Monday, May 23, 2011

ഫോബിയ

ഭയം(Fear) എല്ലാവരിലുമുണ്ട്. അപകടാവസ്ഥകളില്‍ സ്വയരക്ഷയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തേയും മനസ്സിനേയും സജ്ജമാക്കാന്‍ ഭയം സഹായിക്കുന്നു. ഇത് ശരീരത്തിന്റെ തികച്ചും സ്വാഭാവികമായ പ്രതികരണമാണ്. എന്നാല്‍, അമിതവും, യുക്തിപരമായ അടിസ്ഥാനമില്ലാത്തതും, അസാധാരണവുമായ ഭയത്തെ ഫോബിയ(phobia) എന്ന് പറയുന്നു. ഇതൊരു മാനസികരോഗമായാണ് കണക്കാക്കപ്പെടുന്നത്. കാരണം, ഫോബിയ പിടികൂടുന്ന വ്യക്തിയുടെ മനസ്സിന്റെ നിയന്ത്രണം തന്നെ പലപ്പോഴും കൈവിട്ടുപോവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്.

ഇത്തരത്തിലുള്ള തീവ്രഭയം അപ്രതീക്ഷിതമായി കാണുന്ന ഒരു വസ്തുവിനോടോ, ജീവിയോടോ, അകപ്പെടുന്ന സാഹചര്യത്തോടോ ഉണ്ടാകാം. ഇതില്‍ ഏറ്റവും കൂടുതലായിട്ടുള്ളത് പട്ടി, പൂച്ച മുതലായ മൃഗങ്ങളോടുള്ളതും പിന്നെ ഇഴജന്തുക്കളോടുമുള്ളതത്രേ. വെള്ളത്തിനോട്, ഇടിമിന്നലിനോട്, ഇരുട്ടിനോട്, ഉയരത്തിനോട്,എട്ടുകാലിയോട്, കറങ്ങുന്ന ഫാനിനോട്, എന്നുവേണ്ട ക്യാമറയുടെ ഫ്ലാഷ് ലൈറ്റിനോടുപോലും ഫോബിയയുള്ളവരുണ്ട്. മനുഷ്യരില്‍ ഇരുപത്തഞ്ചു ശതമാനം പേരിലും ഏതെങ്കിലും തരത്തിലുള്ള ഫോബിയ ഉള്ളതായി പറയപ്പെടുന്നു.

ഞാനിപ്പോള്‍ പറഞ്ഞുവരുന്നത് മേല്പറഞ്ഞ ഇരുപത്തഞ്ചു ശതമാനത്തില്‍ ഈയുള്ളവളും പെടുന്നു എന്നതാണ്.

കുട്ടിക്കാലത്ത്, കുളത്തില്‍, പുളയുന്ന വാല്‍മാക്രിക്കൂട്ടങ്ങളുടെയും, അവയെ നോട്ടമിട്ട് പായലിനുമീതെ തപസിരിക്കുന്ന നീര്‍ക്കോലികളുടെ ത്രികോണത്തലകള്‍ക്കിടയിലൂടെയുമാണ് പതിവായി കുളിച്ചുകയറിയിരുന്നത്.  ഭയത്തിനവിടെ സ്ഥാനമുണ്ടായിരുന്നില്ല. കര്‍ക്കിടകത്തില്‍, മഴ കോരിച്ചൊരിയുന്ന കറുത്ത രാത്രികളില്‍, വിളക്കിനു ചുറ്റും വന്നണയുന്ന പ്രാണികളും കുഞ്ഞുവണ്ടുകളും പുസ്തകങ്ങളില്‍ അരിച്ചുനടക്കുമ്പോള്‍ അതൊരു കളിയായിരുന്നു. ചിലപ്പോളൊരു തവളക്കുഞ്ഞായിരിക്കും കയ്യില്‍ ചാടിവന്നിരിക്കുക. അതിനെ തട്ടിക്കളയുമ്പോള്‍ കയ്യില്‍ ബാക്കിയാവുന്ന തണുപ്പൊരു കൗതുകം മാത്രമായിരുന്നു. പാറ്റകളും എട്ടുകാലികളും ചുണ്ടെലികളും യഥേഷ്ടം വിഹരിക്കുന്ന തട്ടിന്‍‌പുറത്ത് പലപ്പോഴും ഒറ്റയ്ക്ക് “പുരാവസ്തുഗവേഷണം” നടത്താന്‍ കയറുമ്പോഴും ഒരിക്കലും ഭയം തോന്നിയിട്ടില്ല. ആ ഞാന്‍ തോറ്റുപോയത്, ഇപ്പോഴും തോറ്റുകൊണ്ടിരിക്കുന്നത്, തികച്ചുമൊരു നിരുപദ്രവകാരിയായ, വെറുമൊരു പാവം ജീവിയായ, തേരട്ട(Millipede)യോടാണ്. (തേരട്ടയോടും പഴുതാരയോടുമുള്ള ഫോബിയയ്ക്ക്  Myriopodophobia എന്നാണത്രേ പേര്).
നോക്കൂ, തേരട്ടയെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ തന്നെ എന്റെ കൈ നേരിയതോതില്‍ വിറയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു!.

ഓര്‍മ്മവച്ച കാലം മുതലേ ഉള്ളതാണ് എനിക്ക് തേരട്ടയോടുള്ള അസാധാരണമായ, അകാരണമായ ഭയം.അതും കറുത്ത തേരട്ടയാണെങ്കില്‍ പറയാനുമില്ല. എങ്ങിനെയാണത് വിവരിക്കേണ്ടതെന്ന് എനിക്കറിയില്ല.....തേരട്ടെയെ കാണുന്ന മാത്രയില്‍ ശരീരമാസകലം ഒരു വിറയല്‍ പടരുകയും, തൊണ്ടയാകെ വരളുകയും, ഉച്ചത്തിലുള്ള ഒരു നിലവിളി പുറത്തേക്ക് വരാതെ തൊണ്ടയില്‍ കുടുങ്ങുകയും ചെയ്യും. കുറച്ചുനേരത്തേക്കെങ്കിലും മാനസികമായും ശാരീരികമായും തളര്‍ത്തിക്കളയുന്ന ഈ ഭയാനുഭവത്തിന്റെ തീവ്രത, തേരട്ടയെ എത്രത്തോളം അപ്രതീക്ഷിതമായാണ് കാണുന്നത് എന്നതിനനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ഇവയുടെ എണ്ണം പെരുകുന്ന കാലം എന്ന നിലയില്‍ മാത്രം മഴക്കാലം എന്റെ പേടിസ്വപ്നവുമാണ്.

ചെറിയ കുട്ടിയായിരിക്കേ ഒരു ദിവസം രാത്രി തറവാട്ടില്‍ വച്ച് എല്ലാവരും കൂടി അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഞാന്‍ പ്ലേറ്റ് തട്ടിത്തെറിപ്പിച്ച് എഴുന്നേറ്റോടിയത് ഇപ്പോഴും നല്ല ഓര്‍മ്മ. കാര്യമെന്താണെന്നു മനസ്സിലാവാതെ മറ്റുള്ളവര്‍ പകച്ചു. എല്ലാവരും മാറിമാറി ചോദിച്ചിട്ടും തൊണ്ടയാകെ വരണ്ട്, കിലുകിലാ വിറച്ചുകൊണ്ടുനിന്ന എനിക്ക് ഒരക്ഷരം പോലും പറയാന്‍ സാധിച്ചില്ല. അവസാനം ആരോ തേരട്ടെയെ കണ്ടെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്.

പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം രാവിലെ ക്ലാസിലെ ഒരു കുട്ടി വന്നു പറഞ്ഞ വിശേഷം എനിക്കൊരു അഘാതമായി. അന്നവള്‍ കുളി കഴിഞ്ഞ് പെറ്റിക്കോട്ട് ഇട്ടപ്പോള്‍ ഉള്ളിലെന്തോ ഉരയുന്നപോലെ തോന്നി, ഊരിനോക്കിയപ്പോള്‍ അകത്തൊരു കറുത്ത തേരട്ടയായിരുന്നത്രേ!!
“എന്നിട്ട്?” -ആരോ ചോദിച്ചു.
“എന്നിട്ടെന്താ, ഞാനതിനെ എടുത്തുകളഞ്ഞു”.

വളരെ നിസ്സാരമായിട്ടാണ് അവളതു പറഞ്ഞതെങ്കിലും കേട്ടപാടെ തലകറങ്ങുന്നതുപോലെ തോന്നിയെനിക്ക്. അങ്ങനെയൊരു അപകടസാധ്യതയെപ്പറ്റി അപ്പോഴാണ് ഞാന്‍ ബോധവതിയാവുന്നത്. അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ എന്ന ചിന്തപോലും എനിക്ക് തളര്‍ച്ചയുണ്ടാക്കി. ഇടാനുള്ള വസ്ത്രങ്ങളോരോന്നും നന്നായി പരിശോധിച്ച ശേഷം മാത്രം ഇടുക എന്ന ശീലം അതിനുശേഷം ജീവിതത്തിന്റെ ഭാഗമായി. ഇന്നുവരെയും അതിന് മാറ്റമുണ്ടായിട്ടില്ല.

കുട്ടിക്കാലത്ത് എന്റെ വല്യമ്മയുടെ മകനായ അനിച്ചേട്ടന് എന്റെ ഈ തേരട്ടപ്പേടി ഒരു തമാശ പോലെയായിരുന്നു. എന്റെ മുന്നിലേക്ക് തേരട്ടയെ തോണ്ടിയിട്ട് പേടിപ്പിക്കുന്നത് അനിച്ചേട്ടനൊരു രസമായിരുന്നു. ഒരിക്കല്‍ കളിസ്ഥലത്ത് കിടക്കുന്ന തണങ്ങിനെ(കവുങ്ങിന്റെ ഓല) ചൂണ്ടിക്കൊണ്ട് അനിച്ചേട്ടന്‍ പറഞ്ഞു, അതിന്റെ അടിയില്‍ എനിക്കൊരു സമ്മാനം വച്ചിട്ടുണ്ടെന്ന്. ഞാന്‍ ഓടിച്ചെന്ന് തണങ്ങ് മാറ്റിയപ്പോള്‍ കണ്ടതോ? അതിനടിയില്‍ മുഴുവന്‍ പലതരം തേരട്ടകള്‍! പിന്നത്തെ പുകില്‍ പറയേണ്ടല്ലോ.

തേരട്ടയോടുള്ളത്രയും ഇല്ലെങ്കിലും പിന്നെയെനിക്ക് ഇതേ പേടി തോന്നിയിരുന്നത് ഞാഞ്ഞൂളി(മണ്ണിര)നോടാണ്. സ്കൂളില്‍ നിന് മടങ്ങുമ്പോള്‍ പലയിടങ്ങളില്‍നിന്ന് സംഘടിപ്പിച്ചുകൊണ്ടുവരുന്ന ചെടികള്‍ നടാനായി കുഴിതോണ്ടുമ്പോള്‍ അതില്‍നിന്ന് പുളഞ്ഞുപൊന്തുന്ന ഞാഞ്ഞൂളുകളെ കണ്ട് ചെടിയും വലിച്ചെറിഞ്ഞ് ഭയന്നോടിയിട്ടുണ്ട് പലതവണ. എന്തായാലും ആ പേടി മാറിയത് പ്രീഡിഗ്രിയ്ക്ക് സുവോളജി ലാബില്‍ വച്ചാണ്. കീറിമുറിച്ച് പഠിക്കാനുള്ള സ്പെസിമനുകളില്‍ തവള-പാറ്റ എന്നിവയ്ക്കുപുറമേ ഞാഞ്ഞൂളും ഉണ്ടായിരുന്നു. ഡിസക്ഷന്‍ ട്രേയില്‍ നിണ്ടുനിവര്‍ന്നു കിടക്കുന്ന ഞാഞ്ഞൂളിനെ നോക്കാന്‍ പോലും ശക്തിയില്ലാതെ പകച്ചിരിക്കവേ, മിസ്സിന്റെ ദേഷ്യത്തോടെയുള്ള അലര്‍ച്ചയില്‍, അതുകേട്ട് ലാബ് അറ്റന്‍ഡറിന്റെ പരിഹാസച്ചിരിയില്‍, ഒക്കെ എന്തോ ഒരു വാശി കേറി , വിറകൈ കൊണ്ടാണെങ്കിലും ഞാന്‍ ടൂള്‍സെടുക്കുകയായിരുന്നു...... അങ്ങനെ രണ്ടുമൂന്നു ക്ലാസ് കഴിഞ്ഞപ്പോഴേക്കും ഞാഞ്ഞൂള്‍ എന്റെ പേടിസ്വപ്നമല്ലാതായി.

പക്ഷേ വര്‍ഷങ്ങളെത്ര കടന്നുപോയിട്ടും തേരട്ട ഇന്നുമെന്റെ മനസ്സിനൊരു കീറാമുട്ടി തന്നെ.ചുമരിലൂടെ പതിയെ നീങ്ങുന്ന ചെറുരേഖയായും, ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച ചക്രമായും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ തൂങ്ങിക്കിടക്കുന്ന ചോദ്യചിഹ്നമായുമൊക്കെ എത്രയൊ തവണ ഈ ചെറുജീവിയെന്റെ മനഃസ്സമാധാനം കെടുത്തിയിരിക്കുന്നു.... തേരട്ട തുരത്തലിന്റെ ഭാഗമായി വീട്ടിലെ സകലമാന ജനലുകളും വെന്റിലേറ്ററുകളും കൊതുകുവല അടിച്ച് സുരക്ഷിതമാക്കിയിട്ടും ഫലമില്ല. എങ്ങിനെയെങ്കിലും അകത്തു കയറിപ്പറ്റുന്നതില്‍ എന്റെ എതിരാളി വിജയിക്കുക തന്നെ ചെയ്യുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന പോളിസിയാണ് ഞാനിതിന് ബദലായി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് എന്റെ പതിവ് സൂക്ഷ്മപരിശോധനകളില്‍ മിക്കവാറും തേരട്ട കണ്ടെത്തപ്പെടാറുമുണ്ട്. ശരിക്കുമൊരു കള്ളനും പോലീസും കളി!!

ഇനി ഞാനും തേരട്ടയും തമ്മില്‍ എന്തെങ്കിലും മുജ്ജന്മബന്ധമുണ്ടായിരുന്നൊ എന്തോ......പോയ ജന്മങ്ങളിലെപ്പോഴോ തിരസ്ക്കരിക്കപ്പെട്ട വാത്സല്യത്തിന്റെ, സ്നേഹത്തിന്റെ, അതുമല്ലെങ്കില്‍ പ്രണയത്തിന്റെ കടം ബാക്കിയുണ്ടോ ഞങ്ങള്‍ക്കിടയില്‍? എങ്കില്‍.....എങ്കില്‍.......പ്രിയ സഹജീവീ, എന്നോടു പൊറുക്കുക..... ഒരുപക്ഷേ ഇനിയുമെത്രയോ ജന്മങ്ങള്‍ വേണ്ടിവന്നേക്കാം ഞാന്‍ നിന്നെ തിരിച്ചറിയാന്‍.........

വാല്‍ക്കഷ്ണം: എല്ലാത്തരം ഫോബിയക്കും ചികിത്സയുണ്ടത്രേ. ഇതില്‍ ജീവികളോടുള്ള ഫോബിയയുടെ ചികിത്സയ്ക്ക് പ്രധാനമായും നാല് ഘട്ടങ്ങളാണ് പറയുന്നത്.
ഒന്നാം ഘട്ടം:  ഭയമുള്ള ജീവിയുടെ/മൃഗത്തിന്റെ ഫോട്ടോ(ക്ലോസപ്പ്)യില്‍ എന്നും കുറേനേരം നോക്കിയിരിക്കുക.
രണ്ടാം ഘട്ടം:  അതിന്റെ വീഡിയോ ഷോട്ട് കുറേയധികം കാണുക.
മൂന്നാംഘട്ടം:  അവയുടെ (യഥാര്‍ത്ഥരൂപത്തോട് വളരെ സാമ്യമുള്ള) കൃത്രിമ രൂപങ്ങളോട് അടുത്തിടപഴകാന്‍ ശീലിക്കുക.
ഇതെല്ലാം തരണം ചെയ്തുകഴിഞ്ഞാൽ നാലാമത്തേതും അവസാനത്തേതുമായ  ഘട്ടമാ‍ണ് യഥാര്‍ത്ഥ ജീവിയുമായി ഇടപഴകാന്‍ ശ്രമിക്കുക എന്നത്.....

ആത്മഗതം: ങും....നടന്നതുതന്നെ!

32 പ്രതികരണങ്ങള്‍:

Jazmikkutty said...

വളരെ നല്ല വിഷയവുമായാണല്ലോ ഇത്തവണ ബിന്ദു..ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു ഫോബിയായെങ്കിലും ഇല്ലാത്തവരായി ആരും കാണില്ല.. എനിക്ക് ഇഴ ജന്തുക്കളെ വലിയ പേടിയായിരുന്നു..അനിമല്‍ പ്ലാനട്ടിന്റെ സ്ഥിരം പ്രേക്ഷകയായപ്പോള്‍ ആ പേടിക്ക്‌ അല്‍പ്പം അയവ് വന്നു.പിന്നെ തേരട്ട ഫ്രൈ ചെയ്‌താല്‍ നല്ല രുചിയല്ലേ ബിന്ദൂ..(ഞാന്‍ ഓടി)

Sreejith Sarangi said...

ചില ഫോബിയകള്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടെന്നുതോന്നുന്നു. മിക്ക സ്ത്രീകളും തേരട്ടഫോബിയക്കാരാണെന്നുതോന്നുന്നു. എനിക്ക് ചിലന്തിയെന്നും എട്ടുകാലിയെന്നും വിളിക്കുന്ന spider നോടാണ് ഫോബിയ. ചിലന്തിയെ കുളിമുറിയിലോ മറ്റോ കണ്ടാല്‍ കുളിക്കാതെ ഞാനോടും. ചിലന്തിയുടെ വലിപ്പത്തിനനുസരിച്ച് പേടിയുടെ അളവും കൂടും. ഹെലികോപ്റ്റര്‍ പോലെ പറന്നുവരുന്ന Flying cockroach ഉം അല്പനേരത്തേക്ക് Concentration ഇല്ലാതാക്കും.

പഥികൻ said...

ബാക്കിയുള്ള മൂന്നു ഘട്ടങ്ങളെവിടെ ? ഒരെണ്ണമല്ലേ ആയുള്ളൂ ? എനിക്കുമുണ്ട് ചിലന്തിയെ പേടി...ഒന്നു try ചെയ്തു നോക്കാനായിരുന്നു...

ബിന്ദു കെ പി said...

പഥികൻ: എല്ലാ ഘട്ടങ്ങളും പറഞ്ഞിട്ടുണ്ട്. എന്റെ എഴുത്തിന്റെ കുഴപ്പം കൊണ്ടാണ് കൺഫ്യൂഷൻ വന്നത്. പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. നോക്കൂ....

ponmalakkaran | പൊന്മളക്കാരന്‍ said...

ഹ... ഹ.... ഹ......

ഒരു ഡിസക്ഷൻ ബോക്സ് വാങ്ങിത്തരാം കുറച്ചു കരിംതേരട്ടയേയും(കറുകറുത്ത വലിയ തേരട്ട) കൊണ്ടുത്തരാം കീറിമുറിച്ച് പേടി മാറ്റുക തന്നെ.

എന്താ റഡിയല്ലെ..?

ചില ചൈനീസ് ഡിഷുകളും പരീക്ഷിക്കാം.. O.K

sadu സാധു said...

ശരിയാ ചേച്ചി ഭയം മനുഷ്യനേ കൊണ്ട് എന്തും ചെയിക്കും. പഴഞ്ചോല്ലിലും അതുണ്ട് (എലിയെ പേടിച്ചു ഇല്ലം ചുടുക്കാ എന്നെല്ലാം)എന്റെ മാമനു ഈ തേരട്ടപേടിയുള്ളത്താ. അതിനെ കണ്ടാൽ മാമൻ ഒട്ടം തുടങ്ങും.

ഒരു കഥ കേട്ടിട്ടുണ്ട്. രണ്ടാം ലോക മഹയുദ്ധകാലത് ഒരു കപ്പലി ധാരാളം ആയുധങ്ങളും ആയി ജപ്പാന്കാർ പോക്കുമ്പൊൾ ശ്ത്രു സൈന്യം ആക്രമിക്കുവാൻ വരുന്നെന്നു കേട്ട് അയുധങ്ങൾ ഇരുന്ന കണ്ടെന്നർ എല്ലാരും കുടി ഡോകിൽ നിന്നും മാറ്റി എന്നാൽ പിന്നിട അത് ശത്രു അല്ലെന്നറിഞ്ഞു തിരിചു പിടിക്കുവാൻ ശ്രമിച്ചപ്പൊൾ ഒരിഞ്ചുപോലും നിങ്ങിയില്ലാഎന്നും.
ഭയം വലിയ പുള്ളി തന്നെ!!!!

Typist | എഴുത്തുകാരി said...

എനിക്കു് ഇത്രയോ, ഇതിൽകൂടുതലോ ഒക്കെ അറപ്പും പേടിയുമുള്ള മറ്റൊരു ജീവി കൂടിയുണ്ട്, പഴുതാര.

mini//മിനി said...

തേരട്ട,,, എനിക്കും ഭയമാണ്. പണ്ട് ഓലമേഞ്ഞ വീട്ടിൽ ധാരാളം ഉണ്ടാവും; എന്നാലിന്ന് എന്റെ കോൺക്രിറ്റ് വീട്ടിലും തേരട്ടകൾ എന്നെയും തേടി അകത്ത് വരാറുണ്ട്... പണ്ടത്തെ ഓലമേഞ്ഞത് ഓർമ്മിപ്പിക്കാൻ ആയിരിക്കണം.

പാര്‍ത്ഥന്‍ said...

ഇന്നത്തെ പെൺകുട്ടികളുടെ ഫോബിയ ഫാഷൻ ‘കോക്രോച്ച്’ അല്ലെ. ഈ ഹിന്ദി സിനിമയൊക്കെ കണ്ടിട്ട്, അത് ജീവിതത്തിലും പകർത്തുന്നതാണ്. അല്ലാണ്ടെന്താ.

siya said...

പോസ്റ്റ്‌ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല ..നന്നായി !!
എനിക്ക് തവള യെ ആണ് പേടി .ഇന്ന് രാവിലെ വരുന്ന വഴി ഒരു വലിയ തവള റോഡില്‍ ചത്ത്‌ കിടക്കുന്ന കണ്ടിരുന്നു ..അത് കണ്ടപ്പോള്‍ എന്തോ വിഷമം തോന്നി .ആ വിഷമം ആയി ആണ് ഈ പോസ്റ്റ്‌ വായിക്കാന്‍ ഇരുന്നത് .

Manoraj said...

ബിന്ദുചേച്ചി,
തേരട്ടയെ എനിക്കത്ര പേടിയില്ല. പക്ഷെ പാറ്റ, വണ്ട്, പല്ലി, എട്ടുകാലി മുതലായവെ എന്തോ ഇറിറ്റേഷനോടെയാ കാണുന്നേ. പണ്ടൊക്കെ സ്കൂള്‍ കാലങ്ങളില്‍ റബര്‍ കൊണ്ടൂള്ള ഇത്തരം രൂപങ്ങള്‍ എനിക്ക് തന്ന് എന്റെ വായില്‍ നിന്നും നല്ല ചീത്തകേട്ടിട്ടുള്ള ഒട്ടേറെ കൂട്ടുകാരുണ്ട്. എന്തോ ഇപ്പോഴും അവയോടൊക്കെ വലിയ ഭയം തന്നെ. ആദ്യ രണ്ട് ഘട്ടങ്ങള്‍ എനിക്കത്ര പ്രശ്നമില്ലാതെ തരണം ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. ക്ലോസപ്പ് ഫോട്ടൊയും വീഡിയോയും. പക്ഷെ മൂന്നും നാലും ഘട്ടം ചേച്ചി പറഞ്ഞ ആത്മഗതം പോലെ തന്നെ.. ആ അത്മഗതം അത് എന്റെ കാര്യത്തിലും ശരി തന്നെ.

രമേശ്‌ അരൂര്‍ said...

പേടിയുള്ളവര്‍ക്കായി കഥകളിലെ ചില ഉപമകള്‍ ..
തേരട്ട പോലെയുള്ള ചുണ്ടുകള്‍ (വില്ലന്റെ ബീഡി ക്കറയുള്ള ചുണ്ട് കണ്ട്)
പഴുതാര പോലെയുള്ള മീശ ..
വായനക്കാര്‍ക്ക് മാക്സിമം വെറുപ്പ്‌ വന്നില്ലേ ??:)
ഞാഞ്ഞൂല്‍ ,ചൊറിയന്‍ പുഴു ,അല്ലെങ്കില്‍ കണ്ടംപുഴു ജ്യൂസ് നല്ലതാത്രേ !!
പാചക ബ്ലോഗില്‍ ചേര്‍ക്കാം ..ഗവേഷണം നടത്തൂ ..പേടിയും പോകും :) ഹ ഹ ..:)

Villagemaan/വില്ലേജ്മാന്‍ said...

എനിക്ക് പരിചയമുള്ള ഒരാളുണ്ട്...ഞണ്ട് എന്ന് കേട്ടാല്‍ തന്നെ വിറയല്‍...അത് ദേഹത്തുകൂടി നടക്കുന്നപോലെ തോന്നുമത്രേ...

ഓരോരോ ഫോബിയകള്‍ !

Manju Manoj said...

ബിന്ദു... എനിക്ക് ഫോബിയ തന്നെ ആണ് എന്ന് ഇപ്പൊ മനസ്സിലായി... തേരട്ട അല്ല... തവളയെ... എന്റമ്മോ.... തവളയുടെ പടം കാണുന്നത് പോലും കയ്യും കാലും വിറച്ചു കൊണ്ടാണ്... ജപ്പാനില്‍ ആണെങ്കില്‍ തവളയെ സുന്ദരമായ ജീവി എന്നാണ് കണക്കാക്കുന്നത്... ഇവിടെ ഡിസ്നി കരെക്ടര്‍ പോലെ തവളയും കാണും എല്ലായിടത്തും സോഫ്റ്റ്‌ ടോയ് ഒക്കെ ആയി... എനിക്കത് പോലും കാണുന്നത് പേടിയ... തല കറങ്ങുന്ന പോലെ,ശ്വാസം നിലച്ചു പോകുന്ന പോലെ ഒക്കെ തോന്നും.... ഇപ്പൊ മനസ്സിലായി ഇത് ഫോബിയ തന്നെ...

ഏറനാടന്‍ said...

പേടിക്കാനില്ല. ഹിറ്റ്ലര്‍ സഖാവിന് പൂച്ചയെ പേടിയായിരുന്നു. സാക്ഷാല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കും പൂച്ചയെ ഭയമായിരുന്നു. അത് കാര്യമാക്കണ്ട. മരുന്നില്ല.

Manikandan said...

നല്ല ലേഖനം. വീട്ടിൽ ഏറ്റവും പേടിയുള്ള ജീവി പാറ്റ തന്നെ. :)

Praveen $ Kiron said...

Same pinch:)Bindu chechi...ho vayich kazhinjapol ake oru pedi ividem undo avo theratta..

വീകെ said...

ഒരു തെരട്ടെയെ കണ്ട് പേടിക്കേയ്....അയ്യേ..!! ഇങ്ങനേംടൊ ഒരു പേടിച്ചു തൂ...!!“

രഞ്ജിത്ത് ലാല്‍ എം .എസ്. said...

( മഴ കോരിച്ചൊരിയുന്ന കറുത്ത രാത്രികളില്‍, വിളക്കിനു ചുറ്റും വന്നണയുന്ന പ്രാണികളും കുഞ്ഞുവണ്ടുകളും പുസ്തകങ്ങളില്‍ അരിച്ചുനടക്കുമ്പോള്‍ അതൊരു കളിയായിരുന്നു..........)എന്തുനല്ല ഓറ്മ്മയാണതു..ഏഴിലെത്തിയപ്പോളാണു വീട്ടിലു കറണ്ടു വന്നത്.പിന്നെ വിളക്കിന്റെ കരിമണമില്ല.വന്നു ചാടുന്ന കരിച്ചയെ പിടിച്ചു മൂടു കരിച്ചു വിടുന്ന പരിപാടിയും നിന്നു..അട്ടയെ എനിക്കും അമ്മയ്ക്കും ഒട്ടും ഇഷ്ടമില്ല..ആയിരം കാലുകള് നിരങ്ങിനീങ്ങുന്നത് കാണുമ്പോള് വല്ലാതെ വരും.....

മേല്‍പ്പത്തൂരാന്‍ said...
This comment has been removed by the author.
മേല്‍പ്പത്തൂരാന്‍ said...

ഞാന്‍ ഭയങ്കര ധൈര്യശാലിയാ!ഒരു കുന്തത്തിനേം എനിക്കു പേടിയില്ല,പട്ടിയേകണ്ടാല്‍ കല്ലുങ്കൊണ്ട് പുറകെ ഓടിനടന്ന് എറിയും,ബാക്കിയുള്ള ജന്തുക്കളെ തല്ലിക്കൊല്ലും,ഏതു പാതിരാത്രിയിലും എവിടെയും ഏതുകാട്ടിക്കുടെ വേണേലും കറങ്ങിനടക്കും...പാമ്പിന്റെ കാര്യം ഓര്‍ത്തില്ലങ്കില്‍..!
നാട്ടുകാര് പറയാറുണ്ട് ഇവനെവല്ല മാടനും തല്ലിക്കൊല്ലത്തേയുള്ളൂന്ന്!...അവര്‍ക്കറിയാമോ പട്ടാപ്പകലുപോലും,കയറും ,വാഴനാരും...എന്തിന് എന്റെ ബെല്‍റ്റിനേപ്പോലും കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ച് ഞെട്ടിത്തെറിച്ചിട്ടുള്ള എന്റെ ഫോബിയ..!!!(ആരോടും പറയണ്ടാ കെട്ടോ..)

ചന്തു നായർ said...

ആത്മഗതം: ങും....നടന്നതുതന്നെ! എന്റെ കുഞ്ഞേ...എനിക്കും ഈ സാധനത്തെ വളരെപ്പേടിയാ...മോളു പറഞ്ഞപോലെ...കാണരുതേ എന്ന് വിചാരിച്ച് നോക്കുന്നിടത്തൊക്കെ ഈ ആയിരംകാലന്റെ അലസ ഗമനം.... ഞാനും താങ്കൾ പറഞ്ഞപോലെ ഫോട്ടോ(ക്ലോസപ്പ്)യില്‍ എന്നും കുറേനേരം നോക്കിയിരിക്കുക.
അതിന്റെ വീഡിയോ ഷോട്ട് കുറേയധികം കാണുക. ഒക്കെ ചെയ്തു നോക്കി...കിം ഫലം... ഇനി ഈശരോ രക്ഷതു....അല്ലേ?

Vp Ahmed said...

നല്ല ലേഖനം. അനുഭവത്തിന്‍റെ വെളിച്ചം കൂടെ തട്ടിയപ്പോള്‍ കൂടുതല്‍ ഹൃദ്യമായി. വ്യത്യസ്ഥമായി, മറ്റൊരു പേടിയെപറ്റി എന്റെ ഒരു പോസ്റ്റ്‌ ഉണ്ട്. "അയ്യോ....എനിക്ക് പേടിയാവുന്നു." സൗകര്യം കിട്ടുമെങ്കില്‍ വായിക്കുക.

നെല്‍സണ്‍ താന്നിക്കല്‍ said...

ഇതിനെയൊന്നും അത്ര പേടിക്കണ്ട കാര്യമൊന്നുമില്ല. എന്തോ ദൈവാധീനം കൊണ്ട് എനിക്ക് ഇതിനെ ഒന്നും പേടി ഇല്ല

annyann said...

പാറ്റകളെ പേടിയുള്ള അമ്മായിക്ക് ഞങ്ങള്‍ പണ്ട് പാറ്റകളെ കടലാസില്‍ പൊതിഞ്ഞു കൊടുത്തിരുന്നു... :)

BOBANS said...

ഫോബിയ മനസ്സിന്റെ ഒരു പ്രതിരോധ മാര്‍ഗത്തിന്റെ ഭാഗമാണ്. മാനസിക ആരോഗ്യം നില നിര്‍ത്താന്‍ മനസ്സ് കണ്ടെത്തുന്ന ചില വിദ്യകളാണ്. ബിന്ദു പറഞ്ഞതുപോലെ പല വസ്തുക്കളോടും ഫോബിയ തോന്നുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് സ്ത്രീകളിലാണിത് കൂടുതല്‍. ശാരീരിക ലോകങ്ങളില്‍ നിന്ന് രക്ഷ പെടാന്‍ അല്ലെങ്കില്‍ ഏതെങ്കിലും ശാരീരിക രോഗങ്ങള്‍ ഉണ്ടെന്നറിയിക്കാന്‍ നമുക്ക് ചുമ, തുമ്മല്‍, പനി, ചൊറിച്ചില്‍ എന്നിവ വരാറുണ്ടല്ലോ. എന്ന് പറഞ്ഞത് പോലെ മനസ്സിന്റെ
പെട്ടെന്നുള്ള ഒരു defence mechanism ആണ്. മനസ്സിന്റെ ചില കാര്യങ്ങള്‍ അറിയാന്‍ എന്റെ ബ്ലോഗ്‌ ലിങ്ക് നോക്കുക
http://bjk-bobans.blogspot.com/

BOBANS said...

ഫോബിയ മനസ്സിന്റെ ഒരു പ്രതിരോധ മാര്‍ഗത്തിന്റെ ഭാഗമാണ്. മാനസിക ആരോഗ്യം നില നിര്‍ത്താന്‍ മനസ്സ് കണ്ടെത്തുന്ന ചില വിദ്യകളാണ്. ബിന്ദു പറഞ്ഞതുപോലെ പല വസ്തുക്കളോടും ഫോബിയ തോന്നുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് സ്ത്രീകളിലാണിത് കൂടുതല്‍. ശാരീരിക ലോകങ്ങളില്‍ നിന്ന് രക്ഷ പെടാന്‍ അല്ലെങ്കില്‍ ഏതെങ്കിലും ശാരീരിക രോഗങ്ങള്‍ ഉണ്ടെന്നറിയിക്കാന്‍ നമുക്ക് ചുമ, തുമ്മല്‍, പനി, ചൊറിച്ചില്‍ എന്നിവ വരാറുണ്ടല്ലോ. എന്ന് പറഞ്ഞത് പോലെ മനസ്സിന്റെ
പെട്ടെന്നുള്ള ഒരു defence mechanism ആണ്. മനസ്സിന്റെ ചില കാര്യങ്ങള്‍ അറിയാന്‍ എന്റെ ബ്ലോഗ്‌ ലിങ്ക് നോക്കുക
http://bjk-bobans.blogspot.com/

കൈതപ്പുഴ said...

പോസ്റ്റ്‌ വായിച്ചു..നന്നായി !!

Prasanthunni said...

supper..............ഒരികലെങ്കിലും ആ ,
ഇഷ്ടങ്ങളുടെ സ്വപ്നങ്ങളുടെ ആശികതെവേര്‍ ആരുമുണ്ടാവതിരികില്ല ………..

ആശിച്ചു കൊതി തീരും മുന്‍പേ , സ്നേഹിച്ചു കൊതി തീരും മുന്‍പേ ,മോഹിച്ചു കൊതി തീരും മുന്‍പേ …
ഇനിയും കണമെന്നോതി ആ മോഹങ്ങളെല്ലാം ദൂരെ മറഞ്ഞിരിക്കും ………

അങ്ങനെയുള്ള ആ മോഹങ്ങളെല്ലാം പൂവണിയും പ്രതീഷകളുമായി നമുക്കെ എവിടെ ഒത്തുചേരാം ..................http://prasanth-unni.blogspot.in/

GG Gamers YT said...
This comment has been removed by the author.
GG Gamers YT said...
This comment has been removed by the author.
Unknown said...

സത്യം.... ഈ പറയുന്ന അതേ അവസ്ഥയാണ് തേരട്ടയോട് എനിക്കും... ഇത് വായിച്ചപ്പോൾ തന്നെ ദേഹം മൊത്തം വൈബ്രേറ്റ് ചെയ്യാണ്

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP