Monday, July 21, 2008

ഓര്‍മയിലെ അജന്ത

കുട്ടിക്കാലത്തെ ഒരു നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ഞങ്ങളുടെ തറവാടിനടുത്തുള്ള അജന്ത എന്ന ഓല മേഞ്ഞ തിയേറ്റര്‍ അഥവാ സിനിമാകൊട്ടക. സിനിമാകൊട്ടക എന്ന വാക്ക് പറഞ്ഞുപറഞ്ഞു ലോപിച്ച് സിനിമാക്കോട്ട എന്നായി മാറിയിരുന്നു. അംഗസംഖ്യ കൂടുതലുള്ള, യാഥാ‍സ്ഥിതികത്വത്തിന്റെ കനത്ത മേലങ്കി അണിഞ്ഞിരുന്ന കൂട്ടുകുടുംബത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് റേഡിയോ കഴിഞ്ഞാലുള്ള ഒരേയൊരു വിനോദം ഈ തിയേറ്ററിലെ വല്ലപ്പോഴുമുള്ള സിനിമ കാണല്‍ മാത്രം! അതും മാറ്റിനി.

ഉച്ചക്ക് കൃത്യം രണ്ടരയ്ക്കും, വൈകീട്ട് ആറിനും രാത്രി ഒമ്പതിനും തിയേറ്ററില്‍ നിന്ന് ഉച്ചത്തില്‍ പാട്ടുകള്‍ ഒഴുകും.ആദ്യത്തെ പാട്ട് ഒരു ഭക്തിഗാനമായിരിക്കും. ഹിന്ദു-ക്രിസ്തീയ-മുസ്ലീം ഭക്തിഗാനങ്ങള്‍ ഓരോ നേരവും മാറിമാറി ഇട്ടിരുന്നു. ‘നിന്ദിതരേ പീഡിതരേ’, ‘പൊന്നുംകുരുശു മുത്തപ്പാ’, ‘ശബരിമലയില്‍ തങ്ക സൂര്യോദയം’, ‘നവകാഭിഷേകം കഴിഞ്ഞു’, ‘അള്ളാവിന്‍ കാരുണ്യമില്ല്ലെങ്കില്‍ ഭൂമിയില്‍ ’എന്നീ ഗാനങ്ങളാ‍യിരുന്നു പതിവായി കേട്ടിരുന്നത്. ആദ്യത്തെ ഭക്തിഗാനം കഴിഞ്ഞാല്‍ പിന്നെ സിനിമാപാട്ടുകള്‍‍. ഒരേ പാട്ടുകള്‍ പതിവായി കേള്‍ക്കുന്നതുകൊണ്ട് അന്നവ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരുന്നു. ഒറ്റ നിമിഷം കൊണ്ട് ആ കാലഘട്ടത്തിലേക്കെത്തിക്കുന്ന ടൈം മെഷീനുകളാണ് ഇന്നും എനിയ്ക്കാ പാട്ടുകള്‍...!!.

തിയേറ്ററില്‍ പാട്ട് വയ്ക്കുന്നതിനെ പ്ലേറ്റ് വയ്ക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്!

“ദേ, സിനിമാക്കോട്ടേല് പ്ലേറ്റ് വച്ചു, പിള്ളേരെല്ലാം കാലും മുഖവും കഴുകി അമ്പലത്തില്‍ പോവിന്‍”

എന്നത് സ്ഥിരം ആറു മണിക്ക് വീട്ടില്‍ മുഴങ്ങിയിരുന്ന പല്ലവിയായിരുന്നു.സമയം അറിയാന്‍ മറ്റൊന്നും വേണ്ടെന്നര്‍ത്ഥം!

എല്ലാ വെള്ളിയാഴ്ച്ചയും വല്ലാത്ത ഒരു ഉത്സാഹമാണ്, പുതിയ സിനിമ ഏതാണെന്നറിയാന്‍. പറമ്പിന്റെ അതിര്‍ത്തിയിലേക്ക് രാവിലെ തന്നെ ഒറ്റ ഓട്ടമാണ്.നേരെ എതിര്‍വശത്തുള്ള തിയേറ്ററില്‍ അപ്പോഴേക്കും പുതിയ പോസ്റ്റര്‍ ഒട്ടിച്ചിരിക്കും. അധികം വൈകാതെ ജീപ്പില്‍ അനൌണ്‍സ്മെന്റും നോട്ടീസ് വിതരണവും തുടങ്ങും. നോട്ടീസ് കിട്ടി കഥയെപ്പറ്റി ഏകദേശരൂപം കിട്ടിക്കഴിഞ്ഞാലാണ് സിനിമ കാണണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യുന്നത്. എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ ഫസ്റ്റ്ഷോ കാണുന്ന,ഒരു അസ്സല്‍ “സിനിമാനിരൂപകനും” ഞങ്ങളുടെ പണിക്കാരനുമായ അയ്യപ്പന്റെ അഭിപ്രായവും കൂടി കണക്കിലെടുത്തതിനുശേഷമാണ് ഒരു ഫൈനല്‍ തീരുമാനത്തിലെത്തുക. അയ്യപ്പന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ പോകും:

“ഇതിന് പോണ്ടാട്ടാ....ഏപ്പഡോണ്”
“കഥ കൊള്ളാട്ടാ...പക്ഷേ ഒരു ഉശിരു പോരാ..പഴങ്കഞ്ഞി കുടിച്ചപോലെയായിപ്പോയ്...”
“നല്ല ചൊങ്കന്‍ പടം...കാശ് മൊതലായി”
“കൊള്ളൂലാ...ഇതാര് പിടിച്ച പടോണാവോ..?”

സിനിമ കാണാന്‍ തീരുമാനിച്ചാല്‍പിന്നെ ശനിയാഴ്ചയോ ഞായറാഴ്ചയോ മാറ്റിനി. അമ്മാവന്റെ അനുവാദം വാങ്ങുക എന്നതാണ് അടുത്ത ചടങ്ങ്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ചാരുകസേരയില്‍ ഇരുന്ന് മുറുക്കലിന് വട്ടം കൂട്ടുന്ന സമയമാണ് ഏറ്റവും പറ്റിയത്. ഞങ്ങള്‍ നാലു പേരും ചെന്ന് ഒരു പരുങ്ങലോടെ ചോദിക്കും:

“അമ്മാവാ, സിനിമയ്ക്ക് പൊക്കോട്ടെ?”

ഉത്തരം അറിഞ്ഞിട്ട് അമ്മാവന് ഒരാവശ്യവുമില്ലാത്ത മറുചോദ്യമായിരിക്കും തിരിച്ച്:

“എന്താ, സിനിമയുടെ പേര്?”

‘തച്ചോളി ഒതേനന്‍’, ‘ഗുരുവായൂര്‍ കേശവന്‍’ ‘ശങ്കരാഭരണം’മുതലായ പേരുകളാണെങ്കില്‍ പറയാന്‍ ഒരു ‘ഇതു’ണ്ട്. പലപ്പോഴും ‘പ്രേമാഭിഷേകം’, ‘ചക്കരയുമ്മ’,‘പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്’ പോലുള്ള പേരുകള്‍ വല്ലാത്ത മടിയോടെയും ചമ്മലോടെയുമായിരിക്കും പറയുക. പിന്നെ ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ക്കുശേഷം ,

“ഉം ശരി” എന്ന മറുപടി കിട്ടിയാല്‍ പകുതി ജയിച്ചു!.

(അനുവാദം ഒരിക്കലും കിട്ടാതിരുന്നിട്ടില്ലെങ്കിലും ഈ ഒരു ചടങ്ങ് വല്ലാത്ത ടെന്‍ഷന്‍ പിടിച്ച ഒന്നായിരുന്നു).

പിന്നെ രണ്ടരയ്ക്ക് തിയേറ്ററില്‍ ‘പ്ലേറ്റ്’വയ്ക്കുന്നതോടെ തയ്യാറെടുപ്പ് തുടങ്ങും. സിനിമ തുടങ്ങുന്നതിന് 10 മിനിട്ട് മുന്‍പ് പാട്ടുകളുടെ ശബ്ദം തിയേറ്ററിനുള്ളിലേക്ക് വലിയും.‘പ്ലേറ്റ് ഉള്ളിലേയ്ക്ക്’വച്ചാല്‍ ഞങ്ങള്‍ നാലു കുട്ടികളും ,അമ്മയും,അമ്മായിയും,വല്യമ്മയും അടങ്ങുന്ന സംഘം പുറപ്പെടുകയായി.തൊട്ടാവാടികള്‍ നിറഞ്ഞ പറമ്പിന്റെ അറ്റത്തായി, ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാവുന്ന വേലിപ്പഴുതിലൂടെ റോഡിലെത്തിയാല്‍ എതിര്‍വശത്ത് തിയേറ്റര്‍.

എന്റെ ഓര്‍മ്മയില്‍, അജന്തയില്‍ അഭൂതപൂ‍ര്‍വ്വമായ തിരക്കനുഭവപ്പെട്ട രണ്ട് സിനിമകളേ ഉണ്ടായിട്ടുള്ളു. ‘പടയോട്ട’വും, ‘കോളിളക്ക’വും. ആദ്യത്തെ 70mm ചിത്രമായ പടയോട്ടത്തിന് സ്ക്രീന്‍ എക്സ്ട്രാതുണി വച്ച് ഏച്ചുകെട്ടിയിരുന്നത് നല്ല ഓര്‍മ്മയുണ്ട്. എന്നിട്ടും സിനിമ അതും കവിഞ്ഞ് അറ്റവും മൂലയുമൊന്നും ഇല്ലാതെയാണ് കണ്ടത്. ജയന്റെ മരണത്തിന് ഇടയാക്കിയ കോളിളക്കം സിനിമ അജന്തയിലും വന്‍ കോളിളക്കം സൃഷ്ടിച്ചു.ഹൌസ് ഫുള്‍ ബോര്‍ഡ് വച്ചിട്ടും മടങ്ങാന്‍ കൂ‍ട്ടാക്കാത്ത ജനങ്ങള്‍ അവസാനം അടുത്തുള്ള വീടുകളില്‍ നിന്ന് വരുത്തിച്ച കസേരകളിലും സ്റ്റൂളുകളിലും ഇരുന്നും ബാക്കി കുറച്ചുപേര്‍ നിന്നും വരെ കാണാന്‍ തയ്യാറായി!!!

നാലു രൂപയുടെ ‘സൂപ്പര്‍ക്ലാസ്’ ടിക്കറ്റ് തന്നെയെടുത്ത് അകത്തേക്ക് കടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് സീറ്റ് കിട്ടുന്നത് തൂണിന്റെ മറവിലായിരിക്കരുതേ എന്നും ഓലപ്പഴുതിലൂടെയുള്ള വെളിച്ചം വീഴുന്നിടത്തും ആയിരിക്കരുതേ എന്നുമാണ്. ചിലപ്പോള്‍ വെളിച്ചം വീഴുന്നത് നേരെ മുഖത്തേക്കു തന്നെയായിരിക്കും, ആരോ ടോര്‍ച്ചടിച്ചതുപോലെ!

ഗാന്ധിജിയേയോ നെഹ്രുവിനെയോ സ്വാതന്ത്ര്യ സമരത്തേയോ ആസ്പദമാക്കിയുള്ള ,എട്ടും പൊട്ടും തിരിച്ചറിയാത്ത ന്യൂസ് റീ‍ലുകള്‍ കൂടി സഹിച്ചതിനുശേഷം വേണം സിനിമ തുടങ്ങാന്‍! സിനിമയ്ക്കിടയില്‍ കറന്റ് പോകുമൊ എന്ന വേവലാതി വേറെ. ജനറേറ്റര്‍ എന്ന വസ്തൂ അന്ന് ഞങ്ങളുടെ നാട്ടില്‍ കണ്ടുപിടിച്ചിട്ടില്ലായിരുന്നു. കറന്റ് പോയാല്‍ കുറച്ചുനേരം കാത്തിരുന്ന ശേഷം എല്ലാവരും പോകാന്‍ തുടങ്ങും. പിന്നീട് കറന്റ് വന്നതിനുശേഷം വീണ്ടും ചെന്ന് ടിക്കറ്റിന്റെ പകുതിക്കഷ്ണം കാണിച്ചാല്‍ സിനിമയുടെ ബാക്കി കാണാമെങ്കിലും ഞങ്ങളെ സംബന്ധിച്ച് അത് നടപ്പുള്ള കാര്യമല്ലായിരുന്നു. കാരണം, അനുവാദം കിട്ടില്ല എന്നതുതന്നെ. ചിലപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയ ഉടനെ തന്നെ കറന്റും വരും(അതാണ് ഏറ്റവും സങ്കടകരം). പിന്നെ ചെവി കൂര്‍പ്പിച്ചിരുന്ന് ബാക്കി കഥ മനസ്സിലാക്കും(തിയേറ്ററില്‍ നിന്ന് ഉച്ചത്തിലൊഴുകുന്ന ഡയലോഗുകള്‍ കേട്ടുകേട്ട് പലതും അക്കാലത്ത് മനഃപാഠമായിരുന്നു. ഞങ്ങളുടെ കൊച്ചമ്മമ്മയ്ക്ക് (അമ്മമ്മയുടെ അനിയത്തി)തിയേറ്ററില്‍ പോകാതെ തന്നെ സിനിമാക്കഥ മുഴുവന്‍ മനസ്സിലാക്കാനുള്ള പ്രത്യേക സിദ്ധിയുണ്ടായിരുന്നു! പടിഞ്ഞാപ്പുറത്തെ ഇറയത്തെ മരക്കസേരയില്‍ തിയറ്ററിലേക്ക് ചെവി വട്ടം പിടിച്ച് സശ്രദ്ധം ഇരിക്കുന്ന കൊച്ചമ്മമ്മയുടെ രൂപം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.....

എന്തൊക്കെയായാലും അന്നത്തെ ആ സിനിമകാണല്‍ മറക്കാനാവാത്ത അനുഭവം തന്നെയായിരുന്നു. പൌഡറിന്റേയും വിയര്‍പ്പിന്റേയും ബീഡിപ്പുകയുടേയും ഗന്ധമുള്ള ഒരു ഓര്‍മ്മച്ചിത്രം...

41 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

പൌഡറിന്റേയും വിയര്‍പ്പിന്റേയും ബീഡിപ്പുകയുടേയും ഗന്ധമുള്ള ഒരു ഓര്‍മ്മച്ചിത്രം...

Kaithamullu said...

ഞങ്ങടെ കടയില്‍ സ്ഥിരമായി കൈലാസ് തിയേറ്ററിന്റെ ഒരു പോസ്റ്റര്‍ വയ്ക്കും. അത് കൊണ്ട് മാറുന്ന എല്ലാ സിനിമക്കും കിട്ടും ഒരു ഫ്രീ പാസ്.(ശനി, ഞായര്‍, അവധി ദിനങ്ങള്‍ - കാണാന്‍ പാടില്ല)

ആദ്യമായി അച്ഛന്റൊപ്പം പോയി കണ്ട സിനിമ ഓര്‍മ്മയുണ്ട്: കളിത്തോഴന്‍!

ബിന്ദൂ, നൊസ്റ്റാല്‍ജിയ, വീണ്ടും!

കുഞ്ഞന്‍ said...

ബിന്ദു..

ഇത് തികച്ചും രസകരമായ ഒരേടാണ്.

എന്നാലും ഞാന്‍ പറയും ബിന്ദു ഭാഗ്യവതിയെന്ന്..കാരണം ഞാനൊക്കെ കുട്ടിക്കാലത്ത് സിനിമ കണ്ടിരിക്കുന്നത് 80 പൈസ..ഒരു രൂപ നിരക്കിലുള്ള ബഞ്ചിലിരുന്നാണ്... പക്ഷെ ഇടവേളക്കുമുമ്പ് ആരും കാണാതെ ( എന്റെ വിശ്വാസം ) സെക്കന്റ്ക്ലാസ്സിലേക്ക് ചാടിമറിഞ്ഞിരിക്കും

നന്ദി പറയുന്നു ആ കാലത്തിലേക്കു കൊണ്ടുപോയതിന്..!

തറവാടി said...

പടയോട്ടം വന്ന സമയത്ത് മിക്ക സിനിമാ കോട്ടായിയുടേയും പ്രശ്നമായിരുന്നു തുണി ഏച്ചുകൂട്ടല്‍ , കൃത്യമായി ചെയ്യാത്തതിനാല്‍ സ്ക്രീനില്‍ വിടവ് വന്നതൊക്കെ സംസരമായിരുന്നു.

ആദ്യ സിനിമ ഫ്രീയായി ഇത്തയുടെ നാട്ടില്‍ നിന്നും കണ്ടു ചാലിശ്ശേരിയില്‍ , മൂടുപടം , രണ്ടാമത്തേതും ഫ്രീ അവിടെനിന്നുതന്നെ , ലൈലാ മജ്നു , ഓര്‍മ്മകള്‍ ഉണര്‍ത്താനായ് അപോസ്റ്റ്.

തൊട്ടടുത്തായതിനഅല്‍ കുറെ സിനിമകളുടെ ശബ്ദങ്ങള്‍ മനപ്പാഠമായിരിക്കും അല്ലെ? :)

മുസാഫിര്‍ said...

നല്ല ഓര്‍മ്മക്കുറിപ്പ് ബിന്ദു.

അനില്‍@ബ്ലോഗ് // anil said...

ബിന്ദു, മനസ്സില്‍ നിന്നും മാഞ്ഞ ചില ഫ്രേയിമുകള്‍ പൊടിതട്ടാന്‍ സഹായിച്ചതിനു നന്ദി.ബാല്യ കൌമാര കാല്‍ഘട്ടങ്ങളുടെ ഓര്‍മകള്‍ എല്ലാം തന്നെ സിനിമയും, സിനിമാ കൊട്ടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു.വെള്ളിയാഴ്ചകള്‍ പ്രധാനദിവസ്സങ്ങള്‍ തന്നെയായിരുന്നു, ചിലപ്പോള്‍ ചൊവ്വാഴ്ചകളിലും മാറിയിരുന്നു(റേറ്റിങ് കുറഞ്ഞ സിനിമകള്‍).മമ്മുടെ സാമന്യബുദ്ധിയെ സിനിമ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ തിയ്യെറ്റ്ര് അന്ന്യമായി.തലമുറകളുടെ വിടവും കൂടി ആയപ്പൊള്‍ പൂര്‍ണ്ണം. സിനിമ കണ്ടിട്ടിപ്പൊള്‍ വര്‍ഷങ്ങള്‍ ആയി.

ഒരു സ്നേഹിതന്‍ said...

ചെറുപ്പത്തില്‍ കൂട്ടുക്കാരോന്നിച്ച്ചു സിനിമക്കു പോയിട്ട്, ഇടവേലക്കു‌ ശേഷം പുറകിലോട്ടു ചാടിയത് ഇപ്പോഴും ഓര്‍ക്കുന്നു.... അത് ഞാന്‍ മറക്കില്ല....

അവനോടു അപ്പോഴേ ഞാന്‍ പറഞ്ഞതാ വേണ്ടാ... വേണ്ടാന്നു

എന്തുകൊണ്ടാ മറക്കാത്തെന്നല്ലേ....

അത് ഞാന്‍ പറയില്ല, എനിക്ക് നാണാവും...

അന്ന് ചാടിയതില്‍ പിന്നെ ജീവിതത്തിലൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല ...
അത്രെയും അറിഞ്ഞാല്‍ മതി.....

അന്നത്തെ സംഭവം ഒന്നൂടെ ഓര്‍മ്മിപ്പിച്ചതിനു നന്ദി...

ശ്രീ said...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്, ചേച്ചീ...
പഴയ സിനിമാക്കഴ്ചകളെല്ലാം ഓര്‍മ്മ വന്നു.
:)

ജിജ സുബ്രഹ്മണ്യൻ said...

50 പൈസാ ടിക്കറ്റിനു അടുത്ത തിയേറ്റര്‍ ആയ പയ്യാല്‍ പതമയില്‍ പോയി വാഴ്വേമായം, അര നാഴിക നേരം ഒക്കെ കണ്ടതു ഓര്‍മ്മ വരുന്നു.. അന്നു ബെഞ്ചില്‍ ഇരുന്നു കാണാനായിരുന്നു ഇഷ്ടം.ഏറ്റവും മുന്‍പില്‍ പോയിരുന്നു സ്ക്രീനിലേക്കു വായില്‍ നോക്കി ഇരുന്നു കണ്ടിട്ടുള്ള സിനിമകള്‍..
ആ പഴയ കാലത്തിലേക്കു തിരിച്ചു പോകാന്‍ പറ്റി.. നന്ദി ബിന്ദൂ

തണല്‍ said...

ബിന്ദൂ..
കുഞ്ഞന്‍ പറഞ്ഞപോലെ
ഓര്‍മ്മകള്‍ ബെഞ്ചില്‍ നിന്നും
സെക്കന്റ് ക്ലാസ്സിലേക്ക് ചാടിമറിയുന്നു..
തൂണിന്റെ മറവില്‍ തല ചരിച്ചിരുന്നു കണ്ട എത്രയെത്ര സിനിമകള്‍..നന്ദി..ഈ ഓര്‍മ്മചിത്രത്തിന്!

ഗിരീഷ്‌ എ എസ്‌ said...

ആസ്വദിച്ച്‌ വായിച്ചു...
മനോഹരമായ എഴുത്ത്‌...
പണ്ട്‌ നാട്ടിമ്പുറത്തുണ്ടായിരുന്ന ഇത്തരം കൊട്ടകകളില്‍
95 ശതമാനവും പൊളിച്ചടുക്കി..
ഞങ്ങളുടെ നാട്ടില്‍ ലോകത്താദ്യമായി
ഒരു സിനിമാതിയ്യറ്റര്‍ ക്രിസ്‌ത്യന്‍പള്ളിയുമായി....

എന്തിരുന്നാലും
അത്തരം തിയ്യറ്ററുകളില്‍ സിനിമകാണല്‍
ഒരു രസം തന്നെയായിരുന്നു..
നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന തൂണുകളെ
അതിജീവിച്ച്‌
സ്‌പോഞ്ച്‌ സീറ്റിലെ മൂട്ടകളോട്‌ പടപൊരുതിയുള്ള
ആ കാഴ്‌ച....


മനോഹരമായ എഴുത്ത്‌
ആശംസകള്‍...

ഹരീഷ് തൊടുപുഴ said...

ചേച്ചീ,
ഇനി ഒരിക്കലും ആ കാലം തിരിച്ചു കിട്ടില്ല; വല്ലാത്ത ഒരു നൊമ്പരം അല്ലേ...

പാമരന്‍ said...

ഒത്തിരി ഓര്‍മ്മകളെ തൊട്ടിയുണര്‍ത്തി.. 'സിലിമാക്കൊട്ടേല്‌ പാട്ടിടലും' പാട്ട്‌ ഉള്ളിലേക്കിടലും' തന്നെയായിരുന്നു കുറേക്കാലം. പഠിക്കാനും ഉറങ്ങാനുമുള്ള സമയത്തിന്‍റെ മാനദണ്ഡം.

അല്ഫോന്‍സക്കുട്ടി said...

ബിന്ദൂന്റെ പോസ്റ്റ് വായിച്ചപ്പോ ഞാനും ചെറുപ്പത്തില്‍ സിനിമ കണ്ടിരുന്ന തമ്പി തിയറ്ററിനെ കുറിച്ചോര്‍ത്തു. എന്തോരം നസീര്‍, ജയന്‍ സിനിമകളാണ് അവടെ കണ്ടിരിക്കുന്നത്.
പിന്നെ കമലഹാസന്‍ ലാസ്റ്റ് ലുക്കീമിയ വന്ന് ചോര ഷര്‍ദ്ദിക്കുന്ന സിനിമകളും.

mmrwrites said...

ഇവരൊക്കെ കമന്റിയതു ശരി തന്നെയാ..ഞാനും പോയി പഴയ സിനിമാക്കോട്ടേലേക്ക്.. നന്ദി..

നിരക്ഷരൻ said...

ഓലപ്പഴുതിലൂടെ സൂര്യപ്രകാശം അരിച്ചരിച്ച് കടക്കുന്ന ഒരുപാട് പഴയ സിനിമാക്കോട്ടകളിലേക്കാണ് ബിന്ദു പിടിച്ച് വലിച്ച് കൊണ്ടുപോയത്. അതിന്റെ ഒരു സുഖം ഇന്നത്തെ മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ കിട്ടുന്നില്ലെന്ന് തോന്നുന്നത് ഞാനൊരു പന്ന പഴഞ്ചന്‍ ആയതുകൊണ്ടായിരിക്കാം.

എന്താ‍യാലും “പൌഡറിന്റേയും വിയര്‍പ്പിന്റേയും ബീഡിപ്പുകയുടേയും ഗന്ധമുള്ള ഒരു ഓര്‍മ്മച്ചിത്രം“ എന്ന അവസാനത്തെ വരികൂടെ ആയപ്പോള്‍ എല്ലാം തികഞ്ഞു. :) :)

മലമൂട്ടില്‍ മത്തായി said...

നല്ല പോസ്റ്റ്. നഗരവാസി ആയതിനാല്‍ ഓല മേഞ്ഞ കൊട്ടകയില്‍ പോയിട്ടില്ല. പക്ഷെ പ്ലേറ്റ് വെക്കുക എന്ന പ്രയോഗം കേട്ടിടുണ്ട്.

Unknown said...

ഞങ്ങളുടെ നാട്ടില്‍ മീനുടാക്കീസ് എന്ന്നൊരു തിയ്യറ്റര്‍ ഉണ്ടായിരുന്നു അവിടെ പോയി
പടം കണ്ട ഓര്‍മ്മ
മനസ്സിലൂടെ കടന്നുപോയി ഇത് വായീച്ചപ്പോള്‍

OAB/ഒഎബി said...

ചെറുപ്പത്തില്‍ ഒരു സിനിമാകോട്ടക്കടുത്ത് കുറച്ച് കാലം.
താമസിച്ചിട്ടുണ്ട്. അവിടെ എനിക്ക് ഫ്രീയായിട്ട് ഏതു സിനിമയും കാണാമായിരുന്നു. സെക്കന്റ് ഷോ 16 ആള്‍ തികഞ്ഞെങ്കിലേ ഓടൂ. അല്ലെങ്കില്‍ കാറ്ബണ്‍ കത്തുന്ന കാശ് ഒക്കൂലാന്ന് പറഞ്ഞ് ടിക്കറ്റ് കൊടുത്തതൊക്കെ തിരിച്ച് വാങ്ങിക്കും.

ഒരു നിമിഷം ഓറ്മകള്‍ അങ്ങോട്ടൊന്ന് പാഞ്ഞു.
നന്ദി.

ഒഎബി.

Rare Rose said...

ബിന്ദു ചേച്ചീ..,..ഈ ഓര്‍മ്മകള്‍ വല്ലാതെ ഇഷ്ടായി....വീട്ടില്‍ അമ്മ പറഞ്ഞു കേള്‍ക്കാറുണ്ട് സിനിമാകൊട്ടകയില്‍ അമ്മയും ചേച്ചിമാരും കുട്ടിക്കാലത്ത് സിനിമ കാണാന്‍ പോകുന്ന വീരകൃത്യങ്ങള്‍..ഇതു പോലെ കറന്റ് പോകുന്നതൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ക്ക് അതിശയമായിരുന്നു....അങ്ങനെ കറന്റ് പോവുമ്പോള്‍ നിരാശരായി വീട്ടിലേക്ക് നടക്കുമ്പോള്‍ എത്ര ദേഷ്യവും സങ്കടവും വരുമല്ലേ...??

സജി said...

ഞാനും ഒരു സിനിമ കഥ എഴുതിയിരുന്നു, കുറെ നാളു മുന്‍പ് അതു ഇവിടെഉണ്ട്...

നാടേതായാലും.. പഴയ കാലങ്ങള്‍ ഒരുപോലെ തോന്നുന്നു....

നമ്മുടെ മക്കള്‍ എന്തായിരുക്കുമോ, അവരുടെ കുട്ടിക്കാലത്തേക്കുറിച്ചു പറയുക...???

ബിന്ദു കെ പി said...

കൈതമുള്ള് :- എന്റെ കൂട്ടുകാ‍രിയുടെ അച്ഛന് തിയേറ്ററിന്റെ കോമ്പൌണ്ടില്‍ തന്നെ ചെറിയൊരു കടയുണ്ടായിരുന്നു.അവര്‍ക്കെല്ലാം സിനിമ ഫ്രീ ആയിരുന്നു. അന്ന് അവളോട് തോന്നിയിരുന്ന ഒരു അസൂയ!!

കുഞ്ഞന്‍:-സെക്കന്റ് ക്ലാസ്സിലേക്ക് ചാ‍ടുന്നവര്‍ എന്തോ വീരകൃത്യം ചെയ്യുന്നതുപോലെയാണ് അന്നൊക്കെ തോന്നിയിരുന്നത് !

തറവാ‍ടി:- കണ്ട സിനിമകളൂടെ ശബ്ദങ്ങള്‍ വീണ്ടും കേട്ട് രസിക്കുന്നത് അന്നത്തെ ശീലമായിരുന്നു

സ്ക്രാപ്പ് , മുസാഫിര്‍ :-നന്ദി.

അനില്‍:- ചൊവ്വാഴ്ചകളില്‍ മാറിയിരുന്ന സിനിമകള്‍ തമിഴും മറ്റും ആയിരുന്നു

സ്നേഹിതന്‍:- എന്തായാലും ആ ‘മറക്കാനാവാ‍ത്ത സംഭവം ’ഒന്നു കൂടി ഓര്‍ത്തത് നന്നായി

ശ്രീ, കാന്താരി,തണല്‍, ദ്രൌപദി, ഹരീഷ്, പാ‍മരന്‍, mmrwrites:- കമന്റിന് പെരുത്ത് നന്ദി

അല്‍ഫോന്‍സക്കുട്ടി:- :)

നിരക്ഷരന്‍:- ഇത്തരം കാ‍ര്യങ്ങളില്‍ ഞാനുമൊരു പന്ന പഴഞ്ച തന്നെ.

മത്തായി, അനൂപ്,ബഹുവ്രീഹി: കമന്റിന് നന്ദി

ഓഏബി: :)

റോസ്::- ഹോ, കറന്റ് പോകുമ്പോഴത്തെ ഒരു വിഷമം..!!

സജി:- പോസ്റ്റ് വായിച്ചു. ഏതാണ്ട് ഒരേ അനുഭവങ്ങള്‍ തന്നെ അല്ലേ

siva // ശിവ said...

ഞാന്‍ ആദ്യമായി തിയേറ്ററില്‍ നിന്ന് സിനിമ കാണുന്നത് എന്റെ അങ്കിളിന്റെ വീടില്‍ നിന്നാണ്...കൊല്ലങ്കോട് (കന്യാകുമാരി ജില്ല) ഉള്ള പങ്കജ് എന്ന തിയേറ്റര്‍....

അങ്കിളിന്റെ വീടും ഇതു പോലെ തിയേറ്ററിനടുത്താണ്...

അന്ന് അവിടെ നിന്ന് കണ്ട ആ സിനിമ യജമാന്‍ എന്ന രജനി സിനിമ ആയിരുന്നു...പൌഡറിന്റേയും വിയര്‍പ്പിന്റേയും ബീഡിപ്പുകയുടേയും ഗന്ധമുള്ള ഒരു ഓര്‍മ്മച്ചിത്രം...എന്ന് വായിച്ചപ്പോള്‍ വീണ്ടും അതൊക്കെ ഓര്‍മ്മ വന്നു...

സസ്നേഹം,

ശിവ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഓര്‍മ്മകള്‍

poor-me/പാവം-ഞാന്‍ said...

If you belong to puthanvelikkara I belong to puthanveli ikkare ie maattupuram.though only periyar river seperates us till i write to you neither I could see puthan velikkara nor your good self.but let us bridge the gap by mutually reading and commenting each others blogs.convey regards to your family members and the main chadang-
i njayd your writing .as if I have vctd the kotta.good craft.I too have such xperience @ Radha,central ,parur.thats a long short story.can hear later.

annamma said...

ഒരുമിച്ച് എല്ലാവരും കൂടി പോയി സിനിമ കാണുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണ്. കുറെ നല്ല ഓര്‍മ്മകള്‍

അരുണ്‍ രാജ R. D said...

ഗൃഹാതുരത്വം നിറഞ്ഞു നില്പുണ്ട് ഓരോ വരിയിലും...ഒരു അരുന്ധതി റോയ് സ്റ്റൈല്‍-ഉം..കൊച്ചമ്മയുടെ നില്‍പ്പ് മനസ്സില്‍ തെളിഞ്ഞു...അഭിനന്ദനങ്ങള്‍..!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കുറെ നല്ല ഓര്‍മ്മകള്‍

Shooting star - ഷിഹാബ് said...

ഓര്‍മ്മകള്‍ മനസ്സിലൂടെ യാത്ര ചെയ്തു, നന്നായിട്ടുണ്ട്

ജെ പി വെട്ടിയാട്ടില്‍ said...

ormakalile ONAM ethra manoharamayirikkunnu...
vaayikkanenthoru sukham....
onam unnunnathu pole thanne....
PINNE EE BLOG ETHR MANOHARAMAYIRIKKUNNU...
ethilullathu pole palathum [decorationg elements] ente blogil ella...
can u help me to make my blog also with the sort of information u have in your blog....
i am new to blogging....
malaylam vrithiyayum thettu koodatheyum ezhuthanariyilla....
patichu varunnathe ulloo...

വികടശിരോമണി said...

തെളിമയുള്ള ഓർമ്മകൾ.ഞങ്ങടെ നാട്ടിൽ അജന്തക്കു പകരം ആരാധന എന്നായിരുന്നു പേര്.ബാക്കിയൊക്കെ സെയിം.ആ സിനിമ കാണാതെ മനസ്സിലാക്കുന്ന കൊച്ചമ്മമ്മയുടെ ചിത്രം ഗംഭീരം.
ഒരു കുഞ്ഞ് ഓഫ്:ഈ അനിലിന് അടി കൊടുക്കാൻ ആരുമില്ലേ?സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന എത്ര നസീർ,ജയൻ,ഉമ്മർ പടത്തിന്റെ ലിസ്റ്റ് വേണം?അതൊരു പുതിയ കാര്യമേയല്ല.എല്ലാക്കാലവും ഒരേ പോലെ സിനിമ പിടിക്കാൻ പറ്റില്ല.കാലം,സാമൂഹ്യ,രാഷ്ട്രീയസാഹചര്യങ്ങൾ തുടങ്ങി എല്ലാ രംഗങ്ങളിലും വന്ന മാറ്റം സിനിമയിലും വരുന്നു.ഇന്നും പല നല്ല സിനിമകളും വരുന്നുണ്ട്.ആളുകൾ കാണുന്നത് കുറയുന്നു.അനിലിനെപ്പോലുള്ളവർ കുറേ മുൻ‌വിധികളുമായി ജീവിക്കുന്നു.ഡാൻസ് കുട്ടികളെ പഠിപ്പിക്കരുത്,സിനിമയുടെ ക്വാളിറ്റി പോയി-ഇനിയെന്തൊക്കെയാണ്?
അനിലിൽ നിന്ന് ഇതിനേക്കാളും സെൻസിലിബിലിറ്റി പ്രതീക്ഷിക്കുന്നുണ്ട്.
ഹാവൂ!രാവിലെത്തന്നെ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്തൊരാശ്വാസം!:)

Sathees Makkoth | Asha Revamma said...

അജന്തയ്ക്ക് പകരം എൽജി ആയിരുന്നൂന്നേയുള്ളു. ബാക്കി എല്ലാം സേം. ടിക്കറ്റെറ്റുത്തിരുന്നില്ല. അതൊക്കെ മെനക്കേടല്ലേ. സ്ക്രീനിന്റെ പുറകിലെ ഓലമെടല പൊക്കി മാറ്റുന്നത് ടിക്കറ്റെടുക്കുന്നതിനേലും എളുപ്പമായിരുന്നു.

നാടകക്കാരന്‍ said...

ബിന്ദു ചേചീ..ഇത്തരം തീയ്യേറ്ററുകൾ എല്ലാം ഇപ്പോൾ ഓഡിറ്റോറിയങ്ങളായി വഴിമാറിയിരിക്കുന്നു പണ്ട് ഈ തീയ്യേറ്ററുകൾക്ക് വിനോദം എന്നതിലപ്പുറത്ത് ഒരു കൂട്ടായ്മ്മയുടെ മുഖച്ഛായ കൂടി ഉണ്ടായിരുന്നു...പണ്ട് ഇതുപോലെ ഒരു തീയ്യേറ്ററിൽ പോയി എന്നെ കാണാതായ കഥ എന്റെ എളയമ്മ പറഞ്ഞത് ഓർമ്മവരുന്നു....എന്തായാലും നല്ല പോസ്റ്റ്

ഇട്ടിമാളു അഗ്നിമിത്ര said...

എന്റെ കഥയിൽ അജന്തക്കു പകരം സംഗീതയാണ്.. അമ്മാവനു പകരം അച്ഛനും.. വീട്ടുകാരോടൊപ്പമാണെങ്കിൽ ഫസ്റ്റ് ഷോയൊ സെക്കന്റ് ഷോയൊ ആവും..അല്ലെങ്കിൽ കൂട്ടുകാരോടൊത്ത് ആഘോഷമായി മാറ്റിനി.. വെള്ളിയാഴ്ചകളിലെ ഈ ഓട്ടവും പോസ്റ്റർ നോക്കലും എനിക്കും പരിചിതം.. കാണണം എന്നു തീരുമാനിച്ചാൽ അന്നു രാവിലെ മരണ പഠിത്തം ആയിരിക്കും.. ഉച്ചക്ക് ചോദിക്കുമ്പോൾ വേണ്ടാന്ന് പറയാൻ ഒരു അവസരം കൊടുക്കരുതല്ലൊ.. പക്ഷെ റോഡിനപ്പുറത്തെ സംഗീതയും കടന്ന് വിശേഷാവസരങ്ങളിൽ കൂറ്റനാട്ടേക്കും പട്ടാമ്പിയിലേക്കുമൊക്കെ സിനിമകാണൽ വ്യാപിച്ചിരുന്നെന്നു മാത്രം.. കോളെജിൽ കേറിയപ്പോൾ കുന്നംകുളവും ഗുരുവായൂരും ത്രിശ്ശുരുമായി..പുതിയ സിനിമ റിലീസ് ആവണ ദിവസം സമരമായിരിക്കണേ ന്ന് ഉള്ളുരുകി പ്രാർഥ്തിക്കാൻ തുടങ്ങി..

“തനിച്ച് സിനിമക്ക് പോയൊ” എന്ന് ഇന്ന് കൂട്ടുകാർ കണ്ണുതുറിച്ച് ചോദിക്കുമ്പോൾ ഞാൻ പത്തിൽ പഠിക്കുമ്പോ തന്നെ പോയി കണ്ടിട്ടുണ്ടല്ലൊ എന്ന് പറയുന്നതിന്റെ ക്രെഡിറ്റ് അച്ഛനുള്ളതാ.. പത്തിലെ പരീക്ഷ കഴിയും വരെ സിനിമയില്ലെന്ന് അച്ഛൻ പ്രഖ്യാപിച്ചത് അമ്മയെ സ്മാധാനിപ്പിക്കാനായിരുന്നു.. പകരം പരീക്ഷക്ക് ശേഷം വരുന്ന എല്ലാ സിനിമയും കാണാമെന്ന വാഗ്ദാനം.. അതുകൊണ്ടെ കോളേജിൽ കേറും വരെ ആക്രാന്തം പിടിച്ച സിനിമ കാണൽ ആയിരുന്നു.. അങ്ങിനെ ഒരു ദിവസം സിനിമ മാറിയതറിയാതെ ഞാനും കൂട്ടുകാരിയും ഓടിച്ചെന്നിരുന്ന് കണ്ടത് തമിഴ് സിനിമ.. പൊട്ടനാട്ടം കണ്ടപോലെ എന്ന് പ്രത്യെകം പറയണ്ടല്ലൊ.. സെക്കന്റ് ഷൊ തുടങ്ങുമ്പൊ ഡയലോഗ് എല്ലാം കൃത്യമായി കേൾക്കാം.. അന്നത്തെ ഒരു ക്രേസ് ആയിരുന്നു, ഡയലോഗ് കാണാപാഠം പഠിക്കൽ..

ഒരു പാട് നീണ്ടു പോയല്ലൊ.. നിർത്താം... സംഗീതയുടെ സംഗീതം വർഷങ്ങൾക്ക് മുമ്പെ നിലച്ചു പോയി.. ഇന്നവിടെ വലിയൊരു കെട്ടിടം.. :(

ഞാന്‍ ഇരിങ്ങല്‍ said...

പഴയ പല തീയറ്ററുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. ഓര്‍മ്മകള്‍ മാത്രം ബാക്കിയാവുകയും ചെയ്യുന്നു.

ഓര്‍മയിലെ അജന്ത ഒരു പക്ഷെ ഒരു പാടു പേര്‍ക്ക് പേരു മാറി പറയാനുണ്ടാകുമെന്ന് തന്നെ ഞാനും കരുതുന്നു.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

വാഴക്കോടന്‍ ‍// vazhakodan said...

നൊസ്റ്റാല്‍ജിയ നൊസ്റ്റാല്‍ജിയ :)

നല്ലൊരു ഓര്‍മ്മക്കുറിപ്പ്, ചേച്ചീ.

എറക്കാടൻ / Erakkadan said...

എന്നെപ്പോലെ നോസ്റ്റാൾജിയ ഉള്ള ആളാണല്ലേ.....കൂടുതൽ നോസ്റ്റാൾജിക്കിന​‍്‌ ഇവിടെ ഒന്നു കേറി നോക്കൂ
www.thichur.blogspot.com

jayanEvoor said...

ഇഷ്റ്റപ്പെട്ടു!

എനിക്കും പറയാനുണ്ട് ടാക്കീസുകളെ പറ്റി!

ഏവൂർ ജയാ ടാക്കീസ്

രാമപുരം സുനിത

കരിയിലക്കുളങ്ങര അമ്പിളി

നങ്ങ്യാർകുളങ്ങര അർച്ചന!

പിന്നെഴുതാം...

അഭി said...

ബിന്ദു ചേച്ചി , അജന്ത എന്ന് കണ്ടപ്പോള്‍ ശരിക്കും ഉള്ള അജന്തയെ പറ്റിയായിരിക്കും എന്ന് വിചാരിച്ചു
കുഞ്ഞയിരുന്നപോള്‍ ആഘോഷമായി ഉള്ള സിനിമയ്ക്കു പോക്ക് ഓര്മ വന്നു ........ആശംസകള്‍

ravanan said...

ശരിക്കും ഉള്ള അജന്ത കണ്ടിട്ടുണ്ടോ . ജീവിതത്തില്‍ ഒരിക്കലെങ്ങിലും കാണണം. പിന്നെ മഹാരാഷ്ട്ര വരെ പോകുമ്പോള്‍ എല്ലോറ, ഓരങ്ങബാദ്, ശനി ശിഗ്നപൂര്‍ , ഷിര്‍ദി, ലോനാര്‍ (പോകാന്‍ ഭയങ്കര ബുദ്ധിമുട്ടആണ് ) എല്ലാം ഒന്ന് പൊയ്കോളൂ . അജതയില്‍ പല സ്ഥലത്തും ക്യാമറ പറ്റില്ല എന്നൊരു കുഴപ്പമേ ഉള്ളു.

ജിമ്പ്രൂട്ടൻ said...

അജന്തയിൽ നീയൊക്കെ ആദിപാപം കണ്ടു നടന്ന സമയത്ത്‌ എന്ന മമ്മൂക്കയുടെ ബിലാലിന്റെ ഡയലോഗ് ചുമ്മാ ഇരുന്നപ്പോ ഓർമ്മ വന്നത് കൊണ്ടാണ് ഞാൻ അജന്തയെ ഒന്നു തിരയാം എന്ന് കരുതിയത്. എത്തിപ്പെട്ടത് താങ്കളുടെ ബ്ലോഗിലും... എന്തായാലും 90ഇന്റെ തുടക്കത്തിൽ ജനിച്ച എനിക്ക് ഒരു ഈസ്റ്റ് മാൻ കളർ സിനിമയിലെ ദൃശ്യങ്ങൾ പോലെ ഈ വിവരണം മുഴുവൻ മനസിൽ തെളിഞ്ഞു വന്നു.. എന്റെ 16ആം വയസിലാണ് ആദ്യമായി തീയറ്ററിൽ പോയി സിനിമ കണ്ടത്. അതും 2006ലോ മറ്റോ.. എന്നിട്ടും ഇത് വായിച്ചപ്പോ എന്തോ ഒരു ഗൃഹാതുരത ഉള്ളിൽ... നന്ദി.. @bindu

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP