Thursday, January 22, 2009

ജാക്കിപുരാണം

ചില ഹൈദ്രാബാദ് ഓർമ്മകളിലേയ്ക്ക്..

അച്ഛൻ ജോലി ചെയ്തിരുന്ന ഐ.ഡി.പി.എൽ കമ്പനി, സ്റ്റാഫിനു വേണ്ടി ഒരുക്കിയിരുന്ന ടൗൺഷിപ്പിലായിരുന്നു ഞങ്ങൾ(അച്ഛൻ, അമ്മ, ഞാൻ, അനിയൻ ബിനു) താമസിച്ചിരുന്നത്. അറുന്നൂറ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്ന ഈ ടൗൺഷിപ് ഐ.ഡി.പി.എൽ കോളനി എന്നാണറിയപ്പെട്ടിരുന്നത്. ക്വാർട്ടേഴ്സുകളെ കൂടാതെ അമ്പലം, പള്ളി, മോസ്ക്ക്, പാർക്കുകൾ, ക്ലബ്ബുകൾ, പോസ്റ്റോഫീസ്, സ്കൂൾ, സിനിമാതിയേറ്റർ, ഷോപ്പിംഗ്‌സെന്റർ, ബാങ്ക്, വിശാലമായ കളിസ്ഥലങ്ങൾ മുതലായ സകലമാനസൗകര്യങ്ങളും ലഭ്യം. ഇതെല്ലാം കഴിഞ്ഞും കോളനിയുടെ അതിർത്തിപ്രദേശത്ത് കുറേയധികം സ്ഥലം ഉപയോഗശൂന്യമായി, കുറ്റിക്കാടുകളും പനകളും നിറഞ്ഞ് ആരുടേയും നോട്ടമെത്താതെ കിടന്നിരുന്നു. ഒരു കമ്പിവേലിയുടെ നാമമാത്രവേർതിരിവ് മാത്രമുണ്ടായിരുന്ന ആ സ്ഥലം തൊട്ടപ്പുറത്തുള്ള പ്രദേശങ്ങളിലെ ആളുകൾ തങ്ങളുടെ എരുമകളെ മേയ്ക്കാനും മറ്റും നിർബാധം ഉപയോഗിച്ചിരുന്നു. ചിലപ്പോൾ ഈ എരുമകൾ കൂട്ടംകൂട്ടമായി ക്വാർട്ടേഴ്സുകളുടെ ഭാഗത്തുകൂടി ചുമ്മാ ഒരു സവാരി നടത്തി പോകാറുമുണ്ട്.

ഞങ്ങളുടെ ക്വാർട്ടേഴ്സ് താഴത്തെ നിലയിൽ ഒരറ്റത്തായതുകൊണ്ട് മൂന്നു ചുറ്റും അത്യാവശ്യം സ്ഥലം. അതിരുകളിൽ ചെറിയ ഇലകളുള്ള ഒരിനം ചെടികൾ ഇടത്തിങ്ങി വളർന്ന് കനത്ത ഒരു പച്ചമതിൽ തീർത്തിരുന്നു. ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി വാഴയും മറ്റു പച്ചക്കറികളുമൊക്കെ നട്ട് ഞങ്ങളൊരു കൃഷിഭൂമിയാക്കി മാറ്റിയിരുന്നു. അച്ഛന് പ്രിയപ്പെട്ട വാഴകൃഷിതന്നെയായിരുന്നു ഏറ്റവും കൂടുതൽ. കൂടാതെ മുൻ‌വശത്തായി എന്റെ സ്വന്തം പൂന്തോട്ടവും!

കാര്യങ്ങളിങ്ങനെ തകൃതിയായി മുന്നേറിക്കൊണ്ടിരിക്കേ, ഒരു ദിവസം രാത്രി എന്തോ ഞെരിഞ്ഞമരുന്ന ശബ്ദം! പുറകേ വാഴയില കീറുന്നതുപോലുള്ള കുറേ ശബ്ദങ്ങളും! വാതിൽ തുറന്നു നോക്കുമ്പോൾ ഒടിഞ്ഞു കിടക്കുന്ന രണ്ടുമൂന്നു വാഴകളാണ് ആദ്യം കണ്ടത്. അത് വെട്ടിവിഴുങ്ങിക്കൊണ്ടുനിൽക്കുന്ന, കറുകറെ കറുത്ത കൂറ്റൻ എരുമകളെ പിന്നെയും. ഞങ്ങളെ കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ നിന്ന അവറ്റകളെ ഓടിച്ചുവിടാൻ കുറച്ചൊന്നുമല്ല പാടുപെട്ടത്. അന്നത്തെ ഉറക്കം അങ്ങനെ പോയി. അന്നത്തെ മാത്രമല്ല്ല, പിന്നീടുള്ള രാത്രികളിലേയും.. വാഴയുടെ സ്വാദ് തലയ്ക്കുപിടിച്ച എരുമകൾ ഇതൊരു ശീലമാക്കാൻ തുടങ്ങി. ഒപ്പം വാഴകളുടെ എണ്ണം കുറഞ്ഞുവന്നു.

എന്താണിതിനൊരു പോവഴി എന്ന് ഞങ്ങൾ തലപുകഞ്ഞാലോച്ചു. ഐഡിയ കിട്ടി! ഒരു പട്ടിയെ വളർത്തുക! അതെ, അതുതന്നെയാണ് നല്ലത് - എല്ലാവരും പ്രോത്സാഹിപ്പിച്ചു. ഏതുബ്രീഡാണ് വാങ്ങേണ്ടത്, എവിടെയാണ് നല്ല സെലക്ഷൻസ് ഉള്ളത്, ഏകദേശം എന്തു വിലയ്ക്കു കിട്ടും ഇന്നിങ്ങനെ ഞാനും ബിനുവും ചർച്ച ചെയ്തുകൊണ്ടിരിക്കേ, ഒരു ദിവസം അച്ഛൻ പറഞ്ഞു, കോളനിയുടെ അങ്ങേയറ്റത്തെ ഒരു ക്വാർട്ടേഴ്സിലുള്ള ഒരാൾ ഒരുപട്ടിയെ കൊടുക്കമെന്നു പറഞ്ഞിട്ടുണ്ടെന്ന്. അതും ഫ്രീയായി!! കേട്ടപ്പോഴേ ഞങ്ങളുടെ സകല ഉത്സാഹവും പോയി. കാരണം, ഫ്രീയായി കിട്ടുമെങ്കിൽ അതൊരിക്കലും നല്ല ഇനമായിരിക്കില്ല, മിക്കവാറും ഒരു ചാവാലിയായിരിക്കും. ഏതായാലും അച്ഛൻ തീരുമാനിച്ചുകഴിഞ്ഞു. ഇനി എന്തെങ്കിലും പറഞ്ഞാൽ അച്ഛനെ വെറുതെ ദേഷ്യം പിടിപ്പിക്കാമെന്നല്ലാതെ കാര്യമൊന്നുമില്ല.

കുറച്ചു കഴിഞ്ഞ് അച്ഛൻ പോയി കഥാനായകനെ കൂട്ടി വന്നു. അച്ഛന്റെ കൂടെ ഒരു ചാവാലിയെ പ്രതീക്ഷിച്ച് ഇരുന്ന ഞങ്ങൾ അവനെ കണ്ട് കണ്ണുമിഴിച്ചുനിന്നു! പൊക്കം കുറഞ്ഞ, വെള്ള കലർന്ന ഇളം തവിട്ടുനിറമുള്ള രോമങ്ങൾ നിറയെ ഉള്ള, രോമത്തിന്റെ ഒരു കട്ട ഫിറ്റ് ചെയ്തതുപോലെ കുറിയ വാലുള്ള, ഓമനത്തം തുളുമ്പുന്ന ഒരു മുന്തിരിക്കണ്ണൻ! കണ്ടമാത്രയിൽ ഞങ്ങൾ ആഹ്ലാദഭരിതരായി. ഒരു ചെരാതിൽ പാൽ കൊടുത്ത് ഞങ്ങളവനെ സ്വീകരിച്ചു. ബിനുവിന്റെ ആഗ്രഹപ്രകാരം ഞങ്ങളവനെ ജാക്കി എന്നു വിളിക്കാൻ തീരുമാനിച്ചു. ഹോ,ഇത്രയും നല്ല ഒരു ഇനത്തിനെ ഫ്രീയായി തന്ന ആ മഹാമനസ്കനോട് എത്ര നന്ദി പറഞ്ഞാലാണ് അധികമാവുക?

തൽക്കാലം ഞങ്ങളവനെ മുറ്റത്തെ ചെറിയ കാറ്റാടിമരത്തിൽ കെട്ടിയിട്ടു. അന്നു രാത്രിതന്നെ ജാക്കി തന്റെ ഡ്യൂട്ടി സ്വയം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി!!പതിവുപോലെ കുശാലായി ശാപ്പാടടിക്കാൻ വന്ന എരുമകൾക്കു നേരെ ജാക്കി ശ്വാസം‌പോലും വിടാതെ അലറി. ഇത്തിരിപ്പോന്ന ആ ശരീരത്തിൽനിന്നു വന്ന ഭീകരഒച്ച കേട്ട് ഞങ്ങൾ പോലും ഞെട്ടിപ്പോയി. കേവലമൊരു അശു മാത്രമായ ജാക്കിയുടെ കൂസലില്ലാത്ത കുര കേട്ട് ആനപോലെയുള്ള എരുമകൾ കുറച്ചുനേരം നിന്നശേഷം മടങ്ങിയത് എന്തായാലും പേടിച്ചിട്ടാകാൻ വഴിയില്ല. “ഹെന്റമ്മോ, കണ്ണുംചെവിടും കേൾക്കാൻ വയ്യല്ലോ”എന്ന് വിചാരിച്ചിട്ടാവും.(അതോ, ജാക്കിയുടെ ധൈര്യം സമ്മതിച്ചുകൊടുത്തേക്കാം എന്നു വച്ചിട്ടോ?) എന്തായാലും അതോടുകൂടി ഞങ്ങൾക്കവനോടുള്ള ഇഷ്ടം ഇരട്ടിയായി.

ദിവസങ്ങൾക്കുള്ളിൽ തന്നെ ജാക്കി ഞങ്ങളോട് നന്നായിണങ്ങി വീട്ടിലെ ഒരംഗത്തേപ്പോലെയായി. ഞങ്ങളിലാരെങ്കിലും പുറത്തുപോകുന്ന സമയത്ത് സങ്കടഭാവത്തിൽ “സ്യൂം...സ്യൂം” എന്നൊരു കരച്ചിൽ ശബ്ദം ഉണ്ടാക്കുകയും, തിരിച്ചുവരുമ്പോൾ തുള്ളിച്ചാ‍ടി, കൊച്ചുവാൽ പരമാവധി സ്പീഡിൽ ആട്ടി അഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. വീട്ടിൽ ഭക്ഷണസാധനങ്ങൾ എന്തെങ്കിലും വാങ്ങിക്കുകയോ ഉണ്ടാക്കുകയോ ചെയ്താൽ പിന്നെ മൂക്കു വിടർത്തി അതിന്റെ മണം പിടിച്ചെടുത്ത് ഒരു പങ്ക് കിട്ടുന്നതുവരെ ബഹളം കൂട്ടിയും കിട്ടാൻ താമസിച്ചാൽ ദേഷ്യത്തിൽ ഒന്നു കുരച്ചും എന്നിട്ടും കിട്ടിയില്ലെങ്കിൽ അടുത്തു ചെല്ലുന്ന ഞങ്ങളെ വേദനിപ്പിക്കാതെ ഒന്നു കടിച്ചും ജാക്കി വീട്ടിൽ സ്വന്തം അവകാശം സ്ഥാപിച്ചെടുത്തു. സാധനങ്ങൾ എറിഞ്ഞിട്ടുകൊടുത്താൽ വായകൊണ്ട് ചാടിപ്പിടിക്കുക മുതലായ നമ്പറുകളും ജാക്കി കാണിക്കും. ജാക്കിയ്ക്ക് വേണ്ടി, ഞങ്ങൾ തേയ്ക്കുന്നതിനേക്കാ‍ൾ വിലയുള്ള സോപ്പ്.. പൗഡർ...ടവ്വൽ...പ്രത്യേക ബിസ്കറ്റ്... എന്നു വേണ്ട, ആകെ പൊടിപൂരം!

പക്ഷേ വൈകാതെ ഒരു സത്യം ഞങ്ങൾ മനസ്സിലാക്കി. ജാക്കിക്ക് ഞങ്ങൾ നാലു പേരല്ലാതെ ആരെ കണ്ടാലും അലർജിയാണ്! എന്നു വച്ചാൽ വീട്ടിലോ പരിസരത്തോ ആരെങ്കിലും വന്നാൽ ജാക്കി ഒരു “നാഗവല്ലി”യായി മാറും. പിന്നെ ജാക്കിക്കു മുന്നിൽ ഞങ്ങളോ, ഞങ്ങളോടുള്ള സ്നേഹമോ ഇല്ല. ഉള്ളത് ‘ഇര’ മാത്രം. കൊല്ലാനുള്ള പകയോടെ, വായ മാക്സിമം തുറന്ന് കൂർത്ത പല്ലുകൾ മുഴുവനും കാണിച്ച് അസഹ്യമായ ശബ്ദത്തോടെ കുരയ്ക്കുന്ന ജാക്കിയെ കൺ‌ട്രോൾ ചെയ്യാൻ ഞങ്ങൾ ശ്രമം നടത്തി. വടിയോങ്ങിക്കൊണ്ട്,

“ ജാക്കി, സ്റ്റോപ്പ്...സ്റ്റോപ്പ്...നിറുത്ത് ജാക്കി..”

എന്നും മറ്റും ആജ്ഞാപിച്ചപ്പോൾ കുരയുടെ വോളിയം കൂട്ടിയെന്നു മാത്രമല്ല, വടി ഒറ്റച്ചാട്ടത്തിന് കടിച്ചെടുത്ത് കുരുകുരാ കഷ്ണങ്ങളാക്കിയശേഷം ഞങ്ങളുടെ നേരെ കുരച്ചുചാടാനും തുടങ്ങി. വീട്ടിൽ വരുന്നവരുടെ മുൻപിൽ ഞങ്ങൾ ഇളിഭ്യരായി നിന്നു. വന്നവർ പോയിക്കഴിഞ്ഞാൽ ഉടനെ ബാധയിറങ്ങി ജാക്കി നോർമ്മൽ ആവും. പിന്നെ ‘സോറി’ പറഞ്ഞ് കാലിൽ നക്കും.

ജാക്കിയുടെ ലീലാവിലാസങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. തുടർന്ന് ജാക്കി ദേഷ്യം സഹിക്കാനാവാതെ ചങ്ങല വലിച്ചു പൊട്ടിക്കാൻ ശ്രമംതുടങ്ങുകയും ഒരു ദിവസം രാത്രി അതിൽ വിജയിക്കുകയും ചെയ്തു. മുറിച്ചങ്ങലയുമായി ഒരു വെടിയുണ്ട കണക്കെ വേലിപ്പഴുതിലൂടെ ജാക്കി ഓടിമറയുന്നത് കണ്ടുനിൽക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. ഉടനെ ഞാനും ബിനുവും കൂടി കേക്ക്, ബിസ്ക്കറ്റ് തുടങ്ങിയ ജാക്കിയുടെ ഇഷ്ടവിഭവങ്ങളുമായി അന്വേഷണത്തിനിറങ്ങി. ഭാഗ്യമെന്നു പറയട്ടെ, ഓടിത്തളർന്ന് ഒരു കുറ്റിച്ചെടിയുടെ മറവിൽ ‘നമ്പർ ടു’ സാധിച്ചുകൊണ്ടിരുന്ന ജാക്കിയെ മുറിച്ചങ്ങലയിൽ പിടുത്തമിട്ട് ഒരു കണക്കിന് വീട്ടിലെത്തിച്ചു. അങ്ങനെ എത്ര ചങ്ങലകൾ പൊട്ടി! അവസാനം അച്ഛൻ റാണിഗഞ്ജിലോ മറ്റോ പോയി കട്ടി കൂടുതലുള്ള ഒരു ചങ്ങല പ്രത്യേകം ഉണ്ടാക്കിച്ചു. അത് പൊട്ടിക്കാൻ ജാക്കി പഠിച്ചപണി പതിനെട്ടു നോക്കിയിട്ടും നടന്നില്ല. പക്ഷേ മറ്റൊരു അത്യാഹിതം നടന്നു. ഇത്തവണ പൊട്ടിയത് ബെൽറ്റാണ്! ബെൽറ്റും ചങ്ങലയും ഉപേക്ഷിച്ച് പരിപൂർണ്ണ നഗ്നനായി ജാക്കി പാഞ്ഞുപോയി. ഒരു ഗുണമുള്ളത്, എവിടെയാണെങ്കിലും തീറ്റസാധങ്ങൾ കണ്ടാൽ ജാക്കി എല്ലാം മറക്കുമെന്നുള്ളതാണ്. അന്ന് ഇഷ്ടവിഭവം കാണിച്ച് അകൃഷ്ടനാക്കിയാണ് വീട്ടിലെത്തിച്ചത് (ഭാഗ്യത്തിന് വഴിയിൽ മറ്റാരും വന്നില്ല). പിന്നെ ബെൽറ്റും റാണിഗഞ്ജിൽ നിന്ന് പ്രത്യേകം ഉണ്ടാക്കിച്ചു. ഇത് രണ്ടും ഓക്കെ ആയപ്പോൾ അടുത്ത ഓട്ടം കെട്ടിയിട്ടിരുന്ന മരക്കുറ്റി വലിച്ച് പറിച്ചുകൊണ്ടായിരുന്നു. ഇരുമ്പുകുറ്റി സംഘടിപ്പിച്ച് കുഴിയിൽ കൊൺക്രീറ്റിട്ട് ഉറപ്പിച്ച് ആ പ്രശ്നവും പരിഹരിച്ചു. ഇത്രയും നല്ല സുന്ദരക്കുട്ടപ്പനെ ഫ്രീയായി തന്നതിനു പിന്നിലുള്ള മഹാമനസ്കത അപ്പോഴാണ് പിടികിട്ടിയത്! ഭാഗ്യം‌കൊണ്ടു മാത്രം എന്നു പറയാം, കാര്യമായ അത്യാഹിതങ്ങളൊന്നും ഉണ്ടായില്ല.

എങ്കിലും എന്തെല്ലാം തലവേദനകൾ...

വീടിന്റെ പിൻ‌വശത്തുനിന്നു മുൻപിലേക്ക് കൊണ്ടുവരുകയായിരുന്ന ജാക്കിയെ അപ്രതീക്ഷിതമായി കണ്ട നമ്പ്യാർ മാമൻ ഒരു പ്രേതത്തെകണ്ടതുപോലെ പേടിച്ച് പുറകോട്ടു നീങ്ങി ചെടിച്ചട്ടിയും തകർത്തുകൊണ്ട് റോസാചെടികളിലേക്ക് മലർന്നടിച്ചുവീണ് മേലാസകലം മുറിഞ്ഞത്..

മുൻ‌വശത്തെ മുറിയിൽ സോഫാക്കാലിൽ കെട്ടിയിരുന്ന ജാക്കിയുമായി സ്നേഹപ്രകടനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്നു കയറിയ പാൽക്കാരന്റെ നേർക്ക് കലി ബാധിച്ച ജാക്കി സോഫയും വലിച്ചുകൊണ്ട് എത്തിപ്പറ്റി രണ്ടുകാലിൽ നിന്ന് മുൻ‌കാലുകൾ കൊണ്ട് അയാളെ വരിഞ്ഞുമുറുക്കിപിടിച്ചത്.... തലനാരിഴയ്ക്കാണ് അന്ന് ഞങ്ങൾ അയാളെ രക്ഷപ്പെടുത്തിയത്..

വെറ്റിനറി ക്ലിനിക്കിലേക്ക് ഇഞ്ജക്ഷൻ എടുക്കാനും മറ്റും കൊണ്ടുപോകുമ്പോൾ ഓട്ടോ ഡ്രൈവറുടെ മേൽ കുരച്ചുചാടുന്ന ജാ‍ക്കിയേയുംകൊണ്ടുള്ള ആ യാത്രകൾ വെറും രണ്ടു കിലോമീറ്റർ ദൂരം ഇരുപത് കിലോമീറ്റർ ആയി തോന്നിപ്പിച്ചത്...ക്ലിനിക്കിൽ ചെന്നാലോ, ഡോക്ടറെ അടുപ്പിക്കുകയുമില്ല. അവസാനം കയറുകൊണ്ട് വായയും കാലുകളും കെട്ടേണ്ടി വന്നത്...

(മുഴുവൻ എഴുതുകയാണെങ്കിൽ ഒരു പത്തു പോസ്റ്റിലും നിൽക്കില്ല).

വല്ലാതെ ദേഷ്യം തോന്നുമ്പോൾ
“ഒറ്റച്ചവിട്ടിന് കൊല്ലണം ഈ ജന്തൂനെ”
എന്നും പറഞ്ഞ് കാലോങ്ങുന്ന അച്ഛൻ കുറച്ചുകഴിഞ്ഞ് തലോടുന്നതും കാണാമായിരുന്നു.

ഒരു നല്ല ശീലം മാത്രം വന്നു കയറുമ്പോഴേ ജാക്കിയ്ക്കുണ്ടായിരുന്നു: നിൽക്കുന്ന സ്ഥലം ഒരിക്കലും വൃത്തികേടാക്കില്ല. എത്ര വൈകിയാലും നമ്മൾ പുറത്തുകൊണ്ടുപോകുന്നതുവരെ കാത്തുനിൽക്കും. പക്ഷേ പുറത്തുകൊണ്ടുപോകുമ്പോൾ ഒരുമാതിരി കുതിരപ്പുറത്തിരിക്കുന്ന ഇഫക്റ്റാണ്. ജാ‍ക്കി എപ്പോഴും മുന്നിലേ നടക്കൂ. നടക്കലല്ല, നമ്മളേയും വലിച്ചുകൊണ്ട് തോന്നിയപോലെ ഒരോട്ടമാണ്. ഇതിനും മാത്രം ‘കുതിരശക്തി’ ആ കുഞ്ഞുശരീരത്തിലെങ്ങനെ വന്നോ ആവോ..

കോളനിയിലെ പട്ടിക്കമ്പക്കാരാനായ ഒരാൾ അഞ്ചാറു പട്ടികളെ വളർത്തിയിരുന്നു. പ്രഭാതസവാരിക്കിറങ്ങുന്ന അയാളുടെ പിന്നാലെ അനുസരണയോടെ പട്ടികൾ നടക്കുന്നത് അസൂയയോടെ ഞങ്ങൾ നോക്കിനിന്നു.

“ നമ്മൾ പറയുന്നത് അനുസരിക്കാൻ പട്ടിയ്ക്ക് ദിവസവും ട്രെയിനിംഗ് കൊടുക്കണം ”: അയാൾ പറഞ്ഞു.

പിറ്റേദിവസം മുതൽ ഞങ്ങൾ

“ ജാക്കി... സിറ്റ് ”
“ ജാക്കി...സ്റ്റാൻഡ് ”
“ ഷെയ്ക്ക് ഹാൻഡ് ”

എന്നിങ്ങനെ അനുസരണം പഠിപ്പിക്കാൻ കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും ജാക്കി അതെല്ലാം പുച്ഛത്തോടെ അവഗണിച്ച് മറ്റെങ്ങോ നോക്കി നിന്നു.

കൊടും‌തണുപ്പുകാലത്ത് രാത്രി പുറത്തുനിൽക്കുന്ന ജാക്കിയെ ഓർത്ത് പാവം തോന്നി ഞങ്ങൾ പഴയതുണികൾ നിറച്ച ഒരു കിടക്കയുണ്ടാക്കിക്കൊടുത്തു. സുഖമായി അതിൽ കിടക്കുന്ന ജാക്കിയെ കാണാൻ ആകാംക്ഷയോടെ രാവിലെ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് ഞങ്ങൾ ചിരിച്ചുപോയി : കിടക്ക മുഴുവനും കുരുകുരാ കഷ്ണങ്ങളായി കീറി അതിന്റെ നടുവിൽ ഒന്നുമറിയാത്തതുപോലെ ജാക്കി നിൽക്കുന്നു!

അച്ഛൻ വൊളന്ററി റിട്ടയർമെന്റ് എടുത്തശേഷം ഞങ്ങൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ഈ ‘തലവേദനയെ’ അവിടെ ഉപേക്ഷിച്ച് പോരാൻ സീരിയസ്സായിതന്നെ ആലോചിച്ചതായിരുന്നു. പക്ഷേ ഈ ഭീകരനെ ഏറ്റെടുക്കാൻ ആരാണ് തയ്യാറാവുക? മാത്രമല്ല, ഉപേക്ഷിക്കാൻ ആലോചിച്ചെങ്കിലും ഞങ്ങൾക്കാർക്കും സത്യത്തിൽ അതിനു മനസ്സുണ്ടായിരുന്നില്ല. ജാക്കിയെ ഉപേക്ഷിക്കേണ്ട, നാട്ടിലേക്കു കൊണ്ടുപോകാമെന്ന് ബിനു വാശി പിടിയ്ക്കുകയുംചെയ്തു. അവിടെ എത്തിക്കാനുള്ള സകല ഉത്തരവാദിത്വവും അവൻ സ്വമേധയാ ഏറ്റെടുത്തു. അങ്ങനെ ഞങ്ങൾ മൂന്നു പേരും ട്രെയിനിലും, ബിനു ജാക്കിയേയുംകൊണ്ട് വീട്ടുസാധനങ്ങൾ കയറ്റിയ ലോറിയിലും നാട്ടിലേക്ക് പുറപ്പെട്ടു. ജാക്കിയ്ക്ക് ഉറക്കഗുളിക കൊടുത്താണ് ലോറിയിൽ കയറ്റിയത്. അഞ്ചാം ദിവസമാണ് ലോറി നാട്ടിൽ എത്തിയത്. ക്ഷീണിച്ചവശനായി, പഞ്ചപാവമായ ജാക്കിയേയും കൊണ്ട് ബിനു വിജയശ്രീലാളിതനായി ഇറങ്ങി. ജാക്കിയുടെ സ്വഭാവം ഇതോടെ നന്നാവുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ രണ്ടുമൂന്നു ദിവസത്തിനകം തന്നെ ജാക്കി പഴയ ഫോമിലായി. കേരളമാണ് സ്ഥലം, ഒരു റിസ്ക്കെടുക്കാൻ തയ്യാറല്ലാത്ത ഞങ്ങൾ നല്ല സ്‌ട്രോങ് ആയ ഒരു കൂട് ആദ്യം തന്നെ ഉണ്ടാക്കിച്ചു. പതിവില്ല്ലാത്തവിധം ധാരാളം ആളുകളെ എപ്പോഴും കണേണ്ടിവന്ന ജാക്കി കൂടിനുള്ളിൽ കിടന്ന് ബഹളംവയ്ക്കുകയും നിന്ന നില്‍പ്പിൽ വട്ടം കറങ്ങുകയുമൊക്കെ ചെയ്തു. എന്തായാലും കൂടിനുള്ളിൽ നിന്ന് പുറത്തുവരില്ലല്ലോ.. അതായിരുന്നു ഒരു സമാധാനം.

എന്റെ കല്യാണത്തിന് തലേദിവസം തന്നെ ജാക്കിയെ തറവാട്ടിൽ ‘വടക്കോറത്തെ’ ഇറയത്ത് അധികം ആൾപ്പെരുമാറ്റമില്ലാത്ത ഒരു മൂലയിൽ സ്ഥാപിക്കുകയാണ് ചെയ്തത്. അവിടന്ന് ജാക്കി തിരിച്ചുവന്നപ്പോൾ വീട്ടിൽ പുതിയൊരാൾ! അഞ്ചാമതൊരാളെ ഉൾക്കൊള്ളാൻ തയ്യാറാവാതെ ജാക്കി വീണ്ടും ഭ്രാന്തുപിടിച്ചതുപോലെ പെരുമാറി. ബാംഗ്ലൂർക്ക് പുറപ്പെടുമ്പോൾ പിന്നിൽ ജാക്കിയുടെ സങ്കടക്കരച്ചിൽ കേട്ടു.

“ജാക്കിയ്ക്ക് എന്തോ അസുഖമാണ്” മാസങ്ങൾക്കുശേഷം അമ്മയുടെ കത്തിൽ കണ്ടു.

പിന്നത്തെ പ്രാവശ്യം ബാംഗ്ലൂരിൽ നിന്ന് ഞങ്ങൾ നാട്ടിലെത്തിയപ്പോൾ ജാക്കി തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. (എന്തായിരുന്നു രോഗമെന്ന് ഒരു പിടിയുമില്ല. പരിശോധിക്കാൻ വന്ന ഡോക്ടറുടെ നേരെ കുരച്ചുചാടിയപ്പോൾ ഡോക്ടർ ജീവനുംകൊണ്ട് ഓടിപ്പോവുകയായിരുന്നത്രേ). അന്നാദ്യമായി പ്രസാദിന്റെ നേരെ കുരച്ചുചാടിയില്ല. തീരെ വയ്യെങ്കിലും എന്നെ കണ്ടപ്പോൾ കിടന്ന കിടപ്പിൽ സാവധാനം വാലാട്ടി. തിരിച്ചു ബാംഗ്ലൂർക്ക് പോയി അധികം താമസിയാതെ തന്നെ ജാക്കി ഞങ്ങളെ വിട്ടുപോയതായ വാർത്തയും എത്തി.

“ഇന്നലെ രാത്രി ജാക്കി നമ്മളെ വിട്ടു പോയി. കുഴിയെടുക്കലും അടക്കലുമൊക്കെ ബിനു തന്നെയാണ് ചെയ്തത്... രാത്രി ഞങ്ങളാരും ഒന്നും കഴിച്ചില്ല” അമ്മയുടെ കത്തിലെ വരികൾ..



തീരെ ഹ്രസ്വമെങ്കിലും സംഭവബഹുലമായ ജീവിതത്തിനുശേഷം ജാക്കി അങ്ങനെ പുത്തൻ‌വേലിക്കരയിലെ മണ്ണിൽ ഉറങ്ങുന്നു. ഒന്നുമാത്രം എത്ര അലോചിട്ടും എനിയ്ക്ക് പിടി കിട്ടുന്നില്ല : വളർത്തുന്നവരെയല്ലാതെ ആരേയും അടുപ്പിക്കാത്ത ഈ ഭീകരൻ എന്തുകൊണ്ട് അന്ന് ആ വീട്ടിൽ‌നിന്ന് ഒരു പ്രകോപനവുമില്ലാതെ,നല്ല അനുസരണയോടെ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നു? മുജ്ജന്മബന്ധമെന്നൊക്കെ പറയുന്നത് ഇതായിരിക്കാം..(“ഈ കുരിശ് നമ്മൾക്കാണ് വിധിച്ചിട്ടുള്ളത്. അതുതന്നെ കാരണം” എന്ന് അച്ഛൻ ചിലപ്പോൾ തമാശയായി പറയാറുണ്ട്.)
എന്തായാലും വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാവാഞ്ഞതുകൊണ്ട് ജാക്കിയുടെ കൂട് ഇപ്പോൾ ഒരു വിറക്/ചാണക സംഭരണിയായി മാറിയിരിക്കുന്നു.

67 പ്രതികരണങ്ങള്‍:

ബിന്ദു കെ പി said...

പബ്ലിഷ് ചെയ്യാൻ മടിച്ച് കുറേ നാളായി ഡ്രാഫ്റ്റിൽ കിടന്നിരുന്ന ഒരു നീളൻ പോസ്റ്റ് ഇപ്പോൾ ചുമ്മാ പബ്ലിഷ് ചെയ്യുന്നു.

Nithyadarsanangal said...

ബിന്ദുചേച്ചീ...
ജാക്കിപുരാണം കൊള്ളാട്ടോ...
ഹോ,ഇത്രയും നല്ല ഒരു ഇനത്തിനെ ഫ്രീയായി തന്ന ആ മഹാമനസ്കനോട് എത്ര നന്ദി പറഞ്ഞാലാണ് അധികമാവുക?

തോന്ന്യാസി said...

പണ്ട് ഞങ്ങടെ വീട്ടിലും ഉണ്ടായിരുന്നു ഒരു റോസി, പുള്ളീക്കാരി നായാട്ടിലെ സ്പെഷലിസ്റ്റായിരുന്നു. നായാട്ടിനെ ഒരു ഹോബിയായി മാറ്റിയ അച്ഛന്റെ ഒരു സുഹൃത്തിന്റെ സമ്മാനമായിരുന്നു റോസി. വേട്ടയൊന്നുമില്ലാത്ത ഒരു ഊച്ചാളി ഫാമിലിയില്‍ ചെന്നു പെട്ടതിന്റെ ഒരു വിഷമം പുള്ളിക്കാരിയ്ക്കുണ്ടായിരുന്നു. അത് മാറ്റാന്‍ വേണ്ടി ചങ്ങല പൊട്ടിച്ച് അടുത്ത വീട്ടിലെ ആടുകള്‍,പശുക്കുട്ടി എന്നിവയെ ആട്ടാന്‍ തുടങ്ങിയപ്പോ ഞങ്ങള്‍ പുതിയ ചങ്ങല വാങ്ങി,അതിട്ട് കെട്ടിയപ്പോ അച്ഛനെയൊന്നു നോക്കി “ കല്ലമ്മൂപ്പനെയല്ലാതെ ഈ രാജ്യത്ത് ചങ്ങലയുണ്ടാക്കുന്നവരെ ആരേം അറീല്ലേ”ന്നൊരു നോട്ടം. കൂളായി അതും പൊട്ടിച്ച് കക്ഷി സ്ഥലം വിട്ടു,നേരെ വേട്ടക്കാരനങ്കിളിന്റെ വീട്ടിലേയ്ക്ക്.

സത്യം പറഞ്ഞാല്‍ റോസീടെ ലീലാവിലാസങ്ങള്‍ ഒരു പോസ്റ്റാക്കാനുള്ള വകുപ്പുണ്ടായിരുന്നു, തത്കാലം ഒരു കമന്റായി ഇവിടെക്കിടക്കട്ടെ...

പിരിക്കുട്ടി said...

ayyo}
inganem undo oru pattikutty....

njangalude"rajukkuttan"
enthoru paavam aayirunnunnu ariyumo?
avane patti oru post ezhutheettundu njaan....
avanillel ee boomiyil njaan illathaakumaarnnu...
sankadam varum ippolum rajuvine patti orkkumbol:(

പൊറാടത്ത് said...

ജാക്കി പുരാണം രസകരമായി തന്നെ എഴുതിയിരിയ്ക്കുന്നു. അവസാനം കഷ്ടമായി..

“സങ്കടഭാവത്തിൽ “സ്യൂം...സ്യൂം” എന്നൊരു കരച്ചിൽ ..”

“ആരെങ്കിലും വന്നാൽ ജാക്കി ഒരു “നാഗവല്ലി”യായി മാറും..”


കൊള്ളാം.. നന്നായിരിയ്ക്കുന്നു.

ശ്രീ said...

പാവം ജാക്കി. തീരെ കുഞ്ഞായിരിയ്ക്കുമ്പോള്‍ തന്നെ പരിശീലനം കൊടുത്തു നോക്കണമായിരുന്നു, അല്ലേ?

ജെ പി വെട്ടിയാട്ടില്‍ said...

ജാക്കിയുടെ ലീലാവിലാസങ്ങള്‍ വാ‍യിച്ചു. ഇവിടെ ഒരുത്തി ഉണ്ട്. ജൂലി. അവളെ പറ്റി പറയുകയാണെങ്കില്‍ ഒരു നോവലിന്റെ ദൈര്‍ഘ്യം ഉണ്ട്.
എന്നാലും കുറച്ചെഴുതാം. അലക്കിയിട്ട തുണികളില്‍ ബീനാമ്മയുടെത് മാത്രം തിരഞ്ഞെടുത്ത് കീറിപ്പറിക്കും. എല്ലാവരുടെ ചെരിപ്പുകളും കടിച്ച് നാശമാക്കും എന്റെതൊഴിച്ച്.
എത്ര വലിയ മതിലും ചാടിക്കടക്കും. ആരുടെയും കൂടെ പോകും. എല്ലാവരേയും കെട്ടിപ്പിടിക്കും. നമ്മള്‍ മുറ്റത്തിരുന്നാല്‍ നമ്മളറിയാതെ പെട്ടെന്ന് പുറത്ത് കയറും.
ടോയലറ്റ് ഹേബിറ്റ് വെരി ഗൂഡ്.
മതില്‍ ചാടിയവള്‍ക്ക് തിരിച്ച് ചാടാനറിയില്ല.
ഒരു ദിവസം മതില്‍ ചാടിയിട്ട് ഞാനവളെ ഉള്ളില്‍ കയറ്റിയില്ല.
അവസാനം ബീനാമ്മ തന്നെ അവളെ ഉള്ളിലാക്കി.
ഒരു ദിവസം മതില്‍ ചാടിയിട്ട് ഞങ്ങളന്വേഷിച്ച് കണ്ടെത്താനായില്ല. ഞാന്‍ സന്തോഷിച്ചു.
അന്ന് ഞാന്‍ ഓഫീസിലെത്താന്‍ ലേറ്റ് ആയി. ഓഫീസിലെത്തിയപ്പോള്‍ അതാ മൂപ്പര്‍ എന്റെ ഓഫീസില്‍ എത്തിയിരിക്കുന്നു.
ഓഫീസിലെ സ്റ്റാഫ് അവളെ നന്നായി ഊട്ടി.
പിന്നെയും ഒരു ദിവസം ചാടിപ്പോയി.
ബീനാമ്മയെ ഇത്ര ഉപദ്രവിച്ചിട്ടും അവളെ കാണാതായാല്‍ എന്നോട് പോയി കണ്ടു പിടിക്കാന്‍ പറയും.
എനിക്ക് ഇവളെ അന്വേഷിച്ച് പോകലായി പിന്നെ എന്നും പണി. സഹികെട്ട ഞാന്‍ തല്‍ക്കാലം കൂട്ടുകാരന് നോക്കാന്‍ കൊടുത്തു.
പ്രസവിച്ചാല്‍ ഒരു ബോയിനെയും ഗേളിനെയും തരാന്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ അയാളും തോറ്റിരിക്കയാ....

വീകെ said...

ബിന്ദുച്ചേച്ചി...
അതു പട്ടി തന്നെയായിരുന്നെന്ന് ഉറപ്പാണൊ..?

ആ പാവം എരുമകൾ ശപിച്ചിട്ടുണ്ടാകും.

മാണിക്യം said...

ബിന്ദു,
എനിക്കെന്റെ “ജൂലി”യെ ഓര്‍മ്മ വന്നു.അച്ഛന്‍ അവളെ കൊണ്ടു വരുമ്പോള്‍ കണ്ണു തുറന്നിട്ടെയുള്ളു. പൊക്കം കുറഞ്ഞ ഒരു ക്രോസ് ബ്രീഡ്.ആ ഇനം കടിക്കില്ലന്നാ വയ്പ് ..
പക്ഷെ ജൂലി കടിക്കും. അന്ന് എനിക്ക് നിറയെ റോസപൂക്കള്‍ ഉള്ളൊരു ഗാര്‍ഡന്‍ ഉണ്ട്,സ്കൂള്‍ കുട്ടികള്‍ കണ്ണു തെറ്റിയാ‍ല്‍ പൂ പറിച്ചുകൊണ്ടു പോകും ജൂലി വന്നതിനു ശേഷമാണു ചെടിയില്‍ പൂക്കള്‍ നിന്നത്,കടികൊണ്ടവരെ എടുത്ത് കൊണ്ട് ആശുപത്രീല്‍ എത്രവട്ടം ഓടിയിട്ടുണ്ട്.
അവള്‍ 2 വട്ടം കള്ളനെ പിടിച്ചു, കള്ളന്‍ ഓടി മതിലു ചാടാന്‍ ശ്രമിക്കുമ്പോള്‍ കാലില്‍ കടിച്ചു .
അതോടെ ജൂലി പ്രസീദ്ധയായി ആ ചുറ്റുവട്ടത്ത് ജൂലി കുരച്ചാല്‍ അപ്പോള്‍ അയല്‍ക്കാര്‍ പോലും എണീറ്റ് ലൈറ്റ് ഇടും.

എന്റമ്മക്ക് അതിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ സംഭവം എന്നെ ഒരു ദിവസം അമ്മ അടിച്ചു പട്ടി അമ്മയുടെ നേരെ ചാടി അന്നു മുതല്‍ അവരു തമ്മിലുള്ള ബന്ധത്തിനു ‘അകത്താന്‍ വയ്യാത്ത വിടവായി’.എന്റെ കല്യാണത്തിന് ഞാന്‍ പോന്നാല്‍ അതിനെ കൊല്ലും എന്ന് അമ്മ പ്രഖ്യാപിച്ച നേരം, കൂടെ കൊണ്ടു പോകാം എന്ന് ഒക്കെ കരുതി വളരെ റൊമാന്റിക്കായി ചാച്ചനോട് ചോദിച്ച:“ഞാന്‍ ജൂലിയെ കൂടെ കൊണ്ടു വന്നോട്ടെ?.”
“വേണ്ടാാ‍ാ!!വേണ്ടാ,വേണ്ടാ,വേണ്ടാ”
മാലപ്പടക്കം പോലെ ഒരു മറുപടി.

പിന്നെ വീട്ടില്‍ വരുമായിരുന്ന കുഞ്ഞിരാമന്‍ മേസ്തിരിക്ക് കൊടുത്തു എന്തോ നാട്ട്കാരെ മുഴുവന്‍ കടിക്കാന്‍ ഓടിക്കുമ്പോഴും മേസ്തിരിയുടെ നേരേ കുരക്കുകപോലും ഇല്ലാരുന്നു.
[മുജ്ജന്മബന്ധമാരുന്നോ ആവൊ?]

ബിന്ദു മുപ്പതു കൊല്ലത്തിനു ശേഷം
ഇന്ന് ജൂലിയെ ഓര്‍മ്മിച്ചു.:)

അല്ഫോന്‍സക്കുട്ടി said...

ജാക്കിപുരാണം നന്നായി. ജാക്കിയെന്നു പേരിട്ടാല്‍ ഇങ്ങനെയിരിക്കും.

SERIN / വികാരിയച്ചൻ said...

ചേച്ചീ..........
എനാലും ജാക്കി ആളൊരു വില്ലന്‍ ആരുനു‌ .........ജാക്കിയെ ബിനു എങ്ങനെ ലോറി യില്‍ കൊണ്ടു വന്നു എന്ടമോ ബിനുവിനു ധീരതക്കുള്ള അവാര്‍ഡ് കൊടുക്കണം

അനില്‍@ബ്ലോഗ് // anil said...

ജാക്കിയെ ശരിക്കും വരച്ചു കാട്ടിയിട്ടുണ്ട്.

ജാക്കിയെ തന്നയാള്‍ ചുമ്മാ തരാന്‍ കാരണമെന്തെന്ന് ഇപ്പൊഴെങ്കിലും പിടികിട്ടിയല്ലോ?
:)

ബിന്ദു കെ പി said...

Nityadarsanangal: അതേയതേ, ഒരു ലക്ഷം പ്രാവശ്യമെങ്കിലും ഞങ്ങൾ ‘നന്ദി’ പറഞ്ഞിട്ടുണ്ട്.

തോന്ന്യാസി: അപ്പോൾ റോസി ജാ‍ക്കിയുടെ വകേലെ ഒരു പെങ്ങളായിട്ടു വരുമല്ലോ. ജാക്കിയും വേട്ടപ്പട്ടി ഇനത്തില്‍പ്പെട്ടതാണെന്ന് പിന്നീട് അറിഞ്ഞിരുന്നു. വേട്ടയൊന്നുമില്ലാത്ത ഊച്ചാളികളുടെ കയ്യിൽ വന്നു പെട്ടതിന്റെ വിഷമം തന്നെയാണ് ജാക്കിയും പ്രകടിപ്പിച്ചിരുന്നത്.
“ കല്ലമ്മൂപ്പനെയല്ലാതെ ഈ രാജ്യത്ത് ചങ്ങലയുണ്ടാക്കുന്നവരെ ആരേം അറീല്ലേ”ന്നൊരു നോട്ടം. ഹ..ഹ..അതു കലക്കി...

പിരിക്കുട്ടി: പട്ടികളായാൽ രാജുക്കുട്ടനേപ്പോലെ അയിരിക്കണം.

പൊറാടത്ത് : നന്ദി,വന്നതിനും വായിച്ചതിനും.

ശ്രീ: അതേ കുറച്ചു വലുതായിട്ടാണ് ഞങ്ങൾക്ക് കിട്ടിയത്.

ജെപി: നീണ്ട ഈ കമന്റിന് നന്ദി അങ്കിൾ. ജൂലിയും ഒരു സംഭവമായിരുന്നല്ലേ..

വീ കെ: ഹ..ഹ..എന്തായാലും ഷേപ്പ് പട്ടിയുടെ തന്നെയായിരുന്നു.

മാണിക്യേച്ചി: ഇതാ മറ്റൊരു ജൂലി! ജേപിഅങ്കിളിന്റെ ജൂലിയെ ഇപ്പോൾ പരിചയപ്പെട്ടതേയുള്ളൂ. മേസ്തിരിയുടെ കാര്യം പിന്നെ എന്തായാവോ :)
എതായാലും ഈ പോസ്റ്റ് ജൂലിയെ ഓർക്കാൻ ഇടയാക്കിയതിൽ സന്തോഷം

അല്ഫോന്‍സക്കുട്ടി: അതെ, ജാക്കിയെന്ന പേരിന് പട്ടിലോകത്ത് നിരോധനം എർപ്പെടുത്തണം.

സെറിന്‍ എബ്രഹാം ചാക്കോ: ജാക്കിയെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉറക്കഗുളിക കൊടുത്താണ് ലോറിയിൽ കേറ്റിയത്. നല്ല സ്‌ട്രോങ്ങ് ഗുളികയാണ്, ഒരെണ്ണം തന്നെ ധാരാളം എന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഒന്നല്ല, രണ്ടല്ല, മൂന്നെണ്ണം കൊടുത്തിട്ടും ജാക്കി ഉറങ്ങിയില്ല. പക്ഷേ ‘ ഒരു നാലെണ്ണം വിട്ട്’ കിറുങ്ങിയ പരുവത്തിലായിക്കിട്ടി. പിന്നീട് ശല്യമൊന്നുമുണ്ടായില്ല.

അനില്‍@ബ്ലോഗ്: നന്ദി അനിൽ, വന്നതിനും വയിച്ചതിനും.

ജാക്കിയെ കാണാൻ വന്ന എല്ലാവർക്കും നന്ദി. ആർക്കും പരിക്കൊന്നുമുണ്ടായില്ലെന്നു വിശ്വസിക്കുന്നു :)

OAB/ഒഎബി said...

എന്റെ മുതലാളിക്കുണ്ട് ഒരു “റോക്സി” അതിതുവരെ ആരുമായും ഇണങ്ങിയിട്ടില്ല. അതിനെ ഒന്ന് മെരുക്കാൻ ദൈര്യമുള്ളവറ് ആരും തന്നെയില്ല. കഴിഞ്ഞ മാസം പെറ്റത് പന്ത്രണ്ട് എണ്ണത്തിനെ.

ബിന്ദുവിന്റെ ജാക്കിയോടുള്ള സ്നേഹം മനസ്സിലാവുന്നു.
നന്ദി.

OAB/ഒഎബി said...

എന്റെ മുതലാളിക്കുണ്ട് ഒരു “റോക്സി” അതിതുവരെ ആരുമായും ഇണങ്ങിയിട്ടില്ല. അതിനെ ഒന്ന് മെരുക്കാൻ ദൈര്യമുള്ളവറ് ആരും തന്നെയില്ല. കഴിഞ്ഞ മാസം പെറ്റത് പന്ത്രണ്ട് എണ്ണത്തിനെ.

ബിന്ദുവിന്റെ ജാക്കിയോടുള്ള സ്നേഹം മനസ്സിലാവുന്നു.
നന്ദി.

OAB/ഒഎബി said...

എന്റെ മുതലാളിക്കുണ്ട് ഒരു “റോക്സി” അതിതുവരെ ആരുമായും ഇണങ്ങിയിട്ടില്ല. അതിനെ ഒന്ന് മെരുക്കാൻ ദൈര്യമുള്ളവറ് ആരും തന്നെയില്ല. കഴിഞ്ഞ മാസം പെറ്റത് പന്ത്രണ്ട് എണ്ണത്തിനെ.

ബിന്ദുവിന്റെ ജാക്കിയോടുള്ള സ്നേഹം മനസ്സിലാവുന്നു.
നന്ദി.

Jayasree Lakshmy Kumar said...

എല്ലാവരും ഓർത്ത പോലെ ഞാനും ഓർത്തു, ഞങ്ങളുടെ വിക്കിയെ, ടോമിയെ..
നല്ല പോസ്റ്റ്

ബഷീർ said...

ജാക്കി പുരാണം കൊള്ളാം. ചില വളര്‍ത്തു മൃഗങ്ങള്‍ നമ്മുടെ ജീവിതവുമായി വളരെ ഇഴുകി ചേരുകയും അവയുടെ ഓര്‍മ്മ എന്നെന്നും മനസ്സില്‍ നിറഞ്ഞിരിക്കയും ചെയ്യുന്നു. ബിന്ദു ..നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

Unknown said...

Dear Chechi,

Thanks a lot for reminding me our life with Jackie.I envy your memory power, because most of the incidents that you have mentioned are actually do not come to my mind often.
Jackie was a real hero, one of its kind and i am sure we will not be able to locate the same breed anymore.
For others:
Jackie was one among the breed called 'mongrel'which are cross breeds, and supposed to be very intelligent,handsome,short tempered,violent in nature and super strong.
We of course, never knew about this when we had him.These kind of dogs can only be trained by good masters.It is still surprising for all of us, how such a special dog, was so calm with us.May be as Chechi says..Mujanma bandham..

By the way you forgot to mention about about his abilities of 'pacha thenga pothikkal' in 10 minutes....

Rgds

Binu..

ബിന്ദു കെ പി said...

OAB : നന്ദി ഓയേബി, വന്നതിനും വായിച്ചതിനും. ഹോ, 12 “റോക്സി” കുഞ്ഞുങ്ങളൊ!!

ലക്ഷ്മി: നന്ദി ലക്ഷ്മി, വന്നതിനും കമന്റിനും.

ബഷീര്‍ വെള്ളറക്കാട്‌: അഭിനന്ദനങ്ങൾക്ക് നന്ദി ബഷീർ.

ബിന്ദു കെ പി said...

ബിനു : എന്റെ അപാരഓർമ്മശക്തിയിൽ അസൂയ പൂണ്ടിരിക്കുന്ന അനിയൻ ബിനു ഓർമ്മിപ്പിച്ച ഒരു കാര്യം കൂടി ഇവിടെ കുറിയ്ക്കട്ടെ:

‘പട്ടിയ്ക്ക് പൊതിയ്ക്കാത്ത തേങ്ങ കിട്ടിയപോലെ’ എന്ന പഴഞ്ചൊല്ലിൽ അല്പം പതിരുണ്ടെന്നുകൂടി ജാക്കി തെളിയിച്ചിരുന്നു!!
നാട്ടിൽ വന്നശേഷം ഒരിക്കൽ ചുമ്മാ ഈച്ചയാട്ടി ഇരുന്നിരുന്ന ജാക്കിക്ക് ഞങ്ങൾ തമാശയ്ക്ക് ഒരു പച്ചത്തേങ്ങ ഇട്ടുകൊടുത്തു. ഉടനെ ജാക്കി തേങ്ങയുടെമേൽ ചാടി വീണ് ആക്രമണം തുടങ്ങുകയും അത്ഭുതമെന്നു പറയട്ടെ, നിമിഷങ്ങൾക്കുള്ളിൽ ചകിരിയെല്ലാം കടിച്ചുപറിച്ചെടുത്ത് ക്ലീനാക്കുകയും ചെയ്തു! പിന്നീട് പലപ്പോഴും ഈ ജോലി ജാക്കിയക്കൊണ്ട് ഞങ്ങൾ ചെയ്യിക്കാറുണ്ട്.

കുഞ്ഞന്‍ said...

ബിന്ദു ജീ..

ജാക്കി പുരാണം രസായിട്ടുണ്ട്, എന്നാലും എഴുത്തില്‍ ചില സ്ഥലത്ത് ഒഴുക്ക് നിലക്കുന്നുണ്ട്.

കമന്റുകള്‍ വായിച്ചപ്പോള്‍ പട്ടികള്‍ക്കെല്ലാം ക്രിസ്ത്യന്‍ പേരാണിടുന്നതെന്ന് മനസ്സിലായി അതും ആഗ്ലോ ഇന്ത്യന്‍ പേരുകള്‍, പാണ്ടന്‍ നായ ഒരു അപവാദം. പക്ഷെ ആനകള്‍ക്ക് ഹിന്ദുപ്പേരുകളും..!

ആശിഷ രാജേഷ് said...

ബിന്ദു കെ പി said...
പബ്ലിഷ് ചെയ്യാൻ മടിച്ച് കുറേ നാളായി ഡ്രാഫ്റ്റിൽ കിടന്നിരുന്ന ഒരു നീളൻ പോസ്റ്റ് ഇപ്പോൾ ചുമ്മാ പബ്ലിഷ് ചെയ്യുന്നു.

നന്നായി...
നല്ല പോസ്റ്റ്...
ഇനീം കിടപ്പുണ്ടോ ബിന്ദുച്ചേച്ചീ???

അരുണ്‍ കരിമുട്ടം said...

പോസ്റ്റ് ഇച്ചിരി വലുതായി പോയി എന്നതൊഴിച്ചാല്‍ ജാക്കി പുരാണം കലക്കി

പ്രയാസി said...

ബിന്ദു..
നല്ല പോസ്റ്റ്

“പബ്ലിഷ് ചെയ്യാൻ മടിച്ച് കുറേ നാളായി ഡ്രാഫ്റ്റിൽ കിടന്നിരുന്ന ഒരു നീളൻ പോസ്റ്റ് ഇപ്പോൾ ചുമ്മാ പബ്ലിഷ് ചെയ്യുന്നു“

ഒന്നും ഡ്രാഫ്റ്റായി വെക്കരുത്, ആരേലും എടുത്ത് പോസ്റ്റും..:)

sreeNu Lah said...

ജാക്കിപുരാണം നന്നായി

ജിജ സുബ്രഹ്മണ്യൻ said...

കൊടും‌തണുപ്പുകാലത്ത് രാത്രി പുറത്തുനിൽക്കുന്ന ജാക്കിയെ ഓർത്ത് പാവം തോന്നി ഞങ്ങൾ പഴയതുണികൾ നിറച്ച ഒരു കിടക്കയുണ്ടാക്കിക്കൊടുത്തു. സുഖമായി അതിൽ കിടക്കുന്ന ജാക്കിയെ കാണാൻ ആകാംക്ഷയോടെ രാവിലെ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് ഞങ്ങൾ ചിരിച്ചുപോയി : കിടക്ക മുഴുവനും കുരുകുരാ കഷ്ണങ്ങളായി കീറി അതിന്റെ നടുവിൽ ഒന്നുമറിയാത്തതുപോലെ ജാക്കി നിൽക്കുന്നു



ജാക്കി പുരാണം കലക്കി ബിന്ദൂ..

siva // ശിവ said...

ഇതു വായിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് മെര്‍ത്തിക്കാനിലെ എന്റെ നായകളെയാണ്..... ഹൃദ്യം ഈ കുറിപ്പ്...........

Manikandan said...

ജാക്കി പുരാണം വായിച്ചു. ചിലപ്പോഴെല്ലാം വളർത്തുമൃഗങ്ങൾ ഒരു തലവേദനയാകാറുണ്ട്. അതിലൊന്നാണ് കുടുംബം മുഴുവനും ദൂരയാത്രപോവുന്നത്. അപ്പോൾ ജാക്കിയെപ്പോലെ പിടിവാശിക്കാരായവരെ ആരും നോക്കാൻ തയ്യാറവില്ല. അതുതന്നെ ഏറ്റവും വലിയ പ്രശ്നം.

karempvt said...

കുഞ്ഞൻ said...
കമന്റുകള്‍ വായിച്ചപ്പോള്‍ പട്ടികള്‍ക്കെല്ലാം ക്രിസ്ത്യന്‍ പേരാണിടുന്നതെന്ന് മനസ്സിലായി അതും ആഗ്ലോ ഇന്ത്യന്‍ പേരുകള്‍, പാണ്ടന്‍ നായ ഒരു അപവാദം. പക്ഷെ ആനകള്‍ക്ക് ഹിന്ദുപ്പേരുകളും..!

അതെന്താ ആനകൾക്ക് മുസ്ലിം പേരിടാത്തത്,അലവികുട്ടി,അബ്ദുൽ റഹ്മാൻ,ഷുക്കൂറ്,ജബ്ബാറ്,ജമീല,കുത്സു,മുതലായ എത്ത്ര നല്ലപേരുകൾ

Mr. X said...

"കേവലമൊരു അശു മാത്രമായ ജാക്കിയുടെ കൂസലില്ലാത്ത കുര കേട്ട് ആനപോലെയുള്ള എരുമകൾ കുറച്ചുനേരം നിന്നശേഷം മടങ്ങിയത് എന്തായാലും പേടിച്ചിട്ടാകാൻ വഴിയില്ല. “ഹെന്റമ്മോ, കണ്ണുംചെവിടും കേൾക്കാൻ വയ്യല്ലോ”എന്ന് വിചാരിച്ചിട്ടാവും."

"ഇത്രയും നല്ല സുന്ദരക്കുട്ടപ്പനെ ഫ്രീയായി തന്നതിനു പിന്നിലുള്ള മഹാമനസ്കത അപ്പോഴാണ് പിടികിട്ടിയത്!"

- ഇതൊക്കെ വായനക്കിടയില്‍ ക്വോട്ടിയതാ...

പക്ഷേ,

"വളർത്തുന്നവരെയല്ലാതെ ആരേയും അടുപ്പിക്കാത്ത ഈ ഭീകരൻ എന്തുകൊണ്ട് അന്ന് ആ വീട്ടിൽ‌നിന്ന് ഒരു പ്രകോപനവുമില്ലാതെ,നല്ല അനുസരണയോടെ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നു?"

ഇത് വായിച്ചപ്പോഴാണ്, ആ കാര്യം ഞാനും ഓര്‍ത്തത്‌...

ജാക്കി കഥ അസ്സലായി. ആ സ്വഭാവത്തില്‍ ഇച്ചിരി ഉടമസ്ഥക്കും കിട്ടിയിട്ടില്ലെന്ന് വിശ്വസിക്കട്ടെ ;)

മേരിക്കുട്ടി(Marykutty) said...

എന്റെ ടോമിയെ ഓര്മ വരുന്നു...ടോമിവാവ എന്ന് വിളിക്കുന്നത് വലിയ ഇഷ്ടമായിരുന്നു അവന്..

Senu Eapen Thomas, Poovathoor said...

ജാക്കി പുരാണം...പഴമ്പുരാണംസുമായി എന്തോ ബന്ധമുള്ള പേരു പോലെ തോന്നി... ഇത്തരം പട്ടി വളര്‍ത്തലുകള്‍ ഞങ്ങളുടെ വീട്ടില്‍ ആവശ്യത്തിനു നടന്നിട്ടുള്ളത്‌ കൊണ്ട്‌ പറഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ മൊത്തത്തില്‍ മനസ്സിലായി. പിന്നെ അവിടെ കന്നി മാസം എന്നൊരു മാസമില്ലെ.. അന്നു ജാക്കി, അടങ്ങി ഒതുങ്ങി ഇരുന്നോ? അത്‌ കൂടി എഴുതി ജാക്കിയുടെ ജാക്കി പുരാണം ഒരു ഹിസ്റ്ററി ആക്കാമായിരുന്നു.

പിന്നെ ആ അയല്‍ക്കാരന്‍ ഫ്രീയായി തന്നപ്പോള്‍, അയാള്‍ക്ക്‌ എന്തോ ഒരു മുജ്ജന്മ ശത്രുത ഉണ്ടെന്ന് പറയാതെ അറിയാമല്ലോ..

കൊള്ളാം.. പിന്നെ ഒരു കാര്യം പറയാന്‍ മറന്നു..ഈ പേരു കേട്ട്‌ സത്യത്തില്‍ ഞാന്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ സംഭവം ആണു എന്ന് അറിയാതെ ഓര്‍ത്തു പോയി.

ഇനിയും ഈ വഴി വരാം. ജാക്കിയുടെ വിറകു പുര കാണാന്‍.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

നാടകക്കാരന്‍ said...

പ്രിയ്യപ്പെട്ട സഹോദരീ........കൈയ്യെഴുത്തിലൂടെ തന്റെ മനസ്സ് വായനക്കാരനിലെത്തിക്കാനുള്ള ഒരു അസാമ്മാന്യ വൈഭവം വേണ്ടുവോളം ഉണ്ട്..താങ്കളെ പോലുള്ള എഴുത്തുകാരികളുടെ ഒരു നല്ലകാലം നമുക്കു നഷ്ടമാകുന്ന ഈ സീരിയല്‍ യക്ഷിമാരുടെ രാജ്യത്ത് തിരക്കിന്റെ കീറിയ വിടവുകള്‍ സര്‍ഗ്ഗസ്രിഷ്ടിയുടെ ചാന്തുകൊണ്ട് തേച്ചു മിനുക്കുന്ന ബിന്ദു.കെ.പി.ക്ക് ഈ നാടാകക്കാരന്റെ അഭിനന്തനങ്ങള്‍.
തന്റെ വാഴത്തോട്ടങ്ങളെ നശിപ്പിച്ച പോത്തുകളോട് സമാവായത്തിനു തയ്യാറാകാത്ത ഒരു ജാക്കിയുടെ മനസ്സുപോലും ഇന്ന് നമ്മുടെ സാഹിത്യ പഞ്ചാനനന്മ്മാര്‍ കാണിക്കുന്നില്ല എന്ന് കാണുമ്മ്പോള്‍ ലജ്ജതോന്നുന്നു...തൂലികയെ പ്രതികരിക്കുന്ന പടവാളാക്കുക നിങ്ങളുടെ വാകുകള്‍
വേദനിക്കുന്നവനു സംഗീതമാകണം, തളര്‍ന്നവന്റെ താങ്ങുവടിയാവണം.ഓര്‍മ്മകളുടെ ഭാണ്ടകെട്ടുകളും പേറിനടക്കുന്ന മലയളികള്‍ അത് ഏറ്റു പാടും തീര്‍ച്ച
കുറെ കൂടി സാമൂഹിക പ്രശ്നങ്ങളിലേക്ക് മിഴിതുറക്കൂ
പ്രതികരണങ്ങളുടെ ആവനാഴിയായി ചിന്തകളേ ഉലയൂതിക്കാച്ചുക....നന്ദി....

jayanEvoor said...

ജാക്കി പുരാനം ഇന്നാണു വായിച്ചത്...

ഞങ്ങള്‍ക്കുമുണ്ടായിരുന്നു കുറെ നായ്ക്കള്‍!

റോബിന്‍, മെറി, കുറു... ഇവരായിരുന്നു പ്രധാനികള്‍.

എല്ലാം തനി നാടന്‍ ഇനങ്ങള്‍...

ഇതുപോലെ ഒരു പത്തു പോസ്റ്റിടാന്‍ പാകത്തില്‍ വീരകൃത്യങ്ങളും!

http://www.jayandamodaran.blogspot.com/

poor-me/പാവം-ഞാന്‍ said...

Before beleiving your story let me hear the story from jaacky's angle also.With regards
A neglected neighbour

നാട്ടുകാരന്‍ said...

എന്നെ സന്ദര്‍ശിച്ചിട്ടുണ്ടോ?

G. Nisikanth (നിശി) said...

ഈ ജാക്കിയെന്നു പേരിടുന്ന നായകളെല്ലാം ഇങ്ങനാണോ? ഇതേ പോലെ അനുസരണയുള്ള ഒരെണ്ണം വീട്ടിലുമുണ്ടായിരുന്നു.:) മോനേന്നു വിളിച്ചാലും കുട്ടാന്നുവിളിച്ചാലും ചീത്തവിളിച്ചാലും ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്.....എന്ന ഒരേ മുരൾച്ച..., ചോറുകൊടുക്കാൻ ചെന്നാലും കടിച്ചു തിന്നാൻ വരും. ഇപ്പോൾ ജീവിച്ചിരിപ്പില്ല...

എഴുത്ത് ആസ്വാദ്യമായിട്ടുണ്ട്...

ആശംസകൾ...

മുസാഫിര്‍ said...

ജാക്കിയുടെ ലീലാവിലാസങ്ങള്‍ വായനക്കാരെ പിടിച്ചിരുത്തക്കവണ്ണം വിവരിച്ചിട്ടുണ്ട്.

Bindhu Unny said...

'Marley and Me' എന്ന ബുക്ക് വായിച്ചു നോക്കൂ. ഇപ്പോള്‍ സിനിമയും ഇറങ്ങീട്ടുണ്ട്. ജാക്കിയെപ്പോലെ ഒരു പട്ടീടെ (Marley) ഉടമസ്ഥന്‍ എഴുതിയതാണ്. :-)

Sunith Somasekharan said...

jakki puraanam kollaam ... ithiri neelam koodiyillennoru thonnal ... kaaryaakkenda ...

Sathees Makkoth | Asha Revamma said...

ജാക്കിയുടെ കുരുത്തക്കേടുകൾ രസകർമായി എഴുതിയിരിക്കുന്നു. നിസാമിന്റെ നാട്ടിലെയല്ലേ അവൻ.ആ ഗുണമായിരിക്കും കാണിച്ചത്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പട്ടിയെക്കൊണ്ട്‌ ഉണ്ടായ പുകിലുകളും മറ്റും വളരെ ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു. രസകരമായ വായനാനുഭവം.
നന്ദി.

★ Shine said...

ആദ്യമായാണു ഇവിടെ..സ്വയം ഉള്ള പരിചയപ്പെടുത്തൽ profile വളരെ ഇഷ്ടമായി.. എഴുത്തിനും ഒരു വ്യക്തിത്തം ഉണ്ട്‌.

നരിക്കുന്നൻ said...

ജാക്കിപുരാണം തകർത്തു. ഒരു സംശയം ഇപ്പോ ഈ വല്ല ഇനവും വീട്ടിലുണ്ടോ? ആ വഴി വരാതിരിക്കാൻ ഒരു മുന്നറിയിപ്പ് തന്നതാണോ?

ഏതായാലും ജാക്കിയുടെ വിയോഗം വിഷമിപ്പിക്കുന്നു.

ആശംസകളോടെ
നരി

Shaivyam...being nostalgic said...

Good post! All the best!!

smitha adharsh said...

ജാക്കി പുരാണം ഇഷ്ടപ്പെട്ടു.
വളര്‍ത്തു മൃഗങ്ങളോട് എപ്പോഴും,അതിരറ്റ വാല്‍സല്യം കാണിക്കുന്ന എന്റെ ഒരു കൂട്ടുകാരിയെ ഓര്‍ത്തു പോയി.അവളുടെ പൂച്ച പ്രസവിച്ചാല്‍ ഞങ്ങള്‍ക്ക് നല്ല കോളായിരുന്നു.കാന്റീന്‍ നില്‍ നിന്ന് ഐസ് ക്രീംമും,വടയും ഒഴുകും.ഏതെങ്കിലും പൂച്ചക്കുട്ടി ചത്തുപോയാല്‍ പിന്നെ പറയണ്ട..ഞങ്ങള്‍ക്ക് തല വേദനയായി.പരിസരം മറന്നു വാ പൊളിച്ചുള്ള അവള്‍ടെ കരച്ചില്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്.

Unknown said...

ജാക്കിപുരാണം നന്നായി...:)

hi said...

kollam... :)
enikk pattikale valarthunna veedukalil pokan pediyaa..

Pongummoodan said...

ബിന്ദു,

ജാക്കിപുരാണം എന്ന പേരിൽ നിന്ന് പ്രതീക്ഷിച്ച് വന്നത് വേറെന്തോ ആണ്. :) എങ്കിലും വായിച്ചപ്പോൾ നിരാശ തോന്നിയില്ല. നന്നായി സ്നേഹിതേ..

കണ്ണനുണ്ണി said...

ജാക്കിയെ നേരിട്ട് കണ്ടത് പോലെ തോനുന്നുട്ടോ വായിക്കുമ്പോള്‍...നന്നായിട്ടുണ്ട്

സൂത്രന്‍..!! said...

kollallo ??? jacky
sagar alias ano ?

Ashly said...

Good writing. Hope u have watched "Marley & Me". If no, please watch it.

Unknown said...

nannayittundu abhinandanam

തിരുവല്ലഭൻ said...

ഞാൻ ബ്ലോഗ്‌ വായനയിൽ വളരെ പിന്നിലാണ്‌. പക്ഷേ അപ്രതീക്ഷിതമായി മുന്നിൽ പെടുന്ന ഇത്തരം പോസ്റ്റുകൾ അതിന്റെ നഷ്ടം ഓർപ്പിക്കുന്നു. പണ്ട്‌ ഒരു നായയെ (പെൺ പട്ടി, ശാന്ത സ്വഭാവി), ഞാനും വളർത്തിയിരുന്നു.

വളരെ റിഫ്രഷിംഗ്‌ ആയ ഒരു വായനാനുഭവത്തിന്‌ പെരുത്ത്‌ നന്ദി. ഞാനിനിയും വരും, വായിക്കാൻ.

Sapna Anu B.George said...

ഉഗ്രന്‍ വായനയായിരുന്നു ബിന്ദു

റോസാപ്പൂക്കള്‍ said...

നന്നായി എഴുതി..ആശംസകള്‍

prakashettante lokam said...

ബിന്ദു

പുതിയ പോസ്റ്റുകളൊന്നും ഇല്ലേ ഇവിടെ ബിന്ദൂ..

pandavas... said...

പ്രിയ ചേച്ചീ...
ഇതു വായിക്കാ‍ന്‍ ലേശം വൈകി...
എന്തയാലും ജാക്കി പുരാണം കലക്കി...

പൊസ്റ്റുകള്‍ വരുന്ന വഴിയേ....
ഞാനും എഴുതും ഒരു പുരാണം... ഷര്‍ജയിലെ അറബിപുരാണം...

Basheer Vallikkunnu said...

വൈകിയാണെങ്കിലും ഞാനും വന്നു.

Unknown said...

patti puraanam kollam ketto
really toching

Sureshkumar Punjhayil said...

Jacki Kidilan...!

Manoharam, Ashamsakal...!!!

VEERU said...

ഓണാശംസകൾ !!!!

ചേച്ചിപ്പെണ്ണ്‍ said...

ജാക്കി പുരാണം ഒരുപാട്‌ ഇഷ്ടായി ....
എന്റെ വീട്ടിലും ഒരു ജാക്കി ഉണ്ട്...
പുള്ളീനേം വീട്ടില്‍ ഉണ്ടാര്‍ന്ന പൂച്ച കളേം പറ്റി ഞാനും ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് ...

രാജന്‍ വെങ്ങര said...

hi.
We had a "Kaiser" with us in our childhood , but he was very calm & quite .Abaslutly lovable one.we still remembering him even after 36 years...and this post is rejoined all memories once again..good one..

Balachandran V said...

jackie puranam vaayichu. malayalathil type cheyyan arinjooda. Oru patti premiyannu njan. pattumengil ente blog vayikku. latest post - a dog's prayer. Athinu mumbum pattikale kurichu postukal undu.

www.mytravelsmylife.blogspot.com

tnbchoolur said...

puraaNamalle. varshangal kazhinjaalum pazhama thonnikkillaato.jaaki ningle sukha maayi urangaan anuvadikkaarundaayirunnuvo avo?
enthayaalum aajaakiye ningalkkuventithanne srshtichathavaam......?

Post a Comment

MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP