Sunday, December 13, 2009

ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ജീവിതവും സാഹിത്യസംഭാവനകളും

അദ്ധ്യാപകൻ, കവി, നാടകരചയിതാവ്, വിവർത്തകൻ, ഗവേഷകൻ, നിരൂപകൻ, വ്യാഖ്യാതാവ്, വിമർശകൻ, സംഗീതജ്ഞൻ, പ്രസാധകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരേസമയം വ്യാപരിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ പണ്ഡിതശ്രേഷ്ഠനായിരുന്നു ആറ്റൂർ കൃഷ്ണപ്പിഷാരടി. ‘ആറ്റൂർ’ എന്നചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രമുഖ വിദ്വൽ സദസ്സുകളിൽ‌വച്ചു പ്രശംസാപത്രങ്ങൾക്കും കീർത്തിമുദ്രകൾക്കും പുറമേ ‘പണ്ഡിതരാജൻ’, ‘കവിരത്നം’ എന്നീ ബഹുമതികളും ആറ്റൂരിന് ലഭിക്കുകയുണ്ടായി. അതോടെ ‘പണ്ഡിതരാജകവിരത്നം’ എന്ന വിശേഷണത്തിനുകൂടി അദ്ദേഹം അർഹനായി. ആറ്റൂരിന് ലഭിച്ചിട്ടുള്ള ബഹുമതികളിൽ ഏറ്റവും ശ്രേഷ്ഠമായത് 1956-ൽ തൃപ്പൂണിത്തുറ പണ്ഡിതസദസ്സിൽ വച്ചു കൊച്ചിരാജാവു പരീക്ഷിത്തുതമ്പുരാനാൽ സമ്മാനിക്കപ്പെട്ട വീരശൃംഖലയാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന്, പ്രതികൂലസാഹചര്യങ്ങളുമായി മല്ലിട്ട്, സ്വന്തം പ്രയത്നമൊന്നുകൊണ്ടു മാത്രം ഉയർച്ചയിലെത്തിയ വ്യക്തിയായിരുന്നു ആറ്റൂർ. 1876 മുതൽ 1964 വരെയുള്ള എൺപത്തെട്ടു കൊല്ലക്കാലം നീണ്ടുനിന്ന ആ ധന്യജീവിതത്തേയും സാഹിത്യപ്രവർത്തനങ്ങളേയും പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഞാനിവിടെ നടത്തുന്നത്.

ബാല്യം, വിദ്യാഭ്യാസം

1876-ൽ ആറ്റൂർ പിഷാരത്തെ പാപ്പിക്കുട്ടിപ്പിഷാരസ്യാരുടേയും വെള്ളാറ്റഞ്ഞൂറ് നാരായണൻ നമ്പൂതിരിയുടേയും മകനായി ആറ്റൂർ കൃഷ്ണപ്പിഷാരടി ജനിച്ചു. അന്നത്തെ സമ്പ്രദായപ്രകാരം അടിസ്ഥാനവിദ്യാഭ്യാസം (എഴുത്ത്, കണക്ക്, വായന) വീട്ടിൽ വച്ചു തന്നെ നടന്നു. പിന്നീട് കിള്ളിക്കുറുശ്ശിമംഗലത്ത് മേലേടത്ത് രാമുണ്ണിനമ്പ്യാരുടെ അടുത്തു താമസിച്ച് സംസ്കൃതം പഠിച്ചു. സംസ്കൃതപഠനത്തിനുശേഷം തുടർന്നു പഠിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അത് പാടേ തള്ളിക്കളഞ്ഞുകൊണ്ട് അമ്മാവൻ (മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന ആ കാലത്ത് അമ്മാവനാണ് ഒരു കുട്ടിയുടെ രക്ഷാകർത്താവ്) മരുമകനെ കാര്യസ്ഥപ്പണിക്ക് ഒപ്പം കൂട്ടുകയാണുണ്ടായത്. രണ്ടുമൂന്നു കൊല്ലം അങ്ങനെ കഴിച്ചുകൂട്ടിയെങ്കിലും ഉള്ളിലെ തീവ്രമായ ആഗ്രഹം അടക്കാനാവാതെ, തന്റെ 18-‌ാമത്തെ വയസ്സിൽ, ഒരു ദിവസം വെളുപ്പിന് ആരുമറിയാതെ, കാര്യസ്ഥപ്പണിയിൽ നിന്നുള്ള എകസമ്പാദ്യമായ 25 രൂപയുമായി അദ്ദേഹം കൊടുങ്ങല്ലൂർക്കു നടന്നു പോയി. കൊടുങ്ങല്ലൂർ കോവിലകമായിരുന്നു ലക്ഷ്യം.

ഗുരുകുല സമ്പ്രദായപ്രകാരം വിദ്യാഭ്യാസം നൽകിയിരുന്ന കൊടുങ്ങല്ലൂർ കോവിലകം അക്കാലത്ത് ഒരു സർവ്വകലശാല തന്നെയായിരുന്നത്രേ. അവിടത്തെ തമ്പുരാക്കന്മാർ-തമ്പുരാട്ടിമാർ പോലും- ഓരോ ശാസ്ത്രങ്ങളിലും കലകളിലും അഗാധ പാണ്ഡിത്യം നേടിയിട്ടുള്ളവരായിരുന്നു. പഠിച്ചത് മറ്റുള്ളവരെ പഠിപ്പിക്കാൻ അവരൊക്കെ സദാ സന്നദ്ധരുമായിരുന്നു. തർക്കം, വ്യാകരണം, വേദാന്തം, വൈദ്യം, ജ്യോതിഷം, തച്ചുശാസ്ത്രം, സംഗീതം, സാഹിത്യം, അഭിനയം ഇങ്ങനെ അവരവരുടെ താല്പര്യമനുസരിച്ച് ഏത് പഠിക്കണമെങ്കിലും അന്ന് കൊടുങ്ങല്ലൂർ കോവിലകം ഒരു ഉത്തമ ഗുരുകുലമായിരുന്നു. കവിസാർവ്വഭൗമൻ കൊച്ചുണ്ണിത്തമ്പുരാൻ, കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, മഹാമഹോപാദ്ധ്യായൻ ഭട്ടൻ തമ്പുരാൻ മുതലായവരായിരുന്നു അന്ന് പ്രധാന ഗുരുനാഥന്മാർ. പല വിഷയങ്ങളിലുമായി നാനൂറോളം വിദ്യാർത്ഥികൾ അവിടെ താമസിച്ചു പഠിച്ചിരുന്നു എന്നു പറയപ്പെടുന്നു. ഈ സർവ്വകലാശാലയിലേക്കാണ് ഉപരിപഠനം ലക്ഷ്യമാക്കി ആറ്റൂർ എത്തിച്ചേരുന്നത്.

കയ്യിലുള്ള 25 രൂപ കൊണ്ട് ചിലവ് കഴിച്ചുകൂട്ടേണ്ടിവന്ന, വളരെ അരിഷ്ടിച്ചുള്ള ജീവിതമായിരുന്നു അവിടെ രണ്ടുകൊല്ലത്തോളം. മുക്കാൽ രൂപ കൊടുത്താൽ ഒരുമാസക്കാലത്തേക്ക് അമ്പലത്തിൽനിന്നു നിവേദ്യച്ചോറിന്റെ ഒരു പട കിട്ടുമായിരുന്നത്രേ. ഈ ചോറ് രണ്ടുഭാഗമാക്കി ഉപ്പും പുളിയും പച്ചവെള്ളവും കൂട്ടി രണ്ടുനേരം കഴിയ്ക്കും. അത്ര തന്നെ. അടങ്ങാത്ത വിജ്ഞാനതൃഷ്ണ ഒന്നുകൊണ്ടുമാത്രം അദ്ദേഹം ഈ ബുദ്ധിമുട്ടുകളെല്ലാം അതിജീവിച്ചു. പിന്നീടുള്ള രണ്ടുകൊല്ലക്കാലം കോവിലകത്തുനിന്നുതന്നെ ഭക്ഷണം കിട്ടാനുള്ള ഏർപ്പാടുണ്ടായി. ഇങ്ങനെ ആകെ നാലു കൊല്ലമായിരുന്നു കൊടുങ്ങല്ലൂരിലെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലം. ന്യായശാസ്ത്രം, തർക്കശാസ്ത്രം, എന്നിവയ്ക്കു പുറമേ സാഹിത്യത്തിലും നാട്യകലകളിലുമൊക്കെ സാമാന്യമായ വിജ്ഞാനം സമ്പാദിക്കാൻ കൊടുങ്ങല്ലൂരിലെ ഹ്രസ്വകാലജീവിതം കൊണ്ടു ആറ്റൂരിന് സാധിച്ചു .ഈ നാലു കൊല്ലത്തെ ജീവിതമാണ് തന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചകളുടേയും മൂലകാരണമെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടത്രേ.

അദ്ധ്യാപനം, വിവാഹം

വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തിയ ആറ്റൂർ നേരെ അദ്ധ്യാപക ജീവിതത്തിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. മണ്ണാർക്കാട്ടു നായരുടെ വീട്ടിൽ താമസിച്ച് മൂപ്പിൽനായരെ സംസ്കൃതം പഠിപ്പിക്കുക എന്നതായിരുന്നു തുടക്കം. അവിടത്തെ ജീവിതം കൊണ്ടുണ്ടായ വലിയൊരു നേട്ടം വീണാവായന അഭ്യസിക്കാൻ സാധിച്ചു എന്നുള്ളതാണ്. ഒരു വീണാവിദ്വാൻ കൂടിയായിരുന്ന മൂപ്പിൽ നായരെ സംസ്കൃതം അങ്ങോട്ടു പഠിപ്പിച്ചു; പകരം വീണ ഇങ്ങോട്ടും പഠിച്ചു. (വിദ്യ അഭ്യസിക്കുന്നത് മൂന്നു വിധത്തിലാവാമെന്നു പറയുന്നു. ഒന്ന്, ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ട് വിദ്യ പഠിക്കുക. രണ്ട്, പ്രതിഫലമായി ധനം കൊടുത്തു പഠിക്കുക. മൂന്നാമത്തേത്, വിദ്യ കൊടുത്തുകൊണ്ട് വിദ്യ വാങ്ങുക. ധനം കൊടുത്ത് പഠിക്കാനുള്ള പരിതസ്ഥിതി ഇല്ലാതിരുന്നതുകൊണ്ട് ഒന്നാമത്തേയും മൂന്നാമത്തേയും മാർഗ്ഗങ്ങളിലൂടെയാണ് ആറ്റൂർ വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നു പറയാം).

പിന്നീട് മൂന്നു കൊല്ലത്തോളം പലയിടങ്ങളിലായി അദ്ധ്യാപകജീവിതമായിരുന്നു. ഇതിനിടയിൽ പഴയന്നൂർ വടക്കൂട്ടു പിഷാരത്തെ നാനിക്കുട്ടിപിഷാരസ്യാരുമായുള്ള വിവാഹം ആറ്റൂരിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി മാറുകയായിരുന്നു. നല്ലൊരു സംഗീത വിദുഷിയും വായ്പാട്ടിൽ അസാമാന്യ വൈദഗ്ദ്ധ്യവുമുണ്ടായിരുന്ന പത്നിയിൽ നിന്നു ആറ്റൂർ സംഗീതജ്ഞാനത്തിന്റെ പടവുകൾ താണ്ടാനും ഒപ്പം അവരെ അങ്ങോട്ടു വീണ പഠിപ്പിക്കാനും തുടങ്ങി. അമ്പത്താറു കൊല്ലത്തെ,തികച്ചും സംഗീതസാന്ദ്രമായ ഈ ദാമ്പത്യജീവിതം അദ്ദേഹത്തിന് സംഗീതശാസ്ത്രത്തിൽ പലവിധ ഗവേഷണങ്ങൾ നടത്താനും, തുടർന്ന് ‘സംഗീതചന്ദ്രിക’ എന്ന മഹത്തായ ഗ്രന്ഥം രചിക്കാനുമൊക്കെ വഴിവിളക്കായി.

തൃശ്ശൂർവാസവും സാഹിത്യജീവിതത്തിന്റെ തുടക്കവും

ആലത്തൂർ ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് തൃശ്ശൂർ ഭാരതവിലാസം പ്രസ്സുടമ മാളിയമ്മാവു കുഞ്ഞുവറീത് പ്രസാധകസ്ഥാനം നൽകി ആറ്റൂരിനെ തൃശ്ശൂർക്ക് ക്ഷണിക്കുന്നത്. തൃശ്ശൂരിലെ നാലഞ്ചുകൊല്ലത്തെ ജീവിതമാണ് യഥാർത്ഥത്തിൽ ആറ്റൂരിന്റെ സാഹിത്യജീവിതത്തിന് തുടക്കമിട്ടത്. തൃശ്ശൂരിൽ അദ്ദേഹം ഭാരതവിലാസം പ്രസ്സിലെ പ്രസാധകസ്ഥാനം എറ്റെടുത്തതിനുപുറമേ സർക്കാർ ഹൈസ്ക്കൂളിൽ ഭാഷാദ്ധ്യാപകനായി ജോലിയും നോക്കിയിരുന്നു. ശ്രീ രാമവർമ്മ അപ്പൻ തമ്പുരാൻ, മഹാകവി കുണ്ടൂർ നാരായണമേനോൻ,ജോസഫ് മുണ്ടശ്ശേരി മുതലായവരുമായി അടുപ്പം സ്ഥാപിക്കാൻ അവസരമുണ്ടായതും ഇക്കാലയളവിൽ തന്നെ. അപ്പൻ തമ്പുരാനെ സംസ്കൃതം പഠിപ്പിക്കുന്നതോടൊപ്പം മംഗളോദയം മാസികയുടെ നടത്തിപ്പിൽ തമ്പുരാനെ സഹായിക്കുകയും മാസികയിൽ നിരൂപണങ്ങളും മറ്റും എഴുതുകയും ആറ്റൂർ ചെയ്തിരുന്നു. ഇക്കാലത്ത് ‘നീതിമാല’ എന്നൊരു ബാലസാഹിത്യപുസ്തകത്തിന്റെ രചന നിർവ്വഹിച്ചു. ആ കൃതി കുറേക്കാലം കൊച്ചി സംസ്ഥാനത്തിലെ സ്കൂളുകളിൽ പാഠപുസ്തകമായിരുന്നുവത്രേ. കൂടാതെ കേരളവർമ്മരാമായണം പോലുള്ള പഴയ കൃതികൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. വിഷവൈദ്യസാരസംഗ്രഹത്തിന്റെ രചനയും, സഹസ്രയോഗം(ആയുർവ്വേദം), മുഹൂർത്തപദവി(ജ്യോതിഷം) എന്നിവയുടെ വ്യാഖ്യാനവും നടത്തിയത് അക്കാലത്തുതന്നെ. ഇവയെല്ലാം പ്രസിദ്ധീകരിച്ചത് ഭാരതവിലാസത്തിൽ നിന്നാണ്.

നീതിമാലയിലെ ചില വരികൾ നോക്കൂ:

വേലചെയ്യുന്നതഖിലം
കാലത്തിന്നൊത്തിരിക്കണം.
പാലേറ്റം രക്ഷയെന്നാലും
കാലം നോക്കിക്കുടിക്കണം.
പലർക്കുമുള്ള പക്ഷങ്ങൾ
പലതും കേട്ടുകൊള്ളണം.
കുലധർമ്മം മറക്കാതെ
വിലയുള്ളതെടുക്കണം.
മുടങ്ങും കാര്യമെന്നോർത്തു
തുടങ്ങീടാതിരിക്കൊലാ.
പിടിക്കും ദീനമെന്നോർത്തു
കിടക്കാറില്ലൊരുത്തനും.
ഏറുമാപത്തിലും ശീലം
മാറാ സജ്ജനമെന്നുമേ.
എറെത്തിളപ്പിച്ചെന്നാലും
ക്ഷീരം മധുരമെപ്പോഴും.
കുറച്ചു മാത്രം ഗുണമങ്ങുചെയ്താൽ
പെരുത്തു നൽകും പകരം മഹാന്മാർ.
ചെറുപ്പകാലത്തു നനച്ച തെങ്ങു
തരുന്നു നൽ‌സ്വാദുജലത്തെയെന്നും.

**********


തിരുവനന്തപുരവാസവും ഗവേഷണങ്ങളും:

ഏ.ആർ.രാജരാജവർമ്മ തമ്പുരാന്റെ(കേരളപാണിനി) “മണിദീപിക” എന്ന സംസ്കൃതവ്യാകരണ ഗ്രന്ഥത്തിന് മംഗളോദയം മാസികയിൽ ആറ്റൂർ എഴുതിയ നിരൂപണം മറ്റൊരു വഴിത്തിരിവായി. അന്ന് തിരുവനന്തപുരം മഹാരാജാ കോളേജിൽ ഭാഷാവിഭാഗം പ്രൊഫസറായിരുന്ന തമ്പുരാൻ ഈ നിരൂപണം വായിച്ച് നിരൂപകന്റെ പാണ്ഡിത്യത്തിൽ ആകൃഷ്ടനാവുകയും തന്റെ സഹപ്രവർത്തകനായി ജോലി ചെയ്യാൻ അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ആറ്റൂരിന്റെ താമസം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പെട്ടു. കേരളപാണിനിയുടെ സഹാദ്ധ്യാപകനായിട്ടും പീന്നീട് അദ്ദേഹത്തിന്റെ നിര്യാണശേഷം ഭാഷവിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ടും ഏതാണ്ട് 18 കൊല്ലത്തോളം മഹാരാജാസ് കോളേജിൽ ആറ്റൂർ സേവനമനുഷ്ഠിച്ചു. അതിനുശേഷം അഞ്ചുകൊല്ലത്തോളം ശ്രീചിത്രത്തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായും ജോലി ചെയ്തു.

തിരുവനന്തപുരത്തുള്ള ഈ 23 കൊല്ലക്കാലം(1911-1933) ആറ്റൂരിന്റെ സാഹിത്യജീവിതത്തിന്റെ ശുക്രദശയുടെ കാലമായിരുന്നു. ധാരാളം വായിക്കാനും വായിച്ചവയിൽ ഗവേഷണം നടത്താനുമുള്ള അവസരം ലഭിച്ചതുമൂലം ഒരു സാഹിത്യഗവേഷകൻ എന്ന നിലയിലേക്ക് അദ്ദേഹം സ്വയം ഉയരുകയായിരുന്നു. ഭാഷാചരിത്രം, സാഹിത്യചരിത്രം,ദേശചരിത്രം, ഭാഷാവ്യാകരണം, അലങ്കാരം എന്നിവയിലെല്ലാം ആഴത്തിലുള്ള ഗവേഷണം നടത്തുകയുണ്ടായി. ഈ കാലഘട്ടത്തിലെ പ്രധാന രചനകൾ ഉത്തരരാമചരിതം ഒന്നാം ഭാഗം, ബാലരത്നം, ലഘുരാമായണം, ‘അംബരീഷചരിതം’ കഥകളിയുടെ വ്യാഖ്യാനം, ലീലാതിലകം തർജ്ജുമ, സംസ്കൃതപാഠക്രമം(പാഠപുസ്തകം), ഉണ്ണുനീലിസന്ദേശം വ്യാഖ്യാനം, എന്നിവയാണ്. കൂടാതെ ആറ്റൂർ സ്വന്തമായി നടത്തിയിരുന്ന ‘രസികരത്നം’ എന്ന മാസികയിലൂടെയും പല കൃതികളും പുറത്തു വന്നു. കേരളപാണിനീയത്തിലെ ലിപിസംബന്ധമായ ചില സിദ്ധാന്തങ്ങളെ വിമർശിച്ചുകൊണ്ടുള്ള പുസ്തകമായ ‘ലിപിസാധാരണ്യം’ മറ്റൊരു ശ്രദ്ധേയമായ രചനയാണ്.1932-ൽ കോട്ടക്കൽ‌വച്ചു നടന്ന സമസ്തകേരള സാഹിത്യപരിഷത്തിൽ ആറ്റൂർ നടത്തിയ പ്രസംഗമാണത്രേ ‘ലിപിസാധാരണ്യം’ എന്ന പുസ്തകമായി മാറിയത്.

തൃശ്ശൂരിലേക്ക് മടക്കം:

1934-ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം തിരുവനന്തപുരം വിട്ട് ആറ്റൂർ വീണ്ടും തൃശ്ശൂരിൽ താമസമാക്കി. ഈശ്വരസേവ, അദ്ധ്യാപനം, ഗ്രന്ഥരചന ഈ മൂന്നു പ്രവൃത്തികളിലും മുഴുകിയുള്ള ഒരു ജീവിതമായിരുന്നു പിന്നീട്. രാവിലത്തെ സമയം പൂജാദികർമ്മങ്ങൾക്കായി നീക്കിവച്ചശേഷം രാത്രി വരെയുള്ള സമയം മുഴുവൻ അദ്ധ്യാപനത്തിനായി വിനിയോഗിക്കുക വഴി ആറ്റൂരിന്റെ വീട് അക്ഷരാർത്ഥത്തിലൊരു ഗുരുകുലമായി മാറുകയായിരുന്നു. വൈകുന്നേരങ്ങൾ സംഗീതം അഭ്യസിപ്പിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നുവത്രേ. ആറ്റൂരും പത്നിയും ചേർന്നാണ് വിദ്യാർത്ഥികളെ വീണവായന പഠിപ്പിച്ചിരുന്നത്. പതിമൂന്ന് വീണകളും അറുപതോളം കുട്ടികളുമായി തികച്ചും സംഗീതമയമായ സായാഹ്നങ്ങളായിരുന്നത്രേ അന്നത്തേത്. എഴുത്തുജോലി രാത്രികളിലായിരുന്നു ചെയ്തിരുന്നത്. കേരളസാഹിത്യ അക്കാദമിയിലെ അംഗത്വത്തിനുപുറമേ കേരളകലാപരിഷത്തിന്റെ അദ്ധ്യക്ഷൻ, തൃശ്ശൂർ സംസ്കൃതപരിഷത്തിന്റെ പ്രസിഡന്റ് എന്നീ പദവികളും അക്കാലത്ത് വഹിച്ചിട്ടുണ്ട്. കേരളചരിത്രം, കേരളചരിതം ഒന്നാംഭാഗം, ഭാഷാസാഹിത്യചരിതം എന്നീ മൂന്നു ചരിത്രപുസ്തകങ്ങൾ, വിദ്യാവിവേകം എന്ന ഉപന്യാസസമാഹാരം, ഭാഷാദർപ്പണം എന്ന അലങ്കാരഗ്രന്ഥം, കേരളശാകുന്തളം എന്ന ശാകുന്തളവിവർത്തനം, , ഭീഷ്മരെ നായകനാക്കിയുള്ള, ധീരവ്രതം എന്ന നാടകം, കേരളകഥ എന്നപേരിലുളള കഥാസമാഹാരം, സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥം എന്നിവയാണ് ഇക്കാലത്തെ പ്രധാന കൃതികൾ.

സംഗീതചന്ദ്രിക

ആറ്റൂരിന്റെ കൃതികളിൽ വച്ച് എറ്റവും ഉൽകൃഷ്ടമായത് സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്ര ഗ്രന്ഥമാണ്. ‘കൃഷ്ണചന്ദ്രൻ‘ എന്ന തൂലികാനാമമാണ് അദ്ദേഹം ഇതിൽ സ്വീകരിച്ചിരിക്കുന്നത്. അറുന്നൂറ്റി എഴുപത്തെട്ടോളം പേജുകളുള്ള ഈ ബൃഹദ്ഗ്രന്ഥം നിർമ്മിക്കുന്നതിന് നീണ്ട ആറു വർഷക്കാലത്തെ നിരന്തരമായ പഠനങ്ങളും ഗവേഷണങ്ങളും വേണ്ടിവന്നുവത്രേ. പുസ്തകത്തിലെ ആമുഖത്തിൽ ഇതേക്കുറിച്ച് ഗ്രന്ഥകാരൻ പറയുന്നത് നോക്കുക:
“ഭരതമഹർഷി, മാതംഗമഹർഷി മുതലായ പ്രാചീനാചാര്യന്മാരുടെ സംഗീതശാസ്ത്രഗ്രന്ഥങ്ങളും രാമാമാത്യൻ, രഘുനാഥൻ, വെങ്കടമഖി, ഗോവിന്ദദീക്ഷിതർ മുതലായവരുടെ നവീനശാസ്ത്രഗ്രന്ഥങ്ങളും ആ മാതിരി പ്രാചീനമദ്ധ്യനവീനകാലങ്ങളിൽ ഉണ്ടായിട്ടുള്ള മറ്റു പല ഗ്രന്ഥങ്ങളും കഴിയുന്നിടത്തോളം നിഷ്കർഷയോടുകൂടി പരിശോധിച്ചും മാർഗ്ഗദേശീസംഗീതങ്ങളുടെ വ്യത്യാസങ്ങളും കാലക്രമത്തിൽ സംഗീതഗതിക്കുണ്ടായ പരിണാമങ്ങളും ആ വഴിക്ക് എന്റെ ജ്ഞാനസ്ഥിതിക്കനുസരിച്ചു കണ്ടുപിടിച്ചും വിഷയസംശയം വരുന്നേടത്തെല്ലാം വീണയിൽ പ്രയോഗിച്ചു നോക്കിയും ആറു സംവത്സരത്തോളം കാലം ഇടവിടാതെ വളരെ പ്രയത്നപ്പെട്ടാണ് ഈ ഗ്രന്ഥം നിർമ്മിച്ചിട്ടുള്ളത്”

നാദം, ശ്രുതി, സ്വരം, വീണ, ഗ്രാമമൂർച്ഛനാദി, മേളം, താളം, വർണ്ണാലങ്കാരം, ഗമകസ്ഥായാദി, പ്രബന്ധം, രാഗം, ഗീതം എന്നിങ്ങനെ മൊത്തം പന്ത്രണ്ട് പ്രകാശങ്ങളും(അദ്ധ്യായങ്ങൾ), അനുബന്ധമായി അക്ഷരമാലാക്രമത്തിൽ രാഗങ്ങളുടെ ഒരു പട്ടികയും അടങ്ങുന്നതാണ് ഈ പുസ്തകം. ഇതിൽ ഒന്നുമുതൽ പതിനൊന്നു വരെയുള്ള ഓരോ പ്രകാശത്തിനും സൂത്രം, ഭാഷ്യം എന്നിങ്ങനെ രണ്ടു ഘടകങ്ങളുണ്ട്. ആകെ 1728 സൂത്രങ്ങൾ. അവസാനത്തേതായ ഗീതാപ്രകാശത്തിൽ 443 ഗീതങ്ങളെ വിസ്തരിച്ചിരിക്കുന്നു. നാലാം പ്രകാശത്തിൽ വീണയുടെ നിർമ്മാണരീതികൾ, വകഭേദം, അകൃതിഭേദം, അളവുകൾ, കമ്പികളുടെ സ്വഭാവം, കെട്ടുന്ന രീതി മുതലായ വീണയെ സംബന്ധിക്കുന്ന സകല വിവരങ്ങളും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. സംസ്കൃതത്തിൽ എഴുതിയിട്ടുള്ള ഓരോ സൂത്രത്തിന്റേയും മലയാളഭാഷ്യം ഏതൊരു സാധാരണക്കാരനും മനസ്സിലാകത്തക്ക വിധത്തിൽ വളരെ വ്യക്തമായും ലളിതമായും വിശദമാക്കിയിട്ടുണ്ട്. സംസ്കൃതത്തിൽ പാണ്ഡിത്യമില്ലാവർക്ക് തീർത്തും അപ്രാപ്യമായിപ്പോകുന്ന ഒട്ടുമിക്ക പുരാതന ശാസ്ത്രഗ്രന്ഥങ്ങളിൽ നിന്നും സംഗീതചന്ദ്രികയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം അതിലെ ലളിതസുന്ദരമായ മലയാള ഭാഷ്യങ്ങളാണ്. “ചന്ദ്രൻ ചന്ദ്രികയെ പരത്തുന്നതുപോലെ ആഹ്ലാദകരമായ വിധത്തിലും പ്രയാസം കൂടാതെയും സംഗീതതത്വം ഗ്രഹിക്കത്തക്കവിധമാണ് ഈ ഗ്രന്ഥനിർമ്മാണ”മെന്ന് എഴുത്തുകാരന്റെ തന്നെ വാക്കുകൾ.

**********************

1956-ൽ പത്നിയുടെ ദേഹവിയോഗത്തിനുശേഷം അദ്ധ്യാപകജീവിതം അവസാനിപ്പിച്ച് ഒരു നിസ്സംഗജീവിതം നയിക്കുകയായിരുന്ന ആറ്റൂർ അപൂർണ്ണമായ ഒട്ടേറെ കൃതികൾ ബാക്കിയാക്കി 1964 ജൂൺ അഞ്ചിനു ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ മൂന്ന് ആണ്മക്കളിൽ ഏറ്റവും ഇളയ മകനായ ശാരദാനന്ദൻ മാത്രമേ ഇന്നു ജീവിച്ചിരുപ്പുള്ളൂ.

ആറ്റൂരിന്റെ കൃതികൾ ഒറ്റ നോട്ടത്തിൽ:

 1. സംഗീതചന്ദ്രിക (സംഗീതശാസ്ത്രം)
 2. ഭാഷാദർപ്പണം (അലങ്കാരഗ്രന്ഥം)
 3. നീതിമാല (ബാലസാഹിത്യം)
 4. ഭാർഗ്ഗവീയചരിതം (ഭാഷാകാവ്യം)
 5. ധീരവ്രതം (നാടകം)
 6. കേരളകഥ (കഥ)
 7. താരക (ബാലസാഹിത്യം)
 8. പുരാണപുരുഷന്മാർ (ബാലസാഹിത്യം)
 9. ലഘുരാമായണം (ബാലസാഹിത്യം)
 10. ഉണ്ണുനീലിസന്ദേശം (വ്യാഖ്യാനം)
 11. വിദ്യാവിവേകം (പ്രബന്ധസമാഹാരം)
 12. വിദ്യാസംഗ്രഹം (ഉപന്യാസം)
 13. ഭാഷാസാഹിത്യചരിതം (സാഹിത്യചരിത്രം)
 14. മലയാളഭാഷയും സാഹിത്യവും (സാഹിത്യചരിത്രം)
 15. ലിപിസാധാരണ്യം (സാഹിത്യചരിത്രം)
 16. കോട്ടയം കഥകളി (ആട്ടക്കഥാവ്യാഖ്യാനം)
 17. കേരളചരിത്രം- (ചരിത്രം)
 18. കേരളചരിതം ഒന്നാം ഭാഗം
 19. തിരുവിതാംകൂർ ചരിത്രം (ചരിത്രം)
 20. കേരളകഥാനാടകങ്ങൾ <സംസ്കൃതം> (നാടകങ്ങൾ)
 21. കേരളശാകുന്തളം (വിവർത്തനം)
 22. ലീലാതിലകം (വിവർത്തനം)
 23. സംസ്കൃതപാഠക്രമം-2 ഭാഗങ്ങൾ (പാഠപുസ്തകം)
 24. ബാലരത്നം (ലഘു ബാലവ്യാകരണം)
 25. ഉത്തരരാമചരിതം ഒന്നാം ഭാഗം (കാവ്യം)
 26. അംബരീഷചരിതം (ആട്ടക്കഥാവ്യാഖ്യാനം)
 27. രസികരത്നം (സംസ്കൃതം)
 28. വിഷവൈദ്യസാരസംഗ്രഹം (വിഷവൈദ്യം)
 29. സഹസ്രയോഗം <വൈദ്യം> (വ്യാഖ്യാനം)
 30. മുഹൂർത്തപദവി <ജ്യോതിഷം> (വ്യാഖ്യാനം)


അവലംബം:
 • ആറ്റൂരിന്റെ ശിഷ്യനായിരുന്ന പ്രൊഫസർ കെ. പി നാരായണപിഷാരടിയുടെ “ആറ്റൂർ” എന്ന ലേഖന സമാഹാരം
 • ആറ്റൂരിന്റെ മകൻ ശ്രീ ശാരദാനന്ദനുമായി നടത്തിയ സംഭാഷണങ്ങൾ

42 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

1876 മുതൽ 1964 വരെയുള്ള എൺപത്തെട്ടു കൊല്ലക്കാലം നീണ്ടുനിന്ന ആ ധന്യജീവിതത്തേയും സാഹിത്യപ്രവർത്തനങ്ങളേയും പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമം....

നെടുനെടുങ്കൻ പോസ്റ്റ്....ബോറാക്കിയോ...?

VINOD said...

please prepare more such articles, very informative

Ashly said...

നന്ദി, കേട്ടിടുണ്ടായിരുന്നു, ഇത്ര പരിചയം ഉണ്ടായിരിനില്ല. ബോര്‍ ആയില്ല, ട്ടോ.

muralidharan p p said...

നല്ല ലേഖനം

ശ്രീ said...

ഇത്ര വിശദമായ പരിചയപ്പെടുത്തലിനു നന്ദി, ചേച്ചീ.

ഇത്രയും വിവരങ്ങള്‍ സമാഹരിച്ച് കുറച്ച് കഷ്ടപ്പെട്ട് തയ്യാറാക്കിയ പോസ്റ്റ് ആണ് എന്ന് മനസ്സിലാക്കാനാകുന്നു. ആശംസകള്‍!

Cartoonist said...

വളരെ നന്നായി ഇതു ചെയ്തത്.
സംഗീതചന്ദ്രിക, തൃശ്ശൂരെ ഏതു ബുക്സിന്റ്യാണ്?

ഇന്നു രാത്രി ഭാര്യ ലേഖാംബാളിനെ ഞെട്ടിക്കുന്ന ചോദ്യം ഇങ്ങനെ തുടങ്ങാനാണു പ്ലാന്‍ :

ഭവതി, ആറ്റൂർ കൃഷ്ണപ്പിഷാരടി...ആറ്റൂർ കൃഷ്ണപ്പിഷാരടി എന്നു കേട്ടിട്ടുണ്ടോ ?

ബിന്ദു കെ പി said...

സജ്ജീവേട്ടാ,
സംഗീതചന്ദ്രിക സുലഭ ബുക്സിന്റെയാണ്.

Anil cheleri kumaran said...

ഉപകാരപ്രദമായ ഒരു പോസ്റ്റ്.

അനില്‍@ബ്ലോഗ് // anil said...

ബിന്ദു,
വളരെ ശ്രമകരമായൊരു ജോലിയായിരുന്നല്ലോ.
നന്നായിട്ടുണ്ട്.

ഓ.ടോ:
എന്തെങ്കിലും പ്രത്യേക താത്പര്യം?

Pyari said...
This comment has been removed by the author.
Cartoonist said...
This comment has been removed by the author.
Cartoonist said...

ബിന്ദൂ, പഞ്ചാബിലെ ‘ശ്രീ’ യാണ് ഇപ്പൊക്കണ്ട പ്യാരീസിങ്ങ്.

ഭാഷ അവര്‍ക്ക് പ്രശ്നല്ല-ന്നാണ്
ഫ്ലാഷ് ന്യൂസ്.

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദു

ഇത് വലിയ ഒരു പോസ്റ്റാണല്ലോ ബിന്ദൂ. വിശദമായി വായിച്ചിട്ടേ കമന്റാന്‍ പറ്റൂ.

ബിന്ദുവിന് എല്ലാ ഭാവുകങ്ങളും...

എതിരന്‍ കതിരവന്‍ said...

ബിന്ദൂ:
ഗംഭീരം ലേഖനം!
ആറ്റൂരിനെ ബ്ലോഗിൽ പരിചയപ്പെടുത്തിയത് നന്നാ‍ായി. നമുക്കിടയിൽ അന്യം നിന്നു പോയ മനുഷ്യവിഭാഗമാണ് ആറ്റൂരിനെപ്പോലെയുള്ളവരുടേത്.പണ്ഡിതന്മാർ എന്ന ശൃംഘലയുടെ ഇങ്ങേയറ്റത്തെ കണ്ണി.
സംഗീതചന്ദ്രിക വളരെ ബ്രഹുത്തും ആഴമേറിയതുമാണ്. സാംബമൂർത്തി പോലും ഇത്ര വിശദാംശങ്ങളിലേക്ക് കടന്നില്ല. അതിലെ ഓരോ ഖണ്ഡവും ഓരോ തീസിസിനുള്ള വകയുണ്ട്.

ഇന്ന് ആരുണ്ട് ഇനി ആരുണ്ട് മലയാളത്തിൽ ഇങ്ങനെ? ആറ്റൂരിനെപ്പോലെ ഒരാളെ സൃഷ്ടിയ്ക്കുവാൻ ഇന്ന് സമൂഹവ്യവസ്ഥകൾ സമ്മ്തിയ്ക്കുകയില്ല.
അഭിനന്ദനങ്ങൾ ഒരിയ്ക്കൽക്കൂടി.

Typist | എഴുത്തുകാരി said...

ഇത്ര ഭംഗിയായി വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി. ഒരുപാട് ഹോം വര്‍ക് ചെയ്തിട്ടുണ്ടാവുമല്ലോ.

വീകെ said...

ബിന്ദുച്ചേച്ചി....
വളരെ വിഞ്ജാനപ്രദം....
നല്ലൊരു ഹോംവർക്ക് നടത്തിയ ലക്ഷണമുണ്ട്..

ആശംസകൾ..

ഗീതാരവിശങ്കർ said...

ആറ്റൂര്‍ എന്ന മഹത് വ്യക്തിയുടെ ധന്യജീവിതം
നല്ല രീതിയില്‍ തന്നെ പറഞ്ഞുവച്ചിരിക്കുന്നു ,
ഒട്ടും ബോറാക്കിയിട്ടില്ല , മനോഹരമായിരിക്കുന്നു
വിവരണവും അവതരണവും .....
ബിന്ദുവിന് ചേച്ചിയുടെ ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങളും ആശംസകളും.

poor-me/പാവം-ഞാന്‍ said...

ആറ്റൂരിനെ വിശദമായി പരിചയപ്പെടുത്തുന്ന ഈ ലേഖനമെഴുതിയതിന് അഭിനന്ദനങള്‍.കഷ്ടപ്പെട്ട് ഗവേഷണങള്‍ നടത്തിയും മറ്റും ഇത്തരം ലേഖനങള്‍ എഴുതുമ്പോള്‍ വായനക്കാര്‍ പ്രായേണ കുറയുന്നു എന്നത് വിഷമിപ്പിക്കുന്ന ഒരു വസ്തുതയാണ്

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
K V Madhu said...

ithippo nalla oru referensanallao.... kanan vyki. kshamikkuka. i think ningal iniyum ithu thudarumennu...

Patchikutty said...

adhehathe kurichu കേട്ടിട്ടുണ്ട് എങ്കിലും വിശദമായി അറിയാന്‍ എപ്പോഴാണ് കഴിഞ്ഞത്.othiri നാള്‍ കൂടി ബ്ലോഗ്‌ vayikkan വന്നതാണ്‌...നല്ല വായന thanne കിട്ടി. നന്ദി bindu

വിജയലക്ഷ്മി said...

ee sramam vijayathhinte vennikodi parappichu...thudaruka..molkkum kudumbathhinum puthuvalsaraashamsakal!!

ഗോപീകൃഷ്ണ൯.വി.ജി said...

വളരെയേറെ അറിവുകള്‍ തരുന്ന ഒരു ലേഖനം..ആശംസകള്‍

Akbar said...

ബിന്ദു
ഈ പരിചയപ്പെടുത്തലിനു ഒരുപാട് നന്ദി. പോസ്റ്റ്‌ അല്പം നീണ്ടു പോയന്കിലും വായനക്കാര്‍ക്ക് ഉപകാരപ്രദം. ഈ പ്രയത്നത്തിനു ആശംസകള്‍.

http://chaliyaarpuzha.blogspot.com/

mukthaRionism said...

ഭയങ്കര ലേഖനം..
ഒത്തിരി മെനക്കെട്ടിട്ടുണ്ടാവുമല്ലോ..

നല്ല പഠനം..
ആശംസകള്‍..

എന്‍.ബി.സുരേഷ് said...

k.p.narayanapisharadiye kurichulla article kandu. blogil etharamoru ezhuthinu muthirnnathina adyame oru salaam. njanum oru 'malayali' aakunnu. eeyide oru pareekshanathinu oru blog thudangi. kilithooval.blogspot.com sandarshikkumo. kandumuttam aksharangaliloode.

rafeeQ നടുവട്ടം said...

അതികായകനായ ഒരു ഭാഷാ ഗുരുവിനെ അദേഹത്തിന്‍റെ ചരിത്രം കൊണ്ട് തന്നെ ആദരിച്ചത് നന്നായി.

വെള്ളത്തൂവൽ said...

ഉപകാരപ്രദമായ ഒരു പോസ്റ്റ്. ഈ പങ്കുവയ്ക്കലിന് നന്ദി

ബിഗു said...

nice work. very informative. expecting more such works from you. all the best :)

ചേച്ചിപ്പെണ്ണ്‍ said...

binduve ... ithu mathrubhoomi online nte mb4eves pagil vannekkanu ..
congrats ..

http://www.mathrubhumi.mb4eves

Akbar said...

വിശദമായ പരിചയപ്പെടുത്തലിനു നന്ദി,

സുജനിക said...

എസ്.കെ : ഗംഭീരമായ പോസ്റ്റ്. ഇന്നേ കണ്ടുള്ളൂ. ഇതൊക്കെ അറിയാൻ എന്നേ ആഗ്രഹിച്ച സംഗതികൾ. താനായതുകൊണ്ട് വിവരങ്ങൾ സത്യസന്ധ്ഹമായിരിക്കുകയും ചെയ്യും എന്നറിയാം. അസ്സലായി.

വാക്കുകളുടെ വൻകരകൾ said...

ATOORINEKURICHULLA EZHUTHU NANNAAYI.

skcmalayalam admin said...

ലോകത്തിലെ മറ്റേതു ഭാഷയെക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി‍ക്ക് നന്ദി,...പോസ്റ്റ് ഞാൻ കോപ്പി ചെയ്യുന്നു,..എം,എ മലയാളത്തിന് പഠിക്കുന്ന എനിക്ക് ഇതു ആവശ്യമുണ്ട്,...നല്ല റഫറൻസ്,..സദയം ക്ഷമിക്കുക

ravanan said...

ഞാന്‍ കേട്ടിടുണ്ടായിരുന്നു. നല്ല ലേഖനം . ശരി ചേച്ചി

Unknown said...

Very nice.Really enjoyed reading. Thank you.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിജ്ഞാനം വിളങ്ങുന്ന മണിവിളക്കായിരുന്ന പണ്ഡിതശ്രേഷ്ഠനെപ്പറ്റിയുള്ള ഈ ലേഖനം ഉചിതമാംവിധം ഗംഭീരമായി. ആശംസകള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിജ്ഞാനം വിളങ്ങുന്ന മണിവിളക്കായിരുന്ന പണ്ഡിതശ്രേഷ്ഠനെപ്പറ്റിയുള്ള ഈ ലേഖനം ഉചിതമാംവിധം ഗംഭീരമായി. ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറെ നാളുകളായി ഇങ്ങോട്ടൊന്നും വരാൻ പറ്റിയില്ല. ആ മറുമൊഴി നിന്നതോടു കൂടി പല ബന്ധങ്ങളും അറ്റുപോയി
വളരെ നല്ല ഒരു ലേഖനം
സംഗീത ചന്ദ്രിക ഇപ്പോൾ ലഭ്യമാണൊ ?

ആറ്റൂർ കൃഷ്ണപ്പിഷാരടിയെ പറ്റി അറിയുന്നത് സഞ്ജയനിലൂടെ ആയിരുന്നു
ശാകുന്തളത്തിലെ
"യാസൃഷ്ടി: സ്രഷ്ടുരാദ്യാ"

എന്ന പാദത്തെ

"ധാതാവാദ്യം ചമച്ചോരുദകം" എന്നു തർജ്ജമ ചെയ്തത് വള്ളത്തോളാണെന്നു തോന്നുന്നു.

അതിനെ പച്ച മലയാളത്തിൽ

"ഏതോ സൃഷ്ടിച്ചതാദ്യം വിധി" എന്നു ലളിതമായി എഴുതിയ മഹാൻ

ഒരു നമസ്കാരം എന്റെ വക

Unknown said...

Nice one am also from the legend's Family (Pazhayannur)

Unknown said...

Nice one am also from the legend's Family (Pazhayannur)

DKM said...

സാഹിത്യത്തിലും സംഗീതത്തിലും സമാനമായ പ്രതിഭാവിലാസം ഉള്ളവർ വളരെ ചുരുക്കമാണ്. യശശ്ശരീരനായ പണ്ഡിതവര്യൻ ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരോടിയുടെ സമക്സന്ധരായ ആരുംതന്നെ മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ വള്ളത്തോൾ വിദ്യാപീഠം മാതൃകയാക്കി ഒരു ആറ്റൂർ വിദ്യാപീഠം ഉണ്ടാവട്ടെ, എന്നാഗ്രഹം, ആശംസ ! DKM Kartha

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP