസതടസ്സം കൂടിക്കൂടിവരുകയും പതിവു ദിനചര്യകൾ പോലും-വീടിനുള്ളിൽത്തന്നെ നടക്കുന്നതോ സംസാരിക്കുന്നതോ പോലും- അയാസകരമായി അനുഭവപ്പെടും. ചിലരിൽ കൈവിരലുകളുടെ അഗ്രഭാഗം (പ്രത്യേകിച്ചു വേദനയൊന്നുമില്ലാതെ തന്നെ) വീർക്കുകയും നഖങ്ങൾ അതിനുമുകളിലൂടെ വളയുകയും ചെയ്യും(clubbing).
ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുമ്പോഴേയ്ക്കും രോഗം അതിന്റെ വളർച്ചയുടെ പാതയിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞിരിയ്ക്കും എന്നതാണ് സങ്കടകരമായ വസ്തുത. പ്രാരംഭദശയിൽ ചില ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെയും അവയെ സാധാരണ ചുമയോ, ആസ്ത്‌മയോ, മറ്റു ശാരീരിക പ്രശ്നങ്ങളോ ഒക്കെയായി തെറ്റിദ്ധരിച്ച് അവഗണിക്കാനുള്ള സാധ്യത ഏറെയാണ്.

കാരണങ്ങൾ:

ഐ.എൽ.ഡി എന്ന രോഗാവസ്ഥയ്ക്ക് വ്യക്തമായ ഒരു കാരണം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നറിയുന്നു. എങ്കിലും ഏറ്റവുമധികം സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന കാരണങ്ങൾ ഇവയാ‍ണ്:

1. തൊഴിലും അനുബന്ധ പരിസ്ഥിതി ഘടകങ്ങളും : വിഷാംശമുള്ളതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ അന്തരീക്ഷത്തിൽ ജോലിസംബന്ധമായി ദീർഘകാലം ഇടപഴകേണ്ടിവരുന്നത് ക്രമേണ ശ്വാസകോശത്തിന് കേടുപാട് വരുത്തുന്നു. ഇതിൽ സിലിക്ക,ആസ്‌ബെസ്റ്റോസ്,ചില ലോഹങ്ങൾ,കൽക്കരി,പഞ്ഞി എന്നിവയുടെ പൊടിയോ, അമോണിയ,ക്ലോറിൻ തുടങ്ങിയ രാസവാതകങ്ങളോ കലർന്ന അന്തരീക്ഷമാണത്രേ ഏറ്റവും അപകടസാധ്യത കൂടിയത്.

2. പുകവലി.

3. അണുബാധ : ചിലതരം വൈറസ് ബാധകൾ,ബാക്റ്റീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ പോലുള്ള അസുഖങ്ങൾ, ഫംഗസ് ബാധ എന്നിവ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ളതായി ഗവേഷകർ വിശ്വസിക്കുന്നു. ആമവാതം(rheumatoid arthritis) പോലുള്ള സന്ധിവാത രോഗങ്ങളും ഐ.എൽ.ഡി.യ്ക്ക് കാരണാമായേക്കാം.

4. റേഡിയേഷൻ : അർബുദചികിത്സയ്ക്ക് റേഡിയേഷന് വിധേയരാകേണ്ടി വരുമ്പോൾ അത് ചിലപ്പോൾ ശ്വാസകോശ കലകളെയും ഭാഗികമായി നശിപ്പിച്ചേക്കാം.

5. മരുന്നുകൾ : കീമോതെറാപ്പി ചികിൽസയിലും,ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കുന്ന ചില മരുന്നുകൾ, ചില ആന്റിബയോട്ടിക്കുകൾ മുതലായവയ്ക്ക് ഇന്റർസ്റ്റീഷ്യൽ കലകളെ നശിപ്പിക്കാൻ കഴിവുണ്ടത്രേ.


രോഗനിർണ്ണയം:

ഐ.എൽ.ഡി.യുടെ ലക്ഷണങ്ങൾക്ക് മറ്റു പല രോഗലക്ഷണങ്ങളുമായി സാമ്യമുണ്ടാകാം എന്നതുകൊണ്ട് വിശദമായ പരിശോധനയിൽക്കൂടിയല്ലാതെ രോഗനിർണ്ണയം ബുദ്ധിമുട്ടാണ്.

സാധാരണയായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഇവയാണ്:

1. നെഞ്ചിന്റെ എക്സ്-റേ.

2. കൂടുതൽ വിശദവും വ്യക്തവുമായ ചിത്രം ലഭിക്കുന്നതിന് സി.ടി.സ്കാൻ.

3. രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള രക്തപരിശോധന.

4. പി.എഫ്.ടി(pulmonary function test):
വളരെ ലളിതമായ ഈ പരിശോധനയിലൂടെ ശ്വാസകോശത്തിന് പ്രവർത്തിക്കാനുള്ള കഴിവ് എത്രത്തോളമുണ്ടെന്ന് അളക്കുവാൻ സാധിക്കുന്നു. സ്പൈറോമീറ്റർ എന്ന ഉപകരണത്തിലൂടെ ശക്തിയായി ഊതുമ്പോൾ ശ്വാസകോശത്തിനുള്ളിലേയ്ക്കും പുറത്തേക്കുമുള്ള വായുവിന്റെ പ്രവാഹം രേഖപ്പെടുത്തുന്നതിലൂടെയാണ് ഇത് സാധ്യമാവുന്നത്.

5. ട്രെഡ്‌മില്ലോ സൈക്കിളോ പോലുള്ള ഉപകരണങ്ങളിൽ വ്യായാമം ചെയ്യിച്ചുകൊണ്ടിരിക്കേതന്നെ ശ്വാസോച്ഛ്വാസം,രക്തസമ്മർദ്ദം,രക്തത്തിലെ ഓകിജന്റെ അളവ് മുതലായവ നിരീക്ഷിക്കുക.

6. ബ്രോങ്കോസ്കോപ്പി:
വായിലൂടെ ചെറിയൊരു ട്യൂബ് ശ്വാസകോശത്തിലേയ്ക്ക് കടത്തി കലകളുടെ വളരെ സൂക്ഷ്മമായ ഒരു ഭാഗം പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കുക. ലവണാംശമുള്ള ലായനി ശ്വാസകോശത്തിലേക്ക് കുത്തിവച്ചശേഷം ഉടനടി പുറത്തേക്ക് വലിച്ചെടുക്കുക എന്ന മറ്റൊരു രീതിയും ഉണ്ട്.പുറത്തേക്ക് വലിച്ചെടുക്കുന്ന ലായനിയിൽ വായുഅറകളിലെ കോശങ്ങളുടെ സാമ്പിളുകൾ അടങ്ങിയിരിക്കും. ഈ രീതിക്ക് ബ്രോങ്കോഅൽ‌വിയോലാർ ലാവേജ് എന്നു പറയുന്നു. രോഗം എത്രത്തോളം സജീവമാണെന്നറിയാൻ ഈ പരിശോധനകൾ സഹായിക്കുന്നു.

7.ഓപ്പൺ ലങ് ബയോപ്സി:
മേൽ‌പറഞ്ഞ രീതിയിലൂടെ വ്യക്തത ലഭിക്കാതെ വന്നാൽ മാത്രം അവലംബിക്കുന്ന അടുത്ത പരിശോധനാമാർഗ്ഗമാണിത്. ശ്വാസകോശകലകളെ നേരിട്ട് ശസ്ത്രക്രിയയിലൂടെ മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. സങ്കീർണ്ണവും അപകടസാധ്യതയുള്ളതും ആയതുകൊണ്ട് ഈ ശസ്ത്രക്രിയ വളരെ അപൂർവ്വമായേ ചെയ്യാറുള്ളൂ എന്നാണറിവ്.

ചികിത്സ:

മരുന്നുകൾ: മുൻപു സൂചിപ്പിച്ചതുപോലെ, ഐ.എൽ.ഡി നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ അതിന്റെ മുന്നേറ്റം മന്ദഗതിയിലാക്കാൻ ആവുന്നതും ശ്രമിക്കുക എന്നതാണ് ചെയ്യാനുള്ളത്. കോർട്ടിസോൺ പോലുള്ള സ്റ്റിറോയിഡുകളും(ഇവ ഗുളിക രൂപത്തിലും, താരതമ്യേന പാർശ്വഫലം കുറഞ്ഞ ഇൻഹേലർ രൂപത്തിലും ഉണ്ട്), അർബുദത്തിനതിരെ ഉപയോഗിക്കുന്ന ചില മരുന്നുകളും, നിരോക്സീകാരികൾ അടങ്ങിയ മരുന്നുകളും ആണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് അറിവ്. ദീർഘകാല ഉപയോഗത്താൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഇവ ഡോക്ടറുടെ കർശനമായ മേൽ‌നോട്ടത്തിൽ ആവശ്യാനുസരണം അളവ് കൂട്ടിയും കുറച്ചും ഉപയോഗിക്കേണ്ടതാണ്.
മരുന്നുകളോടൊപ്പം തന്നെ,പുകവലി തീർത്തും ഉപേക്ഷിക്കുക, മാംസ്യം(protein) കൂടുതൽ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക, ശുദ്ധവായു ശ്വസിക്കുക എന്നിവയും പ്രധാനമാണ്.

ഓക്സിജൻ തെറാപ്പി: കൃത്രിമമായി ഓക്സിജൻ നൽകുന്നത് രോഗം ഭേദപ്പെടുത്തില്ലെങ്കിലും, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതുമൂലമുള്ള സങ്കീർണ്ണതകളെ ഒരു പരിധിവരെ നിയന്ത്രിക്കാനും,രക്തസമ്മർദ്ദം കുറയ്ക്കാനും, ക്ഷീണം കുറച്ച് ഉന്മേഷമുണ്ടാക്കാനും ഏറെ സഹായകരമാണ്. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഓക്സിജൻ നൽകുന്നതിന്റെ തവണകൾ വർദ്ധിപ്പിക്കേണ്ടതായി വന്നേക്കും. ആസ്പത്രിയിൽ പോകാതെ തന്നെ രോഗിക്ക് വീട്ടിൽ സ്വയം ഉപയോഗിക്കാവുന്നതാ‍യ ഓക്സിജൻ കോൺസൻ‌ട്രേറ്റർ എന്നൊരു ഉപകരണത്തേക്കുറിച്ചും എനിയ്ക്ക് അറിയാൻ സാധിച്ചിട്ടുണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും, തുടർച്ചയായി ഓക്സിജൻ നിർമ്മിച്ചുനൽകാൻ കഴിവുള്ളതും, കൊണ്ടുനടക്കാൻ തികച്ചും സൗകര്യപ്രദവുമായ ഈ ഉപകരണം ഓക്സിജൻ സിലിണ്ടറിനേക്കാൾ എന്തുകൊണ്ടും മെച്ചമാണെങ്കിലും വില താരതമ്യേന വളരെ കൂടുതലാ‍ണ്.

ശ്വാസകോശം മാറ്റിവയ്ക്കൽ : രോഗിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയും സാമ്പത്തിക സ്ഥിതിയും അനുവദിക്കുകയാണെങ്കിൽ, അനുയോജ്യനായ ദാതാവിനെ ലഭിക്കുന്ന പക്ഷം, അവസാനമായി പരീക്ഷിക്കാവുന്ന ഈ മാർഗ്ഗവും-വളരെ അപൂർവ്വമാണെങ്കിലും- നിലവിലുണ്ട്.

*************************************

കുറിപ്പ്: ഇതൊരു ആധികാരിക ലേഖനമല്ല. തെറ്റുകുറ്റങ്ങൾ ഉണ്ടാകാം.

33 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

ശ്വാസകോശത്തിലെ വായുഅറകളിലുള്ള(alveoli) ഇന്റർസ്റ്റീഷ്യൽ കലകൾ(tissus)ആണ് വായുവിൽനിന്ന് ഓക്സിജനെ വേർതിരിച്ച് രക്തത്തിൽ കലർത്തുകയും തിരിച്ച് രക്തത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ പുറന്തള്ളുകയും ചെയ്യുന്ന പ്രധാന ധർമ്മം നിർവ്വഹിക്കുന്നത്. ഇവയിൽ നീർക്കെട്ടും തടിപ്പും ഉണ്ടായി, മാർദ്ദവം നഷ്ടപ്പെടുകയും,ക്രമേണ ഇരുണ്ട പാടുകൾ(scar) രൂപപ്പെട്ട് ഉപയോഗശൂന്യമാവുകയും മൂലം, ശ്വസനം ബുദ്ധിമുട്ടാവുകയും, ആവശ്യത്തിന് ഓക്സിജൻ രക്തത്തിൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഐ.എൽ.ഡി എന്ന അസാധാരണമായ രോഗം.

Manikandan said...

തികച്ചും വിജ്ഞാനപ്രദമായ ഒരു ലേഖനം. ഈ വിവരങ്ങൾക്കു നന്ദി.

അനില്‍@ബ്ലോഗ് // anil said...

ബിന്ദു,
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
മനസ്സിലെ അവസ്ഥ തലക്കെട്ടില്‍ വായിക്കാം.

krish | കൃഷ് said...

അറിവുപകരുന്ന ലേഖനം.
വളരെ നേര്‍ത്ത പൊടി പതിവായി ശ്വാസകോശങ്ങളില്‍ എത്തുന്നതും ഈ രോഗം വരാന്‍ സാധ്യത ഉണ്ടല്ലേ. സിമന്റ് ഫാക്റ്ററി, മാര്‍ബിള്‍ കട്ടിംഗ്,പോളിഷിംഗ്, ഗ്ലാസ്സ് കട്ടിംഗ്, കെമിക്കല്‍ ഫാക്ടറി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശ്വാസകോശരോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മേഘമല്‍ഹാര്‍(സുധീര്‍) said...

വിജ്ഞാനപ്രദം.നല്ല കയ്യടക്കം

ചാണക്യന്‍ said...

ബിന്ദു കെ പി ,
പോസ്റ്റിനു നന്ദി...
ഞാനൊരു സാമാന്യം നല്ല പുകവലിയനാണ്,
അതുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ച് ബോധവാനുമാണ്..
പക്ഷെ ഇങ്ങനെ ഒരു ഐ എല്‍ ഡിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്..
അപ്പോ എനിക്ക് വരാവുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ ഇതിനേം കൂട്ടി...

Jayasree Lakshmy Kumar said...

a very good attempt bindu. വൈദ്യശാസ്ത്രത്തിനു വ്യക്തമായ രോഗകാരണങ്ങൾ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത, സാധാരണമല്ല്ലാത്ത ഈ രോഗത്തെ കുറിച്ച് വളരേ ആധികാരികം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിൽ, എന്നാൽ ലളിതമായി എഴുതിയിരിക്കുന്നു. ആശംസകൾ

smitha adharsh said...

നല്ല പോസ്റ്റ്..ഇതു നമ്മുടെ വിക്കി പീഡിയ യില്‍ ചേര്‍ക്കൂ..ആരോഗ്യ സംബന്ധമായി അറിവ് നല്കുന്ന ലേഖനങ്ങള്‍ അതില്‍ വളരെ കുറവാണ്.വിക്കിയ്ക്ക് ഇതു നല്ലൊരു മുതല്‍ കൂട്ടായെക്കും.

ഹരീഷ് തൊടുപുഴ said...

വിജ്ഞാനപ്രദമായ ലേഖനം...
അഭിനന്ദനങ്ങള്‍...

Rejeesh Sanathanan said...

വളരെ ഉപകാരപ്രദം...നന്ദി....

Sunith Somasekharan said...

oru rogathe koodi arinju...thanks...

sv said...

കുറെയേറെ കാര്യങ്ങള്‍ പറഞ്ഞു തന്നതിന് വളരെ നന്ദി...

നന്മകള്‍ നേരുന്നു

Sureshkumar Punjhayil said...

Really good one. Thanks for sharing it and best wishes.

Unknown said...

ബിന്ദു വളരെ നല്ല വിവരണം.പല രോഗങ്ങളെകുറിച്ചും നമ്മൂക്ക് അറിവില്ല.നമ്മൂക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് തന്നെ വലിയ കാര്യമാണ്

Unknown said...

അറിയാത്തത് അറിയിച്ചതിൽ സന്തോഷം

വരവൂരാൻ said...

ആശംസകൾ, വീണ്ടും വരും.

|santhosh|സന്തോഷ്| said...

വളരെയേറെ ഉപകാരപ്പെട്ട ഒരു ലേഖനം നന്ദി

ബിന്ദു കെ പി said...

Blogger Sunaj said...

hi chechi, woh all of ur posts are great!thank you

November 18, 2008 4:18 PM

ബിന്ദു കെ പി said...

Blogger ...പകല്‍കിനാവന്‍...daYdreamEr... said...

ബിന്ദു, എനിക്കിട്ട കമന്റ്റ്റിലുടെ യാണു ഇവിടെയെത്തിയത്‌. താങ്കളുടെ ബ്ലോഗുകൾ എനിക്കിഷ്ട്ടപ്പെട്ടു. വെയ്ത്യസ്തമാണു.
ആശംസകൾ.

December 4, 2008 11:07 AM

ശ്രീ said...

ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.

വിശദമായി വിവരിച്ചു തന്നതിന് നന്ദി.

annamma said...

പോസ്റ്റിനു നന്ദി... ഐ എല്‍ ഡിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്..

ദീപക് രാജ്|Deepak Raj said...

ഇത്തരം ഇനിയും പോരട്ടെ.... ചിലര്‍ക്കെങ്കിലും ഉപകാരം ചെയ്യും..

poor-me/പാവം-ഞാന്‍ said...

ആധികാരികമായി എല്ലാവര്‍ക്കും എഴുതാന്‍ കഴിയണമെന്നില്ല, പക്ഷെ വിഷയത്തിലേക്കു ശ്രദ്ധ തിരിപ്പിക്കന്‍ കഴിഞല്ലോ അതുമതി. അനുഭവമുള്ള വൈദ്യരേക്കാള്‍ അനുഭവമുള്ള രോഗിക്കു പറയാനാകും എന്നു കേട്ടിട്ടില്ലേ? (താങ്കള്‍ രോഗിയല്ലെങ്കിലും)Thanks.

നരിക്കുന്നൻ said...

വളരെ വിജ്ഞാനപ്രദമായ വിവരണം. ഈ പോസ്റ്റ് ബുക്ക്മാർക്ക് ചെയ്ത് വെച്ചു. ഇത്തരം നല്ല അറിവുകൾ ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു.

വിജയലക്ഷ്മി said...

Arivinte velichham ellaavarkkum pakarnnathinu nandi...eepost njan munnevaayichhu commentittathaanallo pkshe eppolkaanunnilla..

ബഷീർ said...

ഈ പോസ്റ്റ്‌ കണ്ടിരുന്നില്ല. ഈ അറിവുകള്‍ വിശദമായി എഴുതി പങ്ക്‌ വെച്ചത്‌ നന്നായി.

B Shihab said...

ഈ വിവരങ്ങൾക്കു നന്ദി.

Sathees Makkoth | Asha Revamma said...

പുതിയൊരറിവാണ്. നന്ദി

അനീഷ് രവീന്ദ്രൻ said...

കുറേ നാളുകൾക്ക് ശേഷം അൽ‌പ്പം സമയം കിട്ടിയപ്പോൾ നിങ്ങളുടെ പഴയ പോസ്റ്റുകളിൽ കൂടി കടന്ന് പോകുകയായിരുന്നു. ഈ ലേഖനം വളരെ നന്നായി തോന്നി. കുറച്ച് നാളായി പുകവലി നിർത്താൻ ഞാൻ ശ്രമിച്ച് കൊണ്ടിരിക്കുകയുമാണ്. ഇങ്ങനൊരു കാര്യത്തെക്കുറിച്ച് ആദ്യം കേൾക്കുകയാണ്. വളരെ നന്ദി.

musthu said...

good attempt

Aparna Panamoottil Radhika said...

ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ കണ്ടത് ... മനസ്സിലെ വേദനകളെ അക്ഷരങ്ങളാക്കാന്‍ കഴിയുന്നവര്‍ക്ക് ദൈവത്തിന്റെ താങ്ങ് വേദന തന്ന അറിവ് പകരാന്‍ കഴിയുന്നത് മനസ്സിന്റെ നന്മ .. ആശംസകള്‍

tnbchoolur said...

bindu jeevikkunnu jiivippikkunnu nanni valare valae nanni.

tnbchoolur said...

bindu jeevikkunnu jiivippikkunnu nanni valare valae nanni.

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP