Monday, March 17, 2008

ബ്യൂട്ടി പാര്‍ലറില്‍ ഒരു ദിനം..

പതിവ് ഊരുചുറ്റലിനു ശേഷം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് നേരെ ബ്യൂട്ടിപാര്‍ലറിലേക്ക് കയറി. ഇവിടെ ബ്യൂട്ടിപാര്‍ലറുകള്‍ ലേഡീസ് സലൂണ്‍ എന്നാണ് അറിയപ്പെടുന്നത്. പുരികം ഷേപ് ചെയ്യുക എന്നൊരു എന്നൊരു എളിയ ഉദ്ദേശമല്ലാതെ ഫേഷ്യല്‍,ഹെയര്‍ കട്ട് തുടങ്ങിയ അഹങ്കാരങ്ങളൊന്നും നാട് വിട്ടതില്പിന്നെ എന്നെ തൊട്ടുതീണ്ടിയിട്ടേയില്ല! അതിന് കാരണങ്ങള്‍ രണ്ട്: ഒന്ന്, ദിര്‍ഹം രൂപയിലേക്ക് മാറ്റുമ്പോഴുണ്ടാവുന്ന ടെന്‍ഷന്‍. രണ്ട്, രൂക്ഷമായ ഭാഷാ പ്രശ്നം മൂലം ഇതെങ്കിലും ഒന്ന് ഒപ്പിച്ചെടുക്കാനുള്ള പെടാപ്പാട്!!.


കറുത്ത സുന്ദരികള്‍ രണ്ടുപേരും ഇന്ന് ബിസിയാണ്. രണ്ട് കസ്റ്റമേഴ്സ് ഉണ്ട്. അവരുടെ തലയില്‍ തകൃതിയായ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു. “ഓ, ഇവളെത്തി” എന്ന മട്ടില്‍ എന്നെ ഒന്നു നോക്കി വീണ്ടും പണികളില്‍ മുഴുകി. ഞാന്‍ ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുന്നു. ഈയിടെ ആയി അവര്‍ക്ക് എന്നെ തീരെ മൈന്‍ഡില്ല. കിട്ടാനുള്ളത് വെറും പത്ത് ദിര്‍ഹം (ഈശ്വരാ, നാട്ടില്‍ അത് 100 രുപ!) മാത്രമാണല്ലോ. ഇന്ന് കുറച്ചു വൈകുന്ന ലക്ഷണമാണ്.പോയിട്ട് പിന്നീട് വരാം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എങ്ങനെ പറയും? അറബിയല്ലാതെ ഒരു വാക്കു പോലും അറിയാത്തവര്‍.


ഇവിടെ വന്നയിടയ്ക്ക് ബില്‍ഡിംഗിന്റെ തൊട്ടടുത്തുള്ള ഒരു പാര്‍ലറിലാണ് പോയത്. ഞാന്‍ ഇംഗ്ലീഷില്‍ കാര്യം പറഞ്ഞപ്പോള്‍ അവള്‍ “മാഫി മാഫി” എന്നു പറഞ്ഞു. സംഗതി ആകെ കുഴയുന്ന ലക്ഷണമാണ്. ഞാന്‍ പുരികം തൊട്ടു കാണിച്ച് ആംഗ്യഭാഷയില്‍ കാര്യം അവതരിപ്പിച്ചു. അവള്‍ക്ക് കാര്യം പിടി കിട്ടി. ഉടനെ അവള്‍ ഒരു കയ്യില്‍ പ്ലക്കറും മറ്റേകയ്യില്‍ ഒരുണ്ട നൂലും ‍ എടുത്ത് പിടിച്ച് നൂലിനെ ചൂണ്ടി “മാഫി” എന്നു പറഞ്ഞു. അതായത്, അവിടെ പ്ലക്കിംഗ് മാത്രമേ ചെയ്യൂ, ത്രഡിംഗ് ഇല്ല എന്നര്‍ത്ഥം. ശരി, അതെങ്കില്‍ അത് എന്ന് വച്ച് ഞാന്‍ കസേരയില്‍ ഇരുന്നു. അവള്‍ കുറെ നേരം പണിപ്പെട്ട് ഒടുവില്‍ പൂച്ച മാന്തിയതുപോലെ ആക്കിത്തരുകയും ചെയ്തു!. പൈസ കൊടുക്കാന്‍ നേരം അവള്‍ മേശ തുറന്ന് ഒരു അഞ്ച് ദിര്‍ഹം നോട്ട് ഉയര്‍ത്തിക്കാണിച്ചു. ഈ തുകയാണ് ഞാന്‍ കൊടുക്കേണ്ടതെന്ന് ആംഗ്യം! പിന്നീടൊരിക്കല്‍ ഒരു പരീക്ഷണമെന്നോണമാണ് ഞാന്‍ ഈ പാര്‍ലറില്‍ വന്നു നോക്കിയത്. പുറമേനിന്നു നോക്കിയപ്പോള്‍‍ കെട്ടും മട്ടും കുറച്ചു കൂടി ഗംഭീരമായിരുന്നു. ഭാഗ്യം! ഇവര്‍ കുറച്ചുകൂടി വിദ്യാസമ്പന്നരാണ്. പൈസ കൊടുക്കാന്‍ നേരത്ത് ടെന്‍ ദിര്‍ഹം എന്നു പറയും! പിന്നെ ത്രെഡിംഗ് എന്ന അത്യന്താധുനിക മാര്‍ഗ്ഗവുമുണ്ട്!.അതില്‍ പിന്നെ ഞാന്‍ ഇവിടത്തെ പതിവുകാരിയായി.


കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 20 മിനിറ്റ് കഴിഞ്ഞു. ഒരുത്തി വന്ന് മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു. ‍ അതിനുള്ളില്‍‍ ശ്വാസം മുട്ടി ഇരുന്നിരുന്ന അറബി ഗാനങ്ങള്‍ പുറത്തേക്ക് കുതിച്ചു. അതോടെ അവരുടെ സംസാരവും കൂടുതല്‍ ഉറക്കെയായി. അകെയൊരു ഉത്സവ പ്രതീതി!

തലപ്പണികള്‍ പുരോഗമിക്കുന്നു. ഇവിടെയുള്ളവര്‍ അധികവും മുടിയിലെ പരീക്ഷണങ്ങള്‍ക്കായാണ് വരുന്നത്. ചകിരി പോലെയിരിക്കുന്ന മുടി(ഞങ്ങളുടെ നാട്ടില്‍ കാപ്പിരികളുടെ മുടി എന്നു പറയും) ഷാമ്പൂ ഇട്ട് വിസ്തരിച്ചു കഴുകലാണ് ആദ്യം. വല്ലപ്പോഴും ഇവിടെ വന്നു ചെയ്യിക്കുന്നതല്ലാതെ വീട്ടില്‍ ഈ പരിപാടിയൊന്നും ഇല്ലായിരിക്കുമോ ? മുടി ഉണക്കിയശേഷം പിന്നെ വിവിധ കലാപരിപാടികളാണ്. ചുരുണ്ട് സ്പ്രിംഗ് പോലെ യിരിക്കുന്ന മുടി ബദ്ധപ്പെട്ട് ചീകിയെടുത്ത് എന്തിനാണാവോ വീണ്ടും ചുരുട്ടുന്നത്? ചിലര്‍ നല്ല കറുത്ത മുടി അവിടവിടെയായി നരച്ച മുടിയുടെ കളര്‍ ആക്കി അത്മവിശ്വാസത്തോടെ പോകുന്നതു കാണാം!


പണികള്‍ ഒരരുക്കാക്കിയിട്ട് ഒരുവള്‍ വന്ന് എന്റെ കാര്യം നടത്തിത്തന്നു. എന്തു കാര്യത്തിനാണ് വന്നതെന്ന് ഈയിടെയായി ആംഗ്യം കാണിക്കാറില്ല. അവര്‍ക്കറിയാം ഈ ദരിദ്രവാസി എന്തിനാണ് വന്നിരിക്കുന്നതെന്ന്. ചെയ്യുന്നതിനിടയില്‍ അവള്‍ അറബിയിലെന്തോ രണ്ടുമൂന്നു പ്രാവശ്യം പറഞ്ഞു. അവര്‍ തമ്മിലെന്തോ പറയുകയാണെന്നു കരുതി ഞാന്‍ കണ്ണടച്ചുതന്നെയിരുന്നു. പിന്നെ അവള്‍ എന്നെ കുലുക്കി വിളിച്ച് വീണ്ടും ആവര്‍ത്തിച്ചു. എന്തോ ഒരു കാര്യം ചെയ്യണോ എന്നു ചോദിക്കുകയാണ്. ഒന്നു പകച്ചിരുന്ന ശേഷം ചെയ്തോളാന്‍ ഞാന്‍ ആംഗ്യം കാണിച്ചു. വേവലാതിയോടെ കണ്ണടച്ചിരുന്നു. അവള്‍ പുരികങ്ങള്‍ക്കിടയിലെ രോമം കളയാന്‍ തുടങ്ങി. ഭാഗ്യം, അവള്‍ ചോദിച്ചത് അതായിരുന്നു!!.


പൈസ കൊടുത്ത് പുറത്തുകടക്കാന്‍ നേരം ഒരുവള്‍ കപ്പുകളില്‍ കട്ടന്‍ ചായ ഒഴിക്കുന്നതു കണ്ടു. മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തി ക്ഷീണിച്ചവര്‍ക്കുവേണ്ടി..എന്നോടും കഴിക്കാന്‍ ആംഗ്യം കാണിച്ചു. വേണ്ടെന്നു ആംഗ്യം കാണിച്ച് ഞാന്‍ ഇറങ്ങി. “ഒന്നും വേണ്ടെന്റെ പൊന്നെ, ഇതെങ്കിലും ചെയ്തുതന്നത് വലിയ ഉപകാരം” എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്.........!!

14 പ്രതികരണങ്ങള്‍:

Anonymous said...
This comment has been removed by a blog administrator.
അല്ഫോന്‍സക്കുട്ടി said...

ഈ സുന്ദരി ചേച്ചിയെ കാണാന്‍ ഞാനെന്തേ ഇത്ര വൈകി.

ശ്രീ said...

അവതരണം കൊള്ളാം ചേച്ചീ.
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ബ്യൂട്ടിപാര്‍ലറില്‍ ഒരു ദിനം” ഹോ അപ്പോള്‍ ദിവസം മൊത്തം അതിനകത്ത് തന്നേ!!!!
:)

എന്തായാലും മുഖത്തിനു കാര്യമായ കേടൊന്നും പറ്റീലല്ലോ ഭാഗ്യം.

നജൂസ്‌ said...

പണ്ടൊരു ചുള്ളന്‍ ബാര്‍ബര്‍ ഷോപ്പില്‍ കേറി തല നമ്മുടെ മമ്മൂക്കാടെ Style ല്‍ അങ്ങ്‌ കട്ടാന്‍ പറഞ്ഞു. നിറക്കൂട്ട്‌ തകര്‍ത്തോടുന്ന സമയാണന്ന്‌. ഷോപ്പിലെ ഗഡി വെച്ചങ്ങ്‌ കീറി. നല്ല കരിക്കിന്റെ മോന്ത പോലെ. പിന്നത്തെ പുകില്‌ പറയണോ....:)

എഴുത്ത്‌ നന്നായിട്ടുണ്ട്‌ട്ടാ...

വരാം

ബിന്ദു കെ പി said...

ശ്രീ :) ബൂലോകരുടെ പ്രിയ സുഹൃത്തേ, നന്ദി, സൌഹൃദം ഞാനുമായും പങ്കു വച്ചതിന്..

കുട്ടിച്ചാത്തന്‍ : ഇവരുടെയൊക്കെ അടുത്തുനിന്ന് ഒരു കാര്യം നടത്തിക്കിട്ടണമെങ്കില്‍ ഒരു ദിവസം തന്നെ പോരാതെ വരും..!!

ബിന്ദു കെ പി said...

നജൂസ്‌ :) ഹ..ഹ.. മുടി ഏതു സ്റ്റൈലിലാണ് വെട്ടേണ്ടതെന്നു പറയുന്നതിനു മുന്‍പ് അന്നേരം തകര്‍ത്തോടുന്ന സിനിമയേപ്പറ്റിയും കൂടി ഒന്ന് ആലോചിക്കുന്നതാണ് ബുദ്ധി അല്ല്ലേ...

സുബൈര്‍കുരുവമ്പലം said...

നന്നായിട്ടുണ്ട് .... ബ്യൂട്ടി പാര്‍ലറില്‍ നിത്യ സന്ദര്‍ശകയാണല്ലേ .....

The Common Man | പ്രാരബ്ധം said...

ഊട്ടി-മേട്ടുപ്പാളയം റെയില്‍വേ ലൈന്‍ പോലെ വളവൊത്തു കിടക്കുന്ന പുരികങ്ങള്‍, അതുപോലെയാക്കുന്നതു ഒരു കലയാണെന്നു നമ്മുടെ ഒരു ചങ്ങാതിനി പറഞ്ഞു കേട്ടിട്ടുണ്ടു. കൈ വിരലില്‍ നൂല്‍ പിടിച്ചു നെയ്ത്തുപോലെ എന്തോ ഒരു പരിപാടി അല്ലേ?

നിരക്ഷരൻ said...

'എംബെഡ‌ഡ് കമന്റ് ബോക്സ്' ഒഴിവാക്കുക.

ഈ സംവിധാനത്തില്‍ നിലവില്‍ നമ്മളിട്ട കമന്റുകള്‍ക്ക് ശേഷം വരുന്ന കമന്റുകള്‍ കാണാനുള്ള 'ഫോളോ അപ്പ് കമന്റ്‌സ് ' എന്ന ഓപ്ഷന്‍ ഇല്ല. ഇത് ചില പോസ്റ്റുകളിലെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

എങ്ങനായാലും അത് ഒഴിവാക്കിക്കിട്ടിയാല്‍ നന്നായിരുന്നു. അതില്‍ ഇട്ട കമന്റ് ഡിലീറ്റ് ചെയ്യാനും പറ്റണില്ല. ഈ ഡിലീറ്റ് പ്രശ്നം ഇനി എന്റെ കമ്പ്യൂട്ടറിന്റെ മ്‍ാത്രം കുഴപ്പമാണോന്നും അറിയില്ല.

നിരക്ഷരൻ said...

ഈ പുരികത്തിന്റെ പ്രയോജനമെന്താ മനുഷ്യശരീരത്തില്‍ ?
ചുമ്മാ പാര്‍ലറുകാര്‍ക്ക് ജീവിച്ച് പോകാന്‍ വേണ്ടി മാത്രമാണോ ? ഇതിനെ ഒരു ഡിസൈന്‍ മിസ്റ്റേക്ക് എന്ന് വിളിക്കാമോ ?

പടച്ചോനേ കാത്തോളണേ...ഞാനൊരു നിരക്ഷരന്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞെന്ന് വെച്ച് ശിക്ഷിച്ചേക്കതുത് കേട്ടോ ? ങ്ങടെ ഡിസൈന്‍ തന്നെ ബെസ്റ്റ് ഡിസൈന്‍.... :) :)

ബിന്ദു കെ പി said...

പെണ്ണുങ്ങളുടെ പുരികത്തിന്റെ പ്രത്യേകത അറിയില്ലേ? മാരിവില്ലിന്റെ ആകൃതിയൊത്ത പുരികമായിരുന്നു പുരാണങ്ങളിലെ പെണ്മണികള്‍ക്ക് ദൈവം കൊടുത്തിരുന്നത്. പക്ഷേ കലികാലത്ത് പലതും പിന്‍‌വലിച്ച കൂട്ടത്തില്‍ അതും ദൈവം പിന്‍‌വലിച്ചു. എന്നാല്‍ അങ്ങനെയങ്ങ് തോറ്റുകൊടുക്കാന്‍ പറ്റുമോ? ദൈവം തന്നില്ലെങ്കില്‍ മാനുവലായിട്ട് ഉണ്ടാ‍ക്കും!! ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് ബ്യൂട്ടി പാര്‍ലറുകള്‍ ചെയ്തുവരുന്നത്. ഒന്നോ രണ്ടോ നിരക്ഷരകുക്ഷികള്‍ എന്തെങ്കിലും പറഞ്ഞതുകൊണ്ട് തകരുന്ന വ്യവസായമൊന്നുമല്ലിത്. കാരണം, കൂടെയുള്ളവര്‍ പലരും പുരികം ഷേപ്പ് ചെയ്യാന്‍ പോകുന്നതുകണ്ട് ഒരു കൌതുകത്തിന് കൂടെ പോയ എന്നേപ്പോലുള്ളവര്‍ ഉള്‍പ്പെടെ ആരും ഒരിക്കല്‍ ചെയ്തുപോയാല്‍ പിന്നെ വീണ്ടും വീണ്ടും ചെയ്യാതിരിയ്ക്കാന്‍ കഴിയില്ല!!ഇല്ലെങ്കില്‍ ആദ്യത്തേതിനേക്കാള്‍ വികൃതമായിട്ടായിരിക്കും പുരികത്തിന്റെ വളര്‍ച്ച!! മുഴത്തിനു മുഴത്തിന് പാര്‍ലറുകള്‍ ഉണ്ടാ‍കുന്നതിനെ പറ്റി ചില അസൂയാലുക്കള്‍ പരിഹസിക്കാറുണ്ടെങ്കിലും എല്ലാവരുടേയും ആവശ്യങ്ങള്‍ക്ക് തികയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പെണ്ണുങ്ങളുടെ ഈ ദയനീയാവസ്ഥ പരിഗണിച്ച് , ഗവണ്മെന്റ് നേരിട്ട് മുന്‍‌കൈ എടുത്ത് കുടുംബശ്രീ വഴിയായും മറ്റും കൂടുതല്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങാന്‍ ആലോചിയ്ക്കുന്നുണ്ടത്രേ...!!!!!

ഇട്ടിമാളു അഗ്നിമിത്ര said...

നിരക്ഷരാ.. നെറ്റിയിലെ വിയർപ്പ് കണ്ണിലേക്ക് ഒഴുകാതിരിക്കാൻ തടയിട്ടതാ..

പക്ഷെ ഇപ്പൊഴത്തെ ഫാഷൻ പുരികം മൊത്തമായി വടിച്ചു കളയുന്നതാ..

http://www.nytimes.com/2009/07/16/fashion/16EYEBROW.html

Echmukutty said...

അയ്യയ്യോ......
പുരികം ഷേപ്പാക്കലോ? വേണ്ട,വേണ്ട.
ഒരു കൂടുകാരി തുടങ്ങിയ പാർലറിൽ സൌഹൃദ സന്ദർശനത്തിനു പോയപ്പോ അവൾ എന്നെ സുന്ദരിയാക്കാമെന്ന് പറഞ്ഞ് കുടുകുടാന്ന് കരയിപ്പിച്ചു.
എന്തൊരു വേദന!
ഫലം? സുഹൃത് ബന്ധം ഫോണിലൂടെയാക്കി മാറ്റി.

എഴുത്ത് രസമായിട്ടുണ്ട്. പിന്നെ നിരക്ഷരന് ഇട്ടിമാളു കൊടുത്ത ഉത്തരത്തിന്റെ താഴെ ഞാനും ഒപ്പു വെയ്ക്കുന്നു.

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP