Thursday, September 25, 2008

അക്ഷരക്കളരി

കുട്ടികളെ സ്ക്കൂളില്‍ ചേര്‍ക്കുന്നതിനു മുന്‍പ് അക്ഷരങ്ങളും വാക്കുകളും ഹൃദിസ്ഥമാക്കാനായി അയയ്ക്കുന്ന വീടുകള്‍ പണ്ടൊക്കെ ഗ്രാമങ്ങളില്‍ സജീവമായിരുന്നു. നിലത്തെഴുത്താശാന്മാരുടെ വീടുകളായിരുന്നു അവ. നിലത്ത് മണല്‍ വിരിച്ച് അതിലാണ് അക്ഷരങ്ങള്‍ എഴുതുക. എഴുതാനും മായ്ക്കാനും വീണ്ടുമെഴുതാനും വളരെയെളുപ്പം! വേണ്ടതോ,കുറച്ച് മണലും ചൂണ്ടാണിവിരലും മാത്രം!

നിലത്തെഴുത്തുകളരിയില്‍ അക്ഷരം അഭ്യസിയ്ക്കാനുള്ള ഭാഗ്യം എനിയ്ക്കും ഉണ്ടായിട്ടുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ.ആശാത്തീടെ വീട് എന്നാണ് നാട്ടിലെല്ലാവരും പറഞ്ഞിരുന്നത്. വീട്ടിലെ ഇറയങ്ങളും ചായ്‌പ്പും ഒക്കെ തന്നെ ക്ലാസ് മുറികള്‍.ധാരാളം കുട്ടികള്‍. അതുകൊണ്ട് വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം പഠിപ്പിക്കുന്ന ജോലി തന്നെ.പ്രായം ചെന്ന അമ്മാശാത്തി ഉള്‍പ്പെടെ.

ആദ്യമായി ഒരു കുട്ടിയെ ചേര്‍ക്കുമ്പോള്‍ എഴുത്തിനിരുത്തുക എന്ന ചടങ്ങുണ്ട്. വിളക്കു കൊളുത്തിവച്ച് ആശാത്തി കുട്ടിയെ ഹരിശ്രീ കുറിപ്പിയ്ക്കും.അരിയിലാണ് എഴുതുക എന്നാണ് എന്റെ ഓര്‍മ്മ. പിന്നെ ദക്ഷിണ കൊടുത്ത് നമസ്കരിക്കണം. അവില്‍, പഴം,ശര്‍ക്കര മുതലായ സാധനങ്ങളും മിക്കവരും കാഴ്ച വയ്ക്കാറുണ്ട്.ഈ സാധനങ്ങള്‍ അന്നു തന്നെ എല്ലാ കുട്ടികള്‍ക്കും ആശാത്തി പങ്കുവച്ചു തരുകയും ചെയ്യും. പൂര്‍ണ്ണമായും ഗാര്‍ഹികാന്തരീക്ഷത്തിലുള്ള പഠനം. ഒരു സ്കൂളില്‍ പോകുന്ന തോന്നലില്ല. എങ്കിലും ആദ്യത്തെ ദിവസം എന്താണ് കാര്യമെന്നറിയാതെ മിക്കവരും കരച്ചിലും ബഹളവുമായിരിയ്ക്കും. കരയുന്ന കുട്ടികളെ എടുത്തുകൊണ്ട് നടന്ന് ആശ്വസിപ്പിക്കുന്ന ജോലിയും ആശാത്തി ഏറ്റെടുക്കും. ആദ്യത്തെ ദിവസം ഞാന്‍ അലറിക്കരഞ്ഞത് അമ്മയേയോ അച്ഛനേയോ വിളിച്ചായിരുന്നില്ല, എന്നെ കൊണ്ടുപോവുകയും വരികയും ചെയ്തിരുന്ന രാധയെ വിളിച്ചായിരുന്നു!!

നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, മുന്നില്‍ പരത്തിയിട്ട മണലില്‍ ആദ്യം പഠിക്കുന്നത് ഹരിശ്രീഗണപതയേനമ: ആണ്. ഇതില്‍ ശ്രീ എന്ന അക്ഷരമായിരുന്നു വിരലിന് വഴങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടെന്ന് ഞാന്‍ ഓര്‍ക്കുന്നു. പിന്നെ യഥാക്രമം സ്വരം,വ്യഞ്ജനം,ചില്ല്,പിന്നെ കൂട്ടക്ഷരങ്ങളും. അക്ഷരങ്ങള്‍ കഴിഞ്ഞാല്‍ അക്കങ്ങളും സംഖ്യകളും അല്പസ്വല്പം ഗണിതവും. ഗണിതം പഠിപ്പിക്കാന്‍ മച്ചിങ്ങ,മഞ്ചാടിക്കുരു വെള്ളാരം‌കല്ലുകള്‍ മുതലായ വസ്തുക്കളായിരുന്നു ഉപയോഗിച്ചിരുന്നത്. കൂട്ടത്തില്‍ താരതമ്യേന ദേഷ്യക്കാരിയായ അമ്മാശാത്തിയാണ് പഠിപ്പിക്കുന്നതെങ്കില്‍ നുള്ളല്‍,വിരല്‍ മണലില്‍ ഉരയ്ക്കല്‍,“പിശാശേ,കുരങ്ങാ” വിളികള്‍ എന്നിവ യഥേഷ്ടം കിട്ടിയതുതന്നെ.സൌമ്യപ്രകൃതക്കാരിയായ കനകാശാത്തിയെ ആയിരുന്നു എല്ലാവര്‍ക്കും ഇഷ്ടം. കുറച്ചുനേരം പഠിച്ചുകഴിഞ്ഞാല്‍ എല്ലാവരേയും മുറ്റത്ത് കളിക്കാന്‍ വിടും. “മിണ്ടാപ്പൂതം”,“നാരങ്ങപ്പാല്..”,“പൂപറിക്കാന്‍ പോരുമോ..” എന്നിങ്ങനെ പലവിധ കളികള്‍. ഞാനുള്‍പ്പെടെയുള്ള നാണംകുണുങ്ങികളായ കുട്ടികള്‍ ആശാത്തിയുടെ കൂടെ തിണ്ണയിലിരുന്ന് കൊത്താംകല്ലുകളി അഭ്യസിക്കും. ചിലപ്പോള്‍ ആശാത്തി മുടി ചീകി ഭംഗിയായി കെട്ടിത്തരുകയും ചെയ്യും. വല്ലാത്തൊരു ആത്മബന്ധമായിരുന്നു അത്.

അവിടെ നിന്ന് പഠിച്ചുപോയി പിന്നീട് നല്ല ജോലിയൊക്കെ കിട്ടിയവര്‍ ആദ്യത്തെ ശമ്പളത്തില്‍ നിന്ന് വാങ്ങിച്ച എന്തെങ്കിലും സമ്മാനവുമായി ആശാത്തിയുടെ അനുഗ്രഹത്തിനായി വരുന്നത് കണ്ടിട്ടുണ്ട്. എല്ലാം അവിടെ അക്ഷരം പഠിച്ചതിന്റെ ഐശ്വര്യമാണ് എന്നാണ് അവരൊക്കെ പറയാറ്.

വലിയ നിലയിലായെന്ന അഭിമാനത്തോടെ ആശാത്തിയെ ചെന്ന് കാണാനൊന്നും കഴിഞ്ഞില്ലെങ്കിലും, ആദ്യമായി ബ്ലോഗ് തുടങ്ങുമ്പോള്‍, കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ പെറുക്കി വയ്ക്കുമ്പോള്‍, ഓര്‍മ്മയില്‍ വന്നതും ആശാത്തിയുടെ വീട്ടിലെ പഠനം തന്നെയാണ്. എന്തെങ്കിലുമൊക്കെ കുത്തികുറിയ്ക്കാനൊരുങ്ങുമ്പോള്‍, ആ പഴയ അക്ഷരക്കളരിയ്ക്ക് ഞാന്‍ മനസ്സാ നന്ദി പറയുന്നു.. കുറഞ്ഞപക്ഷം ഞാനൊരു അക്ഷരവൈരി ആയിത്തീര്‍ന്നില്ലല്ലോ..

അമ്മാശാത്തിയും കനകാശാത്തിയും ഇന്ന് ഓര്‍മ്മകള്‍ മാത്രം.നിലത്തെഴുത്ത് അവരുള്ളപ്പോള്‍ തന്നെ നിലച്ച മട്ടായിരുന്നു.പഠിക്കാന്‍ കുട്ടികളില്ലാത്തതുതന്നെയാണ് കാരണമെന്ന് ഒരിക്കല്‍ കണ്ടപ്പോള്‍ അശാത്തി പറഞ്ഞതോര്‍ക്കുന്നു.മാറ്റങ്ങള്‍ പിന്തള്ളിയ അനേകം നാടന്‍ സമ്പ്രദായങ്ങളുടെ കൂട്ടത്തില്‍ നിലത്തെഴുത്തുകളരിയും പതുക്കെ ചരിത്രത്തിലേക്ക് പിന്‍‌വാങ്ങുകയാണ്...

29 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

കുട്ടികളെ സ്ക്കൂളില്‍ ചേര്‍ക്കുന്നതിനു മുന്‍പ് അക്ഷരങ്ങളും വാക്കുകളും ഹൃദിസ്ഥമാക്കാനായി അയയ്ക്കുന്ന വീടുകള്‍ പണ്ടൊക്കെ ഗ്രാമങ്ങളില്‍ സജീവമായിരുന്നു. നിലത്തെഴുത്താശാന്മാരുടെ വീടുകളായിരുന്നു അവ.

വികടശിരോമണി said...

ചന്നം പിന്നം മഴ പെയ്യുന്ന ഒരു പ്രഭാതത്തിൽ,മുത്തശ്ശിയുടെ കൈ പിടിച്ച്,എഴുത്തു കളരിയിലേക്കു നടന്ന ഓർമ്മ...നന്ദി...

ശ്രീ said...

നല്ല പോസ്റ്റ്. ഇങ്ങനെ ഒരു സമ്പ്രദായം ഞങ്ങളുടെ പ്രായമായപ്പോഴേയ്ക്കും ഇല്ലാതായിക്കഴിഞ്ഞിരുന്നു. എങ്കിലും മുതിര്‍ന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

ജിജ സുബ്രഹ്മണ്യൻ said...

ഞാനും ആശാത്തിയുടെ അടുത്തു പോയാണക്ഷരം പഠിച്ചത്..എന്റെ ആശാത്തി അക്ഷരം പഠിക്കാന്‍ മടി കാണിക്കുന്ന ഞങ്ങളെ കൈ വിരല്‍ മണലില്‍ ഉരച്ച് എഴുതിപ്പിച്ച് അക്ഷരം എഴുതിപ്പിച്ചിട്ടുണ്ട്..അതു കൊണ്ടൊക്കെ ആയിരിക്കും ഇന്നും മലയാളം മാത്രം നല്ല വിവരമാണ്.പഴയ നല്ല ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടു പോയതിനു ഒത്തിരി നന്ദി ബിന്ദൂ..

Sarija NS said...

ഞാനും ആശാന്‍ കളരിയില്‍ പോ‍യിട്ടുണ്ട്. മണലില്‍ എഴുതിപ്പിക്കും. പിന്നെ ആ മണല്‍ അവനവന്‍റെ പാത്രങ്ങളില്‍ വാരി സൂക്ഷിച്ചു വയ്ക്കണം. വീട്ടില്‍ കൊണ്ടുപോകാന്‍ ഓലയില്‍ നാരായം കൊണ്ട് എഴുതിത്തരും. അതില്‍ കരിക്കട്ട കൊണ്ടുരയ്ക്കുമ്പോള്‍ അക്ഷരങ്ങള്‍ തെളിഞ്ഞു വരും. ബിന്ദ്വേച്ചി ലാസ്റ്റ് ദിവസം നമ്മളെ എല്ലാം എഴുതിച്ചിട്ട് അവലും മലരുമൊക്കെ തരില്ലെ? ആ ദിവസത്തിന്‍റെ പേരോര്‍മ്മയുണ്ടോ? :( അതുമാത്രം കിട്ടണില്ല

അനില്‍@ബ്ലോഗ് // anil said...

ബിന്ദു,

പഴയ ഓര്‍മകള്‍ ആരും വിട്ടുപോകണ്ട എന്ന വാശിലാണല്ലോ. നന്നായി.

എന്നെ എന്റെ അച്ഛനാണ് എഴുത്തിനിരുത്തിയത്.
തുടര്‍ന്ന് അശാന്‍ പള്ളികൂടം, അഥവാ കുടിപ്പള്ളിക്കൂടം.ഓര്‍മകളധികമില്ല, എങ്കിലും അമ്മയോടു ചോദിക്കട്ടെ, ഞാന്‍ എങ്ങിനെ ആയിരുന്നു എന്നു.

siva // ശിവ said...

നിങ്ങളൊക്ക് എത്ര ഭാഗ്യം ചെയ്തവരാ....ഈ അവസരമൊന്നും എനിക്ക് കിട്ടിയില്ല....അസൂയ ഉണ്ട് കേട്ടോ...

Typist | എഴുത്തുകാരി said...

ഞങ്ങളുടെ നാട്ടില്‍ ആശാന്മാരോ ആശാത്തിമാരോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ പോയ അനുഭവമില്ല. പറഞ്ഞു കേട്ടിട്ടുണ്ട്‌.

നഗ്നന്‍ said...

പണ്ടുള്ളതെല്ലാം
നന്മയും
ഇന്നിന്റെ
കാഴ്ചകള്‍
തിന്മയുമാണെന്നാണ്‌,
ആധുനിക പഴമക്കാരുടെ
ഭാഷ്യം.

ഒരു സംശയം:
നിങ്ങളുടെ കുട്ടികളെ
ഒരു നിലത്തെഴുത്താശാന്റെ
ശിഷ്യരാക്കുമോ
അതൊ
അടുത്തുള്ള INDIAN SCHOOL-ല്‍
വിടുമോ...?

വികടശിരോമണി said...

നഗ്നേട്ടാ,
പണ്ടൊക്കെ നന്മ വിളഞ്ഞിരുന്നൂന്നൊന്നുമല്ല ഈ ഓർമ്മയുടെ അർത്ഥം.നടന്ന വഴികളിലേക്ക് ഒരു ചാരുതയാർന്ന തിരിഞ്ഞു നോട്ടം,അത്രമാത്രം.കുട്ടിക്കാലത്ത്,അച്ഛനോടൊപ്പം ഒരു കാളവണ്ടിയിലിരുന്നു പോയപ്പോഴുള്ള ‘കിടുകിടു’ശബ്ദവും മണികിലുക്കവും ഞാനിന്നും ഓർത്തു മധുരിക്കാറുണ്ട്.അതിനർത്ഥം,എന്റെ കുട്ടികളെ ഞാൻ കാളവണ്ടിയിൽ വിടും എന്നല്ല.അങ്ങനെ ഒരോർമ്മ.അത്രമാത്രം.എല്ലാറ്റിനേയും രാഷ്ടീയമായി അതിവായിക്കരുത്.ഇനിയും പറയാനുണ്ട്,സമയമില്ല.പറ്റുമെങ്കിൽ ഇതൊന്നു വായിക്കൂ

annamma said...

ഇതൊക്കെ കഥയില് മാത്രം വായിച്ചു കേട്ടിട്ടുള്ള കാര്യാങ്ങാളാണ് എന്നിക്ക്. പിന്നെ എന്തു പറയാന്

ബിന്ദു കെ പി said...

വികടശിരോമണി,ശ്രീ : നന്ദി, വന്നതിന്.
എനിക്ക് ഒരുപാട് പ്രായമായെന്നാണോ ശ്രീ പറഞ്ഞുവരുന്നത്? :) :)

കാന്താരി,സരിജ: നിങ്ങള്‍ക്കും ഇത്തരം ഓര്‍മ്മകളുണ്ടല്ലേ. സരിജേ, ലാസ്റ്റ് ദിവസം അങ്ങിനെയൊരു ഏര്‍പ്പാടുണ്ടോ? എന്റെ ഓര്‍മ്മയില്‍ അദ്യത്തെ ദിവസമാണ് അങ്ങിനെ പതിവ്. വെവ്വേറെ സ്ഥലങ്ങളില്‍ ആചാരങ്ങളിലും വ്യത്യാസമുണ്ടാവുമല്ലോ അല്ലേ?

അനില്‍: എനിയ്ക്ക് അങ്ങനെ വാശിയൊന്നുമില്ല. ഓര്‍മ്മകളാണ് എന്നെ വിട്ടു പോവില്ലെന്ന്‍ വാശി പിടിയ്ക്കുന്നത്.

ശിവ, എഴുത്തുകാരി : നന്ദി,വന്നതിന്.

നഗ്നന്‍: എന്നേ നിലച്ചുപോയൊരു സമ്പ്രദായത്തിലൂടെ (അതുകൊണ്ടുതന്നെ നഗ്നന്‍ ചോദിച്ച ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല) അക്ഷരം പഠിച്ചതിന്റെ ഓര്‍മ്മകള്‍ ഇവിടെ കുറിച്ചിട്ടെന്നേ ഉള്ളൂ.അതിനേപ്പറ്റി അറിയാത്തവര്‍ക്കോ അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കോ ഉപകാരപ്പെട്ടാലോ? അല്ലാതെ ഒരു വിവാദമുണ്ടാക്കാന്‍ പോന്ന വകുപ്പൊന്നും ഇതില്‍ തിരഞ്ഞുപിടിക്കേണ്ടതില്ല.

നന്മയായാലും തിന്മയായാലും ഈ ആധുനിക പഴമക്കാരിയുടെ ഓര്‍മ്മകളില്‍ നിന്ന് ഇതൊക്കെയേ എഴുതാനുള്ളു.പിന്നിട്ട വഴികള്‍ മറന്നുകൊണ്ട് ജീവിക്കാന്‍ എനിയ്ക്ക് സാധിക്കില്ല. ക്ഷമിക്കുക.

വികടശിരോമണി: നഗ്നന് കൊടുത്ത ഈ മറുപടിയും ഇവിടെ പറഞ്ഞിട്ടുള്ള പോസ്റ്റും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലല്ലോ..

അന്നാമ്മ: കഥയില്‍ കേട്ടിട്ടുള്ള കാര്യങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

നഗ്നന്‍ said...

മണിക്കുട്ടാ,
'കാളവണ്ടിയും,മണികിലുക്കവും'
നിലാവിന്റെ മണമുള്ള
സ്മരണകള്‍ തന്നെ.

ആ ഓര്‍മ്മകളിലേയ്ക്ക്‌
നിലാവ്‌ പെയ്യുന്നത്‌,
ഒരിയ്ക്കലും
തിരിച്ചു വരാനാകാത്ത വണ്ണം,
കാലത്തിന്റെ വിരലുകള്‍ക്കിടയിലൂടെ
അവയെല്ലാം
അപ്രത്യക്ഷമായതുകൊണ്ട്‌ മാത്രമാണ്‌.

അല്ലാതെ,
അവയുമായി
അത്ര 'മധുരിക്കുന്ന'
ആത്മബന്ധമുണ്ടെങ്കില്‍,
ആധുനികതയുടെ
സുഖലോലുപചിഹ്നങ്ങള്‍
അഴിച്ചുവച്ച്‌,
മണിക്കുട്ടന്‌,
'മണികിലുക്കങ്ങള്‍'
സ്വന്തമാക്കാനാകില്ലേ?

എന്തേ,
ആ 'കിലുക്കങ്ങള്‍'
ഇന്നിന്റെ
അത്യന്താപേക്ഷിതങ്ങളില്‍
കുട്ടനുള്‍പ്പെടുത്തുന്നില്ല?


നിലാവു പെയ്യുമ്പോള്‍
എല്ലാം
മധുരതരമാണ്‌;
പ്രണയാതുരമാണ്‌.

പിന്നെ,
ചുട്ടുപഴുത്ത സൂര്യനുമായി
പകലെത്തുമ്പോള്‍................

നഗ്നന്‍ said...

ബിന്ദൂ,

എന്റെ
ചോദ്യത്തിന്റെ 'അപ്രസക്തി'യുടെ
വേരുകള്‍ മുളപൊട്ടുന്നത്‌
'നിലച്ചുപോയൊരു സമ്പ്രദായ'ത്തില്‍ നിന്നുമാണെന്നല്ലേ
നിഗമനം.

ആരാണ്‌
ഈ 'സമ്പ്രദായത്തിന്റെ'
മരണത്തിനുത്തരവാദികള്‍?

എഴുത്താശാന്മാരെല്ലാം
ഒരു സന്ധ്യയില്‍
കടലില്‍
എഴുത്താണിയുമായി
ജീവത്യാഗം ചെയ്തോ?

ആരാണിപ്പോഴും
അവരെ ഓര്‍ക്കുന്നത്‌?

ഓര്‍ക്കുന്നവര്‍
അവര്‍ക്കായി
എന്തു ചെയ്യുന്നു?


അന്യം നിന്നുപോകുന്ന
മൃഗങ്ങളേയും
മരങ്ങളേയും
പോറ്റിവളര്‍ത്താനാളുകളൂണ്ട്‌.

നിലത്തെഴുത്താശാന്മാരേയോ...?

'നിലച്ചുപോയതല്ല'
നന്മയുടെ നിറമുള്ള
നിലത്തെഴുത്താശാന്മാര്‍.

അവരെ
അചേതനങ്ങളാക്കുകയായിരുന്നു,
നമ്മളെല്ലാവരും കൂടി.
അതുകൊണ്ട്‌,
'നിലച്ചുപോയൊരു സമ്പ്രദായ'മെന്നതാണ്‌
തികച്ചും
അപ്രസക്തം.

ഒന്നുകൂടി :

വെറുതെ
മധുരിയ്ക്കാനായി മാത്രം
എന്തിനവരുടെ
ഓര്‍മ്മകളെ തൊട്ടിലാട്ടുന്നു?

തലോലിയ്ക്കണമെന്ന
മോഹം
സത്യമെങ്കില്‍,
അതിനെ
വളര്‍ത്തിക്കൊണ്ടല്ലേ
നാം
സായൂജ്യമടയേണ്ടത്‌.........?

വികടശിരോമണി said...

നഗ്നേട്ടാ,
ഒരു മധുരവും നാം രണ്ടാമതാസ്വദിക്കുന്നില്ല,ഒരു പുഴയിൽ തന്നെ രണ്ടാമതിറങ്ങാനാവാത്ത പോലെ.
വീണ്ടും പുഴക്കരയിലെത്തുമ്പോൾ പുഴയും,
വീണ്ടും രുചിക്കാനായുമ്പോൾ മധുരവും
പുതിയതാകുന്നു.
പുതിയ പുഴയും,പുതിയ നിലാവും,പുതിയ മധുരവും എന്റെ കുട്ടികൾക്കുള്ളതാണ്.അവർക്കു ഞാനെന്തിന്
എന്റെ പഴയ മധുരം വിളമ്പണം?
എങ്കിലും എനിക്കെന്റെ പഴയ പുഴയേയും മധുരത്തെയും മറക്കാനാവില്ല.
ഞാനെന്തിനത് നിർബ്ബന്ധപൂർവ്വം മറക്കണം?
ഇല്ല,ഏതു സുഖലോലുപതകളഴിച്ചാലും എനിക്കാ മണിക്കിലുക്കങ്ങളിനി
സ്വന്തമാവില്ല.
ജഗദ്ഭക്ഷകനായ കാലം ആ മധുരങ്ങളെ എന്നോ തിന്നുതീർത്തു.
എങ്കിലും.
ചുട്ടു പഴുത്ത സൂര്യനു താഴെ മണിക്കുട്ടൻ വിയർത്തൊലിച്ചു നിൽക്കുമ്പോൾ,
ആർദ്രമായ സാന്ത്വനമായി മണിക്കുട്ടന്റെ മനസ്സിൽ ആ നിലാവു പെയ്യുന്നുണ്ട്.അതാണ്,അതുമാത്രമാണ് മണിക്കുട്ടനെ മനുഷ്യനാക്കുന്നത്.

വികടശിരോമണി said...

ബിന്ദുച്ചേച്ചീ,
ഞാനും നഗ്നേട്ടനും ഒരു കാര്യത്തിൽ യോജിപ്പാണ്.പഴയ തിന്മകളെ നന്മകളാക്കുന്നത് ശരിയല്ലെന്ന കാര്യത്തിൽ.പ്രശ്നം മറ്റൊന്നാണ്, നമ്മുടെ നല്ല ഓർമ്മകൾക്കു പോലും വിലക്കേർപ്പെടുത്താമോ എന്നത്.എന്റെ യോജിപ്പും വിയോജിപ്പും വ്യക്തമാകാനാണ് ആ ലിങ്കിട്ടത്.
നന്ദി.

smitha adharsh said...

ഞാന്‍ ഇവരെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ട്.എന്റെ തലമുറയ്ക്ക് ഇവരുടെ കീഴില്‍ വിദ്യ അഭ്യസിക്കാന്‍ ഭാഗ്യം ഇല്ലാതെ പോയി..അല്ലെ ബിന്ദു ചേച്ചീ..
നല്ല ഓര്‍മ്മകള്‍..

ബിന്ദു കെ പി said...

നഗ്നൻ: ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഈ പോസ്റ്റിനെ ഒരു വിവാദത്തിലേയ്ക്ക് വലിച്ചിഴച്ച് വാദപ്രതിവാദങ്ങളിൽ ഏർപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല.

അന്യംനിന്നുപോയ സമ്പ്രദായങ്ങളെ തിരികെ കൊണ്ടുവരാനുള്ള മാന്ത്രിക വിദ്യയും എനിക്കറിയില്ല.

പിന്നെ, ഓർമ്മകളെ താലോലിക്കുകയും താരാട്ടുപാ‍ടുകയും ചെയ്യുന്നതിനെ കടിഞ്ഞാണിടാൻ എനിയ്ക്കു കഴിയില്ല. ഓർമ്മശക്തി നശിക്കുന്ന കാലം വരെയും.


വികടശിരോമണി:തിന്മകളെ (പഴയതായാലും പുതിയതായാലും) നന്മകളാ‍ക്കുന്നത് ശരിയല്ലെന്ന കാര്യത്തിൽ ഞാനും യോജിയ്ക്കുന്നു.

പിന്നെ, ഓർമ്മകൾക്ക് വിലക്കേർപ്പേടുത്തണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ കാര്യമല്ലേ.

സ്മിത: നന്ദി, വന്നതിന്

നിരക്ഷരൻ said...

ഇത്തരം കളരികളെപ്പറ്റി കേട്ടിട്ടുണ്ട്. ഈ തലമുറയില്‍ ഇങ്ങനൊരു കളരിയില്‍ പഠിച്ച ആരേയും പരിചയമില്ലായിരുന്നു ഇതുവരെ. കൂടുതല്‍ വിവരങ്ങള്‍ ഇത്തരം കളരികളെപ്പറ്റി അറിയാന്‍ കഴിഞ്ഞു. പോസ്റ്റിന് നന്ദി.

ഓ:ടോ:- ഞാനേത് കളരീന്നാണ് അക്ഷരം പഠിച്ചത് ? ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല....ഓ..ഞാന്‍ നിരക്ഷരനാണല്ലോ ? നിരക്ഷരരന്മാര്‍ക്ക് എന്തോന്ന് അക്ഷരക്കളരി ? എന്തോന്ന് അക്ഷരം ? :) :)

PRAVDA said...

ee 'blog bhasha' (blasha ennu vilikkaruthey...) enikku theere pidikkunnilla. Internet vanna kalam thottu athine kurichu ariyanum kananum thutangiyathanu, Ippozhum ee blog ennu kettal oru thalparyavum thonnunnilla. Ellam thamasha mattil kanunnavar, vichithramaya perukal ullavar angine.... Anya grahathil chenna pole.... athey, angine thanne, ithil chila manshyanmarum undu....
manoj pisharady

രസികന്‍ said...

മാറ്റങ്ങള്‍ പിന്തള്ളിയ അനേകം നാടന്‍ സമ്പ്രദായങ്ങളുടെ കൂട്ടത്തില്‍ നിലത്തെഴുത്തുകളരിയും പതുക്കെ ചരിത്രത്തിലേക്ക് പിന്‍‌വാങ്ങുകയാണ്...
സത്യം ..... അങ്ങിനെ എന്തെല്ലാം ? !!

അക്ഷരം അഭ്യസിപ്പിച്ച ആശാത്തിയെ ഓര്‍മ്മിച്ചതും ഞങ്ങള്‍ക്കും ഓര്‍മ്മിക്കാന്‍ അവസരമൊരുക്കിയതും നന്നായി
ആശംസകള്‍

Unknown said...

ആശാൻ കളരിയിൽ കുട്ടികാലത്ത് ഞാനും പോയിട്ടുണ്ട്
ഒരു കണിയാനായിരുന്നു ആശാൻ
അദേഹം
മണ്ണീലാണ്
അക്ഷരങ്ങള് എഴുതിക്കുക
ആ ഓർമ്മകളിലേക്ക് മനസ്സിനെ കൂട്ടികൊണ്ട് പോയി
ഈ എഴുത്ത്

കനല്‍ said...

ഞാനും ആശാത്തിയില്‍ നിന്നാ അക്ഷരം പഠിച്ചത്.

എന്നാ അത് ഈ പോസ്റ്റ് വായിച്ചപ്പഴാ ഓര്‍ത്തേന്നുള്ളതും സത്യം. പിന്നെ ആശാത്തി മുന്നിലൂടെ പോവുമ്പോഴൊക്കെ അറിയാതെ ബഹുമാനം കാട്ടിപോകാറുണ്ടിപ്പോഴും. നിക്കറിട്ട തുടയില്‍ ഒരുപാട് കിട്ടിയിട്ടുണ്ട് ആശാത്തിയുടെ കയ്യില്‍ നിന്ന്. അവരുടെ പറമ്പിലെ ഓലമേഞ്ഞ ഒരു ഷെഡ് ആയിരുന്നു ഈ ആശാത്തിപള്ളിക്കുടമെന്ന് അറിയപ്പെട്ടിരുന്ന സ്ഥാപനം. അവിടെ പോകാന്‍ വല്യ മടിയായിരുന്നുവെന്ന് അമ്മയിപ്പോഴും എന്നോട് പറയാറുണ്ട്. നിക്കറിട്ട തുടയില്‍ വാങ്ങിയ അടിയുടെ പാടുകള്‍ കണ്ടാണ് എന്റെ പപ്പയുള്‍പ്പടെയുള്ള അന്നത്തെ പേരന്റ്സ് അവര്‍ക്ക് ഫീസായി തേങ്ങയും അരിയും കൂട്ടികൊടുത്തിരുന്നതെന്ന് കേട്ടിട്ടുണ്ട്.

മടി പിടിച്ച് ആശാത്തി പള്ളിക്കുടത്തില്‍ പോകാണ്ടിരുന്നാ പപ്പയുടെ വകയും പോയാല്‍ ആശാത്തിയുടെ വകയും “പെട” വാങ്ങികൂട്ടുമായിരുന്നു.

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

paarppidam said...

നന്നായി

ഒരു സ്നേഹിതന്‍ said...

പഴമ ചെന്ന രീതികള്‍, പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടിണ്ട്.
ഇതിവിടെ പോസ്റ്റിയത് നന്നായി...

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

വിജയലക്ഷ്മി said...

nannaayirikkunnu vivaranam...nanmakalnerunnu....

Sathees Makkoth | Asha Revamma said...

ഇതിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളിലൂടെ കടന്നൂവന്നവനാണ് ഞാനും. കണക്ക് പഠിപ്പിക്കാൻ തുടങ്ങുമ്പോഴും പൂജയും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു.ചൊരി മണലിൽ ബെൽറ്റ് നിക്കറുമിട്ടിരുന്ന് അക്ഷരമെഴുതി എണിറ്റ് കഴിയുമ്പോൾ നിക്കറിനകം മുഴുവൻ മണലായിരിക്കും:)

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP